Total Pageviews

Tuesday, June 12, 2012


മാര്‍ട്ടീനം ബ്രഹ്മ:

{കപ്പലോട്ടിയ തമിഴന്നു മുന്‍പും കപ്പലുണ്ടായിരുന്നു. കപ്പലും, കപ്പല്‍ മുളകും, പറങ്കി മാങ്ങയും തന്നത് പറങ്കികള്‍  എന്ന് ചരിത്രം.  അതിന്നും എത്രയോ മുന്‍പ് വന്നുവെന്നു പറയുന്ന റോമാക്കാര്‍, (അതിലൊരു സംശയാലു തോമാ കൂടി ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം) കുരുമുളകും, കുന്തിരിക്കവും കൂട്ടത്തില്‍ ആത്മാക്കളെയും തേടിയാണെത്രേ  വന്നത്. റോമാക്കാര്‍ മൂത്ത് മൂത്ത് ഇറ്റാലിയന്‍കാരായ ശേഷം അടുത്ത കാലത്ത്  ആണ് അവരുടെ കപ്പല്‍ കരയില്‍ അടുപ്പിച്ചത്. അതുണ്ടാക്കിയ ഹലാക്കും താഴെ വിവരിക്കുന്ന ഹലാക്കും തമ്മില്‍ ഒരു പുലിവാല്‍ ബന്ധം കൂടി ഇല്ല . വല്ല ബന്ധവും തോന്നിയാല്‍   ആ സംബന്ധം അസംബന്ധവും, അവിഹിതവും കോടതി അലക്ഷ്യവും ആയിരിക്കും.} 


ഊംബര്‍ട്ടോ ഓര്‍സീനി ബോര്‍ഡിംഗ് കോണി കയറി വരുന്ന സംഘത്തെ നോക്കി ബ്രിഡ്ജില്‍, പൈലറ്റ്  റൂമില്‍ നിന്നു. ഫോര്‍വേഡ് ഹള്ളില്‍ നിന്നും ഏകദേശം  ഇരുനൂറു മീറ്ററോളം നടക്കണം ക്യാപ്ടന്റെ കാബിനും, ഗാല്ലിയും (galley), മെസ്സും, മറ്റു കാബിനുകളും സ്ഥിതി ചെയ്യുന്ന ആഫ്റ്റ് ഡേക്കിലെത്താന്‍. തലങ്ങും വിലങ്ങും പൈപ്പുകളും, പമ്പുകളും  ചങ്ങലകളും കൂടാതെ എണ്ണ വീണു കുതിര്‍ന്ന ഓവല്‍ ആകൃതിയിലുള്ള  കപ്പല്‍ തട്ടിലൂടെ വേഗം  നടക്കണമെങ്കില്‍ പരിചയം വേണം. വരുന്ന സംഘത്തില്‍ മിക്കവര്‍ക്കും  എണ്ണ കപ്പലുമായി പുല ബന്ധ മുന്ടെന്നു തോന്നിയില്ല. കപ്പല്‍ പൊടുന്നനെ മയ്യത്തായാല്‍ അവര്‍ക്ക്  ആര്‍ക്കും  ബലി ഇടേണ്ടി വരില്ല.


കയ്യില്‍ പിടിച്ചിരുന്ന മാര്‍ട്ടിനി ഗ്ലാസ്സില്‍ നിന്ന്  ഒരു സിപ്പ് കൂടി എടുത്ത് ഊംബര്‍ട്ടോ സംഘത്തെ ശ്രദ്ധിച്ചു. സൂട്ടിട്ട കൊണ്സുലറ്റ് ഉദ്യോഗസ്ഥന്‍ സംഭവത്തിനു ശേഷം പല തവണ വന്നിട്ടുണ്ട്. തൊട്ടു പുറകില്‍, യുണിഫോര്മില്‍, കരി വീട്ടി നിറമുള്ള ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക്‌ പുറകില്‍ ചന്ദന നിറവും കുറച്ചു കുംഭയും, നീണ്ട  തലയുമുള്ള ഒരു മദ്ധ്യ വയസ്ക്കന്‍. പിന്നെ കുറച്ചു സാധാരണ പോലീസുകാരും കോസ്റ്റ്‌ ഗാര്‍ഡില്‍ നിന്ന് ഒരു യു ണിഫോര്‍മിട്ട  ആപ്പീസറും
'തന്റെ  ഒരു ദിവസം കൂടി വെള്ളത്തില്‍ ' ഊംബര്‍ട്ടോ മനസ്സില്‍ പറഞ്ഞു. പിന്നെ ആ പ്രയോഗത്തിലെ 'ഐറണി' ആലോചിച്ചു  ചിരിച്ചു. കപ്പലും വെള്ളത്തില്‍. താനും സാമാന്യം  വെള്ളത്തില്‍. ഗ്ലാസ്സിലുള്ള ബാക്കി മാര്‍ട്ടിനി കൂടി തീര്‍ത്ത ശേഷം ബ്രിഡ്ജിലെ ഇടത്തു വശത്തെ വാതില്‍ തുറന്നു 'വാക്ക്‌ വേ' യില്‍ പ്രവേശിച്ചു. കോണി ഇറങ്ങി ഗാല്ലി കടന്നു  മെസ്സ് ഹാളിനു നേരെ നടന്നു.


ആദ്യം വിചാരിച്ചു സംഘത്തെ സ്വന്തം ക്യാബിനില്‍ സ്വീകരിക്കാം എന്ന്. പിന്നീട് തോന്നി ഒരു മൂന്നാം കിട രാജ്യത്തിലെ മൂന്നാം കിട പോലീസുകാരെ സര്‍വ്വാണിയില്‍ കൂടുതല്‍ എന്തെങ്കിലും ആയി കരുതുന്നത് റോമായിലെ പുരാതന കുടുംബത്തില്‍ പെട്ട തന്റെ അന്തസ്സിനു യോജിക്കുന്നതല്ല. No mixing with the plebs, the hoi polloi . എന്നാല്‍, മെസ്സ് ഹാളില്‍ തന്നെ ആവട്ടെ കഥകളി.  ഭക് ഷ്യ വിപ്ലവത്തിനു ശേഷം മേശ, പാത്രങ്ങള്‍ ഇത്യാദി കഴുകി വൃത്തിയാക്കാന്‍ രാം സംതിംഗ്, കിഷന്‍ സംതിംഗ് , കാന്‍ഷി സംതിംഗ് മാരെ കപ്പലില്‍ ജോലിക്ക് വെച്ചിട്ടുണ്ടല്ലോ.
മെസ്സില്‍ പ്രവേശിച്ചു ആദ്യം കണ്ട നാവികനെ വിളിച്ചു.
'സൈയ്‌ലര്‍!'
ഒരു ഇന്ത്യന്‍ നാവികന്‍ ഓടി വന്നു സല്യൂട്ട് അടിച്ചു. 'Aye, Aye Captain.' അക്ഷര വൈരികള്‍ വളരെ ക്കാലം പറഞ്ഞിരുന്നത് ' ജി ഹുസ്‌ൂര്‍, ജി സാബ്' എന്നൊക്കെ ആയിരുന്നു. പിന്നെ അവന്മാര്‍ കടലുകള്‍ കടന്നു സ്വയം 'ഭ്രഷ്ടന്‍'മാരായി. പ്രവാസികളായി. ആദ്യം തന്നെ ദരിദ്രവാസികള്‍ ആയിരുന്നത് കൊണ്ട് അതിന്നു വേണ്ടി പ്രതെയ്കം ബുദ്ധിമുട്ടേണ്ടി വന്നില്ല.
 മൂന്നാം തരക്കാരനോട് കല്‍പ്പിച്ചു: ' പുറത്തു, കോണി കയറി വരുന്ന ദരിദ്ര വാസികളെ ആട്ടി തെളിച്ചു മെസ്സ് ഹാളില്‍ കൊണ്ട് വാ'.
റാം സംതിംഗ് സലുട്ടടിച്ചു, ചെനക്കത്തൂര്‍ പൂരത്തിനു 'അയ്യയ്യോ' എന്ന് വിളിക്കുന്നത്‌ പോലെ 'അയ്‌, അയ്‌ സര്‍' പറഞ്ഞു  പുറത്തേക്ക് ഓടി. ഉമ്പര്‍ട്ടോ മേശയുടെ തലക്കല്‍ ഉള്ള കസേരയില്‍ ചെന്ന്  ഇരുന്നു. വെറുതെ ആലോചിച്ചു. ഈ ഒരു പുലിവാലില്‍ പെട്ടില്ലെങ്കില്‍ ഇപ്പോള്‍ താന്‍  കയ്റോവില്‍ ആയിരിക്കും. ഷിപ്പിംഗ് കമ്പനിയുടെ  നിയമന ഉത്തരവ്  പ്രകാരം 'എല്ലാ പോര്‍ട്ടിലും ഒരു പെണ്ണ്' നാവികര്‍ക്ക് അനുവദിച്ചിട്ടുണ്ട്. A girl in every port of call. നേരമ്പോക്ക് ആവാമായിരുന്നു. അല്ലെങ്കില്‍ ഒരു നൈല്‍ ബോട്ട് ക്രുസില്‍ ഏതെന്കിലും ഈജിപ്ഷ്യന്‍ സുന്ദരിയുടെ നാഭീ നൃത്തം നോക്കി ഇരിക്കാമായിരുന്നു.  കുഴപ്പങ്ങള്‍ ഒക്കെ ഉണ്ടാക്കിയ നാവികനെ മനസ്സില്‍ ശപിച്ചു. 'figlio di una mignotta' - ( തര്‍ജമ: പട്ടീ പുത്രന്‍  )


റാം സംതിംഗ് സംഘത്തെ ആനയിച്ചു മെസ്സ് ഹാളില്‍ പ്രവേശിച്ചു. 'കരി വീട്ടി' കൈ നീട്ടി മുന്നില്‍ വന്നു. എഴുനെല്‍ക്കാന്‍ തോന്നിയില്ല. കൈ കുലുക്കിയതുമില്ല.
'ഐ ആം പോലീസ്‌ കമ്മിഷണര്‍ വിന്‍സന്റ് ഫേണ്‍ ഐ.പി.എസ്‌' കരി വീട്ടി സ്വയം പരിചയപെടുത്തി. തൊട്ടു പുറകില്‍ നിന്നിരുന്ന മദ്ധ്യവയസ്കനെ ചൂണ്ടി  ' ഡി വൈ .എസ്പി ജാതവേദന്‍'. കോസ്റ്റ്‌ ഗാര്‍ഡ്‌ ഉദ്യോഗസ്ഥന്‍ ഒന്നും പറയാതെ  വെറുതെ ചിരിക്കുക മാത്രം ചെയ്തു.ആരും പരിചയപ്പെടുത്തിയതുമില്ല. മറ്റു പോലീസുകാര്‍ റാം സംതിങ്ങിനോടൊപ്പം ക്യാബിന്നു  പുറത്തു നിന്നു.
'ഉമ്പര്‍ട്ടോ '. റോമന്‍ സ്വയം പരിചയപ്പെടുത്തി.
'ഉമ്പര്‍ട്ടോ ഏകോ? ' സിവില്‍ സര്‍വീസ്‌ പരീക്ഷക്ക്‌ വേണ്ടി വെട്ടി വിഴുങ്ങിയ പൊതു വിജ്ഞാനം മുഴുവന്‍ മറന്നിട്ടില്ലാത്ത കരി വീട്ടി, ഐ.പി.എസ  ചോദിച്ചു.
'ഓര്‍സീനി'. ഉമ്പര്‍ട്ടോ പറഞ്ഞു. പിന്നെ ആവശ്യമില്ലെങ്കിലും കൂട്ടി ചേര്‍ത്തു.' ബോബോണി-ഓര്‍സിനി കുടുംബം പതിനൊന്നാം നൂറ്റാണ്ടു മുതല്‍ റോമിലെ പ്രഭുക്കളാണ് '
തന്റെ കുടുംബം ഒന്നാം നൂറ്റാണ്ടില്‍ തോമ്മാച്ചനോട് കൂടി വന്നതാണ് എന്ന് പറയണോ എന്ന് ആലോചിച്ചു വിന്‍സന്റ് ഫേണ്‍, ഐ. പി.എസ്‌. എന്നാല്‍ ഒരു ലത്തീന്‍ കത്തോലിക്കനായ താന്‍ അങ്ങിനെ പറയുന്നത് ഒരു ചരിത്രപരമായ ബ്ലണ്ടര്‍ ആയിരിക്കും. മാത്രമല്ല തോമാച്ചന്‍ സൈപ്രസ്സിലും, ക്രീറ്റിലും പോയി മാള്‍ട്ടയില്‍ വെച്ച് കൊലചെയ്യപ്പെട്ടു എന്നാണു റോമാക്കാര്‍ വിശ്വസിക്കുന്നത്. അത് കൊണ്ട് ഐ.പി.എസ. പറഞ്ഞു:
'ഓ റിയലീ.'
'ഇന്‍ ദി നെയിം ഓഫ് ദി റോസ്'  ഉമ്പര്‍ട്ടോ സത്യം ചെയ്തു.
ജാതവേദന്‍ ആകാശത്തില്‍ നോക്കി, കൈ വിരലുകളുടെ അറ്റങ്ങള്‍ പരസ്പരം ചേര്‍ത്ത് വെച്ച്  പറഞ്ഞു. " മൂന്നു പോപ്പുമാരെയും, മുപ്പത്തിനാല് കര്‍ദിനാള്‍ മാരെയും നിരവധി കൂലി പട്ടാളക്കാരെയും സംഭാവന ചെയ്ത കുടുംബം."
ഉമ്പര്‍ട്ടോ പെട്ടെന്ന് ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു. ഉഗ്രനെ സൂക്ഷിച്ചു നോക്കി. കൂട്ട് പുരികത്തിന്നു കീഴിലുള്ള ആജ്ഞാ ശക്തി സ്പുരിക്കുന്ന കണ്ണുകളും, ചെവിയില്‍ എഴുന്നു നില്‍ക്കുന്ന രോമങ്ങളും, ഉയര്‍ന്ന നാസികയും, നീളമുള്ള മുഖവും ആദ്യമായി ശ്രദ്ധിച്ചു. മൂന്നാം കിട രാജ്യത്തിലെ ഒന്നാം കിട പൌരന്‍. എല്ലാ അംഗുലവും പ്രഭുത്വം.  ആ കണ്ണുകള്‍ക്ക്‌ പുറകില്‍ നിരന്നു കിടക്കുന്ന അയ്യായിരം കൊല്ലത്തെ  വംശാവലി ഒരു നിമിഷം കണ്ടു. പല പൂണോലുകള്‍ കണ്ടു. ഭാരദ്വാജനെ കണ്ടു.  അഗ്നി മീളെ പുരോഹിതനെ കണ്ടു.
ഉമ്പര്‍ട്ടോ എഴുനേറ്റു നിന്ന് ആദ്യം ചെയ്യാന്‍ വിസമ്മതിച്ച ഉപചാരങ്ങള്‍ ചെയ്തു. കൈ കുലുക്കി പറഞ്ഞു :
' വെല്‍ക്കം എബോഡ് സിന്ജോരെ ജാടവേടന്‍. ഇറ്റ്‌ വാസ്‌ റിയലി അമിസ്സ്‌ ഓഫ് മി."
ആദ്യത്തെ നേട്ടം പിന്തുടര്‍ന്ന് കൊണ്ട് നമ്പൂതിരിപാട്  പറഞ്ഞു: ' അത് മാത്രമല്ല തന്റെ കുടുംബത്തിന്റെ സംഭാവന. ആംഗലേയ ശബ്ദാവലിക്ക് ഒരു വാക്ക്  കൂടി തന്നിട്ടുണ്ട് തന്റെ പോപ്പ് കാരണവന്മാര്‍. നെപോട്ടിസം."
ഉമ്പര്‍ട്ടോ മനസ്സില്‍ മന്ത്രിച്ചു : Oh! mio dio ( എന്റെ പടച്ചവനെ ) പിന്നെ സ്വന്തം തള്ളക്കു വിളിച്ചു 'മമ്മാ മിയാ.' ഒടുക്കം കുറ്റം ഏറ്റു പറഞ്ഞു മിയ കുല്‍പ, മിയ മാക്സിമ കുല്‍പ.

കാര്യങ്ങള്‍  തന്റെ കയ്യില്‍ നിന്നും വഴുതി പോകുന്നു എന്ന് കണ്ട ഐ.പി.എസ്, പയ്യന്‍ ഇടപെട്ടു.
' ഷിപ്പിന്റെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് വേണം'. 
ഉമ്പര്‍ട്ടോ ചോദിച്ചു: 'എന്തൊക്കെ  ഡീട്ടയില്സ് ആണ് വേണ്ടത്.'
കപ്പലിനെ കുറിച്ചുള്ള പരിമിത പരിജ്ഞാനത്തിന്റെ സ്റോക്ക് തീര്‍ന്ന ഐപിഎസ് നിസ്സഹായനായി ജാതവേദനെ നോക്കി. തിരുമേനി ശങ്കിച്ചില്ല:
'ക്ലാസ്സ്‌, ടൈപ്പ്, ഗ്രോസ് ടണ്ണ്ഐജ്‌, സ്പീഡ്‌, പൊസിഷന്‍, കാര്‍ഗോ. പിന്നെ  ഓണര്‍, മാസ്റര്‍, ചീഫ്‌ മെയ്‌റ്റ്, സെക്കണ്ട് മെയ്‌റ്റ്, ഓഫീസര്‍ ഓഫ് ദി വാച്ച്, തേര്‍ഡ് മെയ്‌റ്റ്, സ്രാങ്ക് എന്നിവരുടെ പേരുകള്‍. ലോഗ് ബുക്ക്‌, Marine Rescue Cordination Centre ന്നയച്ച റിപ്പോര്‍ട്ടിന്റെ കോപ്പി '.
ഐപിഎസ് പയ്യന്‍ ഉഗ്രനെ  അത്ഭുതത്തോട് കൂടി നോക്കി മലയാളത്തില്‍ മന്ത്രിച്ചു.' താന്‍ ഇതൊക്കെ എവിടുന്നാ മനസ്സിലാക്കിയത്'.
ജാതവേദന്‍: 'തിരോന്തരത്തു മുറ ജപത്തിന്നു പോയി ബോട്ടില്‍ മടങ്ങുമ്പോള്‍ ബോട്ടുകാരന്‍ പറഞ്ഞു തന്നതാ എമാന്നെ .'

പോക്കറ്റില്‍ നിന്ന് നാലായി മടക്കിയ ഒരു കടലാസ് എടുത്തു തുറന്നു ആമുഖമായി  ഉമ്പര്‍ട്ടോ പറഞ്ഞു: ' ഈ അഭിമുഖത്തിനു ഞാന്‍  തയ്യാറെടുത്തിട്ടില്ല എന്ന്  പറഞ്ഞാല്‍ ശരിയായിരിക്കുകയില്ല. നടന്ന സംഭവത്തിനു ശേഷം ഈ കൂടികാഴ്ച ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.' ഒന്ന് നിര്‍ത്തി കപ്പിത്താന്‍ തുടര്‍ന്നു.
'മൈ ഷിപ്‌ ഈസ്‌ ആന്‍ ആഫ്രാമാക്സ് ടൈപ്പ് , എല്‍ആര്‍1 ക്ലാസ്സ്‌ ഓയില്‍ ടാങ്കര്‍ ഓണ്‍ ഇട്സ് വേ ഫ്രം കൊളംബോ ടു കൈറോ. DWT  ഈസ്‌ 58000MT. കപ്പല്‍ സിസിലിയില്‍ കോര്‍ലിയോണി കുടുംബത്തിന്റെ പേരിലാണ് റെജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇറ്റ്‌ സൈയില്സ് അണ്ടര്‍ ദി ഇറ്റാലിയന്‍ ഫ്ലാഗ്. ദി നെയിം ഓഫ് ദി ഷിപ്‌ ഈസ്‌ 'കോസ നോസ്ട്ര' ആന്‍ഡ്‌ വാസ്‌ കംമിഷണ്ട് ഇന്‍ 2008.
കരിവീട്ടി ഐപിഎസ്സ ചാടി ഇടപെട്ടു. 'കോര്‍ലിയോണി' കുടുംബം മാഫിയയില്‍ പെട്ടതാണ്. അത് മാത്രം മതി എനിക്ക് ഈ കപ്പല്‍ പിടിച്ചെടുക്കാന്‍.'
ജാതവേദനെ ദയനീയമായി ഒന്ന് നോക്കി ഒരു കൊച്ചു കുട്ടിയോടെന്നപോലെ ഐപിഎസ്സ പയ്യനോട്  ഉമ്പര്‍ട്ടോ പറഞ്ഞു: 'കോര്‍ലിയോണി' ഫാമിലി ഈസ്‌ ഫുള്ളി ലെജിറ്റ്‌ നൌവ്. അവരിപ്പോള്‍ ഇന്റര്‍പോള്‍ ലിസ്റ്റിലൊന്നും ഇല്ല.'
കോസ്റ്റ്‌ ഗാര്‍ഡ്‌ ആദ്യമായി വായ തുറന്നു. മുത്തുകള്‍ ഒന്നും വീണില്ല. ചില വാക്കുകള്‍ നിലത്ത് വീണു വക്ക് പൊട്ടി. ജാതവേദന്‍ അത് ഇപ്രകാരം ഡീകോഡ് ചെയ്തു. ' ഞങ്ങള്‍ കോസ നോസ്ട്രയെ തടുത്തു നിര്‍ത്തി കരയില്‍ അടുപ്പിക്കുകയായിരുന്നു.'.
ഉമ്പര്‍ട്ടോ പറഞ്ഞു: 'അതില്‍ യാതൊരു സത്യവും ഇല്ല. കപ്പല്‍ കരയില്‍ അടുപ്പിക്കാന്‍ ഞാന്‍ ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു.'
കോസ്റ്റ്‌ ഗാര്‍ഡ്‌ വിടാന്‍ ഭാവമുണ്ടായിരുന്നില്ല. ഞങ്ങളുടെ ഗണ്‍ ബോട്ട് ICGS Sonia എന്തിന്നും തയ്യാറായി നില്‍പ്പുണ്ടായിരുന്നു.മാത്രമല്ല ഞങ്ങളുടെ വിമാനം ICG DO420 മുകളില്‍ വട്ടം ചുറ്റുന്നുണ്ടായിരുന്നു.' 
തിരുമേനി മെല്ലെ ചോദിച്ചു: 'അവര്‍ നിങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമായിരുന്നു.'
കോസ്റ്റ്‌ ഗാര്‍ഡ്‌: ഔവര്‍ ഗണ്‍സ് വുഡ്‌ ഹാവ് ഒപ്പെന്‍ട് ഫയര്‍,'
തിരുമേനി: ' ഇറ്റലി നാറ്റോ സഖ്യത്തില്‍ പെടുമെന്ന് തനിക്കു  അറിയുമോ? നാറ്റോ ട്രീറ്റി പ്രകാരം ട്രോപിക്‌ ഓഫ് കാന്‍സറിന്നു മുകളിലായി  സഞ്ചരിക്കുന്ന സഖ്യ രാജ്യങ്ങളുടെ    കപ്പലുകളും 'ടെറിട്ടറി' എന്ന നിര്‍വചനത്തില്‍ പെടുമെന്ന് അറിയുമോ? അവയെ ആക്രമിച്ചാല്‍ എല്ലാ നാറ്റോ രാജ്യങ്ങളും പ്രത്യാക്രമണത്തില്‍ പങ്കെടുക്കണമെന്ന് അറിയാമോ? അല്ലെങ്കില്‍, ഈ കപ്പലിലെ ഓയില്‍ മുഴുവന്‍ അറബിക്കടലില്‍ വീണാലുള്ള ദുരന്തത്തെ കുറിച്ച് ഊഹിക്കാന്‍ പറ്റുമോ?'
കോസ്റ്റ്‌ ഗാര്‍ഡ്‌ ചാണകത്തില്‍ ചവുട്ടിയ പോലെ അങ്ങും ഇങ്ങും നോക്കി. തിരുമേനി 'ഗോവധം' മതിയാക്കി  കസേരയില്‍ ഒന്ന് ചാഞ്ഞിരുന്നു. 
ഈ സംവാദം മലയാളത്തില്‍ ആയതിനാല്‍ ഉമ്പര്‍ട്ടോവിനു സംഗതി മുഴുവന്‍  മനസ്സിലായില്ല. എന്തോ ഒരു 'സ്ടില്ലെട്ടോ' പ്രയോഗമാണെന്നു മാത്രം മനസ്സിലായി. 
അദ്ദേഹം തുടര്‍ന്നു :  നാല്‍പ്പതിനായിരത്തോളം ലിറ്റര്‍ ക്രൂഡ് ഓയില്‍ കപ്പലിന്റെ ഹോള്‍ഡില്‍ ഉണ്ട്.
ജാതവേദന്‍ ചോദിച്ചു: 'സിന്ജോരെ ഉമ്പര്‍ട്ടോ മത്സ്യ ബന്ധന  ബോട്ടില്‍ ഇടിച്ചപ്പോള്‍ കപ്പലിന്റെ പൊസിഷന്‍ എന്തായിരുന്നു.
ഉമ്പര്‍ട്ടോ: Lat 6.45757523*/ 95.30642*
ജാതവേദന്‍: ഐ പ്രസ്‌യൂം   ദിസ്‌ ഈസ്‌ ദി സാറ്റലൈറ്റ് പൊസിഷന്‍. ഇത് നിങ്ങള്‍ MRCC യെ അറിയിച്ചിരുന്നുവോ?
ഉമ്പര്‍ട്ടോ: റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കുറച്ചു വൈകി.
ജാതവേദന്‍: 'ടെറിട്ടോരിയല്‍ വാട്ടെര്സിന്നു പുറത്തായിരുന്നു സംഭവം നടക്കുമ്പോള്‍ താങ്കളുടെ കപ്പല്‍ എന്നായിരിക്കും താങ്കളുടെ പാട്ടിന്റെ രാഗം, ബര്‍ഡന്‍ ഓഫ് യുവര്‍ സോങ്ങ്.'
ഉമ്പര്‍ട്ടോ ഒന്നും പറഞ്ഞില്ല.
ഡി.വൈ.എസ്പി.തിരുമേനി ഐപിഎസ്സിനോട് പറഞ്ഞു: 'ഹെഡ് കോണ്‍സ്റബില്‍ കുട്ടന്‍ പിള്ളൈ  ആന്‍ഡ്‌ ദി ചീഫ്‌ മെയ്‌ററ് ഓഫ് ദി ഷിപ്പ്‌  കാന്‍ സിറ്റ് ഡൌണ്‍ ആന്‍ഡ്‌ പ്രിപേയര്‍ ദി മഹസ്സര്‍. യു കാന്‍  ഗോ ബാക്ക് ടു ദി ഷോര്‍. ഐ വില്‍ ടൈ അപ്പ്‌ ഓള്‍ ലൂസ് ഏന്‍ഡ്സ് ഹിയര്‍.'
താന്‍ അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും സിവില്‍ സര്‍പ്പന്റ്സിന്റെ മാര്‍ക്കറ്റ് നിലവാരം ഇടിയുകയാണെന്നു മനസ്സിലാക്കിയ ഐപിഎസ് പയ്യന്‍  ഉത്സാഹത്തോടെ സമ്മതിച്ചു. എന്നിട്ട് പറഞ്ഞു: നമ്മള്‍ ഡിസ്കസ് ചെയ്ത പോലെ മുന്നോട്ടു പോകുക ' ഒരു ചര്‍ച്ചയും മുന്‍പ്  നടന്നിട്ടില്ലാത്തത് കൊണ്ട് ജാതവേദനും അത് സമ്മതമായിരുന്നു.
ഇപ്രാവശ്യം ഉമ്പര്‍ട്ടോ ഐപിഎസ്സുമായി കൈ കുലുക്കി. കോസ്റ്റ്‌ ഗാര്‍ഡിനെയും, കൊണ്സളിനെയും യാത്രയാക്കി തിരിച്ചു വന്നു. എന്നിട്ട് പറഞ്ഞു: ' താങ്കള്‍ക്കു വിരോധമില്ലെന്കില്‍ ബാക്കി ചര്‍ച്ച എന്റെ കാബിനില്‍ വെച്ചാവാം.'
ബ്രിഡ്ജില്‍, പൈലറ്റ് റൂമിന്നു നേരെ താഴെ, ഇടത്ത് വശത്തുള്ള കാപ്റ്റ്‌ന്റെ കാബിനിലേക്ക് റോമാ പ്രഭുവും ആര്യ പുത്രനും പിന്‍ വാങ്ങി.
കാബിന്‍ അധികം വലിപ്പം ഒന്നുമില്ല. ഒരു കട്ടിലിനു പുറമേ ഒരു എഴ്ത്തു മേശ, ഒരു ഫ്രിഡ്ജ്, ഒരു വാള്‍ഷെല്‍ഫ്‌, രണ്ടു മൂന്നു കസേരകള്‍. കഴിഞ്ഞു. എയര്‍ കണ്ടിഷണ്ട് ആണ് എന്നൊരു സമാധാനം.


ഉമ്പര്‍ട്ടോ ആമുഖമായി പറഞ്ഞു: ലെറ്റ്‌ ദി പ്ലെബ്സ് ഹാന്‍ഡില്‍ ആള്‍ ദി പേപ്പര്‍ വര്‍ക്ക്‌. വാട്ട്‌ ഈസ്‌ യുവര്‍ ഫേവറിററ് പോയ്സന്‍'.
(പേപ്പര്‍ തീറ്റ പേപ്പര്‍ പുലികളായ സര്‍വാണികള്‍ നടത്തട്ടെ. നമുക്കെന്തെങ്കിലും മോന്താം)
തിരുമേനി റോമന്റെ കണ്ണില്‍ നോക്കി പറഞ്ഞു: 'ഒരു കാര്യം താങ്കള്‍ മനസ്സിലാക്കണം. വിഷം കഴിച്ച ശേഷവും സംഗതികള്‍ ഒന്നും മാറുന്നില്ല. കപ്പല്‍ വിട്ടു കിട്ടാന്‍ താമസം വന്നേക്കും. താങ്കളുടെ 'ഓഫീസര്‍ ഓഫ് ദി വാച്ച് ' അറ്റസ്റ്റ് ചെയ്യപ്പെട്ടെക്കും. നല്ല ഒരു  തുക നഷ്ട പരിഹാരം കൊടുക്കേണ്ടി വരും.'
ഉമ്പര്‍ട്ടോ ചുമലുകള്‍ കുലുക്കി പറഞ്ഞു:   ബട്ട്‌ ദാറ്റ്‌ ഈസ്‌ അണ്ടര്‍സ്ടൂട് സിന്ജോരെ.  'കേ സരാ സരാ.' (വരാന്‍ ഉള്ളത് വഴീല്‍ തങ്ങൂലാ) കപ്പല്‍ വിട്ടു തരേണ്ടത് ആരാണ്?
ജാതവേദന്‍: 'കോടതി ഉത്തരവായാല്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാനാണ് ആ സാഹസം ചെയ്യേണ്ടത്. ഒരു സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥന്‍'.
ഉമ്പര്‍ട്ടോ: 'ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌? ഐസിഎസ്?'
ജാതവേദന്‍: 'വരിയുടച്ച കാളയാണ് കാസ്ട്രേറ്റഡ് ബുള്‍. വെറും  ഐ എഎസ്.'


ചതുരംഗ കളിയിലെ അപ്പോഴത്തെ പൊസിഷന്‍ അര്‍ത്ഥ ശങ്കയില്ലാതെ മനസ്സിലാക്കിയ പട്രീഷ്യന്‍സ് അടുത്ത കരുവിനെ ഉന്തി നീക്കി. തിരുമേനി പറഞ്ഞു: പാരീസില്‍ ഞാനും ഓസ്കാര്‍ വൈല്‍ഡും കഴിച്ചിരുന്നത് 'പച്ച മാലാഖ' എന്ന് വിളിപ്പേരുള്ള ആബ്സിന്ത് ആണ്. റോമില്‍ പോയാല്‍ റോമാക്കാരന്‍ ആവണമല്ലോ. സൊ ഗിവ് മി എ മാര്‍ട്ടിനി വിത്ത്‌ ലീമോണ്‍ചെല്ലോ ആന്‍ഡ്‌ ലൈംറിന്‍ഡ്.'
ഉമ്പര്‍ട്ടോ: 'എക്സല്ലന്റ്റ്‌ ചോയ്സ് ജാടവേടന്‍.'


ഐസ് ഇട്ട് കുലുക്കിയ വോഡ്ക്കയും, ലീമോണ്‍ചെല്ലോയും നിറച്ച മാര്‍ട്ടിനി ഗ്ലാസ്സ് കയ്യിലെടുത്തു ഉമ്പര്‍ട്ടോ പറഞ്ഞു: 'ഞങ്ങള്‍ ഇറ്റലിക്കാര്‍ ടോസ്റ്റ് ചെയ്യുന്നത് 'Salute' എന്നാണു.താങ്കളുടെ ആരോഗ്യത്തിനു എന്നാണു അതിന്നു അര്‍ഥം. താങ്കള്‍ എങ്ങിനെയാണ് ടോസ്റ്റ് ചെയ്യുക.'


ബ്രഹ്മാവിന്റെ മാനസ പുത്രന്‍ മുഖത്ത് ഒരു ഭാവഭേദമില്ലാതെ പറഞ്ഞു: 'വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത് മാര്‍ട്ടിനി കഴിക്കുമ്പോള്‍ 'മാര്‍ട്ടീനം ബ്രഹ്മ:' എന്ന മന്ത്രം ചൊല്ലണമെന്നാണ്. 'മാര്‍ട്ടിനി ഈസ്‌ ദി അള്‍ട്ടിമെയ്‌റ്റ്' എന്ന് അര്‍ത്ഥം .


ഭൂമിദേവിക്ക് ദാഹം തീര്‍ക്കാന്‍ ഒരിറ്റു ജലം നല്‍കി മഹാ ബ്രാഹ്മണന്‍ വാരുണീസേവ തുടങ്ങി.

10 comments:

 1. "Burden of your song"! aha...!
  Ramanathan Annavi

  ReplyDelete
 2. കോഴിപ്പുറത്തു രാമചന്ദ്രന്‍ ഈ പോസ്റ്റിങ്ങ്‌ ഇറ്റാലിയന്‍ അറിയുന്ന അദ്ദേഹത്തിന്‍റെ സുഹൃത്തിനു അയച്ചു കൊടുത്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രതികരണം താഴെ. അതനുസരിച്ച് ചെറിയ മാററങ്ങള്‍ വരുത്തിയിട്ടുണ്ട്.
  vincent remarks on martinam bhrama

  Show Details
  Dear Ramachandran,
  The story is good. The style of narration reminds me of VKN. The technical details have been studied well and integrated neatly into the story and must be appreciated.
  Something About Italian language.

  The Italian pronunciation can be ascertained from Google Translator. It is so easy nowadays. . It is very difficult for me type Malayalam. The സിന്യൌറി and സിഗ്നൌരി for Signore should beസിജ്ഞോരെ (with the jna of മഞ്ഞ - I did not get it when typing Malayalam transliteration for signore). പ്ലീബ്സ് for plebs is wrong. It is പ്ലെബ്സ്, a short for plebiscite, and is pronounced as such both in Italian and English. The 'e' is always എ in Italian. figlio di una mignotta ഫിലിയോ ദി ഉനാ മിനോത്ത is just 'son of a bitch' - no need to make it sound like a four-letter word. Besides, there are some spelling mistakes likeഎബ്രോഡ് for aboard. Anyhow, I liked the story very much and enjoyed reading it.

  ReplyDelete
 3. k. ramachandran krc1948@gmail.com
  7:44 AM (35 minutes ago)

  to me
  പാട്ടിന്റെ രാഗം ആരായുന്ന ജാതവേദന്റെ ചിത്രം മനസ്സില്‍ മായാതെ. വാരുണീ സേവയും ഗംഭീരം .ഇതി മാര്ടിനം ബ്രഹ്മ :
  രാമചന്ദ്രന്‍

  ReplyDelete
 4. A worthy protege to the master of satire and dark humour, VKN. There was another guy from Thiruvillamala writing under the pseudonym Marshal ,a few years back. He did try to imitate the style though without much success. In this case I'm sure if VKN were alive he would have passed on the baton to you gleefully. ഇവന്‍ ഏതാ പയ്യന്‍! he would have remarked.

  Greatly relieved that the Maino angle has been left out. The expertise in dealing with the മണല്‍ Cosa Nostra of Bharathapuzha would have come in handy for the Brahman. Or is it another "biscotto" affair?
  An excellent run_through Italian history and drinking customs. Enjoyed

  ReplyDelete
 5. Unni,
  Thanks for the comments. Glad you enjoyed the skit.

  "Greatly relieved that the Maino angle has been left out. "|
  Hitchcock appears in all his movies and it was a sort of game to spot him in the movie. Likewise, just take a look at the coast guard gun boat again and the number of the helicopter hovering above.

  ReplyDelete
 6. ലതികയുടെ അഭിപ്രായം
  2012/6/18 lathi krishna
  ജാതവേദന്‍ കസറി . സായിപ്പിന്റെ വംശ പാരമ്പര്യത്തിന്റെ കോളറില്‍ പിടിച്ചാണല്ലോ ആദ്യത്തെ കുടയല്‍... ഷിപ്പിനെ പറ്റിയുള്ള അപാര ജ്ഞാനം കൊണ്ടു അരക്കെട്ടിനു താഴെ അടിച്ചാല്‍ . ഐ പി എസ വായ പൊളിച്ചു നില്‍ക്കുകയല്ലാതെ എന്ത് വഴി ? കോസ്റ്റ് ഗാര്‍ഡിനെ എയ്ത ചോദ്യ ശരങ്ങള്‍ മനസ്സിലായില്ലെങ്കിലും ഉമ്ബെര്ടോ വഴങ്ങി ..ആ ടോസ്റ്റ്‌ പോലും വൈദികം !

  ReplyDelete
 7. രാമചന്ദ്രന്‍. ശ്രീമതി ലതികയുടെ അഭിപ്രായം അയച്ചു തന്നതിനു നന്ദി. പ്രതികരണം ചേര്‍ത്തിട്ടുണ്ട്.
  മാര്‍ട്ടീനം ബ്രഹ്മ: എന്ന മന്ത്രത്തിനു ഋഷി, ഛന്ദസ്സ്, ദേവത, കീലകം, ശക്തി എന്ന സങ്കേതങ്ങള്‍ എല്ലാം ചേര്‍ത്തു ഒരു മൂല മന്ത്രം രചിക്കണമോ?

  ReplyDelete
 8. Forwarded by Kozhipurath Ramachandran'

  From: paul zacharia
  Date: 2012/6/28
  Subject:
  To: "k. ramachandran"


  പ്രിയ രാമചന്ദ്രാ, മാര്ട്ടീനം ബ്രഹ്മം വായിച്ചു. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഇത് വികെ എന്‍ ശൈലിയും ഒന്നും അല്ല. ഫലിതം എഴുതിയാല്‍ വീ കെ എന്‍ ആകേണ്ടതില്ല. എഴുതിയ ആളിന്റെ ശൈലി ആണ്. നല്ല നര്‍മവും മനുഷ്യജ്ജാനവും ഉണ്ട്. വളരെ രസകരം ആയിരിക്കുന്നു.

  ReplyDelete
 9. മാര്‍ടീനം ബ്രഹ്മ:| വായിച്ചു . വീ കേ എന്‍ നെ ഓര്‍മിപ്പിക്കുന്ന നര്‍മം അതെ സമയം തങ്ങളുടെ ഹോം വര്‍ക്ക്‌ അപാരം തന്നെ .

  വൈ . പീ .
  Y.Parameswaran Menon.
  Lakshminilayam.
  Dr. AR Menon Road.
  Thrissur. 680001
  Kerala. India.

  ReplyDelete
 10. വെല്‍ക്കം എബോഡ് സിന്ജോരെ ജാടവേടന്‍. ഇറ്റ്‌ വാസ്‌ റിയലി അമിസ്സ്‌ ഓഫ് മി."
  ആദ്യത്തെ നേട്ടം പിന്തുടര്‍ന്ന് കൊണ്ട് നമ്പൂതിരിപാട് പറഞ്ഞു: ' അത് മാത്രമല്ല തന്റെ കുടുംബത്തിന്റെ സംഭാവന. ആംഗലേയ ശബ്ദാവലിക്ക് ഒരു വാക്ക് കൂടി തന്നിട്ടുണ്ട് തന്റെ പോപ്പ് കാരണവന്മാര്‍. നെപോട്ടിസം."

  ഉമ്പര്‍ട്ടോ മനസ്സില്‍ മന്ത്രിച്ചു : Oh! mio dio ( എന്റെ പടച്ചവനെ ) പിന്നെ സ്വന്തം തള്ളക്കു വിളിച്ചു 'മമ്മാ മിയാ.' ഒടുക്കം കുറ്റം ഏറ്റു പറഞ്ഞു മിയ കുല്‍പ, മിയ മാക്സിമ കുല്‍പ...- enjoyed every sentence of it

  ReplyDelete