Total Pageviews

Friday, January 16, 2015

മെറ്റാ ( ഘർ വാപസി ) മൊർഫൊസിസ്


മെറ്റാ ( ഘർ വാപസി ) മൊർഫൊസിസ് ഒരു ദിവസം, ഗീവാർ സാംസണ്‍ ഉണർന്നപ്പോൾ ഒരു തടിയൻ ബ്രാഹ്മണൻ ആയി മാറിയതായി  കണ്ടു.നമ്പൂതിരിയോ, അയ്യരോ അമ്പലവാസിയോ, കുത്യമായി ആരാണെന്ന് പെട്ടെന്ന് മനസ്സിലായില്ല.  ഉയർന്നു നിൽക്കുന്ന കുംഭയിൽ പറ്റിപ്പിടിച്ചു കിടക്കുന്ന പൂണൂൽ വ്യക്തമായി കാണാമായിരുന്നു.  രൂപാന്തരത്വം സവർണനിലേക്കാണ്  സാംസണ്‍ തീരുമാനിച്ചു.

"എനിക്ക് എന്ത് പറ്റി ?"  സ്വപ്നമല്ല. ഇന്നലെ ഏകദേശം കാലിയാക്കിയ ജോണി വാക്കർ ബ്ലാക്ക് ലേബലും ഗ്ലാസും മേശപ്പുറത്തു തന്നെ ഉണ്ട്. തിന്നു തീർത്ത ബീഫ് ഫ്രൈയുടെ അവശിഷ്ടങ്ങളും ഉപേക്ഷിച്ച കറിവേപ്പിലയും പ്ലയിറ്റിൽ  ചിതറി കിടക്കുന്നു.

ഒരു പക്ഷെ ഇന്നലെ രാത്രിയിലെ മദ്യ നയം ശരി ആയിട്ടുണ്ടാവില്ല സാംസണ്‍ സമാധാനിച്ചു .മദ്യനയത്തിൽ വേണ്ട പരിഷ്ക്കാരങ്ങൾ നടപ്പിലാക്കണമെന്ന് പതിവുപോലെ ഉറച്ച തീരുമാനം എടുത്തു. തലക്കനം മാറാൻ കിടക്കയിൽ നിന്നും എഴുനെറ്റാൽ ഉടൻ കുപ്പി കാലിയാക്കണം . തീരുമാനം മടക്കി തലയണക്കടിയിൽ തിരുകി വെച്ച് കണ്ണടച്ച് കിടന്നു.

ജനലിലൂടെ ഒഴുകി വന്ന സുപ്രഭാതം കേട്ടാണ് കണ്ണ് തുറന്നത്.
" കൗസല്യ സുപ്രജ രാമാ പൂർവ സന്ധ്യാ പ്രവർത്തതെ
   ഉത്തിഷ്ഠ നര ശാർദൂല കർത്തവ്യം ദൈവമാഹ്നികം "

ചുമരിൽ തൂക്കിയിരുന്ന ക്ലോക്കിൽ  സമയം 6.00 മണി. പെട്ടെന്നുള്ള ഒരു വെളിപാടിൽ ഞെട്ടി എഴുനേറ്റിരുന്നു , ഇതെങ്ങിനെ സംഭവിച്ചു? നസറാണികൾ മാത്രമുള്ള ഈ മിഷ്യൻ ക്വാർട്ടെർസിൽ ആരാ കാലത്ത് വെങ്കിടെശ്വര അയ്യരെ ഉണർത്തുന്നത്  ? പള്ളി മണി മുഴങ്ങേണ്ട സ്ഥലത്ത് സുബ്ബലക്ഷ്മിയോ ? എന്തോരതിശയമേ ....

ഇരുന്ന ഇരുപ്പിൽ  ചുറ്റും കണ്ണോടിച്ചു.

 ഡോക്ടർമാർക്കുള്ള സാമ്പിൾ മരുന്നുകളും, പാംഫ്ലെറ്റ്സും അടങ്ങിയ ബാഗ് റൂമിന്നു ഒരു മുക്കിൽ നിലത്തിരിപ്പുണ്ട് . ഊരിയിട്ട പാൻറ്സും ഷർട്ടും കസേരകയ്യിൽ തൂങ്ങി കിടക്കുന്നു.. ചുമരിൽ തിരുഹൃദയത്തിന്റെ ചില്ലിട്ട ഫോട്ടോ അതേപടി തൂങ്ങുന്നുണ്ട്. പ്രകടമായി യാതൊരു മാറ്റവും ഇല്ല.

കണ്ണുകൾ താഴ്‌ത്തി ഉയർന്നു  നിൽക്കുന്ന വയറിൽ വീണ്ടും  ഫോക്കസ്സു ചെയ്തു. തെറ്റ് പറ്റിയിട്ടില്ല . പൂണൂൽ അവിടെ തന്നെയുണ്ട്. പരിണാമം വെറുമൊരു  സ്വപ്നമല്ല ; വസ്തുത തന്നെ ആണ്.

' പരിണാമാത്തിനെന്തു കാരണം കൃഷ്ണാ .. തലയിണ തൊഴുന്നേൻ " എന്ന് ജപിച്ചു കൊണ്ട് കണ്ണടച്ചു ഒന്ന് കൂടി കിടന്നു. തലയിൽ മദ്യ പ്രമാണം കൊട്ടി തകർക്കുന്ന പെരുമനം ഒന്നടങ്ങിയാൽ ഒക്കെ ശരിയാവും . സ്വയം സമാധാനിച്ചു.

അര മണി ക്കൂറിന്നു ശേഷം കണ്ണ് തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത്
തിരുഹൃദയമാണ്. സൂക്ഷിച്ചു നോക്കി . ഹൃദയത്തിന്നു മാറ്റമൊന്നുമില്ല . പക്ഷെ , നെഞ്ച് പിളർന്ന് ഹൃദയം പ്രദർശിപ്പിക്കുന്നത് ശ്രീരാമഭക്ത ഹനുമാനാണ്.

സാൻഡോ കൃഷ്ണനാണ്‌ .

ധാരാ സിങ്ങാണ്

ബജ്രംഗ്ദളാണ്

ചതിച്ചോ കർത്താവേ ! ഈശോ, മറിയേ,  യൌസേപ്പേ ! എന്ന് ആർത്തു വിളിച്ചു . പക്ഷെ പുറത്തു വന്ന ആർത്തനാദം  ' എന്റീശ്വരാ ! ശ്രീ രാമ ഭക്ത ഹനുമാനെ ' എന്നായിരുന്നു.

ബോധം പോകുന്നതിന്നു മുൻപുള്ള അവസാന ചിന്ത  എന്തിന്നു ഒരു സവർണ ഗൃഹത്തിലേക്ക് 'വാപാസ്' ആക്കി  എന്നായിരുന്നു. വല്ല മീൻ ചാറെങ്കിലും കൂട്ടിയ  ഒരു ഉരുളക്കു കൂടി സ്കോപ്പില്ലല്ലോ ദൈവമേ !

പിന്നെ സമാധാനിച്ചു. ' അങ്ങിനെയല്ലേ വരൂ. തൻറെ  കുടുംബം തോമ്മാ ശ്ലീഹ മാർഗ്ഗം കൂട്ടിയ നമ്പൂതിരിമാർ ആയിരുന്നല്ലോ.'