Total Pageviews

Wednesday, March 12, 2014

അപസ്മാരകം

അപസ്മാരകം 

കെ.ആർ .ജി 


അതികായൻ മയ്യത്തായി കൃത്യം രണ്ടു പഞ്ചവത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്മാരക പുരുഷൻറെ പഞ്ചേന്ദ്രിയങ്ങളും ഒരു വിധം സുസജ്ജമായി.എന്ന് പഞ്ചായത്ത് പ്രസിഡണ്ട്‌ അറിയിച്ചു.

സ്മാരകത്തിന്നുനീക്കിവെച്ച പതിനഞ്ചുലക്ഷത്തിലെപഞ്ചലക്ഷങ്ങൾപഞ്ചക്ഷുദ്ര  കർമ്മങ്ങളിലൂടെ  പഞ്ചറായി.എന്ന് എ. ജി വരും കാലത്ത് ആനുമാനിക നഷ്ടം ഗണിച്ചു തിട്ടപ്പെടുത്തും..
'പ' വാല പീം സിംഗ് .

അങ്ങിനെ ഒരു ദിവസംപഞ്ചായത്ത് പ്രസിടന്റ്റ് ചോദിച്ചു:  "സ്മാരകം ഉദ്ഘാടിക്കെണ്ടേ?'

'വേണം'.. സ്മാരക കമ്മിറ്റി മെമ്പർമാർ ഒന്നടക്കം വിളിച്ചു കൂവി.

പറ്റിയ മുഹൂർത്തം , ഉദ്ഘാതൻ , ഹോതൻ, ശ്രോതൻ എന്നീ വിഷയങ്ങളെ പറ്റിയും  മെമ്പർമാർ ചിന്തിച്ചു. കൂട്ടത്തിൽ  ജ്യോതിഷം അറിയുന്ന ഒരു മെമ്പർ കവിടി നിരത്തി. മകര ചൊവ്വയും മം ഗൽയാനും നിൽക്കുന്ന  രാശികളും,  എ.ജി യുടെ വിശേഷാൽ ദൃഷ്ടിയും ,ധനാധിപന്റെ സ്ഥാനവും കണക്കിലെടുത്ത് മുഹൂർത്ത ചിന്ത നടത്തി..

"  ഉത്തരായനം  തുടങ്ങി ഒരേകാദശി കാലവും കഴിഞ്ഞ്. ചാത്തു ചത്തതിന്റെപത്താംപെരുനാളിന്നുവൈകുന്നേരംനാലു മണിക്ക് സ്മാരകശിലക്ക്, നയനോന്മീലനം നടത്താൻ ശുഭ മുഹൂർത്തം " ജ്യോതിഷി മെമ്പർ ഗണിച്ചു പറഞ്ഞു.

അതനുസരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ സ്മാരക ഉദ്ഘാടനത്തിന്നു   സംഭാരങ്ങൾ തുടങ്ങി..
സംഭാരം വേണ്ടത്ര കുടിച്ചു.
സംഭാരം തരാവാത്തവർ കള്ള് കുടിച്ചു.
ആദിവാസികൾ പ്ലാച്ചിമടയിൽ പോയി കൊക്കോ കോള കുടിച്ചു.
(അടിസ്ഥാനം ഉറപ്പിക്കാൻ ഒന്ന്, രണ്ടു യുദ്ധങ്ങൾ വേണ്ടി വന്നു എന്നത് പ്രതെയ്കം പ്രസ്താവ്യം.)

യുദ്ധാനന്തരം സംഘാടകർ 'ട്രിപ്പ്ളികെറ്റിൽ ' റിപ്പോർട്ട് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു .

"ബഹു. മന്ത്രി വായിച്ചറിയുവാൻ ഐ.എ.എസ്സ് ഗുമസ്തൻ മുഖാന്തരം സമർപ്പയാമി
ആമുഖത്തിന്നു ശേഷം റിപ്പോർട്ട് തുടർന്ന്..
'പോത്ത് ചത്തു പോ'
'വാത്ത് പത്തു വാ'
ചാത്തു ചത്തു ചാ'
അപസ്മാരക ഉദ്ഘാതനായി  മുഖ്യനായാൽ മുഷിയില്ല. ഇത്തവണത്തെ നീച ജന സമ്പർക്കം കൂടി  ഇവിടെ തരാക്കാം."

തദവസരത്തിൽ സന്നിഹിതനാവാനുള്ള ക്ഷണ പത്രം ഹോതാവും പരേതനും സ്മാരകശരീരിയുംആയ ജനറലിന്നുംകിട്ടിആധാർകാർഡും , ആറു  മാസത്തിൽ  കൂടുതൽ പഴക്കമില്ലാത്ത, പാസ്പോർട്ട്‌ സൈസിലുള്ള രണ്ടു ഫോട്ടോകളും  കൂടി കൊണ്ട് വരണം എന്ന് പ്രത്യേകം അറിയിച്ചിരുന്നു.


ചടങ്ങിനു വൈകി എത്തരുത് എന്ന് വിചാരിച്ച് തലേ ദിവസം തന്നെ പരേതൻ ഭൌമയാനത്തിൽ കയറികൂടി.കിംഗ്‌ ഫിഷർ എയർ ലൈൻസ് ആണ്  ഷട്ടിൽ സർവ്വീസ്നടത്തുന്നത്. നരകത്തിൽ ഒരു ഹാൾട്ടിന്നു ശേഷം യാനം ലക്കിടി ലാക്കാക്കി കുതിച്ചു. വഴി മദ്ധ്യേ മംഗൾ യാനിന്നും ഒരു മയിൽവാഹനം ബസ്സിന്നും  സൈട്‌ കൊടുത്തു .

സൂര്യാസ്തമനത്തോടെ  യാനം ഭൌമ ആകർഷണ വലയത്തിൽ പ്രവേശിച്ചു മിഷൻ കമ്മാണ്ടർ  റിട്രോ റോക്കറ്റുകൾ കൊളുത്തി വേഗം കുറച്ച് യാനത്തെ   ലക്കിടി പാലത്തിന്നു കീഴിൽ ടാക്സി ചെയ്തു നിർത്തി .

പരേതൻ വരുമെന്ന്‌ പ്രതീക്ഷിക്കാത്ത വകുപ്പധികൃതർ സ്വീകരണ കമ്മിറ്റിയെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. പുഴയിൽ മണൽ വാരിയിരുന്ന 'മാഫിയ'ക്കാർ ഭൌമയാനം കണ്ട് പോലീസ് ജീപ്പായിരിക്കും എന്ന് വിചാരിച്ചു പതിവ് ' പടി ' എണ്ണി തിട്ടപ്പെടുത്തി വെച്ചു .പരേതനെ കണ്ട്   കോർളിയോണികൾ  'ഒമെർട്ട ' തെറ്റിച്ച് തമ്മിൽ തമ്മിൽ ചോദിച്ചു.

'ആരാ ജന്തു? '

'മ്മടെ ലക്കിടിക്കാരൻ അല്ലന്നാ തോന്നുണേ,

' മഹാകവി ആണോ?'

'വേഷം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല'

തത്കാലം അപകടം ഒന്നും ഇല്ല എന്ന് മനസ്സിലായ കോർളിയോണികൾ  'മണൽ വാരൽ കളി തുടർന്നു

അപസ്മാരക നായകൻ  യാനത്തിൽ നിന്നും ഇറങ്ങി ചുറ്റും വീക്ഷിച്ചു . പത്തു കൊല്ലത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല, പുഴയിൽ മണലിന്നു  പകരം നിറയെ ചങ്ങണം പുല്ല് . ബെവ്കോ ക്യൂ ഒന്ന് കൂടി നീണ്ടു എന്ന വസ്തുത പരേതനെ സന്തോഷിപ്പിച്ചു. തട്ടകം പുരോഗതിയുടെ പാതയിൽ തന്നെ യാണല്ലോ സഞ്ചരിക്കുന്നത്. ചിനക്കത്തൂർ ഭഗവതിക്ക് മനസ്സിൽ രണ്ട് അയ്യയ്യോ വിളിച്ചു. പഹച്ചിയുടെ ഊറ്റം ഒട്ടും കുറഞ്ഞിട്ടില്ല.

 പിന്നെ മാല്യക്ക്‌ ഒരു 'ബ്രാവോ'യും .

കുണ്ടൻ ഇടവഴിയിൽ നിന്നും കയറിയാൽ ഉടനെ തന്നെ , ഇടതു വശത്ത്‌  വീട്ടിന്നു മുന്നിൽ അപസ്മാരകം. മുന്നിലും സൈഡിലും പട്ടികകൾ അടിച്ചു ഒരു തൊഴുത്ത് പോലെ.. കോണ്‍ക്രീറ്റ് കെട്ടിടവുമായി ചേർന്ന് നിൽക്കുമ്പോൾ ആകെ ഒരു അശ്ലീലം.. ലക്ഷങ്ങൾ ചോരുന്ന വഴി.

അപസ്മാരകം പൂട്ടിയിരുന്നില്ല.. നാളത്തെ ഉദ്ഘാടനത്തിന്നായി ഫെസ്റ്റൂണുകൾ തൂക്കിയിരുന്നു.  ബാക്കി കഷണങ്ങളും , ബീഡി കുറ്റികളും  മറ്റും തറയിൽ ചിതറി കിടന്നിരുന്നു. നാളെ ഒരു പുതിയ ദിവസം ആണ്.
The world is not going to end today..It is already tomorrow in Australia. ജനറൽ മനസ്സിൽ  വിചാരിച്ചു .  പരിപാടിക്ക് യുണിഫോർമിൽ  പ്രത്യക്ഷപ്പെടാം എന്നായിരുന്നു  സഹസ്ര രൂപനായ പരേതൻറെ  തീരുമാനം.

കയ്യിലെ വാച്ചിൽ സമയം 'എർത്ത് ടൈം' ആക്കി. .
D-20 Hours. അപസ്മാരക ഉദ്ഘാടനത്തിന്നു ഇനിയും പന്ത്രണ്ടു മണിക്കൂർ ബാക്കി  . യുണിഫോം ഊരി ഉലയാതെ കസേരയിൽ തൂക്കിയിട്ടു. ഹിപ്പ് ഫ്ലാസ്കിൽ നിന്നും ഒരു കവിൾ സോമ-സുര കൊക്ട്ടൈൽ മോന്തി. ഒരു ബെഞ്ചിൽ തന്റെ ആറ ടിയും ഒരു ചാണും നീളത്തിൽ പ്രതിഷ്ടിച്ചു .

ഇൻറർ ഗലാക്ടിക് ടൈം ലാഗ്  കാരണം പെട്ടെന്ന് ഉറക്കം വന്നു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു  മുൻപ് എന്തു കൊണ്ടോ വാണിയംകുളം  കുഞ്ചിയെ ഓർത്തു.
. '.' ശ്ശി കാലായി ' അവസാനത്തെ ചിന്ത അതായിരുന്നു

" എണീക്കി.  ഞിങ്ങ ആരാ" എന്ന ഒരു ചോദ്യം കേട്ടാണ് ഉണർന്നത് .കണ്ണ് തുറന്നപ്പോൾ ബ്ലൗസും മുണ്ടും തുളുമ്പുന്ന ശരീരവുമായി ഒരു ആം ആദ്മിനി  എണ്ണമൈലി ചൂലും പിടിച്ചു നില്ക്കുന്നു.

കസേരയിൽ തൂക്കിയിട്ടിരിക്കുന്ന യുണിഫൊർമിന്നു നേരെ കൈ ചൂണ്ടി പറഞ്ഞു:
' ഒരു സൈനികനാണ്'.
'ഞിങ്ങ ശ്രേഷ്ഠ മലയാളത്തിൽ കൂട്ടം കൂട് ' എന്ന് ആം ആദ്മിനി .
' ഒരു പട്ടാളക്കാരനാണ്‌'
ഭാഷയുടെ ശ്രേഷ്ടത ആമി ഓപ്പക്ക് ബോധിച്ചുവെന്നു തോന്നി. കാളിദാസൻ സ്റ്റൈലിൽ ഒരു മറു ചോദ്യം എറിഞ്ഞു.
' കാ തും ബാലെ? '
ആം ആദ്മിനി ഉടൻ മറുപടി പറഞ്ഞു.
'കേജരിവാലി '
'കസ്യാ പുത്രി?'
'കാളി മാ കി'.
ദേഹോപദ്രവം പേടിച്ച് കയ്യിൽ  എന്താണ് എന്ന് ചോദിച്ചില്ല. പകരം ചോദിച്ചു .'എപ്പോഴാ പരിപാടി?'
വ്രീളാ വിവശയായി ആം ആദ്മിനി മൊഴിഞ്ഞു;
'മൂത്താർക്ക് എപ്പോഴാ സൌകരും ച്ചാ '
ഇരച്ചു വന്ന നേരംപോക്ക് ചിന്തകൾ അടിച്ചമർത്തി പിന്നെയും ചോദിച്ചു:
'അതല്ല, ഉദ്ഘാടനം എപ്പോഴാണ് എന്നാ ചോദിച്ചത്'.
പട്ടാളവുമായ് ഒരു ഒളിപ്പോര് പെട്ടെന്ന് തരാവില്ല എന്ന് മനസ്സിലായ കാളി പുത്രി ഉദാസീനയായി പറഞ്ഞു:
 'നാല് മണി പൂവ് വിരിയുന്ന നേരം'.
'വിരിയിക്കാൻ ഭ്രുംഗ മലകാദികൾ എത്തിയോ'
'മുഖ്യൻഷൊർണൂർടി.ബി.യിൽനീചജനസമ്പർക്കംനടത്തികൊണ്ടിരിക്കയാണ്.അത് കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് വരും'.
'ഭ്രുംഗങ്ങൾ വേറെ ആരൊക്കെയാണ്?'
'ഒരു അത്യന്താധുനികനും ഒരു ശ്രേഷ്ഠ ഭാഷാ വിദഗ്ദ്ധനും  പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്'.
.വിഷയങ്ങൾ?'
'ജെനറലും കേണലും സൌത്ത് അമേരിക്കൻ  സാഹിത്യവും'.
'അത്യന്താനന്ദന്റെ വകയായിരിക്കും,.
'അതെ'
'ചിത്ര വധം എങ്ങിനെയാണ്'.
'നോ വണ്‍ റ്റെൽസ് ഹൌ ദി കേണൽ മൂത്ത് ജെനറൽ ആയതെന്ന്  '
' ഗാർബേജ് ആരെങ്കിലും വായിച്ചുവൊ '
'വിളപ്പിൽശാലയിൽകൊണ്ട്തള്ളി. നീചന്നു അവാര്ഡ്കൊടു ത്തിരുത്തി.'
'ശ്രേഷ്ഠ ഭാഷ വിദഗ്ദ്ധൻ ?'
'ഭാഷയിൽ നേരമ്പോക്കിന്നുള്ള പരേതന്റെ സമഗ്ര സംഭാവനയെ  കുറിച്ച്.ശൃംഗാര പദമാടും യാമം, മദാലസ യാമം'.
'ഉദാഹരണം?'
'ശ്രുണു നീ ഹിപ്പിണി ശുദ്ധ മദാമ്മിണി '
'ചുരുക്കത്തിൽ പരിപാടി അലമ്പ് ആണല്ലേ ?'
'Undoubtedly'
'What do you suggest ? തിരിച്ചു പോകാം?'
' ദാറ്റ്‌ സീംസ് വൈസർ . ബട്ട്‌ നോട്ട് ബിഫൊർ എ റോൾ ഇൻ ദി ഹേ '
(അതാ ബുദ്ധി. പക്ഷെ വൈക്കോൽ കുണ്ടയിൽ ഒരു കെട്ടി മറിച്ചിലിന്നു ശേഷം.)

കാളി മാ കി ബേട്ടി കേജരിവാളി പ്രതീക്ഷകളെ അതിശയിച്ചു. ജനറൽ ഖുശ് ഹോഗയാ.
മടക്കത്തിന്നു മുൻപ് ജനറൽ  ലോകത്തിനോടു ഉറക്കെ വിളിച്ചു  പറഞ്ഞു:
 ' ഇവളെന്റെ പ്രിയ ആദ്മിനി.ഞാൻ ഇവളിൽ സന്തുഷ്ടനായിരിക്കുന്നു.'

വാൽകഷണം : മുഖ്യന്നു പെട്ടെന്ന് സൂര്യാഘാതം ഏറ്റു വിശ്രമത്തിൽ ആയതിനാൽ അപസ്മാരക  ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു .


ഒരു പിറന്നാളിൻറെ ഓർമ്മക്ക്ഒരു പിറന്നാളിന്റെ ഓർമക്ക്

കെ.ആർ .ജി.

ഗവണ്‍മ്മെന്റ് സ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ നോക്കി രാമസ്വാമി ഭാഗവതർ നിന്നു . എല്ലാ കൊല്ലവും ഉള്ള ഒരു പതിവ്. രക്ത സാക്ഷി ദിനം പ്രമാണിച്ച് കാക്ക കാഷ്ടമെല്ലാം കഴുകി വൃത്തിയാക്കിയിരിക്കുന്നു. വട്ട കണ്ണടക്കു പിന്നിൽ തെളിയുന്ന പ്രതിമയുടെ കണ്ണുകളിലെ കുസൃതിയും,  ചുണ്ടുകളുടെ അറ്റം കോട്ടിയുള്ള ചിരിയും ശ്രദ്ധിച്ചു. . തന്നെ കളിയാക്കി ചിരിക്കുകയാണോ എന്നുള്ള സംശയം അപ്പോഴും അവശേഷിച്ചു.

താഴെ, ശിലാ ഫലകത്തിൽ എഴുതിയിരിക്കുന്നതു പതിവ് പോലെ  അന്നും മനസ്സിൽ ഉരുവിട്ടു .
" Donated by  Chathapuram Anantha Ayyar Ramaswami Ayyar."

മുണ്ടും ജുബ്ബയും വേഷ്ടിയും ധരിച്ച ഒരു മദ്ധ്യവയസ്കൻ ഹെഡ്‌ മാസ്റരുടെ റൂമിൽ  നിന്നും ഇറങ്ങി വന്നു. മുൻപ് കണ്ടിട്ടില്ല. പുതിയ ഹെഡ് മാസ്റ്റർ ആയിരിക്കും. ഭാഗവതർ ഊഹിച്ചു. പ്രതിമയുടെ ചരിത്രം ഒന്നും അറിഞ്ഞിരിക്കാൻ  സാധ്യതയില്ല.

ജുബ്ബ ഉവാച: " ഇപ്പോഴത്തെ ജനറെഷന്നു ഒന്നും അറിയില്ല. ബട്ട്‌ ഹി വാസ് എ റിയലി ഗ്രേറ്റ് മാൻ . എ സെയിൻറ് ".

"കണ്‍വെൻഷനൽ ഓപ്പണിംഗ്  മൂവ്" . ചെസ്സ്‌ കളിക്കാരനായ ഭാഗവതർ തീരുമാനിച്ചു.

' എ വെരി ഗ്രേറ്റ് മാൻ' ഭാഗവതർ സമ്മതിച്ചു. ഓപ്പണിംഗ് ഗാംബിറ്റ് ഡിക്ലൈൻട്‌ ആണ് തന്റെ അടുത്ത മൂവ് എന്ന് മുൻകൂട്ടി  കണ്ട  ഭാഗവതർ   അടുത്ത ചോദ്യം വരുന്നതിനു മുൻപേ തിടുക്കത്തിൽ  ഗ്രാമത്തിലേക്ക് മടങ്ങി.
                                                          *  *      *  *   *  *

കഥ തുടങ്ങുന്നത് ഒരു ഓർമ്മ പാച്ചിലിൽ.  മെമ്മറി ഫ്ലാഷ് ബാക്ക് ..

ചാത്തപുരം അനന്ത അയ്യർ രാമസ്വാമി അയ്യർ  എന്ന രാമസ്വാമി ഭാഗവതർ ഗ്രാമത്തിൽ , മഠം വരാന്തയിലുള്ള ചാരു കസാലയിൽ ഇരുന്നു പ്രവേശിക്കുന്നു. സമയം രാവിലെ ഏഴ് -ഏഴര മണി. ' ദി ഹിന്ദു' ഇനിയും വന്നിട്ടില്ല.  ആദ്യത്തെ ഡികൊക്ഷൻ കാപ്പിയുടെ ലഹരി ഒരു 0.08  ലെവലിൽ സിരകളിൽ ഓടുന്നുണ്ട്. ജനവരി മുപ്പത്തി യൊന്നാം  തിയ്യതിയിലെ ചൂടും തണുപ്പുമില്ലാത്ത ഒരു പ്രഭാതം. അരങ്ങ് ഇങ്ങിനെ ഒക്കെ ആയിരുന്നു..

രാമസ്വാമി ഭാഗവതർ തന്റെ ഭൂതകാലത്തിലേക്ക് ചികഞ്ഞു നോക്കി. അമ്പത് വര്ഷങ്ങൾക്ക് മുന്പ് ഇങ്ങിനെ ഒരു പ്രഭാതത്തിന്നു ഏതാനും നാഴികകൾ ഉള്ളപ്പോഴാണ് താൻ  അനന്ത  അയ്യരുടെയും പാർവതി  അമ്മ്യാരുടെയും കനിഷ്ഠ പുത്രനായി ഭൂമിയിൽ  'ടച്ച് ഡൌണ്‍' ചെയ്തത്. ജ്യേഷ്ടൻ ശേഷൻ രണ്ടു കൊല്ലം മുൻപ് അതേ പേടകത്തിൽ ഭൂപ്രവേശം നടത്തിയിരുന്നു. രണ്ടും ടെക്സ്റ്റ് ബുക്ക്‌ സോഫ്റ്റ്‌ ലാൻഡിംഗ് ആയിരുന്നുവെന്നു മിഷൻ കണ്‍ ട്രോൾ  രേഖപ്പെടുത്തിയതായി കാണുന്നു. പേടകം ഒരു പെണ്‍ പ്രജയെ കൂടി കൊണ്ട് വരുവാൻ ഉപയോഗിച്ച ശേഷം  ഡികമ്മിഷൻ ചെയ്തു.

ഇന്നേക്ക് തന്റെ അമ്പതാം പുറന്ത  നാൾ.
 '' മനൈവി അലമേല് കൂടെ ഹാപ്പി ബർത്ത്ഡേ വിഷ്‌ പണ്ണലെ' ഭാഗവതർ ദുഖത്തോടെ ഓർത്തു .

ഇക്കൊല്ലം പിറന്നാൾ വന്നിരിക്കുന്നതു് ശനിയാഴ്ച്ചയാണ്. മാതാവിന്നും പിതാവിന്നും അരിഷ്ടത ഫലം . രണ്ടു പേരും പരലോകത്തിൽ ആയതു കൊണ്ട് കുറച്ചു 'അരിഷ്ടം'  അവിടെ തരാവാണെങ്കിൽ നല്ലത് തന്നെ, ഭാഗവതർ വിചാരിച്ചു.

 'ആനാൽ ഒണ്‍ തിങ്ങ്. ഇന്ത അസ്ട്രോളോജി  പ്രെഡിക്ഷൻസ് കറക്റ്റാ വരും ഒരു ഊന്നലിന്നു വേണ്ടി 'ഇന്വേരിയബ്ലി ' എന്നും കൂട്ടി ചേർത്തു .ചിന്തകൾ ഒരു സ്പർശ രേഖയിൽ  നീങ്ങാൻ തുടങ്ങിയത് ഭാഗവതർ ശ്രദ്ധിച്ചു. മൂവിംഗ് അറ്റ്‌ എ ടാൻജൻറ്റ് . പക്ഷെ രാഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിൽ ഭാഗവതർ അപ്പോൾ ഇടപെട്ടില്ല.

 ജ്യേഷ്ടനും താനും ഒന്നിച്ചാണ് സംഗീതം പഠിച്ചത്. ആദ്യ ഗുരുനാഥനായ അച്ഛൻ മുതൽ ജ്യേഷ്ടനെ പഠിപ്പിച്ച എല്ലാ ഭാഗവതർമാരും തന്നെയും പഠിപ്പിച്ചു. പല കച്ചേരികളിലും ഒന്നിച്ചു  പാടി.എന്നിട്ടെന്തായി. ശേഷനണ്ണ മദ്രാസ് മുസിക് അക്കാദമിയിലും ബോംബെ ഷണ്‍മുഖാനന്ദാ ഹാളിലും മറ്റും   പാടുന്നു. താൻ ചാത്തപുരം ഗ്രാമത്തിൽ പാട്ട് പഠിപ്പിക്കുന്നു. ജ്യേഷ്ടൻ ഭരണി നാളിൽ   ജനിച്ചു. താൻ അത്തം   നാളിലും. അത് മട്ടും  താൻ ഡിഫറൻസ്.... ഒണ്‍ലി ഡിഫറൻസ്  .


ഭരണി ധരണി ആഴും എന്നാണല്ലോ  ചൊല്ല്. അത്തം നാളി ന്നു വല്ല സ്കോപ്പും വേണമെങ്കിൽ പെണ്ണായി ജനിക്കണം.' പെണ്‍ അത്തം പൊൻ അത്തം.'. പക്ഷെ താൻ പെണ്ണായില്ല . ആയിരുന്നെങ്കിൽ കുറച്ചു പൊന്നൊക്കെ സമ്പാദിക്കാമായിരുന്നു. ആ നക്ഷത്ര സമൂഹത്തിൻറെ  അനന്ത  സാധ്യതകളെ പറ്റി ഒരു നിമിഷം  ഭാഗവതർ ചിന്തിച്ചു.പിന്നെ  ഗ്രഹങ്ങളുടെ ഗൂഡാലോചനയെ കുറിച്ചും.

 'ആണ്ടവാ, കടവുളേ എന്ന് ഉരുവിട്ട് ആ  ചിന്ത അവസാനിപ്പിച്ചു. 'അന്ത ലൈൻ ആഫ് തൊട്ട് ടോട്ടലി അണ്‍ പ്രോഫിട്ടബ്ൾ '. . പാട്ടവും, മിച്ചവാരവും കിട്ടുന്നത് കൊണ്ട് പട്ടിണി കൂടാതെ തനിക്കും അലമെലുവിന്നും കഴിയാം. ബൈ ഗോഡ്സ് ഗ്രേയ്സ്.   കടവുൾ തന്ത പിച്ചൈ .

മുറ്റത്തു അലമെലു വരച്ച കോലത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാൽക്കാരൻ ഗോവിന്ദൻ   ടൌണിൽ നിന്നും സൈക്കിളിൽ മടങ്ങി വരുന്നത് കണ്ടത്. അവർണ്ണന്റെ സാധാരണ 'റിട്ടേണ്‍ ടൈം ' പത്തു മണിയാണ്.

"കോവിന്ദാ  ഏൻ ഇവളവും ശീഘ്രമാ തിരുമ്പി വന്തേൻ പാലെല്ലാം ഇവളവും  ശീഘ്രം  വിറ്റു പോയാച്ചാ' ?          സ്വാമി ചോദിച്ചു. അവർണൻ സംസ്കൃത പേർ അർഹിക്കുന്നില്ല. ദെർഫൊർ കോവിന്ദൻ  നോട്ട് ഗോവിന്ദൻ .അത് തന്നെ ഒരു കണ്‍സെഷൻ '. കോന്താ ഈസ്‌ ദി കറക്റ്റ് ഫോം ഓഫ് അഡ്രസ്‌ ' .

'ഇല്ല സ്വാമി .ഇന്നേക്ക് കടകളെല്ലാം മൂടിയിരുക്ക്. ഹോട്ടൽ, കീട്ടെൽ ഏതുമേയില്ലൈ '

'ഏൻ മൂടിയിരുക്ക്?  വാട്ട് ഹാപ്പെന്ട് ?. എന്ന ആച്ച്.'

'ശരിയാ പുരിയിലെ  സാമി. . കാന്തി, കീന്തി,  യാരോ ഏറന്ത്‌  പോച്ച് . യാരോ  നേറ്റുക്ക്അവരെ  കൊലൈ പണ്ണിട്ടാങ്കൾ .'

ഗാന്ധിയുടെ മരണം വേണ്ടപോലെ ഭാഗവതരുടെ മനസ്സിൽ രെജിസ്റ്റർ ചെയ്തില്ല. അതിന് 'ദി ഹിന്ദു' വരണം.  എഡിറ്റോറിയൽ വായിക്കണം. മൈലാപ്പൂർ സ്വാമിമാർ എന്ത് വിചാരിക്കുന്നു എന്നറിയണം. എന്നിട്ടേ ചിരിക്കണോ, അഴകണോ ,ചിരിത്തുകൊണ്ടേ അഴകണോ എന്നൊക്കെ തീരുമാനിക്കാൻ

.' ഹറിബറിയാ  ഡിസിഷൻ എടുക്കവേ കൂടാത്'.  ഭാഗവതർ വർത്തമാന പേപ്പർ വിട്ട് വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നു.

'അപ്പൊ, ഇവളവും പാൽ  എന്ന പണ്ണ പോകറെൻ ?'

'ഒന്നുമേ പുരിയലേ സാമി.. വേണാനാൽ നീങ്കെ വാങ്കിക്കിങ്കെ . വിലൈ കമ്മി പണ്ണറെൻ  '

'ഇവളവും  പാലെ വെത്ത് നാൻ എന്ന ശെയ്യപ്പോറെൻ '

'പാൽ പായസം വെത്ത് ഗ്രാമത്തിലെ ഇരിക്കറോർക്ക് കൊടുങ്കോ സ്വാമി''
ഭാഗവതർ ആലോചിച്ചു. കുറച്ചു കാലമായി പല വീടുകളിലും ചെന്ന് മൂക്കറ്റം സാപ്പാട് അടിക്കുന്നു. ഇന്ന് വരെ ആരെയും ടിഫിനുകൂടി വിളിച്ചിട്ടില്ല.  ഇത് നല്ല ഒരു അവസരം. പാല് തുച്ച വിലക്ക് കിട്ടും. അലമേലുവിന്റെ അദ്ധ്വാനത്തിന്റെ കൂലി പണ്ടേ താലി ചരടിൽ കെട്ടിയിട്ടിരിക്കുന്നു.

പിന്നെ വേണ്ടത് കുറച്ചു പഞ്ചസാര. ' ബോറോ  പണ്ണലാം . ദാറ്റ് ഈസ്‌ വാട്ട് റിലെട്ടീവ്സ് ആർ ഫോർ ' ഉടനടി ഉപായവും മനസ്സിൽ  തോന്നി.

' എവളവും പാലിരിക്ക് ' ഭാഗവതർ ചോദിച്ചു.

'സുമാർ എട്ടു ഇടങ്ങഴി ഇരുക്ക്'. ടോട്ടൽ റൈറ്റ് ഓഫിൽ നിന്ന് കുറച്ചെങ്കിലും സാൽവെജ് ചെയ്യാനുള്ള സാദ്ധ്യത മണത്ത പ്രോലിറ്റെരിയൻ പറഞ്ഞു. .

'എവളവും കൊടുക്കണം ?'

' ഇടങ്ങഴിക്ക്  നാലണ വെത്തു രണ്ടുറുപ്പിക കൊടുങ്കോ '

' ഒന്നര ഉറുപ്പിക കൊടുക്കറെൻ. പോതുമാ ? സവർണൻ അധകൃ തൻറെ  വിയർപ്പിന്നു  വില പറഞ്ഞു.

' മജ്ബൂരി ക നാം ഹെ   മഹാത്മാ ഗാന്ധി ' എന്ന പ്രയോഗം അന്ന് നടപ്പിലില്ലാത്തതിനാൽ അവർണൻ  അത് പറഞ്ഞില്ല.'നിന്റെ അമ്മ്യാർക്കു കൊണ്ട് പോയി കൊടുക്ക്‌' എന്ന് മനസ്സിൽ വിചാരിച്ച്    ' ഏതാവത് കൊടുങ്കോ സ്വാമി' എന്ന് പറഞ്ഞു നഷ്ട കച്ചവടം ഉറപ്പിച്ചു.

പാല് അടുക്കളയിൽ എത്തിച്ച ശേഷം വലിയ ഉരുളി അടുപ്പത്ത് കയറ്റാൻ അലമെലുവിനെ സഹായിച്ചു. പോരാതെ വന്ന പഞ്ചസാര അലമെലുവിന്റെ സഹോദരിയുടെ വീട്ടിൽ   നിന്നും തത്കാലം സംഘടിപ്പിച്ചു. ആദ്യത്തെ നീരസം എല്ലാം മറന്ന്  അലമെലു പാൽപ്പായസപ്പണിയിൽ മുഴുകി . 'ഈ പിശുക്കൻ ഭാഗവതരെ കല്യാണം ചെയ്തതിനു ശേഷം ഒരാളെയും ഇതുവരെ സത്കരിച്ചിട്ടില്ല', അവർ  വിചാരിച്ചു." ഇന്ത അവസരത്തെ വേ സ്റ്റ് പണ്ണ കൂടാത് '.

പതിനൊന്നു മണി ആയപ്പോഴേക്കും പാൽപ്പായസം റെഡി . ഭാഗവതർ അടുക്കളയിൽ  നിന്ന നിൽപ്പിൽ ഒരു മൂന്നു ഗ്ലാസ്സ് പായസം ഫിറ്റാക്കി. ഒരു ഗ്ലാസ്‌ അലമെലുവിനും കൊടുത്തു .അലമേലുവിന്റെ പരിചയക്കാര്ക്ക് വിതരണം ചെയ്യാൻ ഒരു ചെറിയ ബക്കറ്റ് പായസം അമ്മ്യാരെ ഏൽപ്പിച്ച  ശേഷം . ബാക്കി പായസം മറ്റൊരു ബക്കറ്റിൽ ആക്കി  വരാന്തയിലേക്ക്‌ മാറ്റി, ഒരു അര ഡ സ്സൻ ഓട്ടു ഗ്ലാസ്സുകളുമായി വരാന്തയിൽ നിലയുറപ്പിച്ചു.

ആദ്യത്തെ ഗുണഭോക്താവ് വാദ്ധ്യാർ ആയിരുന്നു, ഇടതു കയ്യിൽ വിശറിയും വലതു കയ്യിലെ 'കൂടെയിൽ ' കുറെ പൂവുകളുമായി പതുക്കെ നടന്നു വരുന്നു. ഉന്തി നില്ക്കുന്ന കുംഭ ഗുരുത്വാകര്ഷണ കേന്ദ്രത്തെ കുറെ ഡിഗ്രീ തെറ്റിച്ചത് കൊണ്ട് പിന്നോക്കം ഒരു ചെറിയ വളവുമായാണ്‌  നടത്തം. വിളിപ്പാട് അകലെയെത്തിയപ്പോൾ ഭാഗവതർ കൈകൊട്ടി വിളിച്ചു.

' വാദ്ധ്യാരെ. ഗുഡ് മോർണിംഗ് . ഒരു നിമിഷം ഇങ്കെ വരീങ്കളാ   ?'

 ' എന്ന സമാചാരം. രാമസ്വാമി? കൊഞ്ച നാളാ പാക്കവേ ഇല്ലിയെ.  സൌഖ്യം താനേ ? '

' ആമ, സൌഖ്യം താൻ. ഒരു ഗ്ലാസ്‌ പാൽപ്പായസം സാപ്പാടറീങ്കളാ   ?'

അറു പിശുക്കനായ ഭാഗവതർ തനിക്ക്  എന്തിനാ പാൽപ്പായസം തരുന്നത്  ഒരു വേളൈ ഏതാവത് കടം കേക്ക പോറീങ്കളാ ? ആനാൽ രാമസ്വാമി വെൽ ഓഫ്‌ എന്ട്ര്  താൻ നിനെത്തെൻ . വാദ്ധ്യാർ 'പൊസ്സിബിലിറ്റീസ് ' ചിന്തിച്ചു. അത്തരം 'കേൾവികൾക്ക് ' 'ബദിലും' മനസ്സിലുറപ്പിച്ചു. ജസ്റ്റ്‌ ഇൻ കേസ് .

' സാപ്പിടലാമേ . രൊമ്പം സർപ്രൈസ് ആയിരുക്കെ. എന്നാ വിശേഷം.'

'വിശേഷം കിശേഷം എതുമില്ലൈ .  ശുമ്മാ സാപ്പുടുങ്കോ വാദ്ധ്യാരെ ' പിന്നെ ഒരു 'ജോക്ക് 'അടിക്കാം എന്ന ഉദ്ദേശത്തിൽ പ റഞ്ഞു: ' ഗാന്ധി എറന്ത്‌ പോയാച്ചേ. ഇനി മേൽ ഫാസ്റ്റിങ്ങ്, കീസ്റ്റിങ്ങ് ഒന്നുമേ തേവയില്ലേ .' എന്ന് പറഞ്ഞു ഒന്ന് കുലുങ്ങി ചിരിച്ചു.യുണിയൻ ജാക്കിന്റെയും , ദ്വരൈമാരുടെയും ആരാധകനായ വാദ്ധ്യാരും  ചിരിയിൽ പങ്കു കൊണ്ടു .

അങ്ങിനെ പാൽപ്പായസ വിതരണം മുറക്ക് പുരോഗമിച്ചു. അഡ്വക്കേറ്റ് വൈത്തി , സേതുരാമൻ. വെങ്കിടി . മണി അയ്യർ , ദൊരൈസ്വാമി ...... ആ വഴി പോയ ആരെയും ഭാഗവതർ വിട്ടില്ല. 'ഗാന്ധി ജോക്ക്' പറയാനും മറന്നില്ല. രണ്ടു മണിയോടെ പായസം തീർന്നു . സിരകളിൽ പാൽപ്പായസം പടർന്നു കയറിയപ്പോൾ  ഒരു ചെറിയ ആലസ്യം തോന്നിയ ഭാഗവതർ വരാന്തയിലെ ചാരു കസേരയിൽ കിടന്നു ഒന്ന് മയങ്ങി.

ദിവസം രണ്ടോ, മൂന്നോ പറന്നോ, ഇഴഞ്ഞൊ എങ്ങിനെയോ പോയി. കുറെ വെള്ളം കൽപ്പാത്തി പുഴയിൽ കൂടി ഒഴുകി കാണണം. പതിവുപോലെ രാവിലെ ചാര് കസേരയിൽ കിടന്നു ഒന്ന് മയങ്ങി പോയി.

' ഭാഗവതരെ , ഭാഗവതരെ ! എന്ന വിളികേട്ടാണ് ഉണർന്നത് . നോക്കിയപ്പോൾ പോലീസ് കണ്‍ഷെബൾ രാമൻ  നായർ ഒരു കാൽ നിലത്തു കുത്തി സൈക്കിളിൽ ഇരിക്കുന്നു. ഭാഗവതർ കണ്‍ തുറന്നത് കണ്ട കണ്‍ഷെബൾ പറഞ്ഞു:

"ഇൻസ്പെക്റ്റരെമാൻ സ്റ്റെഷനിലെക്കു വിളിക്കുന്നു."
:ഏൻ ?. വൈ , വൈ ?

:"അതൊന്നും എനിക്കറിയില്ല. ഉടനെ ചെല്ലാൻ പറഞ്ഞു."

സബ്ബ് ഇൻസ്പെക്ടർ രംഗൻ പഴയ താപ്പാനയാണ്. ദേഷ്യം വന്നാൽ രണ്ടു പൊട്ടിച്ചിട്ടെ വർത്തമാനമുള്ളൂ . ഓണ്‍ കമ്മുണിട്ടി അപ്പടി കണ്‍സിഡറേഷൻ ഒന്നുമേ കിടയാത്. ഭാഗവതർ അലമെലുവിനോട് കാര്യം പറഞ്ഞ് രാമൻ  നായരെ അനുഗമിച്ചു.

ഭാഗ്യത്തിന്ന് ഇൻസ്പെക്ടർ നല്ല മൂഡിലായിരുന്നു. എന്ന് പറഞ്ഞാൽ രാവിലത്തെ 'കളക്ഷൻ' തരക്കേടില്ല എന്ന് ധരിക്കണം.

' എന്നാ ഭാഗവതരെ, നീങ്കെ ഫാദർ ഓഫ് ദി നേഷൻ കൊലൈ സെലെബ്രെറ്റ് പണ്ണിയാച്ചാ ? താൻ ജോക്കായി പറഞ്ഞത് ആരോ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഭാഗവതർക്ക്  മനസ്സിലായി.

' അയ്യ യ്യോ! തപ്പ് തപ്പ്. നാൻ ഗാന്ധിജിയുടെ പെരിയ അഡ്മൈറർ. . നാൻ അപ്പടിയൊന്നും  നിനക്കവേ മാട്ടെൻ . യാർ ഇന്ത പൊഴി ശൊല്ലിയത്  സാർ "

'കോണ്‍ഗ്രസ്സ് ഓഫിസിലിരുന്തു കംപ്ലൈന്റ്റ് കിടച്ചിരിക്ക്. നീങ്ക പാൽപ്പായസം വെത്ത് ഗ്രാമത്തിലെ എല്ലൊർക്കും കൊടുത്ത് സെലിബ്രെയ്റ്റ് പണ്ണിനെൻ   എന്ട്രു കംപ്ലൈന്റ്റ് കിടച്ചിരുക്ക്.'

" അപ്പടിയോന്നുമില്ലൈ സർ  . അന്നേക്ക് എന്നുട അമ്പതാം പുറന്ത നാൾ. കൊഞ്ചം പായസം വെത്ത് ഫ്രെണ്ട്സുക്കെല്ലാം കൊടുത്തേൻ. അവളവും താൻ..".

പക്ഷെ ഇൻസ്പെക്ടർ സാർ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. അദ്ദേഹത്തിൻറെ മനസ്സിൽ F. I.R രൂപം കൊള്ളുക ആയിരുന്നു. പ്രീ-മെടിട്ടെഷൻ , കോണ്‍സ്പിരസി , പബ്ലിക് ഡിസോർഡർ എന്നിങ്ങനെ ചില വാക്കുകൾ മനസ്സിൽ  വീണ്ടും വീണ്ടും ഉയർന്നു വന്നു. ട്രീസണ്‍  കൂടി ഉൾപ്പെടുത്താൻ വകുപ്പുണ്ടോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കയറി വന്നത്.

ഇൻസ്പെക്ടർ അഹിംസാക്കാരനെ സ്വീകരിച്ച് ഇരുത്തി. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഇവന്റെയൊക്കെ പുറം അടിച്ചു പള്ളിപ്പുറം ആക്കിയതാണ്, രങ്കൻ ഓർത്തു . പക്ഷെ ഞാഞ്ഞൂളുകൾക്ക് വിഷം കൂടിയ കാലമാണ്. അഹിംസാവാദി നടത്തിയിരുന്ന പ്രിൻറിംഗ് പ്രെസ്സൊക്കെ ഒന്ന് കൊഴുത്തു . അത്യാവശ്യം കുഴപ്പങ്ങളൊക്കെ നീചൻ വിചാരിച്ചാൽ ഉണ്ടാക്കാൻ പറ്റും.

സെക്രട്ടറി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വന്നതാണ്. അധികം കെട്ടി വളക്കലില്ലാതെ കാര്യം അവതരിപ്പിച്ചു.രത്നച്ചുരുക്കം: ഭാഗവതർ നല്ല മനുഷ്യനാണ്. ദുരുദ്ദേശത്തോടുകൂടി ചെയ്തതല്ല. ശുദ്ധ മനസ്കനാണ്. ഒരു പ്രായശ്ചിത്തമായി ഭാഗവതരുടെ ചിലവിൽ ഒരു ഗാന്ധി പ്രതിമ നിർമ്മിച്ച്‌ സര്ക്കാര് സ്കൂളിൽ സ്ഥാപിക്കും. താൻ അത് ഉത്ഘാടനം ചെയ്യും.

ദെയർ ബൈ ഹാങ്ങ്സ്  എ  ടെയിൽ .എന്ന് കഥാവസാനം. ' ഒരു വാല് അങ്ങനെ തൂങ്ങുന്നു. ഒരു അര ഗാന്ധി വെയിലും മഴയും കാക്കപുരീഷവും മറ്റും ഏറ്റു വാങ്ങി അങ്ങിനെ നിൽക്കുന്നു . അഹല്യയെ പോലെ.

ഭാഗവതർ അമ്പത്താറു രൂപ എട്ടണ മുജ ന്മ കടത്തിലേക്ക് എഴുതി തള്ളി.

ഓന്ത് മൂത്ത് ഉടുമ്പായത് പോലെ കോണ്ഗ്രസ്  സെക്രട്ടറി മൂത്ത് പ്രസിഡന്റായി

ഇൻസ്പെക്ടർ രംഗൻ രണ്ടു കൊല്ലം കൂടി കൈമണി മേടിച്ച് ആ സ്റ്റെഷനിൽ നിന്ന് തന്നെ അടുത്തൂണ്‍ പറ്റി .

ഗോവിന്ദൻ എന്ന കൊവിന്ദൻ എന്ന കോന്തൻ നൂറു മില്ലി അധികം വീശി ' നിങ്ങളെന്നെ കമ്മുണിസ്റ്റാക്കി ' എന്ന നാടകം കണ്ടു.വീണു ചിരിച്ചു.

അങ്ങിനെ എല്ലാവരും ആനന്ദലബ്ധിക്കിനിയെന്തു വേണം എന്ന് പാടി ലിവ്ഡ് എവറാഫ്ടർ ആക്കി.

ഫലശ്രുതി: കു റച്ചു വർഷങ്ങൾക്കു ശേഷം  അറ്റൻബറോ സായിപ്പ് വന്നു കാലു കൊണ്ട് പ്രതിമയെ തൊട്ടപ്പോൾ പ്രതിമ ബെൻ കിങ്ങ്സ്ലി ആയി, സ്തുതി ചൊല്ലി, ഹോളിവൂഡ്ഡിലെക്ക് പോയി. .

( ഇത് നടന്ന ഒരു സംഭവം ആയിരിക്കാം, അല്ലായിരിക്കാം.  സംഭവം  നടന്നിട്ടുണ്ടെങ്കിൽ അത് ഗാന്ധിജി  മരിച്ച കാലത്ത് ആയിരിക്കണം .അത് കൊണ്ട് തന്നെ  ആരൊടെങ്കിലും ,എന്തെങ്കിലും  സാമ്യത തോന്നുകയാണെങ്കിൽ അത് പണ്ടേ വെന്തു ചാരമായ വല്ല  ദേഹത്തിനോടുമായിരിക്കണം. ആ ദേഹമോ, ദേഹിയോ സിവിലും ക്രിമിനലുമായി എന്നോട് കലഹിക്കാൻ വരാൻ  തക്ക കാരണമൊന്നും ഇതിൽ ഇല്ല.  പിന്നെ ഗാന്ധി അമ്മാമൻ. അദ്ദേഹം  മ്മടെ ആളാണ്‌.)