Sunday, July 15, 2012

ഇടവപ്പാതി

പണ്ടൊക്കെ 

(Published in Malayalanatu Vol3 Issue 10)
"കീപ്‌ ഇറ്റ്‌ സിമ്പിള്‍" എന്നായിരുന്നു ഏരേച്ഛമ്മാന്റെ പ്രമാണം.എണ്ണായിരം പറ പാട്ടത്തിന്റെ കൃഷിയുണ്ടായിരുന്നു മൂപ്പര്‍ക്ക്. സ്വന്തം അദ്ധ്വാനം കൊണ്ട് നാല് കളങ്ങള്‍ ഉണ്ടാക്കി, നാല് പെങ്ങള്മാര്‍ക്ക് വേണ്ടി. എല്ലാം മഴയുടെ സഹായം. പിന്നെ ഉത്രത്തില്‍ കാലും.
ഏരെച്ഛമ്മാനു നെല്ലിലായിരുന്നു കമ്പം. കാലാ കാലം മഴ കിട്ടിയാല്‍ കൃഷിപ്പണി ഒരു ബുദ്ധിമുട്ടും ഇല്ല. വിപ്ലവം റഷ്യക്ക് പുറത്തു കടന്നിട്ടില്ലാത്തത് കൊണ്ട് കൃഷിപ്പണിക്ക് ആള്‍ക്കാര്‍ ധാരാളം. നമ്പൂരാര് വാരവും, സംബന്ധവും ആയി നടക്കുന്നതിന്ടക്ക് വിപ്ലവത്തില്‍ അങ്ങട് കാര്യായി ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ലായിരുന്നു.  മിച്ചവാരം വല്ലപ്പോഴും കൊടുത്താല്‍ അത് തന്നെ ധാരാളം. സായിപ്പിന്റെ കാലമായത് കൊണ്ട് നികുതി കൊടുത്താല്‍ മാത്രം മതി. പാട്ടം പിരിക്കാനോന്നും ഒരു ബുദ്ധിമുട്ടും ഇല്ല.

ഏരെച്ഛമ്മാന്റെ കാലത്ത്   മഴ പെയ്യിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഏതാണ്ട് മിഥുനം--കര്‍ക്കിടകം ആവുമ്പോ കാര്യസ്ഥന്‍ 'സം ക്രംമിനെ' അങ്ങട് വിളിപ്പിക്കും.ചങ്കരന്‍ എന്നതിന്റെ ഗീര്‍ വ്വാണമാണ് 'സംക്രം'' എന്ന് കൂട്ടിക്കോളു  അവന്‍ നിന്നോ, ഇരുന്നോ, കിടന്നോ ഹാജരാവും. താന്‍  ഒരു അസാധാരണ പുരുഷന്‍ ആണെന്നാണ്‌ സംക്രമിന്റെ നിലപാട്. ഒരു തല്‍പുരുഷ സമാസം തന്നെ. സംക്രമപുരുഷന്‍ എന്നാണ് മുഴുവന്‍ പേര്.

വിഷു ഒപ്പിച്ചെ അവന്‍ വരൂ. അവന്റെ വരവും, മറ്റു  അവസ്ഥകളും ഭൂരിപക്ഷവും ഒക്കെ  നോക്കി , നോര്‍മന്‍ അച്യുതന്‍ നായരോ കാണിപ്പയ്യൂരോ ആയി ആലോചിച്ചു, ഒരു വാര്‍ഷിക 'കോമ്മണ്‍  മിനിമം പ്രോഗ്രാം''  നിശ്ചയിക്കും. അഞ്ചു കക്ഷികളുടെ കൂട്ടുകക്ഷി ഭരണം ആയത് കൊണ്ട് അതെ പറ്റൂ. ആ രേഖക്ക് പഞ്ചാംഗം എന്നാണു പേര്. ഇപ്പോഴത്തെ ഗസറ്റിലും ഒട്ടും കുറയില്ല പത്രാസില്‍. 

സംക്രം ഓരോ കൊല്ലവും   ഓരോ തരം മൃഗങ്ങളുടെ മുകളില്‍ കയറി, വിചിത്ര വസ്ത്രങ്ങള്‍ ധരിച്ചു, കുട ചൂടി , വാദ്യ ഘോഷങ്ങളോടെയാണ് വരിക. പലതരം ആയുധങ്ങളും, അലങ്കാരങ്ങളും ആയിട്ടാണ് ചങ്ങാതി സാധാരണ പുറപ്പെടാറ്. വെയില് കൊള്ളാതിരിക്കാന്‍ കുറച്ചു മേഘങ്ങളെയും കൂടെ കരുതും. എത്ര പറ മഴ പെയ്യണം എന്ന സന്ദേശം നമ്പൂതിരി-നായര്‍ സഖ്യം സംക്രമിനെ തെര്യപ്പെടുത്തും. അതനുസരിച്ച് മേഘങ്ങളുടെ ഷേപ്പ് മാറ്റി സമാവര്‍ത്തമോ, ആവര്‍ത്തമോ ഒക്കെ ആക്കും.  കോമ്മണ്‍  മിനിമം പ്രോഗ്രാം''  പ്രകാരം കിടു കിടെ വ്യത്യാസമില്ലാതെ വെള്ളം ടാങ്കില്‍ നിറച്ചു സ്ഥലം വിടും. ഇബ്രാഹിം കരിം ആന്‍ഡ്‌ സണ്‍സിന്റെ ഒരു 613 മാര്‍ക്ക് കുട കരുതിയാല്‍ മാത്രം മതി.

ഇപ്പൊ കാര്യങ്ങള്‍ ഒക്കെ മാറീന്ന പറയുന്നത്. El Nino, La Nina* എന്ന പേരിലുള്ള രണ്ടു കുട്ടികള്‍ക്കാണെത്രേ  മഴക്കൊളിന്റെ ചാര്‍ജ്. ആദ്യം പറഞ്ഞവന്‍ ചെക്കനാണ്; രണ്ടാമത്തേത് പെണ്ണും . സ്പാനിഷ് കാരാണ്. ചെക്കന്റെ പണി കടലിന്റെ മേലയൂള്ള വെള്ളത്തിന്റെ ചൂട് കൂട്ടലാണ്. മറ്റെ ആളു  ചൂട് കുറയ്ക്കും. അല്ലെങ്കിലും ചെക്കന്മാര്‍ക്ക് ചൂട് കുറച്ചു കൂടുതലാണല്ലോ. ഈ ചെക്കന്‍ ശാന്ത സമുദ്രത്തില്‍ കേറി പണി തുടങ്ങിയാല്‍ അടുത്ത നാലഞ്ചു വര്ഷം നമ്മുടെ കാലവര്‍ഷത്തിന്റെ ഗതി അധോഗതിയാണെത്രേ. മറ്റൊളാണു ഉഷാര്‍ എങ്കില്‍ കാലവര്‍ഷം ഒരു കലക്കാ കലക്കും. എന്നാണു മാനം നോക്കി, മാസാ മാസം ശമ്പളവും ക്ഷാമ ബത്തയും മേടിച്ചു ,  അടുത്തൂണ്‍ പറ്റുന്ന വരെ കംപുട്ടറും തിരുപിടിച്ചിരിക്കണ ശാസ്ത്രിമാര്‍ പറയുന്നത്. അടുത്തൂണ്‍ പറ്റി കഴിഞ്ഞാല്‍ അവനും പഞ്ചാംഗം നിവര്‍ത്തും.
(El Nino= the boy, La Nina= the girl)

ഏതായാലും ശാസ്ത്രിമാര്‍ പ്രവചിച്ചത് നല്ല കാലവര്‍ഷം ആണ്. അത് ഇക്കൊല്ലം  ഇത് വരെ തരായില്ല.ഇനി  താരാവും എന്നും തോന്നുന്നില്ല. അല്ലെങ്കിലും കേരളത്തില്‍ ഇപ്പൊ മഴ കൊണ്ട് എന്താ  പ്രയോജനം വെള്ളം അടിക്കാനും അത്യാവശ്യത്തിനു കറന്റ്‌ ഉണ്ടാക്കാനും മാത്രമാണ്. അത് തന്നെ കഷ്ടിയാണ്. 'റവറി'ന്നു മഴ കിട്ടിയാലും ഇല്ലെങ്കിലും ഒക്കെ കണക്കാ. ഉള്ള റവറില്‍ നിന്ന് ആദായം കുറയാതിരിക്കാനുള്ള വഴിയൊക്കെ അച്ചായന് അറിയാം.

മഴ ആന്ധ്രയില്‍ പെയ്താല്‍  മതിയായിരുന്നു. ആന്ധ്രയില്‍ നെല്ല് വിളഞ്ഞാല്‍ മലയാളിക്ക് ഊണ് മുട്ടില്ല. ആന്ധ്രക്കാരന്‍ പട്ടിണി കിടന്നാലും വേണ്ടില്ല, അരി ഇവിടെ എത്തും. 'പര്‍ചയ്സിംഗ് പവര്‍' കൂടുതലായത് കൊണ്ട് അങ്ങിനെയേ സംഭവിക്കുകയുള്ളൂ എന്ന് അമര്‍ത്യ സെന്‍ പറഞ്ഞിട്ടുണ്ട്. ചങ്ങാതി ബംഗാള്‍ വറൂതി വിറ്റ് കാശാക്കി നോബല്‍ സമ്മാനം തരാക്കിയ പാര്‍ട്ടിയാണ്. കൂട്ടത്തില്‍ ഒരു ഭാരത്‌ രത്നവും.

തൊണ്ണൂറ്റോന്പതിലെ വെള്ളപൊക്കം പോലെ ഒരു വെള്ളപൊക്കം ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല. പക്ഷെ ചമ്രവട്ടത്ത് അയ്യപ്പന്‍റെ കാര്യം കുറച്ചു പരുങ്ങലിലാണ്. പാലവും ചെക്ക്‌ ഡാമും ഒക്കെ ആയി വെള്ളം എപ്പോഴാ പൊന്തുക എന്ന് ഒരു നിശ്ചയവും ഇല്ല. കല്യാണ സമയത്തൊക്കെ മഴ പെയ്തു അലമ്പാവാതിരിക്കാന്‍ മൂപ്പര്‍ക്ക് വഴിവാട് നോറ്റിട്ട് ഇനി  കാര്യം ഉണ്ടെന്നു തോന്നുന്നില്ല. El Nino, La Nina ടീമിന് വഴിപാടു കൊടുക്കുകയായിരിക്കും നല്ലത്.

മഴയും കൃഷിയും  മോശമായാലും കൊയ്ത്തു ഒട്ടും മോശമാവുന്നില്ല. കര്‍ക്കിടക ചികിത്സ പൊടി പൊടിക്കുന്നുണ്ട്. ഉഴിച്ചിലുകാരുടെ ഒരു അയ്യരുകളി. കര്‍ക്കിടക കഞ്ഞി  കിറ്റു വില്‍ക്കാത്ത കടകള്‍ ഇല്ല. രാമായണ മാസം ചാനലുകാരും, പത്രങ്ങളും, പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളും ശരിക്കും ആഘോഷിക്കുന്നു.  മീന്‍ കച്ചവടം ഒന്ന് പുറകോട്ടടിക്കും എന്ന് മാത്രം.

പണ്ടൊക്കെ അമ്പലത്തിലോ, ചന്തയിലോ കാണുമ്പോള്‍ മാത്രം പറഞ്ഞിരുന്ന 'എന്തൊരു മഴ' അല്ലെങ്കില്‍ 'ഇക്കൊല്ലം മഴ ചതിച്ചു'  അല്ലെങ്കില്‍ 'തിരുവാതിര ഞാറ്റുവേല അത്രയ്ക്ക് അങ്ങട് നന്നായില്ല' തുടങ്ങിയ 'സംഭാഷണ തുടക്കങ്ങള്‍' മുഖ പുസ്തകത്തിലും നിറഞ്ഞു കിടക്കുന്നു. മലയാളിയുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നുടെങ്കിലും മഴയെ സൂചിപ്പിക്കുന്ന മലയാള വാക്കുകള്‍ വളരെ കുറവാണെന്ന് ശ്രീ. ഖുശ്വന്ത്‌ സിംഗ് അഭിപ്രായപ്പെട്ടതായി   ശ്രി.എന്‍.എസ്. മാധവന്‍ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു പുതിയ 'മഴ' വാക്കുകള്‍ വന്നിട്ടില്ലെങ്കിലും മഴയെ പറ്റി മലയാളി കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അലക്സാന്‍ഡര്‍ ഫ്രേറ്റര്‍  'chasing the monsoon' എഴുതിയ ശേഷം എല്ലാവരും ഇടവപ്പാതിയുടെ പിന്നാലെ പാച്ചിലാണ്. കവികള്‍ 'പീലി'  വിടര്‍ത്തുന്നുന്ടെന്കിലും സുന്ദരന്‍ മഴ ചിത്രങ്ങള്‍ മുഖ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

കൊത്തനൂരും മഴ പെയ്യുന്നുണ്ട്


   

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...