Total Pageviews

Thursday, June 29, 2017

കഥാ സരിത സാഗരം


 സെയിന്റ് ജോർജ്  പുണ്യാളൻ ആകുന്നതിനു മുൻപ്   സാദാ ജോർജ് ആയിരുന്നു .ജോർജുട്ടി ആയിരുന്നു ; അക്കാലത്ത്, ഇക്കാലത്തെ ലിബിയ രാജഭരണത്തിൽ ആയിരുന്നു .

സൽഭരണത്തിനു ഉത്തരവാദിയും മുഖ്യപ്രതിയും തോമ എന്ന തോമാച്ചൻ .  വാദിയും പ്രതിയും ഒരാള് തന്നെ ആകരുതെന്ന് അക്കാലത്ത് നിർബന്ധമുണ്ടായിരുന്നില്ല. {പിന്നീട് , അതിവേഗം, ബഹുദൂരം സമയമാം സ്റ്റേറ്റ് രഥത്തിൽ  യാത്ര ചെയ്ത് തോമ ഉമ്മനായി  ഉമ്മത്തും പൂവായി ചണ്ഡീ ദേവിയായി

കഥ നടക്കും കാലത്ത്‌ , തോമാ എന്ന ഉമ്മന് ഒരു മകളുണ്ടായിരുന്നു . സ്വന്തം മകളല്ലാ , സൂര്യപുത്രിയാണെന്നു ഒരു  കിംവദന്തിയുമുണ്ടായിരുന്നു ' കിം-  വദന്തി' എന്നു പിരിച്ചു  ചോദിച്ചാൽ 'മകൾ' 'അച്ഛനെ ' പിതൃതുല്യനായി കണക്കാക്കിയിരുന്നതു കൊണ്ട് എന്നു ഉത്തരം കിട്ടും.  ഉത്തരം നോക്കി കൊഞ്ഞനം കുത്തിയാലും ഉത്തരത്തിന്നു കിടു കിടെ മാറ്റം ഉണ്ടാകില്ല .കമ്മീഷൻ ഓഫ് എൻക്വയറി വന്നാൽ പോലും സൂര്യ പുത്രി സോളാർ പുത്രി തന്നെ 

കാര്യങ്ങൾ അങ്ങിനെ ഇരിക്കെ, കിടക്കെ, അക്കാലത്തെ, ഇക്കാലത്തെ ലിബിയയുടെ തലസ്ഥാനത്ത് ഒരു ഡ്രാഗൺ വന്നു താമസമാക്കി. ആനയുടെ മുഖവും , മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ പ്രകൃതിയുമുള്ള ഒരു മാംസ ഭോജി. ഡ്രാഗണെ കണ്ടു പരിഭ്രാന്തരായ ജനം തെക്കു വടക്കും, കിഴക്കും പാഞ്ഞു . പടിഞ്ഞാറ് , സർക്കാറുകളുടെ   തോക്കുകളും ,തൂക്കുമരങ്ങളും  കൊണ്ടു പോയിടാനുള്ള അറബി കടലായതിനാൽ  ആരും അങ്ങോട്ട്‌ കീഞ്ഞില്ല .

   ജനം തത്ക്കാലം 'ഗണേശ ശരണം, ശരണം ഗണേശ ' എന്നു പാട്ടു പാടി ഡ്രാഗണെ പ്രീതിപ്പെടുത്തി . ദിനം പ്രതി ,ദിനം പ്രതി ആടൊന്നും പെണ്ണൊന്നും കൊടുക്കാം എന്ന് ബൈ ലാറ്ററൽ ഉടമ്പടിയിൽ  ഒപ്പു വെച്ചു , കൈ കുലുക്കി, കെട്ടി പിടിച്ചു ഉമ്മ വെച്ചു ഉടന്തടി ചാടി . .പിറ്റേ ദിവസം മുതൽ , പകൽ രാഹുൽ കാല ശേഷം ആടും രാത്രി രണ്ടാം യാമത്തിൽ പെണ്ണും  ജനം ഹാജരാക്കി. ഡ്രാഗൺ 'കുശ് ഹുവാ'.

കാലേ ,കാലേ അകാലേ , രാജ്യത്ത് ആടുകളും പെണ്ണുങ്ങളും കാലിയായി . ജനസംഖ്യ കുറഞ്ഞത് കൊണ്ട് സിറ്റി കോമ്പൻസേറ്ററി ബത്ത പിൻവലിച്ചു വിജ്ഞാപനമിറങ്ങി.

ബാങ്കർമാർസമരംതുടങ്ങി

അചിരേണ  രാജസന്തതിയുടെ, സൂര്യപുത്രിയുടെ  ഊഴമായി

 അക്കാലത്താണ് ജോർജ്ജിന്റെ പട്ടണ പ്രവേശം .

ഉത്സാഹത്തോടും ഉന്മേഷത്തോടും കൂടി സൂര്യപുത്രി ഡ്രാഗൺ വാഴും പാർട്ടി ഗ്രാമത്തിലേക്കു പോകുന്നത് കണ്ട ജോർജ്ജ് കാര്യം തിരക്കി .സൂര്യപുത്രിക്ക് പകരം പോകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു .ഒരു 'ചെയ്ഞ്ച് ' ആയിക്കോട്ടെ എന്ന് കരുതി സൂര്യ പുത്രി സമ്മതം മൂളി.

ജോർജൂട്ടിയും ഡ്രാഗണുമായി ഏറ്റുമുട്ടി .  ഏറ്റുമുട്ടലിൽ ജോർജ്ജ് തളരുന്നത് കണ്ട സൂര്യപുത്രി അവളുടെ അടിപാവാട (garter ) ഊരി  കൊടുത്തു . അടിപാവാട കഴുത്തിൽ ചുറ്റിയപ്പോൾ  ഡ്രാഗൺ ശാന്തനായി.. ശാന്തനായ ഡ്രാഗണെ രാജാവിനും , മന്ത്രിമാർക്കും ചാനൽകാർക്കും കാണിച്ചു കൊടുത്ത ശേഷം ബീഫ് ഫ്രൈ ആക്കി .

അന്ന് ഗോവധം പ്രകൃതി വിരുദ്ധ മല്ലാത്തതു കൊണ്ട് നിയമ വിരുദ്ധവുമായിരുന്നില്ല 

സന്തുഷ്ടനായ രാജാവ് സൂര്യപുത്രിയെ ജോർജ്ജുട്ടിക്കു കല്യാണം ചെയ്തു കൊടുത്ത് , മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദി ഗാർട്ടർ  ബഹുമതിയും  നൽകി  'നൈറ്റ് വാച്ച്മാൻ  'ആക്കി.  നൈറ്റ് ഡ്യൂട്ടിയിൽ പ്രവേശിച്ച ജോർജ് കാലക്രമേണ ഭാര്യവീട്ടിൽ ഉണ്ണായി വാരിയർ ആയി .

ആട്ടക്കഥകൾ ആടി പ്പാടി തകർത്തു .

പിന്നെ പുണ്യാളനായി .
.No comments:

Post a Comment