Sunday, October 11, 2015

സ്ത്രീ (പീഡന) പർവ്വം

സ്ത്രീ (പീഡന) പർവ്വം 


ഉദയാൽപ്പരം കൃത്യം പതിനഞ്ചു നാഴിക ചെന്നപ്പോൾ രാജധാനിയിൽ,  ക്രീഡാമണ്ഡപത്തിൽ, നിരത്തിയിട്ടിരുന്ന മൂന്നു ഇരിപ്പിടങ്ങളിൽ നടുവിലുള്ള ഇരിപ്പിടത്തിൽ  സൌബാലി ആസനസ്ഥയായി .

അടുത്തു നിന്നിരുന്ന  കൃപിയോടും, മിസ്സിസ് ജയദ്രഥനോടും ഇരു വശത്തുമുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ആഗ്യം കാണിച്ചു. കമ്മിറ്റിയിലെ നാലാം മെമ്പർ   വിദുരൻ ചവിട്ടു  പടിയിൽ ഇരുന്നതായി ഭാവിച്ചു   .അക്കാലത്ത് ശൂദ്രന്മാർക്കുള്ള റിസർവഡ് സീറ്റ് അതായിരുന്നു.
.
ഹസ്തിനപുരം അരമനയിലെ ' ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റീ കൂടിയതായി അറിയിച്ചു കൊണ്ട് സൌബാലി മേശമേൽ മൂന്നു വട്ടം കോൽ പ്രയോഗം നടത്തി .. എന്നിട്ട് കറുത്ത തുണിയെടുത്ത് കണ്ണ് മൂടി, ത്രാസ് വലതു കയ്യിൽ തൂക്കി പിടിച്ചു .

ബാലിഫ് ആയി ഡബിൾ ഡുട്ടി ചെയ്യുന്ന ഒരു ഭടൻ 'ആർഡർ , ആർഡർഎന്ന് ഉറക്കെ വിളിച്ചു കൂവി.

  സൂര്യഭഗവാൻ   ഏഴര വെളുപ്പിന് , പൂങ്കോഴി കൂകുമ്പോൾ തന്നെ , ഉണർന്ന് സണ്‍ലൈറ്റ് സോപ്പ് തേച്ചു വൃത്തിയാക്കി യ വസ്ത്രം ധരിച്ച് റെഡിയാകുമായിരുന്നു . ആകാശം ശുഭ്രവും സ്വച്ഛവും ആയി  ഇരുന്നിരുന്നു.

"കള്ളവുമില്ല ചതിയുമില്ല
സസ്പെന്ടെഡ് പാർട്ടികിൾസ് തെല്ലുമില്ല "എന്ന സ്ഥിതി.

മേൽപ്പറഞ്ഞ ഉദയാൽപ്പരം  നാഴിക, വിനാഴികകൾ 'കണ്‍വേർറ്റ്‌ ' ചെയ്ത്  മണിക്കൂർ , മേടക്കൂർ ,ഓണക്കൂർ , മിനിറ്റ് ,സെക്കണ്ടിലേക്ക്   'ഘടി വാപസി' ആക്കിയാൽ,  കാലത്ത് കൃത്യം പതിനൊന്നു മണി എന്ന് സിദ്ധിക്കും .സണ്‍ ഡയാലും, ജോണ്‍ ഡയാലും  ആറ്റൊമിക് ക്ലോക്കും തമ്മിൽ  അണു വിട വ്യത്യാസം വരില്ല .  പിൽ ക്കാലത്ത് വന്ന എല്ലാ യുവർ ഓണർമാരും ഈ സമയ നിഷ്ഠ തുടർന്നു പോന്നു . ബ്രാഹ്മണാൾകൾ കാലത്തെ സാപ്പാട് സമയം 'അക്കോർഡിംഗ് ലി അഡ്ജസ്റ്റ്‌ പണ്ണിയാച്ച്  ' എന്ന് മനു സംഹിതയിൽ ടിപ്പണി എഴുതി ചേർത്തു കാണുന്നു..  മറ്റുള്ളവർ  തരം  കിട്ടുമ്പോൾ ഗോക്കളെ കൊല്ലാതെ അഹിംസാപരമായി  ഭക്ഷിച്ചു .ശൂദ്രന്മാർ അൽപ്പാഹാരികൾ  ആയിരുന്നതിനാൽ അന്നും ഇന്നത്തെ പോലെ കിട്ടുമ്പോൾ കുമ്പിളിൽ കഞ്ഞി കുടിച്ചു.

അഥ: കമ്മിറ്റി ഉദ്ഭവ ചരിതം  .

രാജ പത്നിമാരായ കുന്തി ദേവിക്കും മാദ്രിദേവിക്കും എതിരെ ലൈംഗിക അക്രമങ്ങൾ തുടരൻ ആയി  ഉണ്ടായപ്പോൾ ഭീഷ്മരുടെ ആവശ്യ പ്രകാരം ഒരു പുതിയ നിയമനിർമ്മാണം നടന്നു.  . "പണി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമ നിയമം ( തടയൽ, നിരോധനം, പരിഹാരം). എന്ന പേരിലായിരുന്നു സാഹിത്യം. ഈ പോസ്റ്റ്‌ മോഡേണ്‍. ഇന്ത്യാ പോസ്റ്റ്‌. നിയമം നടപ്പിലായശേഷവും  രാജകുമാരികൾ പണിസ്ഥലങ്ങളിലും മറ്റു മേച്ചിൽ സ്ഥലങ്ങളിലും നിർബാധം പണി തുടരും  എന്ന് ഭവിഷ്യ പുരാണത്തിൽ  രേഖപ്പെടുത്തി കാണുന്നു.

' സങ്കടക്കാരിയെ വിളിക്കാം ' പ്രിസൈടിംഗ് ആപ്പീസറായ സൌബാലിജി  കൽപ്പിച്ചു .

' കൃഷ്ണ എന്ന കറുമ്പി  ഹാജരുണ്ടോ ഹാജരുണ്ടോ ഹാജരുണ്ടോ ?'

മുന്നാം വിളി തീരും മുൻപ് കൃഷ്ണ എന്ന  ദ്രൗപദി അലിയാസ്‌  പാഞ്ചാലി എന്ന കറുമ്പി വിളി കേട്ടു  കീറിയതും മുഷിഞ്ഞതുമായ പുടവയും അഴിഞ്ഞ തലമുടിയും ഒക്കെ ആയി ആകെ സങ്കടത്തിലായിരുന്നു. സങ്കടക്കാരി എന്ന് പ്രത്യേകം പറയണ്ട കാര്യമില്ല . സങ്കടമോചൻ അമ്പലം നോക്കി നടക്കുകയാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും .

'കറുമ്പി എന്ന വിളി വംശീയമാണ്. അത് തിരിച്ചെടുക്കണം ' ജനപ്രിയ ഫെമിനിസ്റ്റ് ആയ പാഞ്ചാലി ആവശ്യപ്പെട്ടു .

'ഒബ്ജെക്ഷൻ ഓവർ റൂൾഡ്‌.  കറുമ്പി വംശീയമായ അധിക്ഷേപമല്ല എന്ന് ജസ്റ്റിസ് കട്ടബൊമ്മൻ വിധിച്ചിട്ടുണ്ട് '.സൌബാലി പറഞ്ഞു. 'കട്ടബൊമ്മൻ കട്ടളൈ , ആണ്ടവൻ കട്ടളൈ . പ്രൊസീഡ്'.

അതിന്നു ശേഷം പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു .പരാതിക്കാരിയുടെ ഒറ്റമുണ്ട് ബലമായി അഴിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയുടെ രത്നചുരുക്കം പ്രതികളെല്ലാവരും കുറ്റം നിഷേധിച്ചു.

അദ്ധ്യക്ഷ സങ്കടക്കാരിയോടു :  ' നടന്ന സംഭവം ചുരുങ്ങിയ വാക്കുകളിൽ വിവരിക്കു'.

ഒരു ദീർഘശ്വാസം വിട്ടു കറമ്പി പറഞ്ഞു തുടങ്ങി :
'ഞാൻ അന്തപുരത്തിൽ സീരിയൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

'ഏതു സീരിയൽ'

'മറ്റേതു സീരിയൽ. 'സ്ത്രീധനം' തന്നെ'

 :. 'അപ്പോൾ ഒന്നാം പ്രതി എൻറെ തലമുടിയിൽ പിടിച്ച് എന്നെ വലിച്ചിഴച്ച് രാജമണ്ഡപ ത്തിൽ കൊണ്ട് പോയി. അവിടെ വെച്ച് എന്റെ മടികുത്തിൽ കടന്നു പിടിച്ചു മുണ്ടഴിക്കാൻ ശ്രമിച്ചു. മറ്റു പ്രതികൾ  ഒന്നാം പ്രതിയെ   കൈയ്യടിച്ചും , തുടയിൽ തട്ടിയും പ്രോത്സാഹിപ്പിച്ചു ."

' എന്നിട്ട് മുണ്ട് അഴിച്ചുവോ '

'ഇല്ല, " ഒരു കമ്മേർഷ്യൽ ബ്രേക്കിന്നു ശേഷം, പാഞ്ചാലി വിവരണം തുടർന്നു  "രണ്ടു കുത്ത് മുണ്ട് ഒന്നിച്ചു ചുറ്റിയിരുന്നത്‌  കൊണ്ട് അഴിക്കാൻ പറ്റിയില്ല.'

' ഏതു ബ്രാൻഡ് മുണ്ടായിരുന്നു'

;'കുത്താമ്പുള്ളി കൃഷ്ണൻ ചെട്ടിയാർ നിർമ്മിതം കൃഷ്ണരാജ് മുണ്ടായിരുന്നു '.

' എന്ത് കൊണ്ട്  പ്രതി  മുണ്ട് പൊക്കാൻ ശ്രമിച്ചില്ല?' @

' പ്രതി കോന്തനും പാർശ്വ ചിന്ത ( lateral thinking) വശമില്ലാത്തവനുമായിരുന്നു .'

'സഭയിൽ കാർന്നോന്മാർ ഉണ്ടായിരുന്നില്ലേ? അവർ എതിർത്തില്ലെ ? '

' ഉണ്ടായിരുന്നു . അവർ മുണ്ട് അഴിയുമോ ഇല്ലയോ എന്നുള്ള വാതു വെപ്പിലായിരുന്നു.

'സ്പോട്ട് ഫിക്സിംഗ്? '

'ആ സാദ്ധ്യത തള്ളികളയാൻ പറ്റില്ല .'

' അന്ധനായ മഹാരാജാവോ?'

'മഹാരാജാവ് സഞ്ജയനെ  വേഗം കൂട്ടി കൊണ്ടുവരാൻ  ആളെ അയച്ചു.'

(അദ്ധ്യക്ഷ പല്ലിറുമ്മുന്ന ശബ്ദം യവനരാജ്യത്തു കേട്ടുവെന്നു ഹോമർ രേഖപ്പെടുത്തിയിട്ടുണ്ട്.)

അദ്ധ്യക്ഷ മറ്റു രണ്ടു മെംബർമാരൊടും ചർച്ച ചെയ്യുന്നതായി ഭാവിച്ചു. നാലാം മെമ്പറെ പതിവ് പോലെ   റിസർവിൽ ഇരുത്തി . എന്നിട്ട് സങ്കടക്കാരിയോടു പറഞ്ഞു:

' ഇത് ഒരു നാറ്റ കേസ് മാത്രമല്ല തെളിവില്ലാത്ത കേസ് കൂടിയാണ്'

' തെളിവില്ലാത്ത കേസോ ? അതെങ്ങിനെ ?' പാഞ്ചാലി ചൂടായി .

' രണ്ടു കാരണങ്ങൾ . രാജ മണ്ഡപത്തിൽ ഉണ്ടായിരുന്ന ആരും നിനക്ക് അനുകൂലമായി തെളിവ് തരില്ല. പിന്നെ പ്രതികളിൽ രണ്ടു പേർ, നിനക്ക് അറിയാമല്ലോ , എന്റെ മക്കളാണ് '

' രാജ്ഞിക്ക്  ഈ കേസ് തീരുമാനിക്കാൻ ഒരു അവകാശവുമില്ല. താത്പര്യ സംഘട്ടനം (conflict of interest) ഉണ്ട് '

' ശരിയാണ് . പക്ഷെ വേറെ ആർ അദ്ധ്യക്ഷ  ആവും? ദുശ്ശള ?' രാജ്ഞി ചോദിച്ചു .

ദുശ്ശാസനൻ പുറകിൽ നിന്ന് ചിരിക്കുന്നത് കേട്ട പാഞ്ചാലി മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുത്തു. അദ്ധ്യക്ഷ അനുകമ്പയോടെ പാഞ്ചാലിയെ നോക്കി തുടർന്നു :

' കുറ്റം വ്യാസന്റെതാണ് . വ്യാസ മൌനം . അദ്ധ്യക്ഷ ആവാൻ വേറെ പെണ്ണുങ്ങൾ  മഹാഭാരതത്തിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ രാക്ഷസികളോ മുഖമില്ലാത്തവരോ ആണ്.  '

'എന്താണ് അപ്പോൾ വിധിന്യായം?'

' ന്യായം കുറച്ചു അന്യായമാണ് . തത്കാലം മോള് സംബന്ധക്കാരെയും കൂട്ടി നാട് കാണു . നാടുകാണി ചുരം വഴി വണ്ടി വിട്ടോ'.







@ ഒരു ഇമെയിൽ ജോക്കിൽ നിന്ന് 






5 comments:

  1. Madassery Rajan wrote
    "തകർപ്പനാവുന്നുനണ്ട് മാഷെ

    Regards,
    Rajan

    ReplyDelete
  2. കൊള്ളാം വളരെ നന്നായി. പുസ്തകം ആക്കുന്നില്ല്യെ?

    ReplyDelete
  3. Ram Mohan
    Oct 13 (1 day ago)

    to me
    Great. Enjoyed reading these pieces.
    Rgds

    ReplyDelete
  4. CK Ramachandran
    9:06 PM (54 minutes ago)

    to me
    Thanks. Excellent stuff.
    Heard you are going to be at the Victoria College on the 30th. One of your old college mates (he may be a year junior) is now my daughter-in-law's uncle. His name is Ravi. Was in Dubai for a long time with some insurance company. Now settled in Palakkad.

    ReplyDelete
  5. There was no system of giving and taking Awards. Only purchasing. So none returned any Award in protest.

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...