Thursday, August 27, 2015


റോയൽറ്റി അഥവാ ഹിസ്‌ ഹൈനെസ്സ് ചാത്തു 


രാത്രി എപ്പോഴോ ഉണർന്നു . അടച്ച ജനലിന്റെ ചില്ല് പാളിയിലൂടെ ഇടിമിന്നലിന്റെ വെളിച്ചം തെളിഞ്ഞു. നേരിയ മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു . ജനല അടച്ചത് കാരണം ശബ്ദം കേൾക്കാനില്ല .സമയം എത്രയായി എന്ന് നോക്കാൻ വാച്ചു തപ്പിയപ്പോഴാണു അയാളെ കണ്ടത് .
അയാൾ എന്ന് പറഞ്ഞത് ഊഹം മാത്രം.
ആ രൂപം എന്ന്പറയുന്നതായിരിക്കും ശരി. അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമായിരുന്നില്ല .
രൂപത്തിനെ ഒട്ടാകെ കൈകണക്കും അടങ്ങൽ  പട്ടികയും പ്രകാരം  ഘനയടി, അംഗുലമാക്കി മാറ്റിയാൽ പുല്ലിംഗ സാധ്യത കൂടുതലാണെന്ന് മാത്രം പറയാം .
ഇരുണ്ട ആൾ രൂപം കട്ടിലിന്നടുത്തുള്ള കസേരയിൽ ഇരിപ്പാണ് .
 ഉറങ്ങാൻ കിടന്നപ്പോൾ ഈ വേഷം ഉണ്ടായിരുന്നില്ല എന്ന് തീര്ച്ച ഉണ്ടായിരുന്നു .
' ആരാ ' ഞാൻ ചോദിച്ചു .
ട്യൂബ് ലൈറ്റ് കത്തുന്ന പോലെ പല്ല് കാണിച്ച് രൂപം മൊഴിഞ്ഞു
' ജയൻ  മങ്ങാടല്ല '
'പിന്നെ"
"ചാത്തുവാണ് "
അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഈ രാത്രി ഇരുണ്ടു വെളുത്താലും ഈ ദേഹത്തിന്നു വർണ്ണ വ്യത്യാസം ഒന്നും ഉണ്ടാകില്ല . മെലാനിൻ പുരട്ടി കറുപ്പിച്ച കരി വീട്ടി തടിയാണ് .
' എന്താ ഈ നേരത്ത്'
' ഇതാണിപ്പോൾ ഞങ്ങടെ നേരം. മാപ്പാക്കണം. '
ഈ 'ഞങ്ങൾ' ആരാണെന്ന് മനസ്സിലായില്ലെങ്കിലും ആ പ്രയോഗത്തിനെ 'സവാരി' ചെയ്യാൻ അനുവദിച്ചു .
' ഉദ്ദേശ ശുദ്ധിക്ക് മാപ്പ് നൽകണമെങ്കിൽ ഉദ്ദേശം എന്താണെന്ന് അറിയണമല്ലോ '
' അത് തന്നെയാണ് തന്നോടും ചോദിക്കാനുള്ളത് ' കരിവീട്ടി പറഞ്ഞു
' മനസ്സിലായില്ല'
' താൻ നാണ്വാരാണോ ?'
'അല്ല'
'പയ്യൻസ് '
' നോട്ട് അറ്റ്‌ ഓൾ '
'സർ ചാത്തുവായ നോമാണോ?'
'ബിൽക്കുൽ നഹി '.
'ഹാജ്യാർ ?'
'കണ്ടിപ്പാ അല്ലെ '
' തിരുമനസ്സാണോ '
' അല്ല എന്ന് പറയുവാൻ വേറെ ഭാഷ അറിയില്ല. പക്ഷെ ഉത്തരം അല്ല എന്ന് തന്നെയാണ്'.
'പിന്നെ ഇവറ്റകളെ വെച്ച് കഥകൾ എഴുതുന്നതിന്റെ ഉദ്ദേശം?'
'എഴുതിയിരുന്ന ആശാൻ സിദ്ധി കൂടി . എനിക്കാണെങ്കിൽ എഴുതാനും അറിയില്ല . മോഷണം ആണ് ഇപ്പോഴത്തെ ട്രെൻഡ് . ഫാഷൻ ഷോ '.
' എഴുതാതിരുന്നു കൂടെ?'
' എഴുതിയില്ലെങ്കിൽ ശാസം മുട്ടും എന്നാണു സാഹിത്യ അക്കാദമിയിൽ ഡോക്ടർമാർ പറയുന്നത് '.
' നോം നിന്നെ പഞ്ചറാക്കാണോ ?'
' വേണ്ടി വരില്ല. ഏകദേശം പഞ്ചറായിരിക്കുന്നു '
നിലത്ത് അരിച്ചു പോകുന്ന ഏതോ ഒരു ക്ഷുദ്ര കീടത്തെ എന്ന പോലെ എന്നെ നോക്കി  ചാത്തു പറഞ്ഞു .
' അല്ലെങ്കിൽ നീ പൂശിക്കോ  '
' നന്ദി . അങ്ങയുടെ മനം മാറ്റത്തിനു കാരണം എന്താണെന്ന് അറിയാൻതാത്പര്യമുണ്ട് '
ഒരു ദീർഘനിശ്വാസം വിട്ട് സർ  ചാത്തു പറഞ്ഞു' പണ്ട് പണ്ട്, ഓന്തുകൾക്കും മുമ്പ് , ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ ,ചുളു വിലക്ക് എന്റെ പുസ്തകങ്ങളുടെ റോയൽറ്റി അവൻ മേടിച്ചു . അവൻ അങ്ങിനെ സുഖിക്കണ്ട .'




2 comments:

  1. CK Ramachandran
    To:
    Rajagopalan K

    Jun 2 at 9:59 AM

    Thanks. I had not read it when it was born... excellent, as ever... I have sent it to your admirers!!

    ReplyDelete
  2. Here's a comment I got today:
    I have no doubt that Sir Chattu and Payyan have been visiting Rajagopalan in his dreams. ഊറി ചിരിച്ചുകൊണ്ട് VKN ഉം ഒരു മൂലയിൽ നില്പുണ്ടാവും

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...