Total Pageviews

Sunday, February 8, 2015

പുതുമന രഹസ്യം.......


പകുതി വഴി പിന്നിട്ടപ്പോഴാണ് ശാസ്ത്രബോധം തെളിഞ്ഞത് .

' ക്ഷേത്ര ദേവത , ഗുരു ,വൃദ്ധൻ , രോഗി , ഗർഭിണി, കുട്ടികൾ എന്നിവരെ കാണാൻ പോകുമ്പോൾ വെറും കയ്യോടെ പോകരുത്."

കാണാൻ പോകുന്ന പൂരം പിറന്ന പുരുഷൻ  ഭൂമിക്ക് ഭാരം കൂട്ടിയത് സർ വിൻസ്റ്റൻ ചർച്ചിൽ ' ന: ഫക്കീർ സ്വാതന്ത്ര്യമർഹതി ' എന്ന് ഗാന്ധിയോട് പറഞ്ഞതിന്നു തൊട്ടു പിറകാണ് .Ergo , തദ്വാര പഴയ ജ്യോതിഷ ചിട്ടയനുസരിച്ച് പ്രതി ദീർഘായുവായി , ശേഷം ചിന്ത്യം എന്ന സായാഹ്ന കാലഘട്ടത്തിൽ പ്രവേശിച്ചിരിക്കണം . ഇൻ  ഷോർട്ട് , സബ്ജക്റ്റ് ഈസ്‌ എ വൃദ്ധൻ , അറ്റ്‌ ലീസ്റ്റ് എ വയോ വൃദ്ധൻ ....കിഴവൻ, തന്തപ്പിടി. കാരണവർ കണക്കു മാഷാണെന്ന കേൾവി കലശലായുണ്ട് . അതുകൊണ്ട് തന്നെ "ഞാൻ ഗുരുനാഥൻ , ലോകം  എൻറെ തറവാട്ടിലെ മുത്തു ചിപ്പി , ബാക്കി മുയ്മൻ  വെറും പുൽകളും ,പുഴുക്കളും ' എന്ന് കരുതാൻ സാധ്യതയുണ്ട് . മുഖ പുസ്തകത്തിൽ നിന്നും അറിഞ്ഞപ്രകാരം കുറച്ചു ദിവസങ്ങളായി അവശകലാകാരനുമാണ് .ഗർഭിണി അല്ലെങ്കിലും കുട്ടിത്തം തീരെ ഇല്ല എന്ന് പറഞ്ഞു കൂടാ. വാർദ്ധക്യം രണ്ടാം ബാല്യം തന്നെ ആണല്ലോ. ചുരുക്കത്തിൽ ആറിൽ നാലു പൊരുത്തം ഉറപ്പ് .

അറ്റ കൈക്ക് കൂടി വെറും കയ്യോടെ കാണാൻ ചെല്ലുന്നത് ഒരു കടുംകൈ ആയിരിക്കും എന്നൊരു ചിന്ത മനസ്സിലുദിച്ചു. ഉദിച്ച ചിന്ത ക്ഷണം ബലപ്പെട്ട്  മധ്യാഹ്ന സൂരി നമ്പൂതിരിയുമായി . ഉടൻ കാർ നിർത്തി .

റോഡരികിൽ പഴ കച്ചവടം നടത്തുന്ന ഒരു ' അദ്ധ്വാനി ' യെ സമീപിച്ചു. അദ്വാനി വള്ളത്തോളായി . മുഖമുയർത്തി നിശ്ശബ്ദം ചോദിച്ചു:
' താഴത്തെ ക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
കാരണവ രെ നിങ്ങൾ നിശ്ചലനായ് '

വിവിധതരം പഴ വർഗങ്ങളെ ചൂണ്ടി തിരിച്ചു കൊത്തി :
'ഭംഗമാർന്ന് ഊഴിയിൽ വീണതാണോ പൊട്ടിച്ചെടുത്താണോ ?'

'AAP നേക്കാൾ ഫ്രെഷ് ആണ് '. അദ്വാനി പറഞ്ഞു .പിന്നെ ഒരു ഫോളോ അപ്പ് ചോദ്യം . 'ഒരു അഞ്ചു കിലോ എടുത്തോട്ടെ '.

മെഷ്ട്രടെ വീട്ടില് നിന്ന് ഒരു കാപ്പിയെങ്കിലും തരാവാനുള്ള പ്രൊബബിലിറ്റി മനസ്സിൽ കൂട്ടി . മുജ്ജന്മ കടത്തിൽ നിന്ന് പഴ വർഗത്തിന്റെ വില കുറച്ചു പ്രിസംപ്ടിവ് ലോസ് കണക്കാക്കി .

ഒരു മൂന്നു തരം പഴം ഒരു കിലോ വീതം മൂന്നു തരം പറഞ്ഞു കച്ചവടം ഉറപ്പിച്ചു.  അദ്ധ്വാനിക്കുള്ളത് അദ്വാനിക്കും കണക്ക പിള്ളക്കുള്ളത് കണക്കപിള്ളക്കും എന്ന് ലാറ്റിനിൽ ചിന്തിച്ചു സമാധാനിച്ചു.

അപ്പൊ മാണിക്കോ?  എന്ന് ആരോ ചോദിച്ചത് കേട്ടില്ല എന്ന് നടിച്ച്  കാർ സ്റ്റാർട്ടാക്കി . An  inconvenient question എഞ്ചിൻ ശബ്ദത്തിൽ മുങ്ങി പോയി. മുങ്ങിയവൻ പിന്നെ Question Hour ൽ പൊന്തി.

അചിരേണ ശകടം പുട്ടണ്ണ നഗരത്തിൽ  ഓടി കൊണ്ട് തന്നെ പ്രവേശിച്ചു. രാവിലെ പുട്ട് കഴിച്ചത് കൊണ്ടായിരിക്കണം യാത്രാ വിഘ്നങ്ങൾ ഒന്നും തരായില്ല. ഗൈറ്റിൽ കാവൽ നിന്നിരുന്ന കന്നഡ ചാത്തൻ ദൂത് ചൊല്ലി അകത്ത് കയറ്റി. കണക്ക പിള്ളയുടെ  ഒളിത്താവളം ഒരറ്റത്തായിരുന്നു .
കാർ നിർത്താൻ പാകത്തിൽ കണക്ക പിള്ളയുടെ അയൽവാസി വീട് കെട്ടാതെ സ്ഥലം ഒഴിച്ചിട്ടിരുന്നു. അതോ പിള്ളപനി പേടിച്ചു ഓടി പോയതാണോ എന്നറിയില്ല .

ഒന്നാം നിലയിൽ  കയറി പറ്റി കാളിംഗ് ബെല്ലിൽ വിരലമർത്തി . അകത്തു നിന്ന് ചില അനക്കങ്ങൾ. കുറച്ചു കഴിഞ്ഞു ശീവേലി കഴിഞ്ഞു ശ്രീകോവിൽ എന്ന പോലെ വാതിൽ മലക്കെ തുറന്ന് വാക്കർ മുന്നിലും പ്രതി  പിന്നിലുമായി പ്രവേശിച്ചു . തൊട്ടു പിന്നിൽ ഭാര്യ.

പല പോസിലും Mug Photos 'മുഖദാവി'ൽ ധാരാളം കണ്ടിട്ടുള്ളത് കൊണ്ട് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. സ്വയം പരിചയപ്പെടുത്തി.

വരൂ അകത്തേക്ക് വരൂ എന്ന് ക്ഷണിച്ചു കൊണ്ട് ' വാക്കറിൽ ' കുത്തി തിരിഞ്ഞു.

ബാലെ ആയിരുന്നെങ്കിൽ  'ഫൊയ്റ്റെ ' എന്ന് പറയാവുന്ന ഒരു സ്റ്റെപ്പ് . എന്നിട്ട് മുന്നിൽ അകത്തേക്ക് നടന്നു. 'ഗജരാജ വിരാജിത മന്ദഗതി' എന്ന് പറഞ്ഞു കൂടാ. കൂച്ചു ചങ്ങല ചുരുക്കി കെട്ടിയ ഒരു ആന നടത്തം എന്ന് പറയാം. 'ഒരണ്ട് രണ്ട്, ഈരണ്ട് നാല് ' എന്ന് ഒരു ഗുണകൊഷ്ടം ചെല്ലുന്നത് പോലെ ...ഗണിതാത്മകമായി .  Measured Gait .ഒരു ആന ചന്തം ഉണ്ടെന്നു വേണമെങ്കിൽ പറയാം.

പഴ വർഗ്ഗങ്ങൾ മേശയിൽ വെച്ചു. രോഗ വിവരം അറിയാമെങ്കിലും ചോദിച്ചു :

' എന്ത് പറ്റി ?'
' സ്കൂട്ടറിന്നു മുന്നിൽ ഒരു പട്ടി ചാടിയതാണ് '
' ആണ്‍ പട്ടിയോ പെണ്‍  പട്ടിയോ ?'
' തേർഡ് ജെൻഡർ ആണെന്നാണ്‌ തോന്നുന്നത്'
' വംശാവലി?'
' ക്യാനിസ് ലൂപസ് ഫമിലിയാറിസ്  - പാളയം -രാജപാളയം -ഖലാസിപാളയം '.
'ശുനകൻ ചാലേ വലത്തൊട്ടൊഴിഞ്ഞൊ അതോ ഇടത്തോട്ടോ?'
' ഇടത്തോട്ടാണെന്നു തോന്നുന്നു.'
' അത് നല്ല ഒരു ശകുനമല്ല. ചകോരം, ശുനകൻ എന്നിവ വലത്തോട്ടു ഒഴിയണം എന്നാണു നതോന്നത പറയുന്നത്. ഉടനടി വണ്ടി നിർത്തണമായിരുന്നു '

അവശ കലാകാരൻറെ മുഖം തുടുത്തപ്പോൾ സംഭാഷണത്തിന്നു ഒരു ബ്രെയ്ക്ക് കൊടുത്തു
ദേ വരാൻ , ദേ പോയില്ല.

കലാകാരൻ തിരിച്ചടിക്കാൻ തീരുമാനിച്ചപോലെ ചോദിച്ചു: 'എന്താ ഒരു നടപ്പ് ദൂഷ്യം"
' അത് നട്ടെല്ലിൽ കാൽസിഫികെഷൻ ആണ്'
' ചികിൽസിച്ചില്ലെ '
'എന്ത് കൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് ഡോക്ടർമാർക്ക് അറിയില്ല'.
'ആയുർവേദം നോക്കായിരുന്നില്ലേ ?'

മാഷ്‌ വിടാൻ ഭാവമില്ല. ചൂടുള്ള പുലിപ്പാൽ ഒരു ഗ്ലാസ്സ് കിടക്കുന്നതിനു മുൻപ് കഴിക്കാൻ പറയുമോ എന്ന് പേടിച്ചു. അയ്യപ്പൻറെ കാലത്തെ പോലെ അത്ര പെട്ടെന്ന് പുലിയെ പിടിക്കാൻ ഫോറെസ്റ്റ്കാർ സമ്മതിക്കുകയുമില്ല. വിഷയം മാറ്റുക തന്നെ.

' മാഷ്‌ വിക്ടോറിയ കോളേജിൽ എതു കൊല്ലമാണ് പഠിച്ചിരുന്നത്?'
' ഞാൻ 69 ൽ ബിരുദം എടുത്തു '
രക്ഷപ്പെട്ടു .ഞാൻ അതിന്നു വർഷങ്ങൾക്ക്  മുൻപ് സ്ഥലംകാലിയാക്കിയിരുന്നു.

"മാഷ്‌ ഇപ്പോൾ എന്താ ചെയ്യുന്നത് . "
' കുറച്ചു കുട്ടികൾക്ക് കണക്കു പഠിപ്പിക്കുന്നുണ്ട് . കൂടാതെ ഒരു ഗൈഡ് എഴുതി കൊണ്ടിരിക്കുകയാണ് '
വിക്ടോറിയയിൽ വൈത്തി മാഷ്‌ പറയാറുള്ളത് മനസ്സിൽ  വന്നു. 90%ഓഫ് ദി ഗൈഡ്സ് മിസ്‌ഗൈഡ് യു . ഒരു ശിഷ്യൻ അതിൽ  ,റിസർവ് ബാങ്ക് പറയുന്നത് പോലെ, ഏതാനും ബേസിസ് പൊയന്റ്സ് കൂട്ടി ചേർക്കുകയാണെങ്കിൽ നല്ലത് തന്നെ.

പിന്നെയും മാഷ്‌ എനിക്ക് ചികിത്സ നിർദേശിക്കാൻ തുടങ്ങിയപ്പോൾ പറഞ്ഞു.
' മാഷെ, സംഗതി അത്രക്കൊന്നും കുഴപ്പക്കാരനല്ല. ഒരു ശ്ലോകം കേട്ടിട്ടുണ്ടോ?
അംബ! ഗൂഡൂ  നിര്യാതൗ
മമ വക്ഷസി കാപി വേദനാ നാസ്തി
പുത്രൈ ര്യഷാ  പ്രകൃതിരഹോ
യ : പശ്യതി വേദനാ തസ്യ
( അമ്മെ! എന്റെ മാറിൽ രണ്ടു കുരുക്കൾ പുറപ്പെട്ടിരിക്കുന്നു .വേദനയില്ല. മകളെ ഇത് അതിന്റെ സ്വഭാവമാണ്. കാണുന്നവർക്കാണ് അതിന്റെ വേദന )
അത് പോലെ എന്റെ അസുഖത്തിന്റെ വേദന കാണുന്നവർക്കാണ്.

വിശദീകരണം ബോധിച്ചുവെന്നു തോന്നുന്നു. പിന്നീട് ചികിത്സ വിധികൾ ഉണ്ടായില്ല. സന്ദർശന സമയം കഴിയാറായി. പതുക്കെ എഴുനേറ്റു.

മാഷ്‌ പറഞ്ഞു : 'സന്ദർശനം വളരെ ഹ്രസ്വമായി '

' മാഷ്‌ വിക്ടോറിയയിലല്ലേ പഠിച്ചത്. 'മോട്ടോ '  ഓർക്കുന്നുണ്ടോ ?'
" പെട്ടെന്ന് ഓർമ്മ വരുന്നില്ല "

"എങ്കിൽ വല്ലപ്പോഴും ഓർത്താൽ മുഷിയില്ല. അർത്ഥം ഗ്രഹിച്ചാൽ കേമായി.
Labuntur et imputantur .

വാൽകഷണം : നല്ല ഒരു കാപ്പി കിട്ടി എന്നതും മടങ്ങുന്ന വഴി ഒരു വാൽ  മുറിഞ്ഞ നായയെ കണ്ടുവെന്നതും വാൽകഷണങ്ങൾ .

10 comments:

 1. ഉഗ്രന്‍ ..അത്യുഗ്രന്‍..ഇത് ചിത്രങ്ങള്‍ സഹിതം എന്‍റെ timeline ല്‍ എങ്ങനെ കയറ്റും എന്നറിയാതെ ...:( Satheesan Puthumana

  ReplyDelete
 2. excellent num appuraththu oru word kittaanundo? enkil athu
  K.Ramachandran

  ReplyDelete
 3. ''ഇക്കാഴിഞ്ഞ ദിവസം ,വരാമെന്നേറ്റ , കേരളത്തില്‍ നിന്നെത്തിയ,എഫ്.ബി.സുഹൃത്ത് വന്നു,കണ്ടു,കീഴടക്കി'' എന്ന് സതീശന്‍ നേരത്തെ എഴുതിയ വിശിഷ്ടാതിഥി
  Kp. Nirmalkumar

  ReplyDelete
 4. രാജ ഗോപാല്‍ എഴുതിയ സ്വപ്നലോകം അനുഭവസാക്ഷ്യം ഇപ്പോള്‍ വായിച്ചു. ഇതൊക്കെയല്ലേ പൊന്നാനി കോലായ എന്നാ സംജ്ഞ കൊണ്ട് കവികള്‍ അര്‍ത്ഥമാക്കിയത്
  Kp. Nirmalkumar

  ReplyDelete
 5. Wow .. Hraswasandarshanam aayaalenthaa gurutharamaaya report ! Raja Gopalan K Thank you for sharing Satheesan Puthumana
  Durga Devi Sreenivasan

  ReplyDelete
 6. nice blog...(Y)..oru nalla 'hrusva' sandarshanam..:)
  Geetha Karunakar

  ReplyDelete
 7. ആ ജഗന്നാഥ വര്‍ മ്മയാണു ഈ രാജഗോപാലന്‍ അഥവാ ആ Rajagopalan
  ആണു ഈ ജഗന്നാഥ വര്‍ മ്മ...
  ഗുപ്തന്‍ നായര്‍ ,എം .അച്ചുതന്‍ ,ബാലകൃഷ്ണ വാരിയര്‍ /നായര്‍ , പുരുഷോത്തമന്‍ പിള്ള, വൈദ്യനാഥന്‍ മാര്‍ ,നമ്പീശന്‍ ,പി.ബി., ടി.കെ.ബി., പ്രഭാകരന്‍ , ഗോവിന്ദ വാരിയര്‍ ,തങ്കമണിയമ്മ, പഞ്ചനാഥന്‍ ..
  ജി.വി.സി.യിലെ ആ പഴയകാലത്തിലേയ്ക്ക് മനസ്സു കൊണ്ടൊരു മടക്കയാത്ര ..
  Satheesan Puthumana

  ReplyDelete
 8. Wonderfully written. Hilarious. The medical stotram reminded me of a late relation who excelled in these. Thanks for the link SP.

  ReplyDelete
 9. ദൃക്സാക്ഷി ആയതു പോലെ.അതിഥി ദേവോ ഭവിച്ചുവോ എന്ന് വ്യക്തമല്ല.

  ReplyDelete

 10. Kp Nirmalkumar
  16 hrs ·
  ' ക്ഷേത്ര ദേവത , ഗുരു ,വൃദ്ധൻ , രോഗി , ഗർഭിണി, കുട്ടികൾ എന്നിവരെ കാണാൻ പോകുമ്പോൾ വെറും കയ്യോടെ പോകരുത്."
  Like Comment Share
  Satheesan Puthumana, Methilaj MA, YA Sajida and 17 others like this.

  Manohar Doha-Qatar are they to be mentioned in the same order ? smile emoticon
  16 hrs · Like · 3

  Kp Nirmalkumar we'll ask its author Raja Gopalan K
  16 hrs · Like · 4

  Raja Gopalan K It is not for mentioning; it is for complying with, if you are so inclined. smile emoticon
  14 hrs · Like · 2

  Soumya Radhakrishnan itilum ozivaakkiyavarude list parayanathaarnnu
  12 hrs · Like · 1

  Kp Nirmalkumar കവി എന്നുകൂടി ചേർക്കുക smile emoticon
  3 hrs · Unlike · 2

  Raja Gopalan K ഓർമ്മയിൽ നിന്നും എഴുതിയതാണ് . ശ്രീ മനോഹറുടെ ചോദ്യം ഒരു പുനരന്വേഷണത്തിന്നു പ്രേരിപ്പിച്ചു , ഇതാണ് സംസ്കൃത ശ്ലോകം.
  रिक्तपाणीर्नपश्येत राजानं दैवतं गुरुम्
  दैवज्ञं पुत्रकं मित्रं फलेन फलमादिशेत्
  രിക്തപാണിന:പശ്യെത രാജാൻ, ഗുരും
  ദൈവജ്ഞ ,പുത്രക, മിത്രം ഫലെന ഫലമാദിശേത്
  ( രാജാവ്, ദേവത, ഗുരു ,ദൈവജ്ഞൻ, കുട്ടികൾ , സ്നേഹിതൻ എന്നിവരെ കാണാൻ വെറും കയ്യോടെ പോകരുത് . ഫലങ്ങൾ ( Fruits ) കൊണ്ട് ഫലപ്രദമാക്കു )
  ദൈവജ്ഞന്നും മിത്രത്തിന്നും പകരം രോഗിയും , വൃദ്ധനും കയറി വന്നു .Satheesan Puthumana യുടെ കാര്യത്തിൽ വലിയ തെറ്റ് പറ്റിയില്ല . ഇവ രണ്ടും മാറ്റി പ്രയോഗിക്കാം . smile emoticon
  22 mins · Like · 2

  Kp Nirmalkumar ''ഭാരിച്ച'' ഉത്തരവാദിത്വം ഇനി സന്ദർശനം smile emoticon
  18 mins · Unlike · 2

  Raja Gopalan K സ്കോട്ടിഷ് ബാങ്കേർസ് എഴുതിയ ഇമ്പീരിയൽ ബാങ്കിന്റെ Book of Instructions ൽ Fruit and Flowers ഇടപാടുകാരിൽ നിന്നും Agent നു ( ഇപ്പോഴത്തെ Branch Manager ) സ്വീകരിക്കാം എന്ന് പറയുന്നുണ്ട് . Fruits അല്ല Fruit .
  11 mins · Like · 1

  Kp Nirmalkumar such a biblical temptation in the imperial gardens of banks

  ReplyDelete