Thursday, October 22, 2015

reminiscences 1



( 1967 വിക്ടോറിയ കോളേജ് ബാച്ചിന്റെ പാലക്കാട് വെച്ച് നടന്ന ഗെറ്റ് ടുഗെതെർ , ഇന്ദ്രപ്രസ്ഥ 30-10-15 വേണ്ടി .  )

" Five years have past, five summers with the length
of five long winters; and again I hear
these waters..............

അഞ്ചല്ല ; അമ്പത് വസന്തങ്ങൾ കടന്നു പോയിരിക്കുന്നു  അമ്പത് നീണ്ട ശിശിരങ്ങളുടെ ദൈർഘ്യമുള്ള വസന്തങ്ങൾ  .ഒരിക്കൽ കൂടി ആ കാലത്തേക്ക് ഞാൻ തിരിച്ചു പോകുന്നു ,നൊസ്റ്റാൾജിയ  ടി.ടി.ശ്രീകുമാറിന്റെ വാക്കുകളിൽ  ഭൂതാതുരത
ഒരിക്കൽക്കൂടി auditorium ബ്ലോക്കിന്റെ ഒന്നാം നിലയിൽ , കോണി ക്കടുത്തുള്ള ക്ളാസ് റൂമിൽ  ഞാൻ ഇരിക്കുകയാണ് . പോടിയത്തിൽ ഹൃദയകുമാരി ടീച്ചർ Tintern Abbey യിലെ വരികൾ ഉരുവിടുന്നു . Wordsworth ന്റെ ഹൃദയത്തെ സ്പർശിച്ച വികാരങ്ങൾ  അന്നില്ലാത്ത വ്യക്തതയോടെ എന്നെയും സ്പർശിക്കുന്നു .
But oft in lonely rooms and 'mid the din
of towns and cities, I have owed to them
in hours of weariness, sensations sweet ;
felt in the blood and felt along the heart.

എത്രയെത്ര  അപരിചിത പട്ടണങ്ങളിൽ , ഏകാകിയായി അലഞ്ഞു , അന്ന് കോട്ടമൈതാനത്തു ഉണ്ടായിരുന്ന, ശോഭ തിയേറ്ററിൽ ഓടിയിരുന്ന ചന്ദ്രതാര പിക്ചെർസിന്റെ ഭാർഗ്ഗവി നിലയത്തിലെ പാട്ടിലെന്ന പോലെ .

" ആദിമ ഭീകര വന വീഥികളിൽ
നിലാവിൽ മുങ്ങിയ മരുഭൂമികളിൽ
നൂറ്റാണ്ടുകളുടെ ഗോപുരമണികൾ
വീണ് തകർന്നൊരു തെരുവീഥികളിൽ

അന്ന് ,ഹോസ്റ്റലിന്റെ  തെക്കേ അറ്റത്ത്, മുകളിൽ നിന്ന് വാട്ടർ പൈപ്പിലൂടെ ഊർന്നിറങ്ങി സെക്കണ്ട് ഷോവിന്നു പോയിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ചിലരെ എല്ലാം ഇവിടെ ഞാൻ കാണുന്നു . ദേവദാസ് ,ചിലപ്പോൾ ഹരിദാസ്‌ ,ഫ്രാൻസിസ് ,സുന്ദരെശ്വരൻ ,ജോണ്‍ ....പക്ഷെ ഒന്നാം സെമസ്റ്റരിൽ തന്നെ നൂറു സിനിമ തികച്ച റിക്കാർഡ് എനിക്ക് മാത്രം .

" ഒരു ചന്ദ്രോദയം .ഇന്നത്തെയോ ,ഇന്നലത്തെയൊ അല്ല ; യുഗ യുഗാന്തരങ്ങൾക്കപ്പുറത്ത് , കൊടുംകാറ്റിന്നും പേമാരികൾക്കുമപ്പുറ ത്ത് , ഒരു കുളിർ തെന്നലിൽ  ഭാർഗ്ഗവീ നിലയത്തിലെ പൂങ്കാവനം കോൾമയിർ കൊള്ളുകയാണ് . നാദബ്രഹ്മത്തിന്റെ അനുഗ്രഹീത വീചികളെ എവിടെ, എവിടെയാണ് നിങ്ങളുടെ ഉറവിടം?

അങ്ങിനെയുള്ള നിലാവുറങ്ങുന്ന എത്രയെത്ര രാത്രികൾ . ജിയുടെ വരികൾ ഗുപ്തൻ നായർ മാഷ്‌ മൂളുന്നത് ഞാൻ വീണ്ടും കേൾക്കുന്നു

" ആയിരം പ്രപഞ്ചത്തെ ഉറക്കി പുതപ്പിച്ചും
ആയിരം പ്രപഞ്ചത്തെ ഉണർത്തി താലോലിച്ചും "

അർദ്ധ രാത്രിക്ക് ,കൽപ്പാത്തി പുഴ മുറിച്ചു കടന്നു ,ബൽക്കീസിൽ നിന്നുള്ള മടക്ക വരവ് . ഓരോ നിഴലുകളിലും എത്രയെത്ര യക്ഷിമാർ . ശാരദ സന്ധ്യകളിൽ പൂത്തുതളിർത്ത ഏഴിലം പാലകൾ

" ഏഴിലം പാലപ്പൂവിൻ തൂമണം തുളുമ്പുന്നു -
ണ്ടൂഴി തൻ നിശ്വാസത്തിലെന്തു മോഹനരാത്രി."

ഹരിയുടെ ഒപ്പമുള്ള സായാഹ്ന യാത്രകൾ . ഗുപ്തൻ നായർ മാഷും, ബാലകൃഷ്ണ വാരിയർ മാഷും മറ്റും താമസിച്ചിരുന്ന, കോളേജ് (?) പോസ്റ്റ്‌ ഓഫീസും ,കുളവും പിന്നിട്ടു ,പാടത്തിലൂടെ പുത്തൂർ റോഡിലേക്ക് .

നല്ലൊരു തുമ്പ പൂവിനെ ചൂണ്ടി കാട്ടി ഹരി ചോദിക്കുന്നു :
' രാജു, ഇതെന്താണെന്നു അറിയുമോ ?'
' അത് തുമ്പയല്ലെ , ഹരി '
' ഇതാണ് ലൂകാസ് സെയലാനിക്ക '
'ഓ !'

അങ്ങിനെ മാൻഗിഫെറ ഇൻഡികയും , നിലുംബിയം ഏഷ്യാട്ടിക്കവും , ഒറൈസ സറ്റൈവ യും മറ്റും മറ്റും .

ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമിയിൽ വന്നിരുന്ന കാലം അസ്തിത്വ ദുഖവും , ഗർഭ പാത്രത്തിലേക്കുള്ള തിരിച്ചു പോക്കും, ആർത്തവ രക്തവും മറ്റും നിറഞ്ഞിരുന്ന അന്നത്തെ ആധുനിക സാഹിത്യം പിന്നെപിന്നെ ശാസ്ത്രനാമങ്ങൾ ഹരി ഉരുവിടുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഖസാക്കിലെ വരികൾ ആവും
'ബൊംബാക്സ് മലബാറിക്കം ' ' ചുവന്ന പുള്ളികളും നെറ്റിയിൽ  ചൂട്ടുമുള്ള ഒരുതരം പരൽമീനുകൾ ഉണ്ട് .കുളത്തിലെ കല്പ്പടവുകളിലെ വിള്ളലുകളിൽ അവ ഒളി ച്ചു കിടന്നു " ആർത്തൊ കാർപസ് ഇന്റെഗ്രിഫോളിയ " ' ചിതലി മലയിൽ മഴ പെയ്യുമ്പോൾ അവ കരയിലേക്ക് നീന്തി വരും അന്ന് തീമഴ പെയ്യും '' " ലേബിയാറ്റ " '" സായാഹ്ന യാത്രകളുടെ അച്ഛാ , വിട . മന്ദാരത്തിന്റെ ഇലകൾ കൊണ്ട് കൂട്ടിയ പുനർജനിയുടെ കൂട് വിട്ട് ഞാൻ യാത്രയാവുകയാണ് , വിട നൽകൂ "
വർഷങ്ങൾക്കു ശേഷം മുന്നാറിൽ വെച്ച് കണ്ടപ്പോൾ അവൻ പറഞ്ഞു :
' രാജു ഈ ടീ ഉണ്ടല്ലോ; അത് ഒരു ബുഷ്‌ അല്ല. കമലിയ എന്ന മരമാണ് "
'ഓ ശരി .'
പിന്നീടെപ്പോഴോ വെട്ടിവേർ വന്നു ചാടി.

ദേവദാസ്  പറന്നു നടന്നു . 'വിന്നർ ഓഫ് ദി കോളേജ് കളർസ് ' ദിവസങ്ങൾക്കു മുപ്പത്തിയാറ് മണിക്കൂറുകൾ ഉള്ളവൻ . സകല കലാ വല്ലഭൻ , പഠിപ്പൊഴിച്ച് . .mammaalia എന്ന് പറഞ്ഞാൽ 'mamma mia എന്നാണവൻ കേൾക്കുക ഹോസ്ടലിലെ കോണിയുടെ പടികൾ ഒരിക്കലുമവൻ ഉപയോഗിച്ചിട്ടില്ല . കയറ്റവും ഇറക്കവും baalustrade ഡിലൂടെയായിരുന്നു .സകല കളികളിലും മന്നൻ .നളിനി പോയപ്പോൾ തളർന്നു പോയ ദേവദാസിനെയും കാണേണ്ടി വന്നു .

ടിപ്പു സുൽത്താനായ ഇന്നത്തെ vegan സുന്ദരെശ്വരൻ , ചാവാളി കുതിരയിൽ നിന്നും തളർന്നു താഴെ വീണ സുൽത്താൻ .ഗ്രീക്ക് പുരാണങ്ങളിലെ Stentor നെ വെല്ലുന്ന ശബ്ദമുള്ളവൻ . ' ഹാജരുണ്ട്, ഹാജരുണ്ട് , ഹാജരുണ്ട് ' എന്ന് വിളിച്ചു പറഞ്ഞ് ജയിലിൽ പോകാതെ രക്ഷപ്പെട്ടവൻ .കൊടുവായൂർ പനം ചക്കര സൊസൈറ്റിയുടെ ഒരു ഉത്തമ പാനീയമായ നീര പ്രാഷിന്റെ പ്രണേതാവ് . ' തേങ്ങ , മാങ്ങ , പട്ടാണി, കടുക് മാങ്ങ പൊടി ..........വിൽപനക്കാരൻ

എല്ലാവരുടെയും സ്നേഹിതനായ,  ഗോദൻ നമ്പൂതിരിപാട് . രാത്രി പന്ത്രണ്ടു മണിക്കും ഒരു നുള്ള് പൊടിയും അസ്തിത്വ ചിന്തയുമായി ഹോസ്റൽ വരാന്തയിൽ ഉലാത്തുന്നതു ഓർമ്മവരുന്നു .സീനിയറായിരുന്ന, ബെര്ട്രാന്ദ് റസ്സലിന്റെ ജീവനുള്ള ചിത്രം മാഗസീനിൽ വരച്ച  ഹരിഹരൻ , തൊട്ടടുത്ത 30 റൂമി ലെ അതികായൻ ജോണ്‍ . മറ്റൊരു തൃശ്ശൂർ നസ്രാണി ഫ്രാൻസിസ് . അവൻ എന്നെ പള്ളിയിൽ  കൊണ്ട് പോയി Gideons ന്റെ ബൈബിൾ മേടിച്ചു തന്ന് എന്നെ നല്ല കുട്ടിയാക്കി .

അങ്ങിനെ ഒരു ദിവസം ഞങ്ങൾ ഗഞ്ചാരു ഉണ്ണിയുടെ കൂടെ പോയി എം.ടി.യെ കണ്ടു അശോക ഹോട്ടലിൽ . നഗരമേ നന്ദിയുടെ കഥ അന്ന് പറഞ്ഞു . രാജ് തിയേറ്ററിൽ കണ്ട strangers in the city യുടെ സ്വതന്ത്ര ആവിഷ്കരണം പോലെ. എം ടി യുടെ ആദ്യ കാല കൃതികളായ 'രക്തം പുരണ്ട മണ്‍ തരികൾ " ആയിരം കോപ്പിയും കുട്ടികളെ കൊണ്ട് വാങ്ങിപ്പിച്ചത് ഉണ്ണിയേട്ടൻ ആയിരുന്നു . പുസ്തകം സമർപ്പിച്ചിരിക്കുന്നതും അദ്ദേഹത്തിനു തന്നെ . .പിന്നെ  ഒരു ദിവസം വല്യങ്ങാടിയിലെ ഏതോ ഒരു ഹോട്ടലിൽ ഇടിച്ചു കയറി സത്യൻ, മധു,അംബിക, ഷീല തുടങ്ങിയവരെ.കണ്ടു .

ഹരി പറയുന്നു othello യിലെ ഏതാനും വരികൾ പറഞ്ഞാൽ  നന്നായിരിക്കും എന്ന് .എനിക്ക് ഓര്മ്മ വരുന്നത് രക്ത തിലകമാണ് . ശിവജി othello ആയി അഭിനയിച്ചു നാശമാക്കിയ ബെഡ് റൂം സീൻ ആണ്. ' കണ്ണദാസൻ പാടുന്ന  ഒരു കോപ്പയിലെ എൻ കുടിയിരുപ്പ് ' എന്ന പാട്ടാണ്. ഏതു തിയേറ്ററിൽ ആയിരുന്നു അത്? ന്യൂ ? ഗൌഡർ ? ഇരുദയാ ?

തിരിച്ചുവരാം മാഷന്മാരിലേക്ക് .' quasi cursores'; like runners in a relay race, men hand on the torch of life to the coming generation. എന്ന് കൽപ്പാത്തി accent ൽ Values of Life എന്ന ബോറൻ പുസ്തകം പഠിപ്പിച്ചിരുന്ന വൈത്തി സാർ ,
ഇസ്രേൽ വംശം എന്ന കാവ്യം അതിലേറെ വിരസമായി പഠിപ്പിച്ചിരുന്ന അച്യുതൻ മാഷ്‌ , കഥകളി നടനെ പോലെ ഉണ്ട കണ്ണുകളുരുട്ടി വാചാലമായി മിണ്ടാപ്പെണ്ണിനെ വിവരിച്ചിരുന്ന  വാരിയർ സാർ , ഋഷി തുല്യനായ ജി ,ബാലകൃഷ്ണൻ നായർ , പിന്നെ ക്ളാസ്സിൽ  'ഇടത്തു കയ്യാൽ അഴിഞ്ഞ വാർകൂന്തലൊന്നൊതുക്കു ,ന്നത് നോക്കിയിരുന്നതിന്നു എന്നെ " ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്ക് നോക്കി "ചീത്ത പറഞ്ഞ പി ജി പി പിള്ള .
പിന്നെയും ഹൃദയകുമാരിയിലേക്ക് . ബാക്ക് ബെഞ്ചിൽ നിന്നും എന്നെ പിടിച്ചു front ബെഞ്ചിലിരുത്തിയ ടീച്ചർ . അക്കൊല്ലം ഇംഗ്ലീഷിൽ രണ്ടു പേർക്ക് second ക്ളാസ്  കിട്ടി . ഒന്ന് ആർ ,കെ വിജയകൃഷ്ണനായിരുന്നു .
Full many a head of purest clay serene
the dark unvarnished back benches bear'
അങ്ങിനെ ഒരു  തലക്കായിരുന്നു മറ്റേ സെക്കന്റ്‌ ക്ളാസ്സ്  .

എത്ര എത്രയോ ഓർമ്മകൾ . കൂട്ടത്തിൽ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ചിലതും. പഠനം മറന്നു പോയ നാളുകൾ .പോകാൻ സമയമായപ്പോൾ കോളേജിന്റെ മോട്ടോ കണ്ടു Labuntur et Imputantur "നിമിഷങ്ങൾ നിങ്ങളുടെ കണക്കിൽ" . അത് മനസ്സിലാക്കി വന്നപ്പോഴേക്കും മൂന്നു കൊല്ലങ്ങൾ കടന്നു പോയിരിക്കുന്നു  .

അവസാനമായി കൃഷ്ണൻ നായർ ഗൈറ്റ്‌ കടന്നു പുറത്തേക്ക്. വീണ്ടും വിശ്വദർശനം .
' മുന്നിലെന്തപാരതയാണ് തുറക്കുന്ന-
തെന്നിലെ ക്ഷുദ്രാഹന്ത മഞ്ഞുപോലിതാ മാഞ്ഞു '

ഖസാക്കിലെ രവിയെ പോലെ "മന്ദാര ഇലകൾ കൊണ്ട്  തുന്നിയ പുനർജനിയുടെ കൂട് വിട്ട് "പരിചയമില്ലാത്ത ലോകത്തിലേക്ക് .അതിന്നു ശേഷം എത്രയെത്ര വഴിയമ്പലങ്ങൾ , പലായനങ്ങൾ .

"എന്റെ ( നമ്മുടെ )  പ്രഭാതം വർണ്ണ ശബളമായിരുന്നു
എന്റെ (നമ്മുടെ )സായാഹ്നം  ഗാനാത്മകമായിരിക്കട്ടെ "









5 comments:

  1. a very touching nostalgia "മറ്റെന്തതിൻ നേർക്ക്‌ നമസ്കരിക്ക,
    സാഷ്ടാംഗമായ് നീ മലയാള ഭാഷേ ''

    ReplyDelete
  2. Dear Raju,
    I went through ur article. Actually i was in a swapnaloakam.Good old memories of ur college days were marvelous. We especially people like me missed all those. Because that time was like that. Not much freedom and only studies. Anyway thanks for taking us to old memories.
    . . . Padma.

    ReplyDelete
  3. Dear friends,

    Before the lights of Deepavali fade away I wish to heartily greet everyone and pray for life full of illumination.

    Our get together at Indraprastha, momentary though, lofted us of to the corridors of Victoria, bustling with life in the memorylanes of bygone days.

    The 'sycamore' of Rajus' Swapnalokam is a haunting beauty, my vision renewed after 50 summers and 50 long winters. Momentarily I went back to PUC-BSc. I days- the haunting memories of compulsory NCC- when I really wanted to rest under this dark sycamore (classified as a poor Albizzia of course by Hari- which Raju rightly elevated to the rank of the sycamore of Tintern Abbey). From the misty memory lane the eternal tree emerges again and raises the hope that we all will meet under it one day not too far and spend more time like Lotos Eaters.

    As time is running out in this distant land of trees where I write these lines and in an hour I should be journeying to Banneerghata- land of tigers and elephants- for the next few days- not for enjoyment but for a slogging study of botanical names and ecology.

    With warmest regards

    Subash

    ReplyDelete
  4. DEVADAS MENON
    To pottekadharidas@gmail.com raju_otp@yahoo.com Francis Pulikoden Today at 12:31 PM
    Dear Raju,
    Brilliancy is INBORN and You have sharpened it very well, resulting in your achievements. Your presentation about our past was simply brilliant in a few words. We are proud of you sir
    Your friend Devadas.

    ReplyDelete
  5. Francis wrote:
    Amen! Raju, we all admire your brilliance and creativity. You have to come out openly so that the world should know more about you.

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...