Monday, April 18, 2022

D-Rail

 

സമയമാം ഡി  റെയിലിൽ ഒരു സ്വപ്ന  യാത്ര


(ഇതൊരു ദിവാസ്വപ്നത്തിന്റെ വിവരണമാണ് . ദിവാസ്വപ്നം എപ്പോഴും ഫലിക്കുമെന്നു എഴുത്തച്ഛൻ  പറഞ്ഞിട്ടില്ല . ഫലിക്കില്ല എന്നും പറഞ്ഞിട്ടില്ല .ഞാനും പറയുന്നില്ല )


തൃശ്ശൂരിലേക്ക് പോകാൻ വേണ്ടി 12082  നമ്പർ ജനശതാബ്ധി കാത്തു പ്ലാറ്റ് ഫോമിൽ  ഒരു ബെഞ്ചിൽ ഇരിക്കുകയാണ്  .  തലയ്ക്കു മുകളിൽ ഒരു  പഴഞ്ചൻ ഫാൻ ശബ്ദത്തോട് കൂടി കറങ്ങുന്നുണ്ടായിരുന്നു .നല്ല ചൂട് .കണ്ണുകൾ എപ്പോഴാണ് അടഞ്ഞത് എന്നറിയില്ല.

ദിവാസ്വപ്നത്തിൽ അലഞ്ഞ മനസ്സ് ഏതോ ഒരു നിമിഷം The man who could work miracles* എന്ന കഥയിൽ എങ്ങിനെയോ എത്തിച്ചേർന്നു .  പണ്ടെപ്പോഴോ വായിച്ചു മറന്ന കഥ . കഥയിലെ പ്രോട്ടഗോണിസ്റ് തന്റെ  നാലാമത്തെയോ അഞ്ചാമത്തെയോ ഡ്രിങ്കുമായി ബാറിൽ നിന്ന് മിറക്കിൾ (Miracle )എന്താണ് എന്ന് വിശദീകരിക്കുന്നു .

(* H G Wells )

പ്ലാറ്റിനും  ലൈൻ വണ്ടി ശബ്ദമുണ്ടാക്കാതെ പ്ലാറ്റ്‌ ഫോമിൽ വന്നു നിന്നു , ബാഗ് എടുത്ത്‌ വണ്ടിയിൽ  കയറി. ലോ ഫ്ലോർ ബസ്സിലേതു പോലെ ബുദ്ധിമുട്ടില്ലാതെ വണ്ടിയിൽ  കയറാം.  കോറിഡോറിൽ ആദ്യം കണ്ടത് പൊളിഞ്ഞു തൂങ്ങി കിടക്കുന്ന മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സംവിധാനമാണ് . വണ്ടി ഓടാൻ  തുടങ്ങിയിട്ട് മൂന്നു മാസമായിട്ടില്ല .

യാത്രിയോം സുവിധായേം സഹി തരഹ് സെ ഇസ്തമാൽ കർണ ശുരൂ കിയാ ഹൈ 

കമ്പാർട്മെന്റിൽ പ്രവേശിച്ചു നമ്പർ നോക്കി സീറ്റ് കണ്ടു പിടിച്ചു. പോക്കറ്റിൽ നിന്നും ടവൽ എടുത്തു പൊടി തുടച്ച ശേഷം സീറ്റിൽ ഇരുന്നു . വിൻഡോ സീറ്റ് ആണ് .  യാത്രക്കാർ കയറി തുടങ്ങിയിട്ടേയുള്ളൂ .ചുറ്റും അലസമായി കണ്ണോടിച്ചു 

കംപാർട്മെന്റിനൊരറ്റത്തു, വെസ്റ്റിബിൾ തുടങ്ങുന്നിടത്ത് , മുകളിൽ വികസന നായകൻറെ ഫോട്ടോ തൂങ്ങുന്നു .വായിച്ചു മറന്ന കഥയിലെ നായകൻ ജോർജ് ഫോർതിൻഗേ.. അഞ്ചു  പെഗ് വിസ്കിയുടെ ബലത്തിൽ അയാൾ  പറയുന്ന പോലെ തോന്നി 

" A miracle is something contrariwise to the course of nature done by the power of will

സംഭവം ഒരദ്‌ഭുതം തന്നെയാണ്. സർക്കാരും പ്രതിപക്ഷവും തമ്മിൽ മാസങ്ങളോളം കല്ലിട്ടു കളി നടത്തുമ്പോൾ ആര് വിചാരിച്ചു ഈ റെയിൽ പാത  യാഥാർഥ്യമാകും എന്ന് . വികസന  നായകൻറെ ഇച്ഛാ ശക്തി തന്നെ .

അടുത്ത സീറ്റിലെ യാത്രക്കാരൻ വന്നു സീറ്റിൽ ഇരുന്നു  . മുഖത്തെ വിയർപ്പു തുടച്ച് എന്നെ നോക്കി പറഞ്ഞു 

'എന്തൂട്ട് ചൂടാണ് '

ആള് തൃശൂർ ഗഡിയാണ് . കൊഴപ്പമില്ല. ചൊവ്വര പാലത്തിനു വടക്കു ഒക്കെ ചൊവ്വു തന്നെ  

'എ സി ഇടില്ലേ '

'വണ്ടി വിടുമ്പോളെ ഇടുള്ളു . തണുവാവുമ്പോഴേക്കും  കൊല്ലം എത്തും. അത് വരെ ഉഷ്ണം ഉഷ്ണേന ശാന്തയെ  '

'അത് കുറച്ചു അക്രമം അല്ലെ ? ആയിരകണക്കിന് രൂപാ ടിക്കറ്റ് ഇനത്തിൽ ഈടാക്കിയ ശേഷവും '

" സാറ്‌ ഈ വണ്ടിയിൽ ആദ്യമായി യാത്ര ചെയ്യുകയാണോ ?'

'അതെ . എന്തെ ചോദിക്കാൻ ?' 

; ഈ റെയിലിന്റെ ഗര്ഭധാരണം അക്രമത്തിലായിരുന്നു ;ജനനനവും. പിന്നെ ഇതിന്റെ വളർച്ച എങ്ങിനെ ക്രമത്തിലാകും.' 

ഈ ബൗദ്ധിക പ്രശ്നത്തെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചു . കൊൽക്കത്തയിലെ ഒരു പ്രോജെക്ട് കൺസൽട്ടൻറ് പറയാറുള്ളത് ഓർമ്മയിൽ വന്നു  " യു ക്യാൻ മെയ്ക് മണി ഇൻ പ്യൂട്ടിങ് അപ്പ് എ പ്രോജെക്ട് , ഇൻ റണ്ണിങ് ഇറ്റ് ഓർ വൈൽ ലിക്വിഡേറ്റിംഗ് ഇറ്റ് " ഡി റെയിൽ നടപ്പാക്കുമ്പോൾ കൺസൾട്ടൻസിക്കും, പ്രൊജക്റ്റ് റിപോർട്ടിനും സ്ഥലം ഏറ്റെടുക്കുന്നതിനും സാധനങ്ങൾ മേടിക്കുന്നതിനും കിട്ടാവുന്നത്ര കമ്മീഷൻ തരാക്കി. ഇനി ഇത് നഷ്ടത്തിലോടിച്ചു സമ്പാദിക്കണം . അതിന്ന്  തുടക്കം കുറിച്ചിരിക്കുന്നു . എം പി മാരുടെയും എം ൽ എ മാരുടെയും പാർട്ടിക്കാരുടെയും ഭാര്യമാരും  ബന്ധുക്കളും ഒക്കെ ഡി റെയിലിൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്‌തികകളിൽ ആണല്ലോ .

വണ്ടി പുറപ്പെടുമ്പോഴേക്കും കംപാർട്മെന്റിലെ സീറ്റുകൾ പകുതിയും നിറഞ്ഞിരിക്കുന്നു . സഹയാത്രികനോട് പകുതി ചോദ്യ രൂപത്തിൽ പറഞ്ഞു :

' ഒക്ക്യൂപ്പൻസി വലിയ മോശമില്ല അല്ലെ '

' സാറേ , ഇതിൽ പകുതി റെയിൽവേ സ്റ്റാഫ്  ആണ്.പിന്നെ കുറച്ചു എം ൽ എ മാരും അവരുടെ പി.എ. മാരും . കമ്പനി പൈസ തരുന്നുനത് കൊണ്ട്  എന്നെ പോലെ ഉള്ളവരും കയ്യിൽ നിന്ന് പണം ചിലവാക്കി സാറിനെപ്പോലുള്ള  മരപൊട്ടന്മാരും .'

മരപൊട്ടനാണെന്നു മനസ്സ് കൊണ്ട് സമ്മതിച്ചു കൊടുത്തു . ജന ശതാബ്ദിയിൽ  മതി ആയിരുന്നു യാത്ര .കൊല്ലം കഴിഞ്ഞു ചെങ്ങന്നൂർ എത്താൻ ഏകദേശം ഒരു കിലോമീറ്റർ ഉള്ളപ്പോൾ പ്ലാറ്റിനും വണ്ടി നിൽപ്പായി .ആരോ പറഞ്ഞു ഇലെക്ട്രിക്കൽ സ്റ്റാഫ്‌ മെല്ലെപോക്കിൽ ആണെന്ന്. കമ്പാർട്മെന്റിലെ ചൂടും പതുക്കെ ഉയർന്നു തുടങ്ങി. ഗ്ളാസ് പെയിനുകൾ ഉയർത്താൻ ഒരു വഴിയുമില്ല .

കടലാസ് എടുത്തു വീശിക്കൊണ്ടിരിക്കുമ്പോഴാണ് പ്ലാറ്റിനും ലൈനിന്റെ ഒരു ആപ്പീസർ വെൽക്കം ഡ്രിങ്കുമായി വരുന്നത് . വെൽക്കം കുറച്ചു വൈകി പോയി എന്നൊന്നും ആപ്പീസറുടെ മുഖത്തു നോക്കിയാൽ തോന്നില്ല .നല്ല സമര തേജസ്സ് . സ്റ്റൈറോഫോം കപ്പിൽ ആറി തുടങ്ങിയ ചായയും കാപ്പിയും വെള്ളക്കുപ്പികളും പിന്നെ വീര്യം കുറഞ്ഞ സർക്കാർ മദ്യവും . മദ്യം ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് . പണം കൊടുക്കണം .വീര്യം കുറഞ്ഞ നീരാ പ്രാശ്  തന്നെ പണം കൊടുത്ത് മേടിച്ചു . കുറച്ചു കുടിച്ചു .നോക്കി. സാമാന്യം മോശമായിട്ടുണ്ട് .

എലെക്ചറിക്കൽ സ്റ്റാഫിന് അവരുടെ ലേറ്റസ്റ്റ് ഡിമാൻഡ് അനുസരിച്ചു പതിനൊന്നു മാണിയുടെ ചായ സൗജന്യമായി കിട്ടിയപ്പോൾ വണ്ടി ഓടി തുടങ്ങി . വണ്ടി ചെങ്ങന്നൂരിലെത്തിയപ്പോൾ അവരുടെ വിജയാഘോഷം നടക്കുന്നുണ്ടായിരുന്നു . സാരമില്ല .വണ്ടി രണ്ടു മണിക്കൂർ ഓടിയപ്പോൾ ഒരു മണിക്കൂറേ ലേറ്റ് ആയിട്ടുള്ളു .

  ബാക്കിയുള്ള നീരാ പ്രാശും കൂടി കഴിച്ചിട്ട് കണ്ണടച്ചിരുന്നു . എ .സി.പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് . വീര്യം കുറഞ്ഞ മദ്യത്തിന് വാസ്തവത്തിൽ വീര്യം അത്ര  കുറവൊന്നും ഇല്ല . സിരകളിൽ പടരുന്ന ചൂടും കാലിലൂടെ അരിച്ചു കയറുന്ന തണുപ്പും . ഫ്രം ദി സബ്‌ളൈയിം ടു ദി റിഡിക്കുലസ് . ബാത്തോസ്‌ അലങ്കാരം . ജോർജ് ഫോതറിൻഗേ  ബാറിൽ ചെന്ന് തന്റെ ആറാമത്തെ ഡ്രിങ്ക് എടുത്ത് പ്രഭാഷണം തുടർന്നു  

'......something what couldnt happen without being specially willed '

ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നപ്പോൾ ജന ശതാബ്ദി കോട്ടയം സ്റ്റേഷനിൽ നിൽക്കുകയാണ്‌ . പ്ലാറ്റിനം ലൈനും വീര്യം കുറഞ്ഞ മദ്യവുമെല്ലാം സമയമാം ഡി റെയിലിലെ ഒരു സ്വപ്ന യാത്ര മാത്രം മുഷിഞ്ഞ യൂണിഫോമിട്ട ഒരു കാന്റീൻ ബോയ് ഒരു തട്ടിൽ ഓംലെറ്റുമായി വരുന്നുണ്ടായിരുന്നു 

കുറിപ്പ് : ജോർജ് ഫോതറിൻഗേ ഒരു പുരുഷായുസ്സ് ജീവിച്ച ശേഷം മരിച്ചപ്പോൾ ദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുത്തു. ശവശരീരം കീറി മുറിച്ച വൈദ്യ വിദ്യാർത്ഥികൾ ഒട്ടും അദ്‌ഭുതപ്പെടാതെ രേഖപ്പെടുത്തി ജോർജ് ഫോതറിൻഗേ സിംഗിൾ ചങ്കനായിരുന്നു .






6 comments:

  1. ദിവാസ്വപ്നത്തിൽ ഒരു രെയിൽ ഹോസ്റ്റസ്ൻ്റെ കുറവ് തോന്നി.

    ReplyDelete
  2. K. Ramachandran
    To:
    rajagopalan kozhipurath

    Mon, 18 Apr at 4:45 pm

    സ്വപ്നമാം രഥത്തിൽ ആസ്വാദ്യകരമായ ഒരു യാത്ര👌👌

    ReplyDelete
  3. Rammohan emailed: Superb! One of your best

    ReplyDelete
  4. സതീശൻ പുതുമന എഴുതി : വായിച്ചു. ഉഗ്രൻ. as usual . ആ അവസാനത്തെ ചങ്കൻ പ്രയോഗം ഒന്ന് പൊതിഞ്ഞു പറയുവാൻ വഴിയുണ്ടോ ? ഞാനിതു എഡി ബോറ്ഡിൽ പോസ്റ്റ് ചെയ്തോട്ടെ ?

    ReplyDelete
  5. വി കെ എൻ ഇപ്പോഴും താങ്കളുടെ രൂപത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നി. ഒരുനല്ല സറ്റയർ. അഭിനന്ദനങ്ങൾ .

    ReplyDelete
  6. അസ്സൽ കഥ. 🙏

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...