Thursday, February 24, 2011

ഒരു പരന്ത്രീസ് സദ്യ

 അപ്പെര്‍തിഫ്: (മോന്താന്‍)
{ഏതാണ്ട് ഒരു ഏഴരശ്ശനി കാലത്തിന്നു മുമ്പ് നാട് നീങ്ങിയ 'ബഹുകൃത' വേഷക്കാരനായ നായരുടെ ഓര്‍മ്മക്കായി ഒരു സ്മാരകം നിര്‍മിക്കണമെന്ന ആശയം ഒരു സുപ്രഭാതത്തില്‍ പൊന്തി വന്നു. നാലു ചക്രം അടിച്ചു മാറ്റാനുള്ള സ്കൊപ്പുള്ളതിനാല്‍ പെട്ടെന്ന് തന്നെ ആശയത്തിനു ആദ്യം നായകന്‍ മാരുടെയും പിന്നെ 'ഗര്‍ദ്ദഭങ്ങളുടെയും' പിന്തുണ ലഭിച്ചു. സാംസ്കാരിക മന്ത്രി  പേട്രന്‍ ആയും, ലോക്കല്‍ സാഹിത്യ തൊഴിലാളി കണ്‍വീനരായും , വാണിയംകുളം കുഞ്ചി, ചെത്തുകാരന്‍ ചങ്കരന്ജി, സഖാവ് തണ്ടാര്‍ജി, പിമ്പുജി തുടങ്ങി നാട് നീങ്ങിയ കക്ഷിയെ നേരിട്ടും അല്ലാതെയും കണ്ടിട്ടും കേട്ടിട്ടും പരിചയം ഉള്ളതായി സത്യ വാചകം ചൊല്ലി , പത്തു രൂപ ഖജനാവില്‍ കെട്ടി, നാറ്റിവിറ്റി, കാസ്റ്റ് സര്‍ടിഫി ക്കട്ടുകള്‍ ഹാജരാക്കിയവരില്‍ നിന്നും ഒരു പത്തു പേരെയും ചേര്‍ത്തു സ്മാരക നിര്‍മാണ കമ്മിറ്റി തയ്യാറായി..ഫണ്ട്‌ പിരിച്ചു, വീതിച്ചെടുത്തു, കുറച്ചു ചെലവാക്കുകയും ചെയ്തു. കാലക്രമേണ സ്മാരകം ഉയര്‍ന്നു. കമ്മിറ്റി മേംബ്രന്മാര്‍ വീടുകള്‍  വെച്ചു. ജുഡിഷ്യല്‍ അന്വേഷണം, 'ഗവര്‍മെണ്ട് തുടരനാണ്   (continuity of government) എന്ന നാട്ടു നടപ്പ് അനുസരിച്ച്   അടുത്ത മന്ത്രിസഭക്ക് വിട്ടുകൊടുക്കാന്‍ കാബിനെറ്റ്‌ തീരുമാനമായി. 
ഈ സ്മാരകത്തിന്നു വേണ്ടിവന്ന ശിലകള്‍ക്കായി പല  കരുമാടി കുട്ടന്മാരും, കല്‍മാഡി കുട്ടന്മാരും  ശിലായുഗം തൊട്ടുള്ള കല്ലുകള്‍ പെറുക്കി. മറ്റ് പല പെറുക്കികളും ഈ ഉദ്യമത്തില്‍ സഹകരിച്ചു, ഉത്തമ സഹകാരികള്‍ ആയിട്ടുണ്ട്‌. അവരെല്ലാം കാല ചക്ര വിഭ്രമത്തില്‍ പദ്മ വിഭീഷണന്‍മാരായി തീരുമെന്ന് കരുതാം. (അല്ലെങ്കില്‍ സമര്‍ത്ഥനായ സീസര്‍,പ്രസിദ്ധനായ ഹോമര്‍, സമത്വമുറ്റ സോളമന്‍ തുടങ്ങിയവരെ പോലെ തിരശീലക്കു പിന്നില്‍ പാഞ്ഞു കയറും.) ഈ കല്‍മണ്ഡപം പണിതുയര്‍ത്താന്‍ പല കെട്ടിടങ്ങളില്‍ നിന്നും കല്ലുകള്‍ മോഷ്ടിച്ചു എന്ന് ആരോപണം ഉണ്ടായേക്കാം. ആരുടെയോ പണമല്ല ,.ആരാന്‍റെപണം തന്നെയാണ്.. പിന്നെ മോഷണം. അത് സാഹിത്യകാരന്മാര്‍ക്ക് ഒരു ഭൂഷണമാണ്. തൂവലും തൂലികയും പോലെ. മാത്രമല്ല , "മോഷണം വിദ്വാന് ഭൂഷണം' എന്ന് അല്‍ കപോനെ എന്ന ഷിക്കാഗോ പണ്ഡിതന്‍ എഡ്ഗാര്‍ ഹൂവറു മായുള്ള തര്‍ക്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.}  

 ഒന്ട്രൈ (entr'ee) : (തൊട്ടു നക്കാന്‍)


സ്വര്‍ഗത്തില്‍ തിന്നും, കുടിച്ചും, മദിച്ചും, നിന്നും, ഇരുന്നും, നടന്നും പിന്നെ ധാരാളം കിടന്നും ചുള്ളന് മടുത്തു. അപ്സരസ്സുകളും , മാലാഖമാരും, ഹൂറികളും പുതിയ നമ്പരുകള്‍ ഒന്നും കാണിക്കുന്നില്ല. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസന്‍ ബോറ് പോലെ. സംഗതികള്‍ ഒന്നും ശരിയാകുന്നില്ല. ദ്രുത താളത്തിലുള്ള ചലനങ്ങളില്ല, സീത്കാരങ്ങളില്ല. ആകപ്പാടെ ഒരു ഇന്സിപിദ്‌ അഫൈര്‍. മജാ നഹി ഹൈ .
നക്ഷത്ര ബംഗ്ലാവ് വിട്ടു പുറത്തിറങ്ങി. മുന്നില്‍ മൂന്നു നക്ഷത്രങ്ങള്‍ ടോര്‍ച്ചടിച്ചു നടന്നു. 
പതിവുപോലെ ബ്രഹ്മാവിന്റെ പണിപ്പുരയില്‍ നിന്നും ചട്ടപ്പടി ജ്വാലികളുടെ ആരവം. പുറത്തു കൊടികള്‍, അകത്തു  കരിങ്കാലികള്‍, കരിങ്ങാലി വെള്ളങ്ങള്‍.
നന്ദന്‍ നിലക്കനെനി നാരദര്‍ വശം കൊടുത്തയച്ച സ്മാര്‍ട്ട് കാര്‍ഡ്‌ വെച്ചു തുടച്ചു ഫാക്ടറി ഗേറ്റ് തുറന്നു ഉള്ളില്‍ പ്രവേശിച്ചു. അസ്സെംബ്ലി ലൈനില്‍ ആദ്യം, ചുണ്ണാമ്പും, സെറാമിക് കൂട്ടും ഒരു ബലത്തിന്നു അഷ്ടബന്ധവും      ചേര്‍ത്ത്  തലയോട്ടികളുടെ നിര്‍മാണം. അടുത്ത ലൈനില്‍ തലയോട്ടികളില്‍ തലച്ചോര്‍ നിറക്കല്‍. നിറക്കുന്നതോ  കളിമണ്‍.
സൂപ്പര്‍ വൈസരോട്‌ ശ്രീരാഗം ആദി താളത്തില്‍ ചോദിച്ചു.
(കരുണ ചെയവാനെന്തു താമസം ....എന്ന മട്ട്)
'കളിമണ്‍ നിറക്കാനെന്തു  കാരണം ചെക്കാ...'
സൂപ്രന്‍ ചുള്ളനെ തല ഉയര്‍ത്തി നോക്കി. പിന്നെ പഞ്ച രത്നം  പാടി 'എന്തൊരു മഹാനു ഭാവുലോ ' പാട്ടിന്നവസാനം വായ പൊത്തി, നടു വളച്ചു വായ്മൊഴി.
'നാല്പത്തെട്ടിലെ കുഴപ്പങ്ങള്‍ക്ക് മുന്‍പ് നല്ല തവളക്കണ്ണന്‍ നെല്ലിന്റെ ചോറാണ് നിറച്ചിരുന്നത്. പിന്നെ തൈനാനും, ഐ.ആര്‍.8 ഉം ഒക്കെ ആയി. ഇപ്പൊ അരി റേഷന്‍ ഷാപ്പില്‍ കു നിന്നാലും ബി.പി.ല്‍ കാര്‍ക്ക് കൂടി കഷ്ടി. കളിമണ്ണിന്നും ബുദ്ധി മുട്ടായി തുടങ്ങിയിരിക്കുന്നു.'
തന്‍റെ സാഹിത്യ സൃഷ്ടികള്‍ വിറ്റു പോകാതിരിക്കാനുള്ള ഒരു കാരണം ചുള്ളന്നു മനസ്സിലായി. മറ്റു ചിലരുടെ സൃഷ്ടികള്‍ ചൂടപ്പം പോലെ ചിലവാകാനുള്ള കാരണവും. ധര്‍മ രോഷം കലശലായി തലയ്ക്കു കയറിയ ചുള്ളന്‍, ഇടതു കൈ കൊണ്ട്‌ വാര്‍മുടി ഒതുക്കി, കണ്ണുകള്‍  ജ്വലിപ്പിച്ചു പാര്‍ശ്വസ്തനായ ചിത്രനെ  നോക്കി  അട്ടഹസിച്ചു.
'എവിടെ ക്വാളിറ്റി കണ്ട്രോളര്‍'?
കണ്ട്രോളര്‍ ഓടി കിതച്ചെത്തി. പിന്നാലെ അയാളുടെ  കോട്ടും സൂട്ടും ഒരു വിധം ഓടിയെത്തി ദേഹത്തില്‍ കയറിപ്പറ്റി.
'ഹാം ജീ സാബ്. ഹുക്കും കീജിയേ'.
നീചന്‍റെ ഹിന്ദുസ്ഥാനി അവഗണിച്ച്  പ്രതികരിച്ചു.
'തലയില്‍ കളിമണ്‍ നിറക്കാന്‍ ആര് പറഞ്ഞു.  മിട്ടി ക്യോം മിലാ ദിയാ'.( മനസ്സില്‍ നോട്ടു കുറിച്ചിട്ടു സാലെ നെ   'ഗബ്ബര്‍ ക നാം പൂരേ മിട്ടി മേ മിലാ ദിയാ. ഇസ്കോ സജാ മിലേഗ, ജരൂര്‍ മിലേഗ').
കണ്ട്രോളര്‍ : സര്‍.  മേക്സ്‌ നോ ഡിഫറന്‍സ് സര്‍. കമലാസനന്‍ സാര്‍  ഇപ്പോള്‍ തലകളില്‍  ഒന്നും എഴുതാറില്ല. ബ്ലാങ്ക് ആയതുകൊണ്ട് ഒരു കമലാസനാജ്ഞ യും  ലംഘിക്കപ്പെടാറുമില്ല'
ഈ ന്യായത്തിന്നു തത്ക്കാലം ഉത്തരം ഒന്നും തോന്നാത്തതിനാല്‍ കൊഞ്ഞനം കാട്ടി മുന്നോട്ടു നീങ്ങി. പ്രൊഡക്ഷന്‍ ലൈനിലെ മറ്റു ഘട്ടങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കാതെ കമലാസനന്‍ സാറിന്‍റെ ക്യാബിനില്‍ എത്തി നോക്കി. സാറ് ഉറക്കത്തിലാണ്. കല്പാന്തം വരെ കാക്കേണ്ടി വരുമോ എന്ന് ശങ്കിച്ച് നില്‍ക്കുന്ന സമയത്ത്. സാറ് താമരയില്‍ നിന്നും ആസനമുയര്‍ത്തി മൂരി നിവര്‍ന്നു. പിന്നെ നാല് മുഖങ്ങളിലും വിടര്‍ന്ന ഒരു വളിച്ച ചിരിയോടെ ചുള്ളനെ നോക്കി പറഞ്ഞു.
'ഫുള്ളി ഓട്ടോമേട്ടട് പ്രൊഡക്ഷന്‍ ലൈനാണ് സാര്‍. മാത്രമല്ല ഫാസ്റ്റ് ട്രാക്കും. പിന്നെ ഈ കണ്സൈന്‍മെന്റുകേരളത്തിലെക്കുള്ള സ്പെഷല്‍ ആര്‍ഡര്‍ ആണ് ക്വാളിറ്റി ഈസ്‌ നോട്ട് എ ഗ്രൈറ്റ്‌ കണ്‍സെണ്‍. അല്‍ടിമൈറ്റ്ലി സെക്രടറിയറ്റില്‍ ഫയല്‍ തള്ളാനുള്ള ജന്തുക്കളാണ് '
ബ്രഹ്മദത്തന്‍ തിരുമേനിയുടെ വിശദീകരണം അറിയപ്പെട്ടട്ത്തോളം  വസ്തുതകളെല്ലാം കവര്‍ ചെയ്യുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. എങ്കിലും സ്ഥാന മഹിമ കുറയരുതല്ലോ എന്ന് കരുതി ചോദിച്ചു.
' ഏതെങ്കിലും രണ്ടു തലയോട്ടികളില്‍ നോം വല്ലതും എഴുതണോ? വി.ഐ.പി കള്‍ വിസിറ്റ് ബുക്കില്‍ എഴുതുക പതിവുണ്ട്‌'
' പതിവ് തെറ്റിക്കണ്ട. സിഎജി ആഡിറ്റിങ്ങിന്നു വരും. ഇപ്പോള്‍. 'സി എ ജി പാര്‍വൈ രാജാവിന്‍ പക്കം'. അത്  അങ്ങിനെ തന്നെ ഇരുന്നോട്ടെ.'
ചുള്ളന്‍ രണ്ട് തലയോട്ടികള്‍ റാന്‍ഡം സെലെക്ഷനിലുടെ മാറ്റി വെച്ചു. നഖം എഴുത്താണിയാക്കി കുറിച്ചു
' പോത്ത്‌ ചത്തു പോ '
'വാത്ത് പത്തു വാ'
'പാര്‍ലറില്‍ നിന്ന് പത്രത്തിലേക്ക്'
വിപ്ലവം കലക്കട്ടെ'
ബ്രഹ്മന്‍ തലകള്‍ വാങ്ങി, ബാക്കി ഭാഗങ്ങള്‍ ആണിയടിച്ചു ചേര്‍ക്കാന്‍ പ്രൊഡക്ഷന്‍ ലൈനിലേക്ക് അയച്ചു
'ആനാല്‍ ഒരു ചിന്ന ഡൌട്ട്' . ചുള്ളന്‍ ടു ബ്രഹ്മന്‍. ' സാമാന്യം വലുപ്പമുള്ള ഈ ദേഹങ്ങളെ എങ്ങിനെ ഓരോ പള്ളയില്‍ പുനരപി ശയനം ചെയ്യിക്കും?'
'നാനോ ടെക്നോളോജി കൈകാര്യം ചെയ്യുന്നത് 'ഇന്‍റെല്‍' കാരാണ്. മൈക്രോ മിനിഎച്ചുഅര്‍ഐസെഷന്‍ മെയ്‌ക്സ്‌ ഇമ്മാകുലൈറ്റ് കണ്സെപ്ഷന്‍ പോസ്സിബിള്‍ ഓണ്‍ എ ലാര്‍ജ് സ്കൈല്‍.
" 'നഷ്ടോ മോഹ , സ്മ്രിതിര്‍ ലബ്ധ്വാ' ( കാര്യം പിടി കിട്ടി ) എന്ന ഗീതാ ശ്ലോകം  ഉറക്കെ പാടി കൊണ്ട് , ചുള്ളന്‍ കൃത കൃത്യനായി നക്ഷത്ര ബംഗ്ലാവില്‍ പോയി കിടന്നുറങ്ങി.
.
ലാ പ്ലാറ്റ് പ്രിന്‍സിപ്പല്‍: ( മെയിന്‍ കടി )

അങ്ങിനെ ഇരിക്കുമ്പോള്‍,നില്‍ക്കുമ്പോള്‍,കിടക്കുമ്പോള്‍ ചെന്ക്കത്തൂര്‍ പൂരത്തിനു കൊടി കയറാന്‍ സമയമായി. ഒരു പെരുത്ത, പേരു പറയാന്‍ പറ്റാത്ത ഒരു ഏകാന്ത ദുഃഖം, ഒരു പരേത അസ്തിത്വ ദുഃഖം  ചുള്ളനെ കലശലായി ആവേശിച്ച്ചു കീഴ്പ്പെടുത്തി. ഊണില്ല, ഉറക്കമില്ല, നേരമ്പോക്കില്ല, ആകെ ഒരു ഇല്ലായ്മ. ഒരു വല്ലായ്മ., ചൊറിച്ചു മല്ലിയാല്‍ ഒരു 'പോരായ്മ'.  തന്റെ പേരില്‍ കുറെ ഊച്ചാളികള്‍ പിരിവു നടത്തിയതും,  കല്‍ മണ്ഡപം കെട്ടിയതും, അനുസ്മരണ പ്രസംഗങ്ങള്‍ നടത്തിയതും ചുള്ളനെ വല്ലാതെ പ്രകോപിപ്പിച്ചു. ചുള്ളന്‍ തീരുമാനിച്ചു;
' രാത്തിരി നേരത്തില്‍ തൂക്കത്തില്‍ നാനൊരു രാക്ഷസന്‍ പോല്‍ വരുവേന്‍'
കാളിംഗ് ബെല്ലടിച്ചു ചിത്രഗുപ്തനെ വരുത്തി. കിരീടം ഊരി കക്ഷത്തില്‍ വെച്ച് യു.ഡി. ക്ലാര്‍ക്ക് വന്നപ്പോള്‍ പറഞ്ഞു.
'ലഗ്ത്താ  നഹി ഹൈ ദില്‍ മേരാ, ഉജടെ ദയാര്‍ മേ'
(ദില്ലി മതിയായി. ഉടനെ നാട്ടില്‍ പൂവാം)
ചിത്രന്‍ നമ്പൂതിരി പറഞ്ഞു.' എന്തെ പ്പോ അങ്ങിനെ തോന്നാന്‍ കാരണം.. ചിത്രം, ചിത്രം പെട്ടന്ന് അങ്ങട് പൂവേ.. ശിവ, ശിവ ..'
നാഗവല്ലി, മനോഹരി, സ്ടയിലില്‍ ച്ത്രനെ   വിരട്ടി :
'വിട മാട്ടെന്‍, അയോഗ്യ പയലേ വിട മാട്ടേന്‍?'
ചിത്രന്‍ വിരണ്ട് പോയി. ചിത്രം ചിത്രീകരിച്ചപ്പോള്‍ കൂടി ചാരിത്രവതി ഇത്ര വിചിത്രമായി പേശിയ ചരിത്രമില്ല.

Apt Allitterations Artful Aid.

And  Still the Singing Skylark Soared
And Silent Sank and Soared to Sing.

പ വാല പീം സിംഗ്.
(ഇത്യാദി കാട് കയറിയ അലങ്കാര  ചിന്തകള്‍ക്ക് ശേഷം ചിത്രന്‍ സമതല ഭൂമിയില്‍ തിരിച്ചെത്തി അസാമാന്യ വേഗത്തില്‍  സമ നില വീണ്ടെടുത്ത് സാമ വേദി 'സൊല്ലി'')
'അങ്ങയുടെ ജീര്‍ണിച്ച  ദേഹം കത്തിച്ചു ചാരമാക്കിയ ശേഷം , അതിന്നു മീതെ വേറെ പല ദേഹങ്ങളും ചാരമായിട്ടുണ്ടല്ലോ. ഇപ്പോള്‍ അവശേഷിക്കുന്നത് ദേഹി മാത്രം. ദേഹിനെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ലല്ലോ?'
'വേറെ ലൂയി ഫില്ലിപ്പ്,  വാന്‍ ഹുസെന്‍, തുടങ്ങിയ 'നവാനി' വസ്ത്രങ്ങള്‍ ഒന്നും ഇല്ലേ തത്കാലം ഈ ദേഹിക്കു ധരിക്കാന്‍?'.
'തുന്നക്കാരന്‍ കൃഷ്ണന്‍ ദൂബായിലേക്ക് പോയി. ഇപ്പൊ ദേഹങ്ങളൊക്കെ പുറത്തു നിന്ന് വരണം. മിനിമം മൂന്നു കൊട്ടഷന്‍ സംഘടിപ്പിക്കണം L3 കൊട്ടയ്ഷനെ സ്വീകരിക്കാന്‍ പറ്റുള്ളൂ. സി.എ.ജി പരിശോധിക്കും. പല സൈസിലും, നാല് കളറിലും വേണം. കേട്ടിട്ടില്ലേ 'ചാതുര്‍വര്‍ണ്യം മയാ പ്രോക്തം' . വണ്‍ സൈസ്  ഫിട്സ് ആള്‍ ഇവിടെ നടപ്പില്ല. ഒരു ജര്‍മ്മന്‍ താടിക്കാരന്‍ പണ്ടു ശ്രമിച്ചതാ. നടന്നില്ല'
'പിന്നെന്താ ഒരു വഴി, ഒരു ഉപായം. ഒരു മറിമായം , എല്‍ജി കായം ?'
ചിത്രന്‍ അപായം മണത്തറിഞ്ഞു. ഉപായം തേടുന്നത് പോലെ നടിച്ച് തല ചൊറിഞ്ഞു.
' ഇവിടെ പരോള്‍ സമ്പ്രദായങ്ങള്‍ ഇല്ലേ? ഒരു അസുരന്‍ മഹാബലി എല്ലാ കൊല്ലവും പത്തു ദിവസം പരോളില്‍ ഇറങ്ങുന്നുണ്ടല്ലോ'
'അത് ഒരു സ്പെഷല്‍ പെര്‍മിറ്റ്‌ ആണ്. ഇവിടുന്നു അയച്ച പട്ടരു ചെക്കന് ഒരു കാലബദ്ധം പറ്റി പോയി. അപ്പീല്‍  വന്നപ്പോ ശിക്ഷയില്‍ ചില ഇളവുകള്‍ വരുത്തേണ്ടി വന്നു.'
'പൂരത്തിനു കൊടി കയറി പതിനാലു കൂത്ത് കഴിഞ്ഞാണ് മുളയിടല്‍. അത് കഴിഞ്ഞു ആറാം നാള്‍ പൂരം. പിന്നെ പൂരത്തിന്റെ തളര്‍ച്ച. എല്ലാം കൂടി ഒരു മിനിമം മുപ്പതു ദിവസം വേണം '
'പത്തു ദിവസത്തിലധികം പരോള്‍ അനുവദിക്കാന്‍ ഭരണ ഘടന സമ്മതിക്കില്ല'.
'മാറ്റുവിന്‍ ചട്ടങ്ങളെ' ചുള്ളന്‍ വികാരഭരിതനായി പാടിപ്പോയി. പിന്നെ പറഞ്ഞു.
'സജ്ജെസ്റ്റ് എ വേ.' ( ഒരു മാര്‍ഗം കളി കാണിച്ചു താ)
ചിത്രന്‍: 'ഞാന്‍ പറഞ്ഞതാണെന്ന് അറിയരുത്. ബ്രഹ്മമന്റെ കസ്ടടിയില്‍ ഒരു ദേഹം ഉണ്ട്. ചെറിയ എന്തോ ഡിഫെക്റ്റ് പറഞ്ഞ്‌ 'സെക്കണ്ട്സ്' ആക്കി  വെച്ചിരിക്കുകയാണ്. ജെര്‍മ്മനിയിലെക്കുള്ള ഒരു എക്സ്പോര്‍ട്ട് സര്‍പ്ലസ് ആണ്. ഉഗ്രന്‍ സാമാനമാണ്. ഒന്ന് മുട്ടി നോക്കിക്കോളു'
'ദാട്സ് മൈ ബോയ്‌ (നീ ആണ് എന്റെ കുണ്ടന്‍).
ബ്രഹ്മദത്തനെ ഒരു മൂലക്കാക്കി, ഷര്‍ട്ടിന്റെ രണ്ടാമത്തേ ബട്ടണില്‍ ചൂണ്ടു വിരലമര്‍ത്തി കാര്യം പറഞ്ഞു. പിന്നെ മേമ്പൊടിയായി ഗര്‍ജ്ജിച്ചു.
 ' ഐ വോണ്ട് ടൈക്ക് നോ ഫോര്‍ ആന്‍ ആന്‍സര്‍ '
തിരുമേനി ജെര്‍മ്മന്‍ മേനി തപ്പി പുറത്തെടുത്തു. ചുള്ളന്‍ അപ്സര, മാലാഖ, ഹൂറിമാരോട് 'ഓ റിവോയ്ര്‍ ' പറയുന്ന തക്കം നോക്കി തലയോട്ടിയില്‍ കുറിച്ചു 'ചിനക്കത്തൂര്‍ അമ്മയുടെ ചങ്കര നായാടി ആവട്ടെ'. ചതി അറിയാതെ ചുള്ളന്റെ ദേഹി ജര്‍മ്മന്‍ ദേഹത്തില്‍ കയറിക്കൂടി. 'ഇന്‍റെല്‍' കാരുടെ കൈക്രിയകള്‍ക്ക് ശേഷം പാലപ്പുറത്തുള്ള ഏതോ ഒരു ഉദരത്തില്‍ ശയനമായി, അതിവേഗം വളര്‍ന്നു പൂരത്തിനു മുമ്പ് തന്നെ ഒരു ഫുള്‍ ചങ്കര നായാടിയായി.

ല ഫ്രോമ്മാജ് : പാല്‍ കോവ
അഗൈന്‍ ചങ്കരന്‍ ഓണ്‍ ദി കൊക്കൊനട്ട് ട്രീ എന്ന പഴന്‍ചൊല്ലില്‍ തീരെ പതിരില്ല എന്ന് മാലോകര്‍ക്ക് ഒന്ന് കൂടി ബോധ്യപ്പെടുത്തി കൊടുക്കാനായി നായാടി അടുത്ത തെങ്ങില്‍ കയറി, ഏതാണ്ട് നിറഞ്ഞിരുന്ന കള്ളിന്‍ കുടം കാലിയാക്കി ഉരസി ഇറങ്ങി. ഉരസ്സിലെ അസാരം തോല് തെങ്ങിന്‍ തടിയില്‍ അവശേഷിപ്പിച്ച്,.ഇളം വെയിലത്ത് ഒറ്റപ്പാലം ലാക്കാക്കി ഒരു ഒറ്റയാള്‍ വിമോചന യാത്ര നടത്തി. വഴിയിലുള്ള കള്ളുഷാപ്പുകളില്‍ നിന്നെല്ലാം സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി. കിഴക്കേ പാലം കടന്ന് 'കൂരായണ' പറഞ്ഞപ്പോഴേക്കും കാലാടി തുടങ്ങി. ജര്‍മ്മന്‍ മെയിഡ് ദേഹം അണിഞ്ഞ ചുള്ളന്ന് ദിവ്യത്വം കാരണം മുജ്ജന്മ സ്മരണകള്‍ക്ക് ഒരു കുറവും    വന്നില്ല. ആടിക്കൊണ്ട്‌ 'നായാടി' എന്ന പദത്തിന്‍റെ ഉത്പത്തിയെ കുറിച്ച് ചിന്തിച്ചു. തന്റെ ഏതോ ഒരു പൂര്‍വീകന്‍ നായര്‍ പൂസായി ആടിയപ്പോള്‍ 'നായരാടി' എന്ന് അറിയപ്പെട്ടിരിക്കാം. കാലക്ക്രമത്തില്‍ 'നായരാടി' ലോപിച്ച് നായാടി ആയി. പ്രസ്തുത 'നായരാടി' അടി നാട്ടില്‍ ചെന്ന് ആടിയപ്പോള്‍ 'അടിയോടി' യായും ഏറനാട്ടില്‍ ആടിയപ്പോള്‍ 'ഏറാടി യുമായി അറിയപ്പെട്ടു.. ചങ്കരന്‍ സ്വയം മറന്നു ആടിയപ്പോള്‍ 'ശങ്കരാടി'യുമായി. നായാടി മനസ്സുകൊണ്ട് സ്വന്തം മുതുകത്ത് തട്ടി  പറഞ്ഞു.
'ബ്രാവോ ചങ്കരന്‍! എഴുത്തച്ഛന്‍ അവാര്‍ഡ് തന്ന് നിന്നെ ഒരു എഴ്ത്തച്ചനെങ്കിലും ആക്കണം'.
വഴിയില്‍ കണ്ട ഒരു നായര്‍ വീട്ടില്‍ കേറി കൊട്ടി കളിച്ചു
" ആരിന്റെ, ആരിന്റെ  ചങ്കര നായാടി ..
ചെനക്കത്തൂര്‍ വലിയമ്മേടെ ചങ്കര നായാടി
.............................."
' നായാടി കളിച്ചു പൊടി പൊടിച്ചു' എന്ന് സ്വയം വിലയിരുത്തി. ആട്ട കൂലി,  നോട്ട കൂലി, പാര്‍ട്ടി കൂലി ഇത്യാദി കൂലികള്‍ എണ്ണം പറഞ്ഞു മേടിച്ചു. മുഷിയില്ല. ഈ കണക്കില്‍ പോയാല്‍ 'പാന്‍ നമ്പര്‍ ' എടുക്കേണ്ടിവരും.
തട്ടകത്തില്‍ ഒരു വട്ടം ചുറ്റി. സായം കാലം ബാറില്‍ കയറി വെള്ളം മോന്തി, മോന്തി, സൂര്യനാരായണ അയ്യരെ യാത്രയാക്കി..


ല ഡിസ്സര്‍ട്ട് : പഴ പ്രഥമന്‍

നക്ഷത്രം നോക്കി രാത്രിയുടെ അന്ത്യ യാമം അടുത്തു എന്ന് തീര്‍ച്ചപ്പെടുത്തി പുതിയ പാലത്തിലൂടെ ഭാരത പുഴയുടെ മറുകര പറ്റി. പൂര്‍വ ജന്മത്തിലെ തല മുറിയന്റെ ജന്മദേശം പൂകി. കോഴി കൂകുന്നതിന്നു മുന്‍പ് കല്‍ മണ്ഡപം മൂന്നു വട്ടം ചുറ്റി കണ്ടു. അക്കാദമി പ്രസിഡന്റിനെ മൂന്നു വട്ടം തള്ളി പറഞ്ഞു. പിന്നെ  പ്ലിന്ത്‌ അളവും, പരവതാനി വിസ്തീര്‍ണവും, കൈ കണക്കും അടങ്ങല്‍ പട്ടികയു മുപയോഗിച്ച്ചു  ഗണിച്ചു തിട്ടപ്പെടുത്തി. മണലിന്നു സിമന്റിനെ ക്കാള്‍ വില കൂടുതലായതു കൊണ്ട് മണിമണ്ടപ  നിര്‍മ്മിതിയില്‍ സാമാന്യം സിമന്റും ഉപയോഗിച്ചതായി കണ്ടു.  കിം ബഹുനാ ? വെട്ടിപ്പ് കേരള മരാമത്ത് വകുപ്പ് അനുവദിച്ച പരിധിക്ക് അപ്പുറത്തല്ല. മനസ്സിലെ കിളി മൊഴി മന്ത്രിച്ചു  " പരിധിക്കു പുറത്തല്ല. ദയവായി  ഹോള്‍ഡ്‌ ചെയ്യുക, അല്ലെങ്കില്‍ പിന്നെ വിളിക്കുക".
പിന്നെ വിളിക്കാന്‍ തീരുമാനിച്ചു. നീചന്മാര്‍ ഒത്തു കൂടി കള്ള് കുടിക്കട്ടെ,പാര്‍ലര്‍ നടത്തട്ടെ, പെണ്ണ് പിടിക്കട്ടെ, സരസ്വതിയെ പീഡിപ്പിക്കട്ടെ . തത്കാലം നോം ഇടപെടുന്നില്ല.

ല കഫെ : കട്ടന്‍ കാപ്പി

പൂരം കഴിയുന്നത്‌ വരെ നായാടി കളി കളിച്ചു തകര്‍ത്തു കൈവശം വന്ന കരിമ്പണം ഹവാല വഴി സ്വിസ് അക്കൌണ്ടില്‍ നിക്ഷേപിച്ചു.എന്നും രാവിലെ കട്ടന്‍ കാപ്പിയില്‍ കള്ള ചാരായം ചേര്‍ത്ത കഫെ റോയാള്‍ കുടിച്ചു ഉറക്കം കളഞ്ഞു. വൈകുന്നേരം ചാരായത്തില്‍ ദശമൂലാരിഷ്ടം ചേര്‍ത്ത ആസവം സേവിച്ചു നിദ്ര തന്‍ നീരാഴിയില്‍ നീന്തി തുടിച്ചു. അങ്ങിനെ  ബ്രഹ്മദത്തനെ വിരട്ടി കിട്ടിയ മുപ്പതു ദിവസങ്ങളില്‍ ഇരുപത്തൊന്പതും കാലം കൂടി.  ജര്‍മ്മന്‍ ബോഡി ഉപേക്ഷിച്ചു വീണ്ടും സ്വര്‍ഗയാത്രക്ക് സമയമായി. നായാടിക്ക് നീണ്ടു നിവര്‍ന്നു കിടക്കാന്‍ ഒരു ആറ് x നാല് x മൂന്നു കുഴി കല്‍ മണ്ടപത്തിന്നു സമീപത്തായി റെഡിയാക്കി. രാത്രിയില്‍ രാക്ഷസനായി വന്നു സ്മാരക കമിറ്റി ക്കാരെ വിരട്ടാന്‍ പറ്റിയ ലോക്കേഷന്‍

ല ദിജെസ്ടിഫ്: വേപ്പിലകട്ടി

മുപ്പതാം ദിവസം ഗവര്‍മ്മെണ്ട് ആശ്പത്രിയില്‍ പോയി ആരോഗ്യത്തിന്നും ദീര്‍ഘായുസ്സിന്നുമുള്ള ടോണിക്ക് മരുന്ന് വാങ്ങി 'കൊണിയാക്' ആണെന്ന് സങ്കല്പിച്ചു  കഴിച്ച് ചുള്ളന്‍ വീണ്ടും സ്വര്‍ഗ്ഗ യാത്ര തുടങ്ങി.





5 comments:

  1. പരലോകത്തിരുന്നു, തനിക്കു ബലിയിടാന്‍ ഒരു പിന്‍ഗാമി ഉണ്ടായതില്‍, വീക്കെയെന്‍ സന്തോഷിക്കുന്നുണ്ടാകും .
    ഞാന്‍ സന്തോഷം പൂണ്ടു, ഒപ്പം കൊട്ടത്തേങ്ങയും.

    ReplyDelete
  2. Thanks for the full course dinner. Had to take an extra sip of le digestif though i wouldn't know how the cognac tastes.
    BTW thanks also for remembering the legendary Kunji and making our neighborhood proud. I have a quote from her but may not suit the occasion. some other time.

    ReplyDelete
  3. KR/UV Thanks for the comments.

    ReplyDelete
  4. Hello Rajagoplan, first of all my apologies for not responding to your mail a month or two ago. apart from being busy at office i was involved in bringing a kathakali programme to singapore which took up a lot of time. now life is back to normal!

    i find your blogs interesting, your writing style impressive and scholarship amazing, though i haven't gone through them all. i am also not in touch with malayalam literature beyond MT and VKN!

    touching on your remark about plans for a VKN memorial, i think the best tribute to him would be something on the lines of the "bad hemingway contest" they used to have in the US.

    i think i saw on your profile that you studied at ottapalam. i am an alumni of NSSKPT and student of Karunakara Menon Master and friend of Narendran, Hari and Jyothi. I remember Master's son is Rajagopalan. of course that was years ago!

    keep the blog flowing.

    cheers -- achuthan



    Achuthan Kandarmath
    Blk 246 Bishan Street 22
    #06-334
    Singapore 570246
    Ph: 64569049
    HP: 98520578
    achuthantk@gmail.com

    ReplyDelete
  5. Rajagopalji
    It was sent by mistake to you!!
    Hope Lava , kids and you all doing fine..
    Your VKN style is superb!! keep going,
    ഗെറ്റിംഗ് ക്ലോസ്..
    മുഷിയില്ല !!
    With Warm regards,
    Rajan

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...