അമാത്യൻ
ദൈവജ്ഞൻ കാലത്തുണർന്ന് , പരദേവതകളെ ധ്യാനിച്ച് , ദേഹശുദ്ധി
വരുത്തി, വിധിപ്രകാരമുള്ള മന്ത്ര ജപാദികൾക്ക് ശേഷം പഞ്ചാംഗം വീക്ഷിച്ചു ദിവസഫലങ്ങൾ ഗണിച്ചു സ്വസ്ഥാതമാവായി ഭവിച്ചു . ശേഷം, അന്ന് തന്നെ സന്ദര്ശിക്കുവാനുള്ള ഇരയെ ജ്ഞാന ദൃഷ്ടിയാൽ കണ്ട് , പ്രതീക്ഷയോടെ, പെരുമ്പാമ്പായി ചാര് കസേരയിൽ ചുരുണ്ടു കിടന്നു
തത്സമയം, മുപ്പതു കിലോമീറ്റർ കാക്ക പറക്കുന്ന ദൂരത്തിൽ സ്വവസതിയിൽ , ഭാഗവതോത്തമൻ അന്നത്തെ ഭാഗവത പാരായണം മുഴുമിക്കുകയായിരുന്നു .വേനന്റെ ദുര്ഭരണത്തിൽ ദുഃഖിതയായ ഭൂമി ദേവി സമ്പത്തു മുഴുവൻ തന്നിലേക്ക് ഒതുക്കിയ വിവരണമായിരുന്നു അന്നത്തെ പാരായണം .സമ്പത്തിനെ കുറിച്ചുള്ള അന്വേഷണ ചുമതല എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റിനെ ഏൽപ്പിക്കണമോ എന്ന് ഒരു നിമിഷം ആലോചിച്ചു .പിന്നെയാകാം എന്ന് തീരുമാനിച്ചു .
പാരായണത്തിനും പ്രാതലിനും ശേഷം ഭാഗവതോത്തമൻ പ്രയാണത്തിന് തയ്യാറായി. ചമ്രവട്ടം പാലം വഴി എടപ്പാളിലേക്കു . പാഴുർ പടിപ്പുര വരെ പോകാനാണ് ആദ്യം വിചാരിച്ചത് . സമയ ദൗർലഭ്യം കാരണം എടപ്പാൾ ദൈവജ്ഞന് നറുക്കു വീഴുകയായിരുന്നു . കൃത്യം എട്ടു മണിക്ക് ദൈവജ്ഞന്റെ പടിപ്പുരയിൽ .
" ആരാ "/? ദൈവജ്ഞൻ ചോദിച്ചു
" ശ്രീധരൻ, മാധവൻ, ഗോപികാ വല്ലഭൻ " ഉത്തമൻ
" ഉത്ഥാനമാണോ നവോത്ഥാനമാണോ "?
" ജാതി ചോദിക്കുന്നത് കുറ്റകരമാണ് " ഉത്തമൻ
" അതിന് ആരാ ജാതി ചോദിച്ചത് "
" ഉത്ഥാനമാണ് " ഉത്തമൻ സമ്മതിച്ചു
" കേറി വരൂ, നായരെ " ദൈവജ്ഞൻ ക്ഷണിച്ചു
അകത്തുകയറി തിണ്ണയിൽ ഇരുന്ന് പ്രശനം അവതരിപ്പിച്ച. പ്രശ്നം തന്നെ ആയിരുന്നു പ്രശ്നം . ദൈവജ്ഞൻ കവിടി സഞ്ചി തുറന്നു കവിടികൾ എടുത്തു സാനിറ്റയ്സർ തളിച്ച് ശുദ്ധി വരുത്തി. ഗ്രഹങ്ങൾ തമ്മിൽ തമ്മിൽ സാമൂഹ്യ അകലം പാലിക്കത്തക്കവിധം രാശി ചക്രം വരച്ചു
" ജന്മനക്ഷത്രം തോന്നോ "
" ഉത്തര ഭാദ്രപാദമാണെന്നു തോന്നുന്നു "
"ജന്മ തിയ്യതിയോ "?
" 12 ജൂൺ , ജുറാസ്സിക് കാലഘട്ടം "
" തോനെ പ്രായായി , അല്ലേ ?" ദൈവജ്ഞൻ ചോദിച്ചു
" ശ്ശി"
" നൂറു കൊല്ലത്തെ കുന്നംകുളം പഞ്ചാംഗം പ്രകാരം നാൾ ഉത്രട്ടാതി തന്നെ. ആരൂഢം വന്നിരിക്കുന്നത് മീനത്തിൽ . പ്രശ്നവശാൽ എന്താണ് ചിന്തിക്കേണ്ടത് ?"
" മന്ത്രിപദം . മുഖ്യ മന്ത്രി പദം തന്നെ . സംശയമില്ല "
" പ്രളയ പയോധിജലേ ധൃത വാനസി വേദം , കേശവാ ധൃത മീന ശരീര.......എന്നാണു കാണുന്നത് . അതായത് , പ്രളയങ്ങളിലും കോവിഡിലും ഭരണഘടന മുങ്ങി പോയിരിക്കുന്നു എന്ന് "
" വേണ്ട ഭാഗം മുങ്ങിയെടുക്കാൻ പറ്റുമോ ?"
" അമാത്യ കാരകനായ ആദിത്യൻ കേന്ദ്ര രാശിയായപത്തിൽ , മീനത്തിൽ നിൽക്കുന്നത് ശുഭ സൂചനയാണ് . അമാത്യ പദവി ലഭ്യമായേക്കാം "
" ഉറപ്പാണോ "
" പാലാരിവട്ടം പാലത്തിന്റെ ഉറപ്പ് "
" പുതിയതോ പഴയതോ ?"
" പുതുസ്സ് തന്നെ "
" ടെൻസയിൽ സ്ട്രെങ്ത് ?"
" ബലിച്ചാ ബലിയും , ബലി ബിട്ടാ സുറൂളും "
" കമ്പ്രെസ്സിവ് സ്ട്രെങ്ത് ?"
" സഹിക്കില്ല . ച്ചാൽ എന്തും സഹിക്കും "
" അപ്പൊ ഗോവർധന ഗിരി കക്ഷി സർക്കാരുണ്ടാക്കുമല്ലേ ?'
" എന്ന് പറയാൻ പറ്റില്ല. താങ്കൾക്കു അമാത്യ യോഗം ഉണ്ടെന്നേ പറഞ്ഞുള്ളു . അമാത്യൻ എന്നാൽ കൗൺസിലർ , അഡ്വൈസർ എന്നൊക്കെ അർഥം . മന്ത്രിയല്ല .'
" അതാച്ചാൽ അത്. എങ്ങിനെ തരാവും "
"നിയമ സഭയെ തൂക്കണം"
" അതൊക്കെ പറ്റോ ?"
" പറ്റണം . താങ്കളുടെ കക്ഷി ഒരു പതിനഞ്ചു സീറ്റ് സംഘടിപ്പിക്കുകയാണെങ്കിൽ ബാക്കിയെല്ലാം ജോലി പോയ മുൻ മന്ത്രിമാർ ചെയ്തോളും ."
"എന്നാലും തൂക്കു നിയമ സഭാ ?'
"കോവിന്ദാ ! കോവിന്ദ !"