Sunday, June 2, 2019

MONEY  നാദം 

( മസാല ബോണ്ടുമായോ മല  കയറ്റമായോ  ഈകഥക്കു മസാല ബോണ്ടക്കുള്ള ബന്ധമേയുള്ളു )


 കോലായിൽ കാലും  നീട്ടി ഇരുന്നു  വാണിയംകുളം കുഞ്ചി , .

പതിവ് പോലെ ഒരു സായാഹ്നത്തിൽ .               


പക്ഷെ , അന്ന് അവൾ ചിന്താവിഷ്ടയായിരുന്നു

ചന്തയിൽ അന്ന് നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നില്ല ചിന്ത .മഴ വരുന്നതിനു മുൻപ് , കഴിഞ്ഞ പ്രളയത്തിൽ  തകർന്നടിഞ്ഞ വീടിന്റെ വടക്കു ഭാഗം എങ്ങിനെ നേരെ ആക്കും എന്നായിരുന്നു അവളുടെ മസ്തിഷ്ക മൈഥുനം. സെറിബെറൽ ഹെമറേജ്. മൻ കി ബാത് .

പ്രളയപയോധി ജലത്തെ  കുറിച്ച് ഓർത്തപ്പോൾ അവൾ അറിയാതെ പല്ലിറുമ്മി .

"കഴുവേറി മക്കൾ. ഡാം തുറന്നു വിട്ട്  വീട് നശിപ്പിച്ചു "

ആ ചിന്ത ജനിച്ച ഉടനെ തന്നെ  അതിനെ കൊന്നു. വേരോടെ പിഴുതെറിഞ്ഞു . മനസ്സിൽ മൂന്നു ഇൻക്വിലാബ് വിളിച്ചു പാപം ഏറ്റു  പറഞ്ഞു  ,  പാർട്ടിയോട് കൂറുള്ള സഖാവ് മാറി ചിന്തിച്ചു . പാർട്ടി ലൈനിൽ .

" മഴ കുറച്ചു അധികം തന്നെ ആയിരുന്നേ ! ഒരു പ്രോലിറ്റേറിയൻ സർക്കാറിന് താങ്ങാവുന്നതിലും കൂടുതൽ "

ദുരന്ത സഹായ നിധിയിൽ നിന്നും കുറച്ചു ദമ്പിടി പ്രതീക്ഷിച്ചു . അത് വേറൊരു ദുരന്തമായി .
കുഞ്ചി പാർട്ടി സർക്കാറിനെ പഴിച്ചില്ല .കേന്ദ്രനെ ശപിച്ചു .

ഇനിയെന്താ ഒരു വഴി ? ദേവനാഗരിയിലും ചിന്തിച്ചു നോക്കി ."കിം കരണീയം ?"

അങ്ങിനെ ചിന്തിച്ചിരിക്കെ , അയൽക്കാരനും അത്യാവശ്യം പറ്റുകാരനും, സാമ്പത്തിക ഉപദേഷ്ടാവുമായ  ഇസഹാഖ് കുരിക്കൾ  ആ വഴി ആവിർഭവിച്ചു, സംഭവിച്ചു . കുഞ്ചി പ്രശ്നം കുരുക്കൾക്കു  മുൻപിൽ അവതരിപ്പിച്ചു . തുറന്നു കാട്ടി. പ്രശ്ന മോചന ദ്രവ്യം ആവശ്യപ്പെട്ടു .

കുരിക്കൾ അഗാധ ചിന്തയിൽ ആണ്ടു പോയതായി നടിച്ചു . മുഖം കണ്ണാടിയാക്കി അതിൽ നിസ്സഹായത പ്രതിഫലിപ്പിച്ചു . പിന്നെ പറഞ്ഞു .

'ദുബായിൽ സാമ്പത്തിക മാന്ദ്യമാണെന്നു ചെക്കൻ പറയുന്നു . ഡ്രാഫ്റ്റും കുഴലും ഒന്നും വരുന്നില്ല . അഥവാ വന്നാൽത്തന്നെ ലോ ഫോർ ഡിജിറ്റിൽ കഷ്ടിച്ചേ എത്തു .രണ്ടറ്റവും എത്തണമെങ്കിൽ ബല്ലാതെ ബലിക്കണം ;ബലി  ബിട്ടാൽ സുരുളും "

"കുരിക്കൾ എന്നെ കൈയൊഴിയരുത് " കുഞ്ചി  ഗദ്ഗദകണ്ഠ .

കുരിക്കൾ ആലോചിച്ചു . ആലോചനക്ക് മേൽ വീണ്ടും ആലോചിച്ചു. തല പുണ്ണായപ്പോൾ ആലോചന നിർത്തി വെച്ചു.  സീനാ ഡിയെ (  sine die).  ഒരു ഡീസൻറ് ഇന്റെർവെല്ലിനു ശേഷം പ്രശ്നത്തെ വീണ്ടും സന്ദർശിച്ചു. റീ വിസിറ്റഡ് . അപ്പോഴുണ്ടായി വെളിപാട് .

" കുഞ്ചിയേ, ഒരു വഴിയുണ്ട് "

" ഏതാ ആ ഒരു വഴിയും കുറെ നിഴലുകളും ?" കുഞ്ചി

കുരിക്കൾ മുൻപിൽ നടന്നു വഴി തെളിച്ചു. വഴിയുടെ അറ്റത്തു വാര്യര് .

കുറച്ചു കാലമായി വാര്യര് ഭക്തി കച്ചവടം തൊടുങ്ങിയിട്ട് .കുടുംബ സ്വത്തായി ഒരു ചെറിയ അമ്പലവുമുണ്ട് . ഊരായ്മയും കാരായ്മയും .  മൊത്തക്കച്ചവടവും ചില്ലറ കച്ചവടവും. പിന്നെ അത്യാവശ്യം പണം കടം കൊടുപ്പും.  ഭക്തിക്ക് ഡിമാൻഡ് നല്ലവണ്ണം കൂടിയിട്ടുണ്ട്.വാര്യർ ഒരു പെറ്റി ബൂർഷ്വയിൽ നിന്ന് പക്കാ ബൂർഷ്വയിലേക്കു വളർന്നു .

കുഞ്ചിയും കുരുക്കളും ഒന്നിച്ചും , വെവ്വേറെയുമായി പ്രശ്നം അവതരിപ്പിച്ചു. വാര്യർ കുഞ്ചിയുടെ ക്രെഡിറ്റ് വേർതിനെസ് ആകെ ഒന്ന് അവലോകനം ചെയ്തു. ഏറിയാൽ മുപ്പത്തഞ്ചു് വയസ്സ്  . നെയ്യ് വാർന്നു പോയിട്ടില്ല . പണം അടവ് തെറ്റിയാൽ വസൂലാക്കാൻ മാർഗ്ഗമുണ്ട് . ഒരു പതിനായിരം ഉറുപ്പിക വരെ ക്രെഡിറ്റ് റിസ്ക് ആവാം .തവണകളായി വസ്സൂലാക്കണ്ടി വരും എന്നൊരു അസൗകര്യമേ ഉള്ളു .

നൂറ്റുക്കു മൂന്നു ഉറുപ്പിക മാസ പലിശ കണക്കിൽ എടവാട് ഒറപ്പിച്ചു . മൂന്നു മാസത്തെ പലിശ മുൻകൂറായി പിടിച്ചു, പ്രോനോട്ട് ഒപ്പിട്ടു  ബാക്കി പണം കൈമാറി. കുഞ്ചി ഹാപ്പി , കുരിക്കൾ ഖുശ്. വാര്യർ ഡബിൾ ഹാപ്പി. പടച്ചവൻ സ്വർഗ്ഗത്തിൽ , ലോകം മുയ്മനും ഹാപ്പി .

എടവാടിന് ശേഷം യാത്രയാകുമ്പോൾ കുഞ്ചി ഒരാഗ്രഹം പ്രകടിപ്പിച്ചു . അമ്പലത്തിൽ ഒന്ന് മണിയടിച്ചു തൊഴുകണം.

വാരിയരുടെ 'മൗൻ സമ്മതിനു ' പുറത്തു കുഞ്ചി അമ്പലത്തിൽ മണിയടിച്ചു തൊഴുതു .

അങ്ങിനെ മണിയടിച്ചു തൊഴുത ആദ്യ ശൂദ്ര സ്ത്രീ ആയി കുഞ്ചി

ചിലർ പറയുന്നു ആ മണിയടി മൂന്നാം നവോത്ഥാനത്തിന്റെ നാന്ദി ആയിരുന്നുവെന്ന്






















The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...