എ പ്ലസ്
( തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപെഴുതിയതു )
മഹായോഗി ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നു. പക്ഷെ ഉടനെ എഴുന്നേറ്റില്ല .ഒരു ആലസ്യത്തിന്ന് മുകളിൽ കയറി ആലോചിച്ചു " ഇന്നേക്ക് ഒരു ദിവസം ഭോഗിയായി ഭോഗ നിദ്രയിലേക്ക് വീണാലോ "
വീണില്ല .എഴുനേറ്റു . ദന്ത ശോധനത്തിനുള്ള വേപ്പിൻ കമ്പ് തിരഞ്ഞെടുത്ത് എളിയിൽ തിരുകി ഗോധുളിയിലെ മാളത്തിൽ നിന്നും പുറത്തു വന്നു. അപ്പോഴും ചൗരാഹയിൽ തലേന്ന് വൈകുന്നേരം തെളിച്ചു കൊണ്ട് പോയ ഗോക്കളുടെ കുളമ്പുകളിൽ നിന്നുയർന്ന ധൂളി തങ്ങി നിന്നിരുന്നു
സ്നാനഘട്ടം ലക്ഷ്യമാക്കി നടന്നു . പിന്നിൽ കൂടിയ സുരക്ഷാ ഭടന്മാരെ ആട്ടി ഓടിച്ചു. അന്നത്തെ പ്രഭാതകർമ്മങ്ങൾക്കായി ദശാശ്വമേധഘട്ടം തിരഞ്ഞെടുത്തു. പത്തു thoroughbred കുതിരകളെ കൊന്ന് ശുദ്ധി വരുത്തി നദിയിലേക്കു ഇറങ്ങി. കൈകുമ്പിളിൽ വെള്ളെമെടുത്തു സപ്‌ത നദികളെ ആവാഹിച്ചു
" ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
ആമസോണെ സെയ്നി തേംസെ
ജലേസ്മിൻ സന്നിധിം കുരു
ആമസോണിലെ വെള്ളത്തിനോടൊപ്പം വന്ന പിരാന മത്സ്യത്തെ ദൂരെ കളഞ്ഞു വെള്ളം തലയിലൂടെ ഒഴിച്ചു . വേപ്പിൻ കമ്പെടുത്തു പല്ലു ശുദ്ധിയാക്കി . ഒഴുകി വന്ന ഒരു ശവത്തിനെ നദി മധ്യത്തിലേക്കു തിരിച്ചു വിട്ട് മൂന്നു വട്ടം മുങ്ങി നിവർന്നു
ചക്രവാളത്തിലേക്ക് നോക്കി . സൂര്യ നാരായണ അയ്യർ ഹാജർ, നമസ്തേ പറഞ്ഞു . ജയ് രാം ജി കി എന്ന് അയ്യരും പ്രത്യഭിവാദനം ചെയ്തു.കൽപ്പടവുകൾ കയറി തിരിച്ചു നടന്നു.
ഇടുങ്ങിയ ഗള്ളികളിലൂടെ ക്ഷേത്രത്തിലേക്ക് നടന്നു. പഞ്ചഗവ്യത്തിലാറാടി നിൽക്കുന്ന ലിംഗത്തെ തൊഴുതു .
' എന്താ വന്നത് ?' ഭഗവാൻ ചോദിക്കുന്നതായി തോന്നി
' ഇന്നാണ് റിസൾട്ട് വരുന്നത്. എ പ്ലസ് തന്നു അനുഗ്രഹിക്കണം '
' എ പ്ലസ്സോ ?'
' അതെ മുന്നൂറു മാർക്കിൽ കൂടുതൽ . 300 പ്ലസ് '
' അത്യാഗ്രഹം തന്നെ, അല്ലെ '
' അതെ '
' തദാസ്തു "
യോഗീശ്വരൻ മടങ്ങുമ്പോൾ ഒരു പിൻവിളി കേട്ടു തിരിഞ്ഞു നിന്നു . ഭഗവാൻ പറയുന്നതായി തോന്നി .
' അപ്പുറത്തെ പള്ളീലും കൂടി ഒന്ന് പറഞ്ഞോളൂ "
NB: പള്ളീൽ പറയേണ്ടി വന്നില്ല .