Sunday, June 2, 2019

MONEY  നാദം 

( മസാല ബോണ്ടുമായോ മല  കയറ്റമായോ  ഈകഥക്കു മസാല ബോണ്ടക്കുള്ള ബന്ധമേയുള്ളു )


 കോലായിൽ കാലും  നീട്ടി ഇരുന്നു  വാണിയംകുളം കുഞ്ചി , .

പതിവ് പോലെ ഒരു സായാഹ്നത്തിൽ .               


പക്ഷെ , അന്ന് അവൾ ചിന്താവിഷ്ടയായിരുന്നു

ചന്തയിൽ അന്ന് നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നില്ല ചിന്ത .മഴ വരുന്നതിനു മുൻപ് , കഴിഞ്ഞ പ്രളയത്തിൽ  തകർന്നടിഞ്ഞ വീടിന്റെ വടക്കു ഭാഗം എങ്ങിനെ നേരെ ആക്കും എന്നായിരുന്നു അവളുടെ മസ്തിഷ്ക മൈഥുനം. സെറിബെറൽ ഹെമറേജ്. മൻ കി ബാത് .

പ്രളയപയോധി ജലത്തെ  കുറിച്ച് ഓർത്തപ്പോൾ അവൾ അറിയാതെ പല്ലിറുമ്മി .

"കഴുവേറി മക്കൾ. ഡാം തുറന്നു വിട്ട്  വീട് നശിപ്പിച്ചു "

ആ ചിന്ത ജനിച്ച ഉടനെ തന്നെ  അതിനെ കൊന്നു. വേരോടെ പിഴുതെറിഞ്ഞു . മനസ്സിൽ മൂന്നു ഇൻക്വിലാബ് വിളിച്ചു പാപം ഏറ്റു  പറഞ്ഞു  ,  പാർട്ടിയോട് കൂറുള്ള സഖാവ് മാറി ചിന്തിച്ചു . പാർട്ടി ലൈനിൽ .

" മഴ കുറച്ചു അധികം തന്നെ ആയിരുന്നേ ! ഒരു പ്രോലിറ്റേറിയൻ സർക്കാറിന് താങ്ങാവുന്നതിലും കൂടുതൽ "

ദുരന്ത സഹായ നിധിയിൽ നിന്നും കുറച്ചു ദമ്പിടി പ്രതീക്ഷിച്ചു . അത് വേറൊരു ദുരന്തമായി .
കുഞ്ചി പാർട്ടി സർക്കാറിനെ പഴിച്ചില്ല .കേന്ദ്രനെ ശപിച്ചു .

ഇനിയെന്താ ഒരു വഴി ? ദേവനാഗരിയിലും ചിന്തിച്ചു നോക്കി ."കിം കരണീയം ?"

അങ്ങിനെ ചിന്തിച്ചിരിക്കെ , അയൽക്കാരനും അത്യാവശ്യം പറ്റുകാരനും, സാമ്പത്തിക ഉപദേഷ്ടാവുമായ  ഇസഹാഖ് കുരിക്കൾ  ആ വഴി ആവിർഭവിച്ചു, സംഭവിച്ചു . കുഞ്ചി പ്രശ്നം കുരുക്കൾക്കു  മുൻപിൽ അവതരിപ്പിച്ചു . തുറന്നു കാട്ടി. പ്രശ്ന മോചന ദ്രവ്യം ആവശ്യപ്പെട്ടു .

കുരിക്കൾ അഗാധ ചിന്തയിൽ ആണ്ടു പോയതായി നടിച്ചു . മുഖം കണ്ണാടിയാക്കി അതിൽ നിസ്സഹായത പ്രതിഫലിപ്പിച്ചു . പിന്നെ പറഞ്ഞു .

'ദുബായിൽ സാമ്പത്തിക മാന്ദ്യമാണെന്നു ചെക്കൻ പറയുന്നു . ഡ്രാഫ്റ്റും കുഴലും ഒന്നും വരുന്നില്ല . അഥവാ വന്നാൽത്തന്നെ ലോ ഫോർ ഡിജിറ്റിൽ കഷ്ടിച്ചേ എത്തു .രണ്ടറ്റവും എത്തണമെങ്കിൽ ബല്ലാതെ ബലിക്കണം ;ബലി  ബിട്ടാൽ സുരുളും "

"കുരിക്കൾ എന്നെ കൈയൊഴിയരുത് " കുഞ്ചി  ഗദ്ഗദകണ്ഠ .

കുരിക്കൾ ആലോചിച്ചു . ആലോചനക്ക് മേൽ വീണ്ടും ആലോചിച്ചു. തല പുണ്ണായപ്പോൾ ആലോചന നിർത്തി വെച്ചു.  സീനാ ഡിയെ (  sine die).  ഒരു ഡീസൻറ് ഇന്റെർവെല്ലിനു ശേഷം പ്രശ്നത്തെ വീണ്ടും സന്ദർശിച്ചു. റീ വിസിറ്റഡ് . അപ്പോഴുണ്ടായി വെളിപാട് .

" കുഞ്ചിയേ, ഒരു വഴിയുണ്ട് "

" ഏതാ ആ ഒരു വഴിയും കുറെ നിഴലുകളും ?" കുഞ്ചി

കുരിക്കൾ മുൻപിൽ നടന്നു വഴി തെളിച്ചു. വഴിയുടെ അറ്റത്തു വാര്യര് .

കുറച്ചു കാലമായി വാര്യര് ഭക്തി കച്ചവടം തൊടുങ്ങിയിട്ട് .കുടുംബ സ്വത്തായി ഒരു ചെറിയ അമ്പലവുമുണ്ട് . ഊരായ്മയും കാരായ്മയും .  മൊത്തക്കച്ചവടവും ചില്ലറ കച്ചവടവും. പിന്നെ അത്യാവശ്യം പണം കടം കൊടുപ്പും.  ഭക്തിക്ക് ഡിമാൻഡ് നല്ലവണ്ണം കൂടിയിട്ടുണ്ട്.വാര്യർ ഒരു പെറ്റി ബൂർഷ്വയിൽ നിന്ന് പക്കാ ബൂർഷ്വയിലേക്കു വളർന്നു .

കുഞ്ചിയും കുരുക്കളും ഒന്നിച്ചും , വെവ്വേറെയുമായി പ്രശ്നം അവതരിപ്പിച്ചു. വാര്യർ കുഞ്ചിയുടെ ക്രെഡിറ്റ് വേർതിനെസ് ആകെ ഒന്ന് അവലോകനം ചെയ്തു. ഏറിയാൽ മുപ്പത്തഞ്ചു് വയസ്സ്  . നെയ്യ് വാർന്നു പോയിട്ടില്ല . പണം അടവ് തെറ്റിയാൽ വസൂലാക്കാൻ മാർഗ്ഗമുണ്ട് . ഒരു പതിനായിരം ഉറുപ്പിക വരെ ക്രെഡിറ്റ് റിസ്ക് ആവാം .തവണകളായി വസ്സൂലാക്കണ്ടി വരും എന്നൊരു അസൗകര്യമേ ഉള്ളു .

നൂറ്റുക്കു മൂന്നു ഉറുപ്പിക മാസ പലിശ കണക്കിൽ എടവാട് ഒറപ്പിച്ചു . മൂന്നു മാസത്തെ പലിശ മുൻകൂറായി പിടിച്ചു, പ്രോനോട്ട് ഒപ്പിട്ടു  ബാക്കി പണം കൈമാറി. കുഞ്ചി ഹാപ്പി , കുരിക്കൾ ഖുശ്. വാര്യർ ഡബിൾ ഹാപ്പി. പടച്ചവൻ സ്വർഗ്ഗത്തിൽ , ലോകം മുയ്മനും ഹാപ്പി .

എടവാടിന് ശേഷം യാത്രയാകുമ്പോൾ കുഞ്ചി ഒരാഗ്രഹം പ്രകടിപ്പിച്ചു . അമ്പലത്തിൽ ഒന്ന് മണിയടിച്ചു തൊഴുകണം.

വാരിയരുടെ 'മൗൻ സമ്മതിനു ' പുറത്തു കുഞ്ചി അമ്പലത്തിൽ മണിയടിച്ചു തൊഴുതു .

അങ്ങിനെ മണിയടിച്ചു തൊഴുത ആദ്യ ശൂദ്ര സ്ത്രീ ആയി കുഞ്ചി

ചിലർ പറയുന്നു ആ മണിയടി മൂന്നാം നവോത്ഥാനത്തിന്റെ നാന്ദി ആയിരുന്നുവെന്ന്






















Sunday, May 26, 2019



എ പ്ലസ് 



( തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപെഴുതിയതു )


മഹായോഗി ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നു. പക്ഷെ ഉടനെ എഴുന്നേറ്റില്ല .ഒരു ആലസ്യത്തിന്ന് മുകളിൽ കയറി ആലോചിച്ചു " ഇന്നേക്ക് ഒരു ദിവസം ഭോഗിയായി ഭോഗ നിദ്രയിലേക്ക് വീണാലോ "

വീണില്ല .എഴുനേറ്റു . ദന്ത ശോധനത്തിനുള്ള വേപ്പിൻ കമ്പ് തിരഞ്ഞെടുത്ത് എളിയിൽ തിരുകി ഗോധുളിയിലെ മാളത്തിൽ നിന്നും പുറത്തു വന്നു. അപ്പോഴും ചൗരാഹയിൽ തലേന്ന് വൈകുന്നേരം തെളിച്ചു കൊണ്ട് പോയ ഗോക്കളുടെ കുളമ്പുകളിൽ നിന്നുയർന്ന ധൂളി  തങ്ങി  നിന്നിരുന്നു

സ്നാനഘട്ടം ലക്ഷ്യമാക്കി നടന്നു . പിന്നിൽ കൂടിയ സുരക്ഷാ ഭടന്മാരെ ആട്ടി ഓടിച്ചു. അന്നത്തെ പ്രഭാതകർമ്മങ്ങൾക്കായി ദശാശ്വമേധഘട്ടം  തിരഞ്ഞെടുത്തു. പത്തു thoroughbred കുതിരകളെ കൊന്ന് ശുദ്ധി വരുത്തി നദിയിലേക്കു ഇറങ്ങി. കൈകുമ്പിളിൽ വെള്ളെമെടുത്തു സപ്‌ത നദികളെ ആവാഹിച്ചു

" ഗംഗേ ച യമുനേ ചൈവ                             
  ഗോദാവരി സരസ്വതി
ആമസോണെ സെയ്നി തേംസെ
ജലേസ്മിൻ സന്നിധിം കുരു

ആമസോണിലെ വെള്ളത്തിനോടൊപ്പം വന്ന പിരാന മത്സ്യത്തെ ദൂരെ കളഞ്ഞു വെള്ളം തലയിലൂടെ ഒഴിച്ചു . വേപ്പിൻ കമ്പെടുത്തു  പല്ലു ശുദ്ധിയാക്കി . ഒഴുകി വന്ന ഒരു ശവത്തിനെ നദി മധ്യത്തിലേക്കു തിരിച്ചു വിട്ട് മൂന്നു വട്ടം മുങ്ങി നിവർന്നു

ചക്രവാളത്തിലേക്ക് നോക്കി . സൂര്യ നാരായണ അയ്യർ ഹാജർ,  നമസ്തേ പറഞ്ഞു . ജയ് രാം ജി കി എന്ന് അയ്യരും പ്രത്യഭിവാദനം ചെയ്തു.കൽപ്പടവുകൾ കയറി തിരിച്ചു നടന്നു.

ഇടുങ്ങിയ ഗള്ളികളിലൂടെ ക്ഷേത്രത്തിലേക്ക് നടന്നു. പഞ്ചഗവ്യത്തിലാറാടി നിൽക്കുന്ന ലിംഗത്തെ തൊഴുതു .

' എന്താ വന്നത് ?' ഭഗവാൻ ചോദിക്കുന്നതായി തോന്നി

' ഇന്നാണ് റിസൾട്ട് വരുന്നത്. എ പ്ലസ് തന്നു അനുഗ്രഹിക്കണം '

' എ പ്ലസ്സോ ?'

' അതെ മുന്നൂറു മാർക്കിൽ കൂടുതൽ . 300 പ്ലസ് '

' അത്യാഗ്രഹം തന്നെ, അല്ലെ '

' അതെ '

' തദാസ്തു "

യോഗീശ്വരൻ മടങ്ങുമ്പോൾ ഒരു പിൻവിളി കേട്ടു തിരിഞ്ഞു നിന്നു . ഭഗവാൻ പറയുന്നതായി  തോന്നി .

' അപ്പുറത്തെ പള്ളീലും കൂടി ഒന്ന് പറഞ്ഞോളൂ "

NB:   പള്ളീൽ പറയേണ്ടി വന്നില്ല .



The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...