( ഇതിൽ കാണിച്ചിട്ടുള്ള നഷ്ടകണക്കുകൾ വൈദുതി വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ ആണ് (മിക്കതും) Source മാതൃഭൂമി 14 09 18 )
"പ്രളയ പയോധി ജലേ, കൃഷ്ണ , ധൃത വാനസി രാജ്യം ........"
പ്രളയ ജലത്തിൽ രാജ്യത്തെ മന്ത്രിമാർ മുക്കി. മുങ്ങി പ്പോയ രാജ്യത്തെ പുനരുദ്ധരിക്കാനും നവീകരിക്കാനുമായി ഭഗവാൻ മീന ശരീരനായി അവതരിച്ചു
പെടക്കണ കണ്ണൻ മത്സ്യമായി
ബെയ്ക്കി പോണ കയ്ച്ചിലായി
ബ്രാലായി .
പൂയം ഞാറ്റുവേല കഴിഞ്ഞ ശേഷമാണ് മ്മടെ തൃശൂരിൽ പ്രളയം ആരംഭിച്ചത് .മറ്റു ചില സ്ഥലങ്ങളിൽ പ്രളയം നേരത്തെ തുടങ്ങിയെത്രെ . പക്ഷെ ഈ വിഹിത വഹിത ചരിത്രം ദേവ ഭൂമിയായ തൃശൂരിനെ കുറിച്ച് മാത്രം .
കാരണം ജയദേവ കവി സ്ഥലം എം.പി ആയിരുന്നു
അങ്ങിനെ പൂയം ഞാറ്റു വേല കഴിഞ്ഞപ്പോ ഴേക്കും പുഴകൾ പതിവ് പോലെ ഏതാണ്ട് നിറഞ്ഞിരുന്നു . അണക്കെട്ടുകളും . വെള്ളം കണ്ടു പൂസായ മന്ത്രിമാരും എഞ്ചിനീർമാരും അണക്കെട്ടു തുറക്കേണ്ട എന്ന് തീരുമാനിച്ചു.
പിന്നെ തുറന്നു .
അങ്ങിനെ പ്രളയിച്ചു
അത് ചരിത്രം .
പക്ഷെ മീന ശരീരനായ Mr .Fish അവതരിച്ചത് രാജ്യത്തിന്റെ പുനരുദ്ധാരണത്തിന്നായിരുന്നു . പറ്റുമെങ്കിൽ അസാരം നവീകരണത്തിനും
അങ്ങിനെയാണ് ശ്രീ .കണ്ണൻജി എന്ന ജനാബ് കയ്ച്ചിൽ സാഹേബ് അവതാരോദ്ദേശം പൂർത്തികരിക്കാനായി ലോക ബാങ്ക് - ഏഷ്യൻ ബാങ്ക് പ്രതിനിധികളെ കണ്ടത്
ജില്ലയിലെ വൈദുതി വകുപ്പിന് 82,24,32,311.50 ക യുടെ നഷ്ടമുണ്ടെന്നു കണക്കുകൾ കാണിച്ചു.
'കൃത്യം' ?
'കൊടുങ്ങല്ലൂരമ്മയാണേ !'
'അമ്പത് പൈസയും വേണോ ?'
'കിട്ടിയാൽ മുഷിയില്ല'
ലോ .ബാ പ്രതിനിധിയുടെ നിർദ്ദേശപ്രകാരം മിസ്റ്റർ ബ്രാൽ നഷ്ടം Rs .82 .24 കോടി എന്ന് റൗൺദീകരിച്ചു. മനസ്സില്ലാ മനസ്സോടെ.
ലോക ബാങ്കിലെ അനന്ത രാമൻ, CA ചോദിച്ചു
Mr .Fish ! Can you give us the break - up ?
കണ്ണൻജി കണക്കുകൾ നിരത്തി
വെള്ളത്തിനടിയിലായ കണക്ഷൻസ് 428403
നശിച്ച വൈദ്യുത ലൈൻ 723 കി.മി
നശിച്ച ട്രാൻസ്ഫോർമറുകൾ 637
ഏഷ്യൻ ബാങ്കിലെ വിദഗ്ധൻ അന്തപ്പൻ ചോദിച്ചു:
ഷോക്കടിച്ചു എത്ര പേര് മയ്യത്തായി?
നിർഭാഗ്യവശാൽ രക്തസാക്ഷികൾ ഇല്ല
ഇതൊക്കെ പുനഃസ്ഥാപിച്ചുവോ ?
ഉവ്വ്
എപ്പോൾ ?
വെള്ളം ഇറങ്ങിയതോടു കൂടി തന്നെ .
എങ്ങിനെ സാധിച്ചു
വൺ , ടു , ത്രീ
അന്തപ്പൻ ബോധം കെട്ടു .പിന്നെ കമാ എന്നൊരക്ഷരം മിണ്ടിയില്ല .
അവതാരോദ്ദേശ്യം സാധിച്ച മീന ശരീരനോട് പത്രക്കാർ ചോദിച്ചു:
ഇനി എപ്പോഴാണ് ഈ വഴിക്കു ?
കലിയുഗത്തിന്റെ അവസാന കാലത്ത്
എന്താ ഉദ്ദേശ്യം
മ്ലേച്ഛന്മാരെ വധിക്കുക
അതെങ്ങിനെ സാധിക്കും?
ഞാൻ കെട്ടി തൂങ്ങി ചാവും. എന്നെക്കാൾ വലിയ മ്ലേച്ഛനില്ല .
വാൽകഷ്ണം : മീറ്റിംഗിന് ശേഷം വീട്ടിലെത്തിയ അന്തപ്പൻ നഗരത്തിലെ ഒരു പ്രധാന ആശുപത്രിയെ വിളിച്ചു .മറുപടി കിട്ടി . ട്രാൻസ്‌ഫോർമർ കേടായിട്ടു രണ്ടാഴ്ചയായി. ഞങ്ങൾ ജനറേറ്ററിൽ ആണ്