Friday, February 13, 2015

മൂല മന്ത്രം

മൂലമന്ത്രം

ശ്രീ മൂല സ്ഥാനത്തിൽ ഒരു മൂലക്ക്  സ്ഥാപിച്ചിട്ടുള്ള ബോർഡ് ശ്രദ്ധിച്ചു.

" Dont be seated "

ഓ ! എന്തൊരു ഗൌരവം. സാക്ഷാൽ വടക്കുനാഥൻ ആജ്ഞാപിക്കുന്നത് പോലെ.! ബോർഡ് സ്ഥാപിച്ച കാലത്ത്, അടുത്തൂണ്‍ പറ്റിയ വല്ല യുവർ ഓണറിനുമായിരിന്നിരിക്കും ദേവസ്വം ചാർജ്.

ഭാഗ്യത്തിന്ന് ലാറ്റിൻ ഒന്നും കണ്ടില്ല.

"Deepaaraadhana will be performed at 6.00pm for Shiva, Ganapathi, Shankaranaarayanan and Sreeraaman, mutatis mutandis."

എന്ന മട്ടിൽ . .

അത് കൊണ്ട് തന്നെ  ശാന്തി ,നാരായണൻ നമ്പുതിരി കീഴ്ശാന്തിയോടു 'മ്യുട്ടാറ്റിസ് ഞാൻ ചെയ്തോളാം ; താൻ മ്യുട്ടാന്ടിസ് അങ്ങട് ചെയ്യാ"എന്ന് വിളിച്ചു പറയുന്നത് ഒന്നും കേൾക്കേണ്ടി വന്നില്ല..  "ഇന്റർ അലിയ " Among other things.

ചിന്തകൾ  പിന്നെയും  ആസനത്തിനോടുള്ള കൽപ്പനയിലെക്കു തിരിച്ചു വന്നു. എന്ത് കൊണ്ട് ' Do not sit here' എന്നെഴുതി കൂടാ. അല്ലെങ്കിൽ കുറച്ചു മര്യാദ രാമനായി " Please do not sit here" എന്ന്.

ഒരു പക്ഷെ ബോർഡ് ആദ്യം എഴുതിയപ്പോൾ ഒരു തമിഴ് ബ്രാഹ്മണന്ന്  ആയിരുന്നിരിക്കും ചുമതല. இங்கே உக்கார கூடாது എന്ന് ചെന്തമിഴിൽ ചിന്തിച്ച് " ശുക്ലവർണ്ണം, ബ്ലാത്തി ഗോത്രം  "  ബ്രാഹ്മണന്റെ ഭാഷയിൽ എഴുതിയതാവാം.

അല്ലെങ്കിൽ ,  കോടതി ഹരജികൾ പോലെ  ,തേവരുടെ കല്പനകൾക്കും    കണിശമായ വ്യാകരണം , ഛന്ദസ്സ് നിബന്ധനകൾ  കാണുമായിരിക്കും. അതായിരിക്കുമോ ആദി കവി പറയാൻ ശ്രമിച്ചത് ?

"മാ നിഷാദ പ്രതിഷ്ടാം ത്വമഗമ ശാശ്വതിസമാ"
(എടാ കാട്ടാളാ! ഇവിടെ സ്ഥിരമായി ആസനം പ്രതിഷ്ടിക്കണ്ട.)  

ആജ്ഞ എന്തായാലും  ആസനങ്ങൾ അത്ര  ശ്രദ്ധിക്കാറില്ല. പല തമിൾ തെലുങ്ക്‌ ഗോസായി "മൂലങ്ങളും" ശ്രീ മൂല സ്ഥാനത്ത് തന്നെ പ്രതിഷ്ടിക്കാറുണ്ട്. പ്രതേകിച്ച് മണ്ഡല കാലത്ത്. വാച്ചുമേനോൻ മാരായി നിയമിതരായ നായർ സഖാക്കൾ  പത്തു കൽപ്പനകളിൽ ചിലത്  ഇടയ്ക്കിടെ ഉരുവിട്ട് വിരട്ടി വിടാൻ നോക്കും

Thou shalt not sit here.!
(മൂലക്കുരു ഇവിടെ ചികിൽസിക്കില്ല )

ചാൾട്ടൻ ഹെസ്റ്റണ്‍മാരെ  ആരും ധിക്കരിക്കുന്നതു കണ്ടിട്ടില്ല.. ശൂദ്ര നായർ  വേഷം മാറി മോസെസ്  ആയി വന്നതാണെങ്കിൽ കൂടി. ആസനസ്ഥർ കാര്യമായ എതിർപ്പ് ഒന്നും പ്രകടിപ്പിക്കാതെ  ആസനം മാറ്റി വേറെ  എവിടെയെങ്കിലും പ്രതിഷ്ടിക്കും.

അതാണ്‌ പതിവ്. ചിട്ട. ആചാരം . ആധാർ .മൂലാധാർ.

ശ്രീ മൂലസ്ഥാനത്തിന്നു കുറച്ചു പടിഞ്ഞാറ് മാറി ഇരുന്ന് ആംഗലേയ ഭാഷാ പ്രയോഗ സമുച്ച യത്തെ കുറിച്ചുള്ള 'വിചിന്തനം' തുടർന്നു . സ്വാമിമാരോക്കെ ഇപ്പോൾ വിചിന്തനമേ ചെയ്യാറുള്ളു . വിചിന്തനം ആണ് ഇപ്പോൾ ഫാഷൻ . ഫാഷൻ ഷോയിൽ  സ്വാമിമാർക്കാണ്‌ മുൻ‌തൂക്കം. മൌലവിമാർക്ക് കിത്താബ് വായിക്കാനേ പാടുള്ളൂ. വിചിന്തനം പാങ്ങൂല .

സ്വാമിമാർക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. എന്ത് പറഞ്ഞാലും ഹിന്ദുക്കളുടെ ഏതെങ്കിലും കിത്താബിൽ കാണും. ഓണത്തല്ല് അപൂർവമായേ ദക്ഷിണയായി കിട്ടാറുള്ളു . കിത്താബിനെ തൊട്ടു കളിച്ചാൽ മൌലവിമാർക്ക് ചിലപ്പോൾ അങ്കം വെട്ടി ചത്ത  ചേകവർ ആകേണ്ടി വരും. ചേകവൻ ഊരുക്കു പോയി  എന്ന് ഒരു  സി.ബി .ഐ . ഡയറി കുറിപ്പ് ഉണ്ടാവും.

വിചിന്തനം " ഭൂതാതുരതയിൽ" ചെന്ന് പെട്ടു . സ്കൂളിൽ ആയിരിക്കുമ്പോൾ എല്ലാ അവധി അപേക്ഷയും As I am suffering from fever and headache ആയിരുന്നു. പതിനാറാ മടിയന്തിരവും  ഫീവർ ആൻഡ്‌ ഹെഡ് ഐക്കിൽ പെടുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയില്ല. ചിലപ്പോൾ ഓണ്‍ ലൈനിൽ  വല്ല കോഡും അടിച്ചാൽ മതിയായിരിക്കും.  കോളേജിൽ പക്ഷെ  അത് വേണ്ടി വന്നിരുന്നില്ല. ശിപായി പഴനിക്ക് വല്ലപ്പോഴും  ടെൻ മണീസ് കൊടുത്താൽ ആബ്സെന്റീ ലിസ്റ്റിൽ നിന്നും നമ്പർ എങ്ങോ പോയ്മറയും. ദേശീയ ഗ്രന്ഥത്തിൽ പറഞ്ഞ പോലെ . അവ്യക്താനി ഭൂതാനി, ...

ജോലി കിട്ടിയപ്പോളാണ് ''യാചകനായത്'. സായിപ്പിന്റെ കാലത്ത് എപ്പോഴോ പ്രചാരത്തിൽ വന്ന  I beg to advise.... ആയിരുന്നു നടപ്പു ദീനം. തലങ്ങും വിലങ്ങും യാചന.  ഇതിന്നു  ഉത്തരവാദി  സായിപ്പായിരുന്നു എന്ന്   തോന്നുന്നില്ല. ഷർട്ടും മുണ്ടും ധരിച്ച്, അതിന്നു മീതെ കോട്ടും ടൈയും പോട്ട നാമധാരികൾ  ആയിരിക്കണം.. യാചിക്കാത്ത സമയങ്ങളിൽ 'വിധി'യെ പറ്റി  വേവലാതി പെടുകയായിരുന്നു. Please advise fate of our cheque.....,., Wire fate of..... പിന്നെ എപ്പോഴോ ഈ യാചന നിന്നു  പോയി. വിധിയെ കുറിച്ചുള്ള ആശങ്ക കുറച്ചു കാലം കൂടെ  തുടർന്നു .
 നിരക്ഷരന്മാർക്കു ആംഗലേയത്തിൽ കത്തുകൾ തുടർന്നും  എഴുതി കൊണ്ടേ ഇരുന്നു. ഇടതു തള്ള വിരൽ സമൃദ്ധമായി ഉപയോഗിച്ചു് കാർഷിക കടങ്ങൾ തരമാക്കിയ  'രാംലാൽ' ഉർഫ് (alias ) കൻഹയ്യ ലാൽ മാർക്ക്  ഇംഗ്ലീഷിൽ പ്രണയ ലേഖനങ്ങൾ  എഴുതി. ബലഭദ്രന്മാർ ജനാർദന പൂജാരിമാരുടെ  സഹായത്തോടെ ഋണ സംഹാര പൂജകൾ നടത്തി കടക്കെണി തകർത്ത് പുതിയ കടങ്ങൾ തരമാക്കി ആത്മഹത്യക്കുള്ള ശുഭ മുഹൂർത്തം നോക്കി ഇരുന്നു,

 In consideration of ---Bank granting a crop loan.......എന്തൂട്ട് കണ്‍സിഡറേഷൻ . പോടാ പുല്ലേ .

അങ്ങിനെയാണ് ചെറുകിട കർഷകരെ സേവിക്കാനുള്ള ഏജൻസിയുടെ തലവൻറെ ആപ്പീസിൽ പോകേണ്ടി വന്നത്. ഐ എ എസ്സ് തുടക്കകാരൻ . 'ടയ്പ്പ്' ചെയ്ത് മുന്നിൽ വെച്ചിരിക്കുന്ന എഴുത്തുകൾ വായിക്കാതെ തന്നെ ഒപ്പിട്ടു തള്ളുകയാണ്. 'അഗ്രേസി ഹടാഓ 'കാലത്തിന്നു മുൻപായതു  കൊണ്ട്  എഴുത്തുകൾ 'അഗ്രെസി' യിൽ ആണ് പടച്ചിരിക്കുന്നത് . അബദ്ധ ജടിലം

കാര്യം പയ്യൻറെ ശ്രദ്ധയിൽ പെടുത്തി. ഒപ്പിടൽ നിർത്തി  വെച്ച് , മുഖമുയർത്തി എന്ത് കൊണ്ടാണ് അവൻ ഐ എ എസ്സ് ആയതു എന്ന് തെളിയിക്കുന്ന വിധം പറഞ്ഞു.

" രാജഗോപാലൻ സാബ് ! ബാബു ലിഖ്താ ഹൈ ! ബാബു പഠ്താ ഹെ ! ഇൻ ലോഗോം കോ കോയി കണ്‍ഫുഷൻ നഹി തോ ഹം ക്യോം ഇസ് ക ബീച് മേ ആനാ ഹേ "
( ഒരു ഗുമസ്തൻ എഴുതുന്നു. വേറൊരു ഗുമസ്തൻ വായിക്കുന്നു. അവർക്ക് ഒരു കണ്‍ഫുഷനുമില്ലെങ്കിൽ   ഞാനെന്തിനു ഇതിൽ തലയിടണം )

"എ ട്രൂ അപ്പ്രീസിയെഷൻ ഓഫ് ദി സിറ്റുവെഷൻ " മനസ്സു കൊണ്ടൊരു കൈകൊട്ടികളി നടത്തി .അങ്ങിനെ സർക്കാർ  കാര്യം മുറ പോലെ നടക്കുന്നു. ഏതു ശ്രേഷ്ഠ ഭാഷ ആയാലും.


ഈ ഘട്ടത്തിൽ വിചാരധാരാ നദിക്കു ഒരു താത്കാലിക വിഘ്നം സംഭവിച്ച്  ഗതി മാറി ഒഴുകി.  ഒരു ആണ്ടവൻ    മുല്ലപെരിയാർ ഡാം കെട്ടി വെള്ളം തിരിച്ചു വിട്ടു .. ആണ്ടിപണ്ടാരം സാഹിത്യം മൊത്തമായും ചില്ലറയായും വിൽക്കുന്ന ഒരു ബുദ്ധി ജീവി . മൈതാനം മുറിച്ചു കടന്ന് കന്നാലി പാലസ് റോഡിലുള്ള അവൻറെ തൊഴുത്തിലേക്ക്‌ പോവുകയായിരുന്നു,  വെറുതെ ഒരു ഹലോ പറഞ്ഞ് ഓർമ്മപ്പുഴ കലക്കി മറിച്ചു് കന്നാലി പോയി,


അക്കാദമിയുടെ ആഗോള മാറാല ഐപാഡിൽ തെളിഞ്ഞു, വലയുടെ നടുവിൽ സെക്രട്ടറി ഏതോ ഒരു  സങ്കീർത്തനം കേട്ടപോലെ  , സന്തോഷവാനായി ,അനങ്ങാതെ  ഇരിക്കുന്നു, മാറാല തട്ടി മാറ്റി അകത്തു കയറിയപ്പോഴും ചിലന്തി അനങ്ങിയില്ല. ' ആക്റ്റിവിറ്റീസ്' ഒന്ന് പരിശോധിച്ചു.

പുതിയ വല നെയ്തിട്ടും പണികൾ പഴയത് തന്നെ.

Publish literacy works...........

Organize or sponsor literacy conferences.............

Promote cultural and literacy exchanges...........

സാക്ഷരത പ്രചരിപ്പിക്കാൻ വേണ്ടി 'ദേശ് ,ബിദേശ്‌' നാടുകൾ  നീളെ തെണ്ടി യാത്രാപടി സമർപ്പിക്കുക എന്ന ശ്രമകരമായ ജോലി തുടർന്ന് കൊണ്ടിരിക്കുന്നു. കൂട്ടത്തിൽ വല്ല സാഹിത്യവും ഒളിച്ചു കടന്നാൽ  സർക്കാർ ബില്ലുകളിൽ പറയുന്നത് പോലെ

Notwithstanding anything contained herein before.....


ആസനങ്ങളെ ഇരുത്തരുത്

പണ്ടാര വക, സാക്ഷര വക ആസനങ്ങളെ ഒട്ടും ഇരുത്തരുത്.

അവൻ ഇരിപ്പിടത്തിൽ ഒട്ടും.

Dont be seated .
.






......

Sunday, February 8, 2015

പുതുമന രഹസ്യം.......


പകുതി വഴി പിന്നിട്ടപ്പോഴാണ് ശാസ്ത്രബോധം തെളിഞ്ഞത് .

' ക്ഷേത്ര ദേവത , ഗുരു ,വൃദ്ധൻ , രോഗി , ഗർഭിണി, കുട്ടികൾ എന്നിവരെ കാണാൻ പോകുമ്പോൾ വെറും കയ്യോടെ പോകരുത്."

കാണാൻ പോകുന്ന പൂരം പിറന്ന പുരുഷൻ  ഭൂമിക്ക് ഭാരം കൂട്ടിയത് സർ വിൻസ്റ്റൻ ചർച്ചിൽ ' ന: ഫക്കീർ സ്വാതന്ത്ര്യമർഹതി ' എന്ന് ഗാന്ധിയോട് പറഞ്ഞതിന്നു തൊട്ടു പിറകാണ് .Ergo , തദ്വാര പഴയ ജ്യോതിഷ ചിട്ടയനുസരിച്ച് പ്രതി ദീർഘായുവായി , ശേഷം ചിന്ത്യം എന്ന സായാഹ്ന കാലഘട്ടത്തിൽ പ്രവേശിച്ചിരിക്കണം . ഇൻ  ഷോർട്ട് , സബ്ജക്റ്റ് ഈസ്‌ എ വൃദ്ധൻ , അറ്റ്‌ ലീസ്റ്റ് എ വയോ വൃദ്ധൻ ....കിഴവൻ, തന്തപ്പിടി. കാരണവർ കണക്കു മാഷാണെന്ന കേൾവി കലശലായുണ്ട് . അതുകൊണ്ട് തന്നെ "ഞാൻ ഗുരുനാഥൻ , ലോകം  എൻറെ തറവാട്ടിലെ മുത്തു ചിപ്പി , ബാക്കി മുയ്മൻ  വെറും പുൽകളും ,പുഴുക്കളും ' എന്ന് കരുതാൻ സാധ്യതയുണ്ട് . മുഖ പുസ്തകത്തിൽ നിന്നും അറിഞ്ഞപ്രകാരം കുറച്ചു ദിവസങ്ങളായി അവശകലാകാരനുമാണ് .ഗർഭിണി അല്ലെങ്കിലും കുട്ടിത്തം തീരെ ഇല്ല എന്ന് പറഞ്ഞു കൂടാ. വാർദ്ധക്യം രണ്ടാം ബാല്യം തന്നെ ആണല്ലോ. ചുരുക്കത്തിൽ ആറിൽ നാലു പൊരുത്തം ഉറപ്പ് .

അറ്റ കൈക്ക് കൂടി വെറും കയ്യോടെ കാണാൻ ചെല്ലുന്നത് ഒരു കടുംകൈ ആയിരിക്കും എന്നൊരു ചിന്ത മനസ്സിലുദിച്ചു. ഉദിച്ച ചിന്ത ക്ഷണം ബലപ്പെട്ട്  മധ്യാഹ്ന സൂരി നമ്പൂതിരിയുമായി . ഉടൻ കാർ നിർത്തി .

റോഡരികിൽ പഴ കച്ചവടം നടത്തുന്ന ഒരു ' അദ്ധ്വാനി ' യെ സമീപിച്ചു. അദ്വാനി വള്ളത്തോളായി . മുഖമുയർത്തി നിശ്ശബ്ദം ചോദിച്ചു:
' താഴത്തെ ക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
കാരണവ രെ നിങ്ങൾ നിശ്ചലനായ് '

വിവിധതരം പഴ വർഗങ്ങളെ ചൂണ്ടി തിരിച്ചു കൊത്തി :
'ഭംഗമാർന്ന് ഊഴിയിൽ വീണതാണോ പൊട്ടിച്ചെടുത്താണോ ?'

'AAP നേക്കാൾ ഫ്രെഷ് ആണ് '. അദ്വാനി പറഞ്ഞു .പിന്നെ ഒരു ഫോളോ അപ്പ് ചോദ്യം . 'ഒരു അഞ്ചു കിലോ എടുത്തോട്ടെ '.

മെഷ്ട്രടെ വീട്ടില് നിന്ന് ഒരു കാപ്പിയെങ്കിലും തരാവാനുള്ള പ്രൊബബിലിറ്റി മനസ്സിൽ കൂട്ടി . മുജ്ജന്മ കടത്തിൽ നിന്ന് പഴ വർഗത്തിന്റെ വില കുറച്ചു പ്രിസംപ്ടിവ് ലോസ് കണക്കാക്കി .

ഒരു മൂന്നു തരം പഴം ഒരു കിലോ വീതം മൂന്നു തരം പറഞ്ഞു കച്ചവടം ഉറപ്പിച്ചു.  അദ്ധ്വാനിക്കുള്ളത് അദ്വാനിക്കും കണക്ക പിള്ളക്കുള്ളത് കണക്കപിള്ളക്കും എന്ന് ലാറ്റിനിൽ ചിന്തിച്ചു സമാധാനിച്ചു.

അപ്പൊ മാണിക്കോ?  എന്ന് ആരോ ചോദിച്ചത് കേട്ടില്ല എന്ന് നടിച്ച്  കാർ സ്റ്റാർട്ടാക്കി . An  inconvenient question എഞ്ചിൻ ശബ്ദത്തിൽ മുങ്ങി പോയി. മുങ്ങിയവൻ പിന്നെ Question Hour ൽ പൊന്തി.

അചിരേണ ശകടം പുട്ടണ്ണ നഗരത്തിൽ  ഓടി കൊണ്ട് തന്നെ പ്രവേശിച്ചു. രാവിലെ പുട്ട് കഴിച്ചത് കൊണ്ടായിരിക്കണം യാത്രാ വിഘ്നങ്ങൾ ഒന്നും തരായില്ല. ഗൈറ്റിൽ കാവൽ നിന്നിരുന്ന കന്നഡ ചാത്തൻ ദൂത് ചൊല്ലി അകത്ത് കയറ്റി. കണക്ക പിള്ളയുടെ  ഒളിത്താവളം ഒരറ്റത്തായിരുന്നു .
കാർ നിർത്താൻ പാകത്തിൽ കണക്ക പിള്ളയുടെ അയൽവാസി വീട് കെട്ടാതെ സ്ഥലം ഒഴിച്ചിട്ടിരുന്നു. അതോ പിള്ളപനി പേടിച്ചു ഓടി പോയതാണോ എന്നറിയില്ല .

ഒന്നാം നിലയിൽ  കയറി പറ്റി കാളിംഗ് ബെല്ലിൽ വിരലമർത്തി . അകത്തു നിന്ന് ചില അനക്കങ്ങൾ. കുറച്ചു കഴിഞ്ഞു ശീവേലി കഴിഞ്ഞു ശ്രീകോവിൽ എന്ന പോലെ വാതിൽ മലക്കെ തുറന്ന് വാക്കർ മുന്നിലും പ്രതി  പിന്നിലുമായി പ്രവേശിച്ചു . തൊട്ടു പിന്നിൽ ഭാര്യ.

പല പോസിലും Mug Photos 'മുഖദാവി'ൽ ധാരാളം കണ്ടിട്ടുള്ളത് കൊണ്ട് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. സ്വയം പരിചയപ്പെടുത്തി.

വരൂ അകത്തേക്ക് വരൂ എന്ന് ക്ഷണിച്ചു കൊണ്ട് ' വാക്കറിൽ ' കുത്തി തിരിഞ്ഞു.

ബാലെ ആയിരുന്നെങ്കിൽ  'ഫൊയ്റ്റെ ' എന്ന് പറയാവുന്ന ഒരു സ്റ്റെപ്പ് . എന്നിട്ട് മുന്നിൽ അകത്തേക്ക് നടന്നു. 'ഗജരാജ വിരാജിത മന്ദഗതി' എന്ന് പറഞ്ഞു കൂടാ. കൂച്ചു ചങ്ങല ചുരുക്കി കെട്ടിയ ഒരു ആന നടത്തം എന്ന് പറയാം. 'ഒരണ്ട് രണ്ട്, ഈരണ്ട് നാല് ' എന്ന് ഒരു ഗുണകൊഷ്ടം ചെല്ലുന്നത് പോലെ ...ഗണിതാത്മകമായി .  Measured Gait .ഒരു ആന ചന്തം ഉണ്ടെന്നു വേണമെങ്കിൽ പറയാം.

പഴ വർഗ്ഗങ്ങൾ മേശയിൽ വെച്ചു. രോഗ വിവരം അറിയാമെങ്കിലും ചോദിച്ചു :

' എന്ത് പറ്റി ?'
' സ്കൂട്ടറിന്നു മുന്നിൽ ഒരു പട്ടി ചാടിയതാണ് '
' ആണ്‍ പട്ടിയോ പെണ്‍  പട്ടിയോ ?'
' തേർഡ് ജെൻഡർ ആണെന്നാണ്‌ തോന്നുന്നത്'
' വംശാവലി?'
' ക്യാനിസ് ലൂപസ് ഫമിലിയാറിസ്  - പാളയം -രാജപാളയം -ഖലാസിപാളയം '.
'ശുനകൻ ചാലേ വലത്തൊട്ടൊഴിഞ്ഞൊ അതോ ഇടത്തോട്ടോ?'
' ഇടത്തോട്ടാണെന്നു തോന്നുന്നു.'
' അത് നല്ല ഒരു ശകുനമല്ല. ചകോരം, ശുനകൻ എന്നിവ വലത്തോട്ടു ഒഴിയണം എന്നാണു നതോന്നത പറയുന്നത്. ഉടനടി വണ്ടി നിർത്തണമായിരുന്നു '

അവശ കലാകാരൻറെ മുഖം തുടുത്തപ്പോൾ സംഭാഷണത്തിന്നു ഒരു ബ്രെയ്ക്ക് കൊടുത്തു
ദേ വരാൻ , ദേ പോയില്ല.

കലാകാരൻ തിരിച്ചടിക്കാൻ തീരുമാനിച്ചപോലെ ചോദിച്ചു: 'എന്താ ഒരു നടപ്പ് ദൂഷ്യം"
' അത് നട്ടെല്ലിൽ കാൽസിഫികെഷൻ ആണ്'
' ചികിൽസിച്ചില്ലെ '
'എന്ത് കൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് ഡോക്ടർമാർക്ക് അറിയില്ല'.
'ആയുർവേദം നോക്കായിരുന്നില്ലേ ?'

മാഷ്‌ വിടാൻ ഭാവമില്ല. ചൂടുള്ള പുലിപ്പാൽ ഒരു ഗ്ലാസ്സ് കിടക്കുന്നതിനു മുൻപ് കഴിക്കാൻ പറയുമോ എന്ന് പേടിച്ചു. അയ്യപ്പൻറെ കാലത്തെ പോലെ അത്ര പെട്ടെന്ന് പുലിയെ പിടിക്കാൻ ഫോറെസ്റ്റ്കാർ സമ്മതിക്കുകയുമില്ല. വിഷയം മാറ്റുക തന്നെ.

' മാഷ്‌ വിക്ടോറിയ കോളേജിൽ എതു കൊല്ലമാണ് പഠിച്ചിരുന്നത്?'
' ഞാൻ 69 ൽ ബിരുദം എടുത്തു '
രക്ഷപ്പെട്ടു .ഞാൻ അതിന്നു വർഷങ്ങൾക്ക്  മുൻപ് സ്ഥലംകാലിയാക്കിയിരുന്നു.

"മാഷ്‌ ഇപ്പോൾ എന്താ ചെയ്യുന്നത് . "
' കുറച്ചു കുട്ടികൾക്ക് കണക്കു പഠിപ്പിക്കുന്നുണ്ട് . കൂടാതെ ഒരു ഗൈഡ് എഴുതി കൊണ്ടിരിക്കുകയാണ് '
വിക്ടോറിയയിൽ വൈത്തി മാഷ്‌ പറയാറുള്ളത് മനസ്സിൽ  വന്നു. 90%ഓഫ് ദി ഗൈഡ്സ് മിസ്‌ഗൈഡ് യു . ഒരു ശിഷ്യൻ അതിൽ  ,റിസർവ് ബാങ്ക് പറയുന്നത് പോലെ, ഏതാനും ബേസിസ് പൊയന്റ്സ് കൂട്ടി ചേർക്കുകയാണെങ്കിൽ നല്ലത് തന്നെ.

പിന്നെയും മാഷ്‌ എനിക്ക് ചികിത്സ നിർദേശിക്കാൻ തുടങ്ങിയപ്പോൾ പറഞ്ഞു.
' മാഷെ, സംഗതി അത്രക്കൊന്നും കുഴപ്പക്കാരനല്ല. ഒരു ശ്ലോകം കേട്ടിട്ടുണ്ടോ?
അംബ! ഗൂഡൂ  നിര്യാതൗ
മമ വക്ഷസി കാപി വേദനാ നാസ്തി
പുത്രൈ ര്യഷാ  പ്രകൃതിരഹോ
യ : പശ്യതി വേദനാ തസ്യ
( അമ്മെ! എന്റെ മാറിൽ രണ്ടു കുരുക്കൾ പുറപ്പെട്ടിരിക്കുന്നു .വേദനയില്ല. മകളെ ഇത് അതിന്റെ സ്വഭാവമാണ്. കാണുന്നവർക്കാണ് അതിന്റെ വേദന )
അത് പോലെ എന്റെ അസുഖത്തിന്റെ വേദന കാണുന്നവർക്കാണ്.

വിശദീകരണം ബോധിച്ചുവെന്നു തോന്നുന്നു. പിന്നീട് ചികിത്സ വിധികൾ ഉണ്ടായില്ല. സന്ദർശന സമയം കഴിയാറായി. പതുക്കെ എഴുനേറ്റു.

മാഷ്‌ പറഞ്ഞു : 'സന്ദർശനം വളരെ ഹ്രസ്വമായി '

' മാഷ്‌ വിക്ടോറിയയിലല്ലേ പഠിച്ചത്. 'മോട്ടോ '  ഓർക്കുന്നുണ്ടോ ?'
" പെട്ടെന്ന് ഓർമ്മ വരുന്നില്ല "

"എങ്കിൽ വല്ലപ്പോഴും ഓർത്താൽ മുഷിയില്ല. അർത്ഥം ഗ്രഹിച്ചാൽ കേമായി.
Labuntur et imputantur .

വാൽകഷണം : നല്ല ഒരു കാപ്പി കിട്ടി എന്നതും മടങ്ങുന്ന വഴി ഒരു വാൽ  മുറിഞ്ഞ നായയെ കണ്ടുവെന്നതും വാൽകഷണങ്ങൾ .









The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...