രക്ഷ, രക്ഷ മഹാമന്ത്രീ ......
മൂന്നു തരം ഭൂപ്രദേശങ്ങൾ ദേവാലയ നിർമ്മിതിക്ക് അനുയോജ്യമായി പറയപ്പെടുന്നു. ഭൂ പ്രദേശത്തിൻറെ കിടപ്പും അവിടെത്തെ ഫല വൃക്ഷ സമ്പത്തും ജല സ്രോതസ്സുകളും നോക്കിയാണ് ഈ വിഭജനം. 'സുപദ്മാ ' 'ഭദ്രാ' ' പൂർണാ ' എന്നിങ്ങനെ .' ഭദ്രാ' എന്ന് വിളിക്കപ്പെടുന്ന ഭൂ പ്രദേശത്തിനെ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു :
സമുദ്രം, നദി, തീർത്ഥം ഇവയുടെ തീരത്തുള്ളതും, തെക്ക് ഭാഗത്തോ, വലത്തോ നെൽപ്പാടങ്ങളും പടിഞ്ഞാറ് ഭാഗത്ത് യാഗാദികൾ ക്കുള്ള വൃക്ഷ ലതാദികളോടു കൂടിയതും നിറച്ചും പൂക്കളും കായ്കളും വൃക്ഷങ്ങളോട് കൂടിയതും ആയ ഭൂമിക്ക് 'ഭദ്ര' എന്ന് പറയു(ന്നു. ഈ പ്രദേശത്ത് ക്ഷേത്രം പണിയിച്ച് സേവിച്ചാൽ അഭീഷ്ട സിദ്ധിയുണ്ടാകും
( തീരം വാരിധേ: ശ്രീതാfഥ സരിത സ്ത്രീർഥസ്യ വാ ദക്ഷിണേ
വ്രീഹി ക്ഷേത്ര വിചിത്രിതാf പ്യ ദിശിയ ജ്ഞാർഹാം ഘ്രി പൈരങ്കിതാ
കീർണ്ണാ പൂർണ്ണ ഫല പ്രസൂനതരുഭിശ്ചോദ്യാന ഹൃദ്യാപി വാ
'ഭദ്രാ' സാ പരിഗീയതെ വസുമതി പ്രീതി പ്രദായ ജ്വനാം ')
ചമ്രവട്ടം ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഈ ലക്ഷണങ്ങൾ തികഞ്ഞ സ്ഥലമാണെന്ന് തോന്നുന്നു, ഭാരതപ്പുഴയുടെ തെക്കേ തീരത്തുള്ള ഒരു തുരുത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ക്ഷേത്രം അതി സുന്ദരമായിരുന്നു. നമ്മുടെ പൂർവീകർക്കു നല്ല സൌന്ദര്യ ബോധം ഉണ്ടായിരുന്നു ശബരിമല, കുടശാദ്രി , തൃപ്രയാർ, തിരുന്നാവായ, തിരുനെല്ലി,..... പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ, കേരള വാസതുകലാശൈലിയുടെ എല്ലാ ചാരുതയോടെ നിർമ്മിച്ച അതി മനോഹരങ്ങളായ ക്ഷേത്രങ്ങളായിരുന്നു ഇവയെല്ലാം .
മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഭാരതപുഴയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അമ്പലം ഭംഗിയുള്ള ഒരു കാഴ്ചയാണ് . പൂജകൾ കൂടി തോണിയിൽ പോയി നിർവഹിക്കേണ്ട സ്ഥിതി. കല്യാണങ്ങളും മറ്റു മംഗള കാര്യങ്ങളും മഴ പെയ്തു അലംകോലമാവാതിരിക്കാൻ ചമ്രവട്ടത്തപ്പന്നു വഴിവാടുകൾ പതിവായി.
പിന്നീടെപ്പോഴോ ദേവസ്വം ഭരണമായി . ആപ്പീസർമാർക്കും ഗുമസ്തന്മാർക്കും ഇരിക്കാൻ കോണ്‍ക്രീറ്റ് ഭൂതങ്ങൾ ഉയർന്നു വന്നു. പീടിക മുറികളായി . അമ്പലത്തിലേക്കുള്ള വഴി ഒരു വിധം അസുന്ദരമാക്കി .
എന്നാലും അമ്പലം സ്ഥിതി ചെയ്യുന്ന തുരുത്തിന്ന് വലിയ പരുക്ക് പറ്റിയില്ല. പക്ഷെ അധികകാലം 'പുരോഗതി' യെ തടുത്തു നിർത്താൻ ചമ്രവട്ടത്തപ്പനും ആയില്ല. ദശകങ്ങളോളം പ്ലാനുകളിലും പ്രസ്താവനകളിലും ഒതുങ്ങി നിന്നിരുന്ന ചമ്രവട്ടം പദ്ധതി ഒരുനാൾ പൂർത്തിയായി .
. ഒരു മനോഹരമായ കൃത്രിമ തടാകം രൂപം പൂണ്ടു. കൊറ്റികളും ,എരണ്ട പക്ഷികളും സ്ഥിരം അതിഥികൾ ആയി . പക്ഷെ ദേവാലയത്തിൻറെ മുഖം ഒന്ന് കൂടി വികൃതമായി. അമ്പലത്തിലേക്ക് നടന്നു പോകാനായി ഒരു നടപ്പാലം നിർമ്മിച്ചു , ഭാരതപ്പുഴയുടെ കൈവഴിയുടെ തീരം കോണ്‍ക്രീറ്റ് മതിൽ കെട്ടി ബല പ്പെടുത്തി. ഈ മഹാ പാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച ജന പ്രതിനിധിയുടെ പേർ കല്ലിൽ കൊത്തി വെച്ചു .
ഒരു നല്ല വാസ്തു ശിൽപ കലാകാരൻറെ സഹായത്തോടെ അമ്പലത്തിൻറെ ഭംഗി നഷ്ട്ടപ്പെദുത്താതെ ചെയ്യാമായിരുന്ന മാറ്റങ്ങൾ ഒരു കണ്ണിൽ കരടാക്കി മാറ്റി ദേവസ്വം അധികാരികളും മറ്റു അധികാരികളും ചേർന്ന് .. എം.എൽ എ ഒരു മാപ്പുസാക്ഷി . സഞ്ജയജി - മാധവ്ജി ഒരു ഹാസ്യ കവിതയിൽ ചോദിച്ച പോലെ ഇതിനിടെ ഫണ്ട് എത്ര ' ചോർത്തി , അല്ല ദൈവമേ ചോർന്നു പോയ്".
ഇതിലും അഭംഗിയായി ഒരു പാലം രൂപകൽപന ചെയ്യാനും നിർമ്മിക്കാനും പ്രയാസമാണ് . ചുരുക്കം ഭക്തന്മാർ മാത്രമേ ഇത് ഉപയോഗിക്കുന്നത് കണ്ടുള്ളൂ, ക്ഷേത്ര നവീകരണവും പുനരുദ്ധാരണവും എങ്ങിനെ ചെയ്യരുത് എന്നതിനു ഒരു ഉത്തമ മാതൃക.
വികസനപ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല. ചമ്രവട്ടം പാലത്തിലെക്കുള്ള അപ്പ്രോച് റോഡ് അമ്പലത്തിന്നു മുൻവശത്തുള്ള പാടശേഖരത്തിന്റെ ഒരം ചേർന്നാണ് പോകുന്നത്. ആ റോഡിനു ഇരു വശത്തും പാടത്ത് പുതിയ കെട്ടിട 'കൃഷി' തുടങ്ങി. അധികം താമസിയാതെ ഈ പാടവും അപ്രത്യക്ഷമാവും. സഹകരണ അടിസ്ഥാനത്തിൽ ഇവിടെ കുറച്ചു വർഷങ്ങളായി നെൽകൃഷി ചെയ്യുന്ന നോവലിസ്റ്റ് ശ്രീ രാധാകൃഷ്ണന്റെ കാലശേഷം തീർച്ചയായും .
എല്ലാ കൊല്ലവും ശബരിമലക്ക് പോകാറുണ്ടായിരുന്നു. ശബരിമല കെട്ടിടങ്ങൾകൊണ്ടും ഉദ്യോഗസ്ഥരെ കൊണ്ടും നിറഞ്ഞപ്പോൾ മണ്ഡലകാല യാത്ര ചമ്രവട്ടത്തേക്ക് മാറ്റി . വലിയ ബഹളം ഒന്നും ഉണ്ടായിരുന്നില്ല പൂജക്കിടയിലെ മണിയൊച്ച മാത്രമാണ് നിശ്ശബ്ദതയെ ഇടയ്ക്കു ഭന്ജിച്ചിരുന്നത് . ഇയ്യിടെ പോയപ്പോൾ ,പാലത്തിന്നു മുകളിൽ കൂടി പോകുന്ന വാഹനങ്ങളുടെ ആരവത്തിന്നു പുറമേ ലൌഡ് സ്പീക്കറിലൂടെ ''രക്ഷ രക്ഷ മഹാ ബാഹോ ശാസ്തെ തുഭ്യം നമാമ്യഹം' അഖന്ടമായി ഒഴുകി വന്നിരുന്നു. ശാസ്താവ് പണ്ടേ സ്ഥലം വിട്ടു കാണണം. അല്ലെങ്കിൽ ദേവസ്വം മന്ത്രിയോട് രക്ഷ രക്ഷ മഹാമന്ത്രീ എന്ന് യാചിക്കുന്നുണ്ടാവണം
പണ്ട് , ഷൊർണൂർ ജങ്ക്ഷൻ ചെറുവണ്ണൂർ സന്ധി ആയിരുന്ന കാലത്ത് ത്രിശൂരിന്നും ഷൊർണൂറിന്നും ഇടക്ക് ആറോ ഏഴോ ലവൽ ക്രോസിംഗ് ഉണ്ടായിരുന്നു. മലബാറിൽ മദ്യനിരോധനം ഉണ്ടായിരുന്നത് കൊണ്ട് അത്താണിയിലെ എക്സൈസ് ചെക്ക് പോസ്റ്റിലും അകമല ശാസ്താവിന്റെ മുൻപിലും വാഹനങ്ങൾ നിറുത്തുമായിരുന്നു . തീവെട്ടി കൊള്ളക്കാരെ ഭയന്നാണെത്രെ ശാസ്താപ്രതിഷ്ട . അക്കാലത്ത്, അത്താണിയിൽ ആയിരുന്നു കൂടുതൽ കൊള്ള . മറ്റു തരം കൊള്ളകളും തുടങ്ങിയപ്പോൾ ക്ഷേത്രം റിസീവർ ഭരണത്തിലായി. ക്രമേണ ചുറ്റുമുള്ള മരങ്ങളും വനവും അപ്രത്യക്ഷമായി. ക്ഷേത്രം ' പുരോഗമിച്ചു' . കൊള്ളക്കാരും താവളങ്ങൾ മാറ്റി. സെക്രട്ടെരിയറ്റ് ആണ് പുതിയ താവളം. പന്തം കൊളുത്തി പ്രകടനമായി ചിലപ്പോളവർ വരും. അധികം സമയവും ചുകപ്പു ലൈറ്റ് ഘടിപ്പിച്ച ആഡംബര കാറുകളിലാണ് വരവ്. ഉദ്ദേശ്യം കൊള്ള തന്നെ.