(Published in Malayalanatu Vol3 Issue 11)
രാവിലത്തെ പതിവുകാര്‍ 'ടിഫിന്‍'' കഴിഞ്ഞു പോയ ശേഷം അവശേഷിച്ച ഇഡ്ഡലി, വട, ഉപ്പുമാ എന്നിവയുടെ ഒരു ഉദ്ദേശ കണക്ക് എടുക്കുകയായിരുന്നു കല്‍പ്പാത്തി നാരായണന്‍ ശേഷാദ്രി എന്ന കെ.എന്‍.ശേഷാദ്രി അഥവാ ശേഷ് നാരായന്‍. അവശേഷിച്ച അഞ്ചു ഇഡ്ഡലി, മൂന്നു മെദു വട, രണ്ടു കയ്യില്‍ ഉപ്പുമാ; തനിക്കും പൊണ്‍ടാട്ടി അലമെലുവിനും, സഹായികളായ കമലത്തിന്നും മരുമകന്‍ അനന്തുവിന്നും 'ധാരാളമാ പോതും' എന്ന് പൂണൂലില്‍ കൈ ഓടിക്കുന്നതിന്നിടക്ക് സാമി തീരുമാനിച്ചു. സാമ്പാറും, പരിപ്പ് ചട്നിയും കഷ്ടിച്ചു ഒപ്പിക്കാം.
'ഒന്നുമേ വേസ്റ്റ് പണ്ണാതെ' ഗ്രാന്‍ഡ് ഫാദര്‍ ശേഷാദ്രി പറയാറുള്ളത് സാമി ഓര്‍മിച്ചു.
ചുമരില്‍ തൂങ്ങിയിരുന്ന സേത്ത് തോമസ് ക്ലോക്കില്‍ സമയം നോക്കി. പത്ത് അടിച്ച് പത്തു നിമിഷം. വാച്ച് പരസ്യങ്ങളിലെ പോലെ തന്നെ എല്ലാ സൂചികളും തെളിഞ്ഞു കാണുന്ന പോസ്. ക്ലോക്കും ഗ്രാന്‍ഡ് ഫാദര്‍ മേടിച്ചതാണ്. ആഴ്ച്ചക്ക് ഒരു പ്രാവശ്യം വൈന്‍ട് ചെയ്‌താല്‍ ഇപ്പോഴും കൃത്യമായി അടിക്കുകയും നടക്കുകയും ചെയ്യും. സായിപ്പന്മാര്‍ ഭരിച്ചിരുന്ന ആ നല്ല കാലം. സാമി ഒരു നെടുവീര്‍പ്പിട്ടു.
'ടിഫിന്നു' ശേഷം ഒരു പതിനൊന്നര മണിയോട് കൂടി ഉച്ച ശാപ്പാടിനുള്ള 'ചമയല്‍ start പണ്ണലാം' എന്ന് തീരുമാനിച്ചു രേവഗുപ്തിയില്‍ 'ഗോപാലക ബാലക അനിശം' എന്ന് മൂളികൊണ്ടിരുക്കുമ്പോഴാണ് ഗൈയ്റ്റിന്നു മുന്നില്‍ സര്‍ക്കാര്‍ വക കാര്‍ പാര്‍ക്ക് ചെയ്തു നാല്‍വര്‍ സംഘം പടി കടന്നു വന്നത്.രണ്ടു പേരുടെ കൈകളില്‍ പ്ളാസ്റിക് ഫോള്‍ഡറുകള്‍ പരിചകളായി . ബാള്‍ പോയന്റ് പെന്നുകള്‍ ഓരോന്ന് വീതം വാളുകള്‍ പോലെ ഊരി പിടിച്ചിരുന്നു. അതിന്റെ മുനകള്‍ തിളങ്ങാതിരുന്നത് കര്‍ക്കടക സൂര്യന്‍ , ഇല്ലാത്ത ഒരു വര്‍ഷ മേഘത്തിന്റെ കീഴില്‍ ഒളിച്ചതായി ഭാവിച്ചത് കൊണ്ട് മാത്രമാണ്.
അമ്പത്തൊന്ന് വെട്ടിന്റെ റിക്കാര്‍ട് ഭേദിക്കാന്‍ തയ്യാറായാണ് സംഘത്തിന്റെ വരവ്. ഭാഗ്യത്തിനു കാര്‍ ഇന്നോവ ആയിരുന്നില്ല. സ്വര്‍ണ നിറവുമല്ല.
'Keep up your bright swords or the dew shall rust them' സാമി ഒഥല്ലോ ആയി മനസ്സില്‍ മന്ത്രിച്ചു.
സംഘത്തിലെ മൂന്നാമന്‍ , കൈകള്‍ പുറകില്‍ കെട്ടി അലസമായ ഒരു നോട്ടത്തോടെ കയറി വന്ന ഒരു മുപ്പത്തഞ്ചുകാരന്‍, ഐഎഎസ്സ് കാരനായി നടിച്ചു കഷ്ടപ്പെടുന്നുണ്ടായിരുന്നു.
'എടെ കയ്യ് ആടെ കണ്ണ്
എടെ കണ്ണ് ആടെ മൂള '
(യഥോ ഹസ്തോ തഥോ ദൃഷ്ടി
യഥോ ദൃഷ്ടി തഥോ മന:)
എന്നാണ് മുസ്സോറിയിലെ അക്കാദമിയില്‍ നമ്പ്യാര്‍ സര്‍ പറഞ്ഞു കൊടുത്ത നാട്യ രീതി. ഏറ്റവും മുന്നില്‍ ഐഎഎസ്സിനെ ആനയിച്ചു കൊണ്ട് ഒരു ക്ലാസ്സ് ഫോറന്‍.
'യാര്‍ നീങ്കെ? Who are you? സാമി ആക്രമണം തുടങ്ങി.
ഫോറനാണ് മറുപടി പറഞ്ഞത്. 'സാര്‍ ഭക്ഷു സുരക്ഷയുടെ കമ്മിഷണര്‍ ആണ്. തിരുവന്തപുരത്ത് നിന്ന് വന്നതാണ്. സര്‍പ്രൈസ് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് പബ്ലിക് അവേര്‍നെസ്സ് പ്രൊമൊഷന്‍ കാംപൈന്‍'.
വരാന്തയുടെ തിണ്ണയിലെ പൊടീ തട്ടി കൊണ്ട് സാമി ഭവ്യതയോടെ പറഞ്ഞു:
'ഉക്കാരുന്കോ സര്‍.' അവശേഷിച്ച 'ടിഫിന്റെ' അളവും സംഖ്യയും ഒഴിഞ്ഞു കിടക്കുന്ന
വയറുകളുടെ എണ്ണവും കണക്കിലെടുത്തു 'ടിഫിന്‍ സാപ്പടറിയാ' എന്ന കേള്‍വി അടുത്ത 'വാട്ടി'ക്കായി മാറ്റി വെച്ചു ശേഷ് എന്ന ശേഷാദ്രി നാരായണന്‍.വേറെ കസേരകള്‍ ഒന്നും കാണാത്തത് കൊണ്ട് കമ്മിഷണര്‍ പടിയില്‍ ഇരുന്നു. ബാക്കി സംഘം നിന്നു. സാമി കാന്‍വാസ് ചാരു കസേരയില്‍ പതുക്കെ വിശറി വീശി ഇരുന്നു.
'ഇതാണോ ശേഷാദ്രി അയ്യരുടെ ബ്രഹ്മണാള്‍ ഹോട്ടല്‍'? കമ്മിഷണര്‍ ചോദിച്ചു.
'കറകറ്റ് സര്‍. മുന്നാടി, ഇത് വന്ത് 'ബ്രാഹ്മണാള്‍ മട്ടും സാപ്പിടും ഇടം' . ഇപ്പൊ വേറെയും ആളുകള്‍ സാപ്പിടുന്നുണ്ട്.'
'താങ്കളാണോ ശേഷ അയ്യര്‍'
' വന്ത്, ഞാനും ശേഷന്‍ തന്നെ. ആനാല്‍ ഗ്രാന്‍ഡ് ഫാദര്‍ ശേഷാദ്രി അയ്യര്‍ തുടന്കിന ഈറ്റിങ്ങ് പ്ലേയ്സ്. നയന്‍ടീന്‍ ഹണ്ട്രെടില്‍'
'രജിസ്റെര്‍ ചെയ്തിട്ടുണ്ടോ?'
'അപ്പടി ഒന്നുമേ പണ്ണലെ സര്‍'.
'എന്നാല്‍, ഇത് പോലെയുള്ള ആഹാരം കൊടുക്കുന്ന സ്ഥലങ്ങളും റെജിസ്റര്‍ ചെയ്യണമെന്നു നിയമ ഭേദഗതി വന്നിട്ടുണ്ട്'
'അപ്പടി എതാവത് ന്യൂസ് പേപ്പറില്‍ പാര്‍ത്ത ഞാപാകം ഇരിക്കിറെന്‍. (പരുവ നാടകം തൊല്ലയെ, വാഴ്ന്ത കാലങ്ങള്‍ കൊണ്ചമോ.....മനസ്സില്‍ മൂളി. ) ആനാല്‍ ഒണ്‍ തിംഗ്. ഇന്ത പേപ്പര്‍ കീപ്പര്‍ സമാചാരമെല്ലാം എപ്പടി നമ്പ മുടിയും സര്‍ . ദേര്‍ വാസ് നോ റിപ്പോര്‍ട്ട് ഇന്‍ ദി ഹിന്ദു ' സാമി പത്ര ങ്ങളിലുള്ള അവിശ്വാസ പ്രമേയം അസന്ഗ്നിദ്ധമായി അവതരിപ്പിച്ചു.
'ഞങ്ങളുടെ വെബ് സൈറ്റ് നോക്കിയിരുന്നോ?'
'സര്‍. ഇന്നലെ വരെ അതില്‍ പാന്‍ മസാല ബാന്‍ ചെയ്ത വിവരവും, ആപ്പീസര്മാരുടെ സീനിയോറിറ്റിയും , കൊച്ചിയില്‍ താങ്കളുടെ സേനയുടെ വെട്ടേറ്റു വീണു മരിച്ച ഹോട്ടലുകളുടെ പേരുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിംപ്ലി വേയ്സ്റ്റ് ഓഫ് ടൈം'
കമ്മിഷണര്‍ 'ജ്വലിച്ച കണ്‍ കൊണ്ട് പാര്‍ശ്വസ്ഥരാകും അംഗങ്ങളെ ഒരു നോക്ക് നോക്കി,.അംഗങ്ങള്‍ സംഘഗാനം പാടി.
'30 പോയന്റ് ആക്ഷന്‍ പ്രോഗ്രാം ഇന്ന് രാവിലെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് സര്‍.'
സമചിത്തത വീണ്ടെടുത്ത കമ്മിഷണര്‍ സാമിയോടു പറഞ്ഞു.
'സര്‍ക്കാര്‍ നോട്ടിഫികേഷന്‍ പ്രകാരം മിനിമം ഒരു മുപ്പതു കാര്യങ്ങള്‍ നിങ്ങളെ പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.'
സര്‍ക്കാര്‍ എന്ന് പറയുമ്പോള്‍ 'ദി സ്റ്റേറ്റ്? ഐ ആം ദി സ്റ്റേറ്റ്' എന്ന് പറഞ്ഞ ലൂയി പതിനാലാമന്റെ ഭാവമായിരുന്നു കമ്മിഷണര്‍ അങ്ങത്തെക്ക്.
'അപ്പടിയാ. മുന്സിപാലിറ്റിയിലെ രാമകൃഷ്ണനും നേറ്റുക്ക് അത് താന്‍ ശൊന്നേന്‍,'
' മുന്‍സിപ്പാലിറ്റിക്ക് അതിനൊന്നും അധികാരമില്ല'. തന്റെ അധികാര പരിധിക്കുള്ളിലെക്കുള്ള ഈ നുഴഞ്ഞു കയറ്റം കമ്മിഷണര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ' ഞങ്ങള്‍ക്ക് വേണമെങ്കില്‍ ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യാം. ഹോട്ടല്‍ അടപ്പിക്കാം ഫൈനിടാം.'
ഇല്ലാത്ത ലൈസെന്‍സ് ക്യാന്‍സല്‍ ചെയ്യുന്ന പ്രക്രിയയെ കുറിച്ച് സാമി ഒരു നിമിഷം ആലോചിച്ചു. പിന്നെ ശിക്ഷാ വിധികള്‍ തൂക്കു ശിക്ഷയില്‍ എത്തുന്നതിനു മുന്‍പ് സാമി ഇടപെട്ടു.
'അപ്പടി ഒന്നും പണ്ണക്കൂടാത് സര്‍'.
സാമി ചിന്തിച്ചു. സുമാര്‍ നൂറു വര്‍ഷം മുന്നാടി ഗ്രാന്‍ഡ്ഫാദര്‍ മധുരയില്‍ നിന്നും വെള്ളിനഴി ഒളപ്പമണ്ണ മനയില്‍ ചമയല്‍ക്കാരനായി വന്നതാണ്. രണ്ടു മുണ്ടും ഒരു പൂണൂലും കുറച്ചു കര്‍ണാടക സംഗീതവും മാത്രം കൈമുതല്‍. പാട്ടിയും, അപ്പാവും അമ്മാവും, സിസ്റര്‍ സുബ്ബലക്ഷ്മിയും അത്യാവശ്യം ഭൂസ്വത്തുക്കളും, തിരുമണങ്ങളും, ഉപനയനങ്ങളും തങ്ങളുടെ വിദ്യാഭ്യാസവും എല്ലാം മറ്റുള്ളവര്‍ക്ക് വെച്ച് വിളമ്പി പിന്നീട് ഉണ്ടായതാണ്.
ഊണും ഉണ്ടായതും തമ്മിലുള്ള യാദൃച്ചിക സാമ്യത ആലോചിച്ചു സാമി മനസ്സില്‍ ഒന്ന് പുഞ്ചിരിച്ചു. എല്ലാം ഉണ്മ താന്‍.
'എന്നാല്‍ നിങ്ങള്‍ ഈ സ്ഥാപനം റെജിസ്റര്‍ ചെയ്യണം ശുചിത്വ നിബന്ധനകള്‍ പാലിക്കണം. മാസാ മാസം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം. ജീവനക്കാരുടെ കിമ്പള വരുമാനഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കണം. ഇന്‍സ്പെക്ടര്‍ക്ക് ദമ്പിടി നല്‍കണം.'
'സര്‍ ഇങ്കെ എല്ലാം നീററ് ആന്‍ഡ് ക്ലീന്‍ സര്‍. ചമയല്‍ പോടറുതുക്ക് മുന്നാടി 'ബാത്ത്' കമ്പള്‍സറി. എന്‍ പൊണ്ടാട്ടി അലമേലു, തങ്കച്ചി പയ്യന്‍ അനന്തു, ഡമസ്റ്റിക് ഹെല്‍പ് ഒരു നായര്‍ വുമണ്‍; വേറെ അന്യജാതി ആരും കിച്ചണില്‍ 'നോട്ട് അലവ്ട്'
'സാമി, ഞാന്‍ അങ്ങിനെയുള്ള 'ശുദ്ധം' അല്ല പറഞ്ഞത്. സാധനങ്ങള്‍ റെജിസ്റര്‍ ചെയ്ത ആളുകളില്‍ നിന്നെ മേടിക്കാന്‍ പാടുള്ളൂ. ഉപയോഗിക്കുന്ന വെള്ളം നല്ല കുടി വെള്ളം ആയിരിക്കണം. ടോയ്ലെറ്റ് വൃത്തിയുള്ളതാവണം. തുറന്ന അഴുക്ക് ചാലുകള്‍ പാടില്ല.'
'സര്‍ ഗ്രാന്‍ഡ്‌ഫാദര്‍ ടൈമിലെ ഇരുന്തു പ്രൊവിഷന്‍സ് എല്ലാമേ നമ്പ ഗണേശ അയ്യര്‍ ഷാപ്പില്‍ നിന്റ്രു താന്‍ വാങ്കറതു. ഇങ്കെ സാപ്പിടവര പശങ്കളെല്ലാം സാപ്പടത്ര്‍ക്ക് മട്ടും വരത്. ടോയ്ലെറ്റ് കീയ്ലെട്റ്റ് എല്ലാം ഇങ്കെ കിടയാത്. മുന്‍സിപ്പല്‍ വാട്ടര്‍ റൊമ്പ പ്രോബ്ലം താന്‍. ഫുള്‍ ഓഫ് കണ്ടാമിനേഷന്‍. ബോയില്‍ പണ്ണി താന്‍ യുസ് പണ്ണറെന്‍.'
മുന്‍സിപ്പല്‍ വെള്ളത്തിന്റെ ഗുണ മേന്മയെ കുറിച്ചു കമ്മിഷണര്‍ ഒരു ചര്‍ച്ചക്ക് മുതിരാതെ മുപ്പതു പോയന്റിലെ അടുത്ത പോയന്റിലേക്ക് കടന്നു.
ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് വളരെ പണിപ്പെട്ടു ഒരു 'റിസ്ക് അനാലിസിസ്' നടത്തി തീരുമാനിച്ച പ്രവര്‍ത്തന പരിപാടിയാണ് ഇത്. നിങ്ങളൊക്കെ സഹകരിക്കുകയാണെങ്കില്‍ ഭക്ഷു വിഷബാധ കേരളത്തില്‍ നിന്നും തുടച്ചു നീക്കാം'
ശേഷാദ്രി നാരായണന്‍ എന്ന ശേഷ് നാരായന്‍ എന്ന ബ്രാഹ്മണന്‍ പെട്ടെന്ന് നുരഞ്ഞു പൊന്തിയ ക്ഷാത്ര വീര്യം കൊണ്ട് ജ്വലിച്ചു. ഒരു നൂറു കൊല്ലം മുന്‍പ് വല്യങ്ങാടിയിലെ വീരമണിയും പിന്നെ തന്റെ ഗ്രാന്‍ഡ് ഫാദര്‍ ശേഷാദ്രി അയ്യരും മാത്രമായിരുന്നു ഇത് പോലുള്ള ചോറ്റുകട നടത്തിയിരുന്നത്. പിന്നെ എപ്പോഴോ വീരമണിയുടെ കടയും അടച്ചു പോയി. മാസാ മാസം NASA പെന്‍ഷനും Social Security പെന്‍ഷനും ഡോളറിനു അമ്പതഞ്ച് രൂപ നിരക്കില്‍ കിട്ടിയിട്ടും ഇത് തുടര്‍ന്ന് പോകുന്നത് മുത്തച്ചന്‍ പറയാറുണ്ടായിരുന്ന 'അന്ന ദാനം മഹാ ദാനം' എന്നത് ഓര്‍ത്തിട്ടാണ്. പിന്നെ 'ചമയല്‍' കര്‍ണാടക സംഗീതം പോലെ രക്തത്തില്‍ ചേര്‍ന്നിട്ടുണ്ട് താനും. പൂണൂലില്‍ വിരലുകള്‍ ഓടിച്ച് സാമി അങ്ക തട്ടില്‍ ഇറങ്ങി.
'സര്‍, നീങ്ക ഇന്ത HACCP എന്റ് കേട്ടിരിക്കാ? '
'What is the connection between that and what we are discussing?' കമ്മിഷണര്‍ ചൂടായി.
' സിംപ്ലി ദിസ്. ഫുഡ് പ്രിസര്‍വേഷന്‍ മികവിന്റെ തത്വങ്ങള്‍ വികസിപ്പിച്ചെടുത്തത് NASA യാണ്. റിസ്ക് അനാലിസിസ് അല്ല Hazard Analysis and Critical Control Point എന്നാണു ആ വിദ്യയുടെ പേര്. MIT യില്‍ നിന്നും ഫുഡ് ടെക്നോളോജിയില്‍ Ph.d എടുത്ത ശേഷം ഒരു ഇരുപതു കൊല്ലം ഞാന്‍ ഇതിന്റെ ഭാഗമായിരുന്നു. '
'അത് കൊണ്ട് താങ്കളെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കനമെന്നാണോ പറഞ്ഞു വരുന്നത്.'
'Not at all, Sir. തെങ്ങിനും കവുങ്ങിനും ഒരേ പോലത്തെ തളപ്പ് ഇടാന്‍ നോക്കരുത് എന്നാണു. ഇത് ഒരു വെജിറ്റെറിയന്‍ ഭക്ഷണശാലയാണ്. ഇവിടെ വിഷബാധ ഉണ്ടാക്കാന്‍ ഏറ്റവും സാധ്യതയുള്ള ബാക്ടീരിയകള്‍ salmonella, e-coli എന്നിവയാണ്. കൂടാതെ പാചകക്കാര്‍ ശുചിത്വം പാലിച്ചില്ലെങ്കില്‍ Listeria, Hepatitis A തുടങ്ങിയ പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യതയുണ്ട്. അതിന്നു വേണ്ട മുന്‍കരുതലുകള്‍ ഒക്കെ ഇവിടെയുണ്ട്. ഏതൊക്കെയാണ് ക്രിട്ടികല്‍ കണ്ട്രോള്‍ പോയന്റ്സ് എന്ന് എനിക്കും ഇവിടെ പണിയെടുക്കുന്നവര്‍ക്കും നന്നായി അറിയാം.'
'താങ്കള്‍ക്ക് അറിയുമായിരിക്കും. എന്നാലും ജനങ്ങളെ ബോധാവാന്മാര്‍ ആക്കെണ്ടേ.'
'തീര്‍ച്ചയായും. റോഡില്‍ നിന്നും കുപ്പ മാറ്റിയിട്ടും വൃത്തിയുള്ള മൂത്രപ്പുരകള്‍ തുറന്നും ബിവറേജ് ഷാപ്പുകളുടെ എണ്ണം കുറച്ചും അവരെ ബോധവാന്മാര്‍ ആക്കാം. നല്ല വെള്ളം കൊടുക്കാന്‍ പറ്റാത്തപ്പോള്‍ ചോറ്റു കടകളില്‍ പോയി നിയമം പറഞ്ഞു വല്ല കാര്യമുണ്ടോ? ഹെര്‍കുലീസ് XXX രാമനെ അന്ത stable ക്ലീന്‍ പണ്ണറതുക്ക് അനപ്പിടുങ്കോ.'
വാണം വിടുന്ന അമേരിക്കന്‍ കമ്പനിയില്‍ പണിയെടുത്തിരുന്ന, ഡോളറില്‍ പെന്‍ഷന്‍ വാങ്ങുന്ന മുന്‍ MIT ഡോക്ടറൈറ്റ് ആണ് പ്രതിയോഗി എന്ന് മനസ്സിലാക്കിയ കമ്മിഷണര്‍ നടന രീതിയില്‍ വേണ്ട മാറ്റം വരുത്തി.
എടെ മൂള, ആടെ ഭാവം
എടെ ഭാവം ആടെ രസം.
(യഥോ മന: തഥോ ഭാവ:
യഥോ ഭാവ: തഥോ രസ:)
കമ്മിഷണര്‍ രസിച്ചതായി ഭാവിച്ചു. പിന്നെ ചിരിച്ചു. സംഘ തലവന്‍ ചിരിച്ചപ്പോള്‍ ബാക്കി സംഘവും ചിരിച്ചു. ചിരിച്ചു രസിച്ചു നാല്‍വര്‍ സംഘം കാറിന്നു നേരെ നീങ്ങി. തിരിച്ചു വരില്ലെന്ന് ഏകദേശം ഉറപ്പായപ്പോള്‍ ശേഷാദ്രി വിളിച്ച് ചോദിച്ചു.
'ഇവളവും ശീഘ്രം കളമ്പറിയാ? ടിഫിന്‍ സാപ്പട്ടു പോകലാമേ. സൂടാ രണ്ടു ഇട്ട്ളി വട പാര്‍സല്‍ പണ്ണട്ടുമാ.'
ഒരു ദിവസത്തേക്ക് വേണ്ട ബോധവല്‍കരണം കിട്ടിയ സംഘം തിരിഞ്ഞു നോക്കിയില്ല.
'ഒരു വേള അവങ്ക തിരുമ്പി വന്താല്‍ നമ്മ ഗതി അതോഗതി.' അലമേലു അമ്മാള്‍ മനസ്സില്‍ വിചാരിച്ചു.പിന്നെ വേഗം ബാക്കി വന്ന 'ടിഫിന്‍ ' വിതരണം ചെയ്തു.
'