Tuesday, June 12, 2012


മാര്‍ട്ടീനം ബ്രഹ്മ:

{കപ്പലോട്ടിയ തമിഴന്നു മുന്‍പും കപ്പലുണ്ടായിരുന്നു. കപ്പലും, കപ്പല്‍ മുളകും, പറങ്കി മാങ്ങയും തന്നത് പറങ്കികള്‍  എന്ന് ചരിത്രം.  അതിന്നും എത്രയോ മുന്‍പ് വന്നുവെന്നു പറയുന്ന റോമാക്കാര്‍, (അതിലൊരു സംശയാലു തോമാ കൂടി ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം) കുരുമുളകും, കുന്തിരിക്കവും കൂട്ടത്തില്‍ ആത്മാക്കളെയും തേടിയാണെത്രേ  വന്നത്. റോമാക്കാര്‍ മൂത്ത് മൂത്ത് ഇറ്റാലിയന്‍കാരായ ശേഷം അടുത്ത കാലത്ത്  ആണ് അവരുടെ കപ്പല്‍ കരയില്‍ അടുപ്പിച്ചത്. അതുണ്ടാക്കിയ ഹലാക്കും താഴെ വിവരിക്കുന്ന ഹലാക്കും തമ്മില്‍ ഒരു പുലിവാല്‍ ബന്ധം കൂടി ഇല്ല . വല്ല ബന്ധവും തോന്നിയാല്‍   ആ സംബന്ധം അസംബന്ധവും, അവിഹിതവും കോടതി അലക്ഷ്യവും ആയിരിക്കും.} 


ഊംബര്‍ട്ടോ ഓര്‍സീനി ബോര്‍ഡിംഗ് കോണി കയറി വരുന്ന സംഘത്തെ നോക്കി ബ്രിഡ്ജില്‍, പൈലറ്റ്  റൂമില്‍ നിന്നു. ഫോര്‍വേഡ് ഹള്ളില്‍ നിന്നും ഏകദേശം  ഇരുനൂറു മീറ്ററോളം നടക്കണം ക്യാപ്ടന്റെ കാബിനും, ഗാല്ലിയും (galley), മെസ്സും, മറ്റു കാബിനുകളും സ്ഥിതി ചെയ്യുന്ന ആഫ്റ്റ് ഡേക്കിലെത്താന്‍. തലങ്ങും വിലങ്ങും പൈപ്പുകളും, പമ്പുകളും  ചങ്ങലകളും കൂടാതെ എണ്ണ വീണു കുതിര്‍ന്ന ഓവല്‍ ആകൃതിയിലുള്ള  കപ്പല്‍ തട്ടിലൂടെ വേഗം  നടക്കണമെങ്കില്‍ പരിചയം വേണം. വരുന്ന സംഘത്തില്‍ മിക്കവര്‍ക്കും  എണ്ണ കപ്പലുമായി പുല ബന്ധ മുന്ടെന്നു തോന്നിയില്ല. കപ്പല്‍ പൊടുന്നനെ മയ്യത്തായാല്‍ അവര്‍ക്ക്  ആര്‍ക്കും  ബലി ഇടേണ്ടി വരില്ല.


കയ്യില്‍ പിടിച്ചിരുന്ന മാര്‍ട്ടിനി ഗ്ലാസ്സില്‍ നിന്ന്  ഒരു സിപ്പ് കൂടി എടുത്ത് ഊംബര്‍ട്ടോ സംഘത്തെ ശ്രദ്ധിച്ചു. സൂട്ടിട്ട കൊണ്സുലറ്റ് ഉദ്യോഗസ്ഥന്‍ സംഭവത്തിനു ശേഷം പല തവണ വന്നിട്ടുണ്ട്. തൊട്ടു പുറകില്‍, യുണിഫോര്മില്‍, കരി വീട്ടി നിറമുള്ള ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക്‌ പുറകില്‍ ചന്ദന നിറവും കുറച്ചു കുംഭയും, നീണ്ട  തലയുമുള്ള ഒരു മദ്ധ്യ വയസ്ക്കന്‍. പിന്നെ കുറച്ചു സാധാരണ പോലീസുകാരും കോസ്റ്റ്‌ ഗാര്‍ഡില്‍ നിന്ന് ഒരു യു ണിഫോര്‍മിട്ട  ആപ്പീസറും
'തന്റെ  ഒരു ദിവസം കൂടി വെള്ളത്തില്‍ ' ഊംബര്‍ട്ടോ മനസ്സില്‍ പറഞ്ഞു. പിന്നെ ആ പ്രയോഗത്തിലെ 'ഐറണി' ആലോചിച്ചു  ചിരിച്ചു. കപ്പലും വെള്ളത്തില്‍. താനും സാമാന്യം  വെള്ളത്തില്‍. ഗ്ലാസ്സിലുള്ള ബാക്കി മാര്‍ട്ടിനി കൂടി തീര്‍ത്ത ശേഷം ബ്രിഡ്ജിലെ ഇടത്തു വശത്തെ വാതില്‍ തുറന്നു 'വാക്ക്‌ വേ' യില്‍ പ്രവേശിച്ചു. കോണി ഇറങ്ങി ഗാല്ലി കടന്നു  മെസ്സ് ഹാളിനു നേരെ നടന്നു.


ആദ്യം വിചാരിച്ചു സംഘത്തെ സ്വന്തം ക്യാബിനില്‍ സ്വീകരിക്കാം എന്ന്. പിന്നീട് തോന്നി ഒരു മൂന്നാം കിട രാജ്യത്തിലെ മൂന്നാം കിട പോലീസുകാരെ സര്‍വ്വാണിയില്‍ കൂടുതല്‍ എന്തെങ്കിലും ആയി കരുതുന്നത് റോമായിലെ പുരാതന കുടുംബത്തില്‍ പെട്ട തന്റെ അന്തസ്സിനു യോജിക്കുന്നതല്ല. No mixing with the plebs, the hoi polloi . എന്നാല്‍, മെസ്സ് ഹാളില്‍ തന്നെ ആവട്ടെ കഥകളി.  ഭക് ഷ്യ വിപ്ലവത്തിനു ശേഷം മേശ, പാത്രങ്ങള്‍ ഇത്യാദി കഴുകി വൃത്തിയാക്കാന്‍ രാം സംതിംഗ്, കിഷന്‍ സംതിംഗ് , കാന്‍ഷി സംതിംഗ് മാരെ കപ്പലില്‍ ജോലിക്ക് വെച്ചിട്ടുണ്ടല്ലോ.
മെസ്സില്‍ പ്രവേശിച്ചു ആദ്യം കണ്ട നാവികനെ വിളിച്ചു.
'സൈയ്‌ലര്‍!'
ഒരു ഇന്ത്യന്‍ നാവികന്‍ ഓടി വന്നു സല്യൂട്ട് അടിച്ചു. 'Aye, Aye Captain.' അക്ഷര വൈരികള്‍ വളരെ ക്കാലം പറഞ്ഞിരുന്നത് ' ജി ഹുസ്‌ൂര്‍, ജി സാബ്' എന്നൊക്കെ ആയിരുന്നു. പിന്നെ അവന്മാര്‍ കടലുകള്‍ കടന്നു സ്വയം 'ഭ്രഷ്ടന്‍'മാരായി. പ്രവാസികളായി. ആദ്യം തന്നെ ദരിദ്രവാസികള്‍ ആയിരുന്നത് കൊണ്ട് അതിന്നു വേണ്ടി പ്രതെയ്കം ബുദ്ധിമുട്ടേണ്ടി വന്നില്ല.
 മൂന്നാം തരക്കാരനോട് കല്‍പ്പിച്ചു: ' പുറത്തു, കോണി കയറി വരുന്ന ദരിദ്ര വാസികളെ ആട്ടി തെളിച്ചു മെസ്സ് ഹാളില്‍ കൊണ്ട് വാ'.
റാം സംതിംഗ് സലുട്ടടിച്ചു, ചെനക്കത്തൂര്‍ പൂരത്തിനു 'അയ്യയ്യോ' എന്ന് വിളിക്കുന്നത്‌ പോലെ 'അയ്‌, അയ്‌ സര്‍' പറഞ്ഞു  പുറത്തേക്ക് ഓടി. ഉമ്പര്‍ട്ടോ മേശയുടെ തലക്കല്‍ ഉള്ള കസേരയില്‍ ചെന്ന്  ഇരുന്നു. വെറുതെ ആലോചിച്ചു. ഈ ഒരു പുലിവാലില്‍ പെട്ടില്ലെങ്കില്‍ ഇപ്പോള്‍ താന്‍  കയ്റോവില്‍ ആയിരിക്കും. ഷിപ്പിംഗ് കമ്പനിയുടെ  നിയമന ഉത്തരവ്  പ്രകാരം 'എല്ലാ പോര്‍ട്ടിലും ഒരു പെണ്ണ്' നാവികര്‍ക്ക് അനുവദിച്ചിട്ടുണ്ട്. A girl in every port of call. നേരമ്പോക്ക് ആവാമായിരുന്നു. അല്ലെങ്കില്‍ ഒരു നൈല്‍ ബോട്ട് ക്രുസില്‍ ഏതെന്കിലും ഈജിപ്ഷ്യന്‍ സുന്ദരിയുടെ നാഭീ നൃത്തം നോക്കി ഇരിക്കാമായിരുന്നു.  കുഴപ്പങ്ങള്‍ ഒക്കെ ഉണ്ടാക്കിയ നാവികനെ മനസ്സില്‍ ശപിച്ചു. 'figlio di una mignotta' - ( തര്‍ജമ: പട്ടീ പുത്രന്‍  )


റാം സംതിംഗ് സംഘത്തെ ആനയിച്ചു മെസ്സ് ഹാളില്‍ പ്രവേശിച്ചു. 'കരി വീട്ടി' കൈ നീട്ടി മുന്നില്‍ വന്നു. എഴുനെല്‍ക്കാന്‍ തോന്നിയില്ല. കൈ കുലുക്കിയതുമില്ല.
'ഐ ആം പോലീസ്‌ കമ്മിഷണര്‍ വിന്‍സന്റ് ഫേണ്‍ ഐ.പി.എസ്‌' കരി വീട്ടി സ്വയം പരിചയപെടുത്തി. തൊട്ടു പുറകില്‍ നിന്നിരുന്ന മദ്ധ്യവയസ്കനെ ചൂണ്ടി  ' ഡി വൈ .എസ്പി ജാതവേദന്‍'. കോസ്റ്റ്‌ ഗാര്‍ഡ്‌ ഉദ്യോഗസ്ഥന്‍ ഒന്നും പറയാതെ  വെറുതെ ചിരിക്കുക മാത്രം ചെയ്തു.ആരും പരിചയപ്പെടുത്തിയതുമില്ല. മറ്റു പോലീസുകാര്‍ റാം സംതിങ്ങിനോടൊപ്പം ക്യാബിന്നു  പുറത്തു നിന്നു.
'ഉമ്പര്‍ട്ടോ '. റോമന്‍ സ്വയം പരിചയപ്പെടുത്തി.
'ഉമ്പര്‍ട്ടോ ഏകോ? ' സിവില്‍ സര്‍വീസ്‌ പരീക്ഷക്ക്‌ വേണ്ടി വെട്ടി വിഴുങ്ങിയ പൊതു വിജ്ഞാനം മുഴുവന്‍ മറന്നിട്ടില്ലാത്ത കരി വീട്ടി, ഐ.പി.എസ  ചോദിച്ചു.
'ഓര്‍സീനി'. ഉമ്പര്‍ട്ടോ പറഞ്ഞു. പിന്നെ ആവശ്യമില്ലെങ്കിലും കൂട്ടി ചേര്‍ത്തു.' ബോബോണി-ഓര്‍സിനി കുടുംബം പതിനൊന്നാം നൂറ്റാണ്ടു മുതല്‍ റോമിലെ പ്രഭുക്കളാണ് '
തന്റെ കുടുംബം ഒന്നാം നൂറ്റാണ്ടില്‍ തോമ്മാച്ചനോട് കൂടി വന്നതാണ് എന്ന് പറയണോ എന്ന് ആലോചിച്ചു വിന്‍സന്റ് ഫേണ്‍, ഐ. പി.എസ്‌. എന്നാല്‍ ഒരു ലത്തീന്‍ കത്തോലിക്കനായ താന്‍ അങ്ങിനെ പറയുന്നത് ഒരു ചരിത്രപരമായ ബ്ലണ്ടര്‍ ആയിരിക്കും. മാത്രമല്ല തോമാച്ചന്‍ സൈപ്രസ്സിലും, ക്രീറ്റിലും പോയി മാള്‍ട്ടയില്‍ വെച്ച് കൊലചെയ്യപ്പെട്ടു എന്നാണു റോമാക്കാര്‍ വിശ്വസിക്കുന്നത്. അത് കൊണ്ട് ഐ.പി.എസ. പറഞ്ഞു:
'ഓ റിയലീ.'
'ഇന്‍ ദി നെയിം ഓഫ് ദി റോസ്'  ഉമ്പര്‍ട്ടോ സത്യം ചെയ്തു.
ജാതവേദന്‍ ആകാശത്തില്‍ നോക്കി, കൈ വിരലുകളുടെ അറ്റങ്ങള്‍ പരസ്പരം ചേര്‍ത്ത് വെച്ച്  പറഞ്ഞു. " മൂന്നു പോപ്പുമാരെയും, മുപ്പത്തിനാല് കര്‍ദിനാള്‍ മാരെയും നിരവധി കൂലി പട്ടാളക്കാരെയും സംഭാവന ചെയ്ത കുടുംബം."
ഉമ്പര്‍ട്ടോ പെട്ടെന്ന് ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു. ഉഗ്രനെ സൂക്ഷിച്ചു നോക്കി. കൂട്ട് പുരികത്തിന്നു കീഴിലുള്ള ആജ്ഞാ ശക്തി സ്പുരിക്കുന്ന കണ്ണുകളും, ചെവിയില്‍ എഴുന്നു നില്‍ക്കുന്ന രോമങ്ങളും, ഉയര്‍ന്ന നാസികയും, നീളമുള്ള മുഖവും ആദ്യമായി ശ്രദ്ധിച്ചു. മൂന്നാം കിട രാജ്യത്തിലെ ഒന്നാം കിട പൌരന്‍. എല്ലാ അംഗുലവും പ്രഭുത്വം.  ആ കണ്ണുകള്‍ക്ക്‌ പുറകില്‍ നിരന്നു കിടക്കുന്ന അയ്യായിരം കൊല്ലത്തെ  വംശാവലി ഒരു നിമിഷം കണ്ടു. പല പൂണോലുകള്‍ കണ്ടു. ഭാരദ്വാജനെ കണ്ടു.  അഗ്നി മീളെ പുരോഹിതനെ കണ്ടു.
ഉമ്പര്‍ട്ടോ എഴുനേറ്റു നിന്ന് ആദ്യം ചെയ്യാന്‍ വിസമ്മതിച്ച ഉപചാരങ്ങള്‍ ചെയ്തു. കൈ കുലുക്കി പറഞ്ഞു :
' വെല്‍ക്കം എബോഡ് സിന്ജോരെ ജാടവേടന്‍. ഇറ്റ്‌ വാസ്‌ റിയലി അമിസ്സ്‌ ഓഫ് മി."
ആദ്യത്തെ നേട്ടം പിന്തുടര്‍ന്ന് കൊണ്ട് നമ്പൂതിരിപാട്  പറഞ്ഞു: ' അത് മാത്രമല്ല തന്റെ കുടുംബത്തിന്റെ സംഭാവന. ആംഗലേയ ശബ്ദാവലിക്ക് ഒരു വാക്ക്  കൂടി തന്നിട്ടുണ്ട് തന്റെ പോപ്പ് കാരണവന്മാര്‍. നെപോട്ടിസം."
ഉമ്പര്‍ട്ടോ മനസ്സില്‍ മന്ത്രിച്ചു : Oh! mio dio ( എന്റെ പടച്ചവനെ ) പിന്നെ സ്വന്തം തള്ളക്കു വിളിച്ചു 'മമ്മാ മിയാ.' ഒടുക്കം കുറ്റം ഏറ്റു പറഞ്ഞു മിയ കുല്‍പ, മിയ മാക്സിമ കുല്‍പ.

കാര്യങ്ങള്‍  തന്റെ കയ്യില്‍ നിന്നും വഴുതി പോകുന്നു എന്ന് കണ്ട ഐ.പി.എസ്, പയ്യന്‍ ഇടപെട്ടു.
' ഷിപ്പിന്റെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് വേണം'. 
ഉമ്പര്‍ട്ടോ ചോദിച്ചു: 'എന്തൊക്കെ  ഡീട്ടയില്സ് ആണ് വേണ്ടത്.'
കപ്പലിനെ കുറിച്ചുള്ള പരിമിത പരിജ്ഞാനത്തിന്റെ സ്റോക്ക് തീര്‍ന്ന ഐപിഎസ് നിസ്സഹായനായി ജാതവേദനെ നോക്കി. തിരുമേനി ശങ്കിച്ചില്ല:
'ക്ലാസ്സ്‌, ടൈപ്പ്, ഗ്രോസ് ടണ്ണ്ഐജ്‌, സ്പീഡ്‌, പൊസിഷന്‍, കാര്‍ഗോ. പിന്നെ  ഓണര്‍, മാസ്റര്‍, ചീഫ്‌ മെയ്‌റ്റ്, സെക്കണ്ട് മെയ്‌റ്റ്, ഓഫീസര്‍ ഓഫ് ദി വാച്ച്, തേര്‍ഡ് മെയ്‌റ്റ്, സ്രാങ്ക് എന്നിവരുടെ പേരുകള്‍. ലോഗ് ബുക്ക്‌, Marine Rescue Cordination Centre ന്നയച്ച റിപ്പോര്‍ട്ടിന്റെ കോപ്പി '.
ഐപിഎസ് പയ്യന്‍ ഉഗ്രനെ  അത്ഭുതത്തോട് കൂടി നോക്കി മലയാളത്തില്‍ മന്ത്രിച്ചു.' താന്‍ ഇതൊക്കെ എവിടുന്നാ മനസ്സിലാക്കിയത്'.
ജാതവേദന്‍: 'തിരോന്തരത്തു മുറ ജപത്തിന്നു പോയി ബോട്ടില്‍ മടങ്ങുമ്പോള്‍ ബോട്ടുകാരന്‍ പറഞ്ഞു തന്നതാ എമാന്നെ .'

പോക്കറ്റില്‍ നിന്ന് നാലായി മടക്കിയ ഒരു കടലാസ് എടുത്തു തുറന്നു ആമുഖമായി  ഉമ്പര്‍ട്ടോ പറഞ്ഞു: ' ഈ അഭിമുഖത്തിനു ഞാന്‍  തയ്യാറെടുത്തിട്ടില്ല എന്ന്  പറഞ്ഞാല്‍ ശരിയായിരിക്കുകയില്ല. നടന്ന സംഭവത്തിനു ശേഷം ഈ കൂടികാഴ്ച ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.' ഒന്ന് നിര്‍ത്തി കപ്പിത്താന്‍ തുടര്‍ന്നു.
'മൈ ഷിപ്‌ ഈസ്‌ ആന്‍ ആഫ്രാമാക്സ് ടൈപ്പ് , എല്‍ആര്‍1 ക്ലാസ്സ്‌ ഓയില്‍ ടാങ്കര്‍ ഓണ്‍ ഇട്സ് വേ ഫ്രം കൊളംബോ ടു കൈറോ. DWT  ഈസ്‌ 58000MT. കപ്പല്‍ സിസിലിയില്‍ കോര്‍ലിയോണി കുടുംബത്തിന്റെ പേരിലാണ് റെജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇറ്റ്‌ സൈയില്സ് അണ്ടര്‍ ദി ഇറ്റാലിയന്‍ ഫ്ലാഗ്. ദി നെയിം ഓഫ് ദി ഷിപ്‌ ഈസ്‌ 'കോസ നോസ്ട്ര' ആന്‍ഡ്‌ വാസ്‌ കംമിഷണ്ട് ഇന്‍ 2008.
കരിവീട്ടി ഐപിഎസ്സ ചാടി ഇടപെട്ടു. 'കോര്‍ലിയോണി' കുടുംബം മാഫിയയില്‍ പെട്ടതാണ്. അത് മാത്രം മതി എനിക്ക് ഈ കപ്പല്‍ പിടിച്ചെടുക്കാന്‍.'
ജാതവേദനെ ദയനീയമായി ഒന്ന് നോക്കി ഒരു കൊച്ചു കുട്ടിയോടെന്നപോലെ ഐപിഎസ്സ പയ്യനോട്  ഉമ്പര്‍ട്ടോ പറഞ്ഞു: 'കോര്‍ലിയോണി' ഫാമിലി ഈസ്‌ ഫുള്ളി ലെജിറ്റ്‌ നൌവ്. അവരിപ്പോള്‍ ഇന്റര്‍പോള്‍ ലിസ്റ്റിലൊന്നും ഇല്ല.'
കോസ്റ്റ്‌ ഗാര്‍ഡ്‌ ആദ്യമായി വായ തുറന്നു. മുത്തുകള്‍ ഒന്നും വീണില്ല. ചില വാക്കുകള്‍ നിലത്ത് വീണു വക്ക് പൊട്ടി. ജാതവേദന്‍ അത് ഇപ്രകാരം ഡീകോഡ് ചെയ്തു. ' ഞങ്ങള്‍ കോസ നോസ്ട്രയെ തടുത്തു നിര്‍ത്തി കരയില്‍ അടുപ്പിക്കുകയായിരുന്നു.'.
ഉമ്പര്‍ട്ടോ പറഞ്ഞു: 'അതില്‍ യാതൊരു സത്യവും ഇല്ല. കപ്പല്‍ കരയില്‍ അടുപ്പിക്കാന്‍ ഞാന്‍ ഓര്‍ഡര്‍ കൊടുക്കുകയായിരുന്നു.'
കോസ്റ്റ്‌ ഗാര്‍ഡ്‌ വിടാന്‍ ഭാവമുണ്ടായിരുന്നില്ല. ഞങ്ങളുടെ ഗണ്‍ ബോട്ട് ICGS Sonia എന്തിന്നും തയ്യാറായി നില്‍പ്പുണ്ടായിരുന്നു.മാത്രമല്ല ഞങ്ങളുടെ വിമാനം ICG DO420 മുകളില്‍ വട്ടം ചുറ്റുന്നുണ്ടായിരുന്നു.' 
തിരുമേനി മെല്ലെ ചോദിച്ചു: 'അവര്‍ നിങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമായിരുന്നു.'
കോസ്റ്റ്‌ ഗാര്‍ഡ്‌: ഔവര്‍ ഗണ്‍സ് വുഡ്‌ ഹാവ് ഒപ്പെന്‍ട് ഫയര്‍,'
തിരുമേനി: ' ഇറ്റലി നാറ്റോ സഖ്യത്തില്‍ പെടുമെന്ന് തനിക്കു  അറിയുമോ? നാറ്റോ ട്രീറ്റി പ്രകാരം ട്രോപിക്‌ ഓഫ് കാന്‍സറിന്നു മുകളിലായി  സഞ്ചരിക്കുന്ന സഖ്യ രാജ്യങ്ങളുടെ    കപ്പലുകളും 'ടെറിട്ടറി' എന്ന നിര്‍വചനത്തില്‍ പെടുമെന്ന് അറിയുമോ? അവയെ ആക്രമിച്ചാല്‍ എല്ലാ നാറ്റോ രാജ്യങ്ങളും പ്രത്യാക്രമണത്തില്‍ പങ്കെടുക്കണമെന്ന് അറിയാമോ? അല്ലെങ്കില്‍, ഈ കപ്പലിലെ ഓയില്‍ മുഴുവന്‍ അറബിക്കടലില്‍ വീണാലുള്ള ദുരന്തത്തെ കുറിച്ച് ഊഹിക്കാന്‍ പറ്റുമോ?'
കോസ്റ്റ്‌ ഗാര്‍ഡ്‌ ചാണകത്തില്‍ ചവുട്ടിയ പോലെ അങ്ങും ഇങ്ങും നോക്കി. തിരുമേനി 'ഗോവധം' മതിയാക്കി  കസേരയില്‍ ഒന്ന് ചാഞ്ഞിരുന്നു. 
ഈ സംവാദം മലയാളത്തില്‍ ആയതിനാല്‍ ഉമ്പര്‍ട്ടോവിനു സംഗതി മുഴുവന്‍  മനസ്സിലായില്ല. എന്തോ ഒരു 'സ്ടില്ലെട്ടോ' പ്രയോഗമാണെന്നു മാത്രം മനസ്സിലായി. 
അദ്ദേഹം തുടര്‍ന്നു :  നാല്‍പ്പതിനായിരത്തോളം ലിറ്റര്‍ ക്രൂഡ് ഓയില്‍ കപ്പലിന്റെ ഹോള്‍ഡില്‍ ഉണ്ട്.
ജാതവേദന്‍ ചോദിച്ചു: 'സിന്ജോരെ ഉമ്പര്‍ട്ടോ മത്സ്യ ബന്ധന  ബോട്ടില്‍ ഇടിച്ചപ്പോള്‍ കപ്പലിന്റെ പൊസിഷന്‍ എന്തായിരുന്നു.
ഉമ്പര്‍ട്ടോ: Lat 6.45757523*/ 95.30642*
ജാതവേദന്‍: ഐ പ്രസ്‌യൂം   ദിസ്‌ ഈസ്‌ ദി സാറ്റലൈറ്റ് പൊസിഷന്‍. ഇത് നിങ്ങള്‍ MRCC യെ അറിയിച്ചിരുന്നുവോ?
ഉമ്പര്‍ട്ടോ: റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കുറച്ചു വൈകി.
ജാതവേദന്‍: 'ടെറിട്ടോരിയല്‍ വാട്ടെര്സിന്നു പുറത്തായിരുന്നു സംഭവം നടക്കുമ്പോള്‍ താങ്കളുടെ കപ്പല്‍ എന്നായിരിക്കും താങ്കളുടെ പാട്ടിന്റെ രാഗം, ബര്‍ഡന്‍ ഓഫ് യുവര്‍ സോങ്ങ്.'
ഉമ്പര്‍ട്ടോ ഒന്നും പറഞ്ഞില്ല.
ഡി.വൈ.എസ്പി.തിരുമേനി ഐപിഎസ്സിനോട് പറഞ്ഞു: 'ഹെഡ് കോണ്‍സ്റബില്‍ കുട്ടന്‍ പിള്ളൈ  ആന്‍ഡ്‌ ദി ചീഫ്‌ മെയ്‌ററ് ഓഫ് ദി ഷിപ്പ്‌  കാന്‍ സിറ്റ് ഡൌണ്‍ ആന്‍ഡ്‌ പ്രിപേയര്‍ ദി മഹസ്സര്‍. യു കാന്‍  ഗോ ബാക്ക് ടു ദി ഷോര്‍. ഐ വില്‍ ടൈ അപ്പ്‌ ഓള്‍ ലൂസ് ഏന്‍ഡ്സ് ഹിയര്‍.'
താന്‍ അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും സിവില്‍ സര്‍പ്പന്റ്സിന്റെ മാര്‍ക്കറ്റ് നിലവാരം ഇടിയുകയാണെന്നു മനസ്സിലാക്കിയ ഐപിഎസ് പയ്യന്‍  ഉത്സാഹത്തോടെ സമ്മതിച്ചു. എന്നിട്ട് പറഞ്ഞു: നമ്മള്‍ ഡിസ്കസ് ചെയ്ത പോലെ മുന്നോട്ടു പോകുക ' ഒരു ചര്‍ച്ചയും മുന്‍പ്  നടന്നിട്ടില്ലാത്തത് കൊണ്ട് ജാതവേദനും അത് സമ്മതമായിരുന്നു.
ഇപ്രാവശ്യം ഉമ്പര്‍ട്ടോ ഐപിഎസ്സുമായി കൈ കുലുക്കി. കോസ്റ്റ്‌ ഗാര്‍ഡിനെയും, കൊണ്സളിനെയും യാത്രയാക്കി തിരിച്ചു വന്നു. എന്നിട്ട് പറഞ്ഞു: ' താങ്കള്‍ക്കു വിരോധമില്ലെന്കില്‍ ബാക്കി ചര്‍ച്ച എന്റെ കാബിനില്‍ വെച്ചാവാം.'
ബ്രിഡ്ജില്‍, പൈലറ്റ് റൂമിന്നു നേരെ താഴെ, ഇടത്ത് വശത്തുള്ള കാപ്റ്റ്‌ന്റെ കാബിനിലേക്ക് റോമാ പ്രഭുവും ആര്യ പുത്രനും പിന്‍ വാങ്ങി.
കാബിന്‍ അധികം വലിപ്പം ഒന്നുമില്ല. ഒരു കട്ടിലിനു പുറമേ ഒരു എഴ്ത്തു മേശ, ഒരു ഫ്രിഡ്ജ്, ഒരു വാള്‍ഷെല്‍ഫ്‌, രണ്ടു മൂന്നു കസേരകള്‍. കഴിഞ്ഞു. എയര്‍ കണ്ടിഷണ്ട് ആണ് എന്നൊരു സമാധാനം.


ഉമ്പര്‍ട്ടോ ആമുഖമായി പറഞ്ഞു: ലെറ്റ്‌ ദി പ്ലെബ്സ് ഹാന്‍ഡില്‍ ആള്‍ ദി പേപ്പര്‍ വര്‍ക്ക്‌. വാട്ട്‌ ഈസ്‌ യുവര്‍ ഫേവറിററ് പോയ്സന്‍'.
(പേപ്പര്‍ തീറ്റ പേപ്പര്‍ പുലികളായ സര്‍വാണികള്‍ നടത്തട്ടെ. നമുക്കെന്തെങ്കിലും മോന്താം)
തിരുമേനി റോമന്റെ കണ്ണില്‍ നോക്കി പറഞ്ഞു: 'ഒരു കാര്യം താങ്കള്‍ മനസ്സിലാക്കണം. വിഷം കഴിച്ച ശേഷവും സംഗതികള്‍ ഒന്നും മാറുന്നില്ല. കപ്പല്‍ വിട്ടു കിട്ടാന്‍ താമസം വന്നേക്കും. താങ്കളുടെ 'ഓഫീസര്‍ ഓഫ് ദി വാച്ച് ' അറ്റസ്റ്റ് ചെയ്യപ്പെട്ടെക്കും. നല്ല ഒരു  തുക നഷ്ട പരിഹാരം കൊടുക്കേണ്ടി വരും.'
ഉമ്പര്‍ട്ടോ ചുമലുകള്‍ കുലുക്കി പറഞ്ഞു:   ബട്ട്‌ ദാറ്റ്‌ ഈസ്‌ അണ്ടര്‍സ്ടൂട് സിന്ജോരെ.  'കേ സരാ സരാ.' (വരാന്‍ ഉള്ളത് വഴീല്‍ തങ്ങൂലാ) കപ്പല്‍ വിട്ടു തരേണ്ടത് ആരാണ്?
ജാതവേദന്‍: 'കോടതി ഉത്തരവായാല്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാനാണ് ആ സാഹസം ചെയ്യേണ്ടത്. ഒരു സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥന്‍'.
ഉമ്പര്‍ട്ടോ: 'ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌? ഐസിഎസ്?'
ജാതവേദന്‍: 'വരിയുടച്ച കാളയാണ് കാസ്ട്രേറ്റഡ് ബുള്‍. വെറും  ഐ എഎസ്.'


ചതുരംഗ കളിയിലെ അപ്പോഴത്തെ പൊസിഷന്‍ അര്‍ത്ഥ ശങ്കയില്ലാതെ മനസ്സിലാക്കിയ പട്രീഷ്യന്‍സ് അടുത്ത കരുവിനെ ഉന്തി നീക്കി. തിരുമേനി പറഞ്ഞു: പാരീസില്‍ ഞാനും ഓസ്കാര്‍ വൈല്‍ഡും കഴിച്ചിരുന്നത് 'പച്ച മാലാഖ' എന്ന് വിളിപ്പേരുള്ള ആബ്സിന്ത് ആണ്. റോമില്‍ പോയാല്‍ റോമാക്കാരന്‍ ആവണമല്ലോ. സൊ ഗിവ് മി എ മാര്‍ട്ടിനി വിത്ത്‌ ലീമോണ്‍ചെല്ലോ ആന്‍ഡ്‌ ലൈംറിന്‍ഡ്.'
ഉമ്പര്‍ട്ടോ: 'എക്സല്ലന്റ്റ്‌ ചോയ്സ് ജാടവേടന്‍.'


ഐസ് ഇട്ട് കുലുക്കിയ വോഡ്ക്കയും, ലീമോണ്‍ചെല്ലോയും നിറച്ച മാര്‍ട്ടിനി ഗ്ലാസ്സ് കയ്യിലെടുത്തു ഉമ്പര്‍ട്ടോ പറഞ്ഞു: 'ഞങ്ങള്‍ ഇറ്റലിക്കാര്‍ ടോസ്റ്റ് ചെയ്യുന്നത് 'Salute' എന്നാണു.താങ്കളുടെ ആരോഗ്യത്തിനു എന്നാണു അതിന്നു അര്‍ഥം. താങ്കള്‍ എങ്ങിനെയാണ് ടോസ്റ്റ് ചെയ്യുക.'


ബ്രഹ്മാവിന്റെ മാനസ പുത്രന്‍ മുഖത്ത് ഒരു ഭാവഭേദമില്ലാതെ പറഞ്ഞു: 'വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത് മാര്‍ട്ടിനി കഴിക്കുമ്പോള്‍ 'മാര്‍ട്ടീനം ബ്രഹ്മ:' എന്ന മന്ത്രം ചൊല്ലണമെന്നാണ്. 'മാര്‍ട്ടിനി ഈസ്‌ ദി അള്‍ട്ടിമെയ്‌റ്റ്' എന്ന് അര്‍ത്ഥം .


ഭൂമിദേവിക്ക് ദാഹം തീര്‍ക്കാന്‍ ഒരിറ്റു ജലം നല്‍കി മഹാ ബ്രാഹ്മണന്‍ വാരുണീസേവ തുടങ്ങി.

Monday, June 4, 2012

'thus indeed, in this tradition’

 'പുളിക്കൊമ്പത്തെ  പോതി'  എന്ന കെ.പി.നിര്‍മ്മല്കുമാറിന്റെ കഥ/ലേഖനം ആണ് ഈ പോസ്റ്റിങ്ങിന്നു ആധാരം. മാതൃഭൂമി ആഴ്ചപതിപ്പ് (പുസ്തകം 90 ലക്കം 11) ഒരു പത്ര പ്രവര്‍ത്തകനുമായുള്ള അഭിമുഖം എന്ന പോലെ  മെനെഞ്ഞെടുത്ത ആ കഥ, രവിയുടെ ചിറ്റമ്മയെയും,ഇതിഹാസത്തില്‍, ഒരു 'പാസ്സിംഗ്' പരമാര്‍ശ്വത്തിലൂടെ മാത്രമായി    അനുസ്മരിക്കുന്ന അവരുടെ ഇരട്ട മക്കളെയും, പദ്മയേയും, ഒരു പുതിയ ദൃഷ്ടി കോണിലൂടെ നോക്കി കാണുവാനുള്ള ശ്രമമാണ്. വിജയന്‍റെ മൌനങ്ങളും, ഇതിഹാസത്തിലെ 'പൊരൂത്തമില്ലായ്മ'കളും, 'പിശകുകളും'  ഒരു പുനര്‍വായനക്ക് കളമൊരുക്കുകയാണ്. ആ ദൌത്യം എഴുത്തുകാരന്‍ സമര്‍ത്ഥമായി നിര്‍വഹിക്കുന്നുണ്ട്.


'പുളിക്കൊമ്പത്തെ  പോതി' മാതൃഭൂമിയില്‍ വരുന്നതിനു മുന്‍പ് തന്നെ, മുഖ പുസ്തകത്തില്‍ (Face Book) ശ്രീ നിര്‍മല്‍കുമാര്‍ ഈ  വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടിരുന്നു. ഇതിഹാസം ആദ്യമായി വായിച്ച കാലത്ത് തന്നെ ,അന്നു നൂതനവും, വിപ്ലവാത്മകവുമായ സാഹിത്യാഭിരുചികളെ പൂര്‍ണമായി ഉള്‍ക്കൊണ്ടു വളരെ ശ്രദ്ധയോടു കൂടി ശ്രീ വിജയന്‍ സൃഷ്ടിച്ചതാണ് ആ നോവല്‍ എന്ന് തോന്നിയിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം  പരന്ന വായന നിഷേധിച്ചിട്ടുണ്ടെങ്കിലും, Kierkagaard, Freud, Kafka, Camus എന്നിവര്‍ ഉദ്ഘോഷിച്ചിരുന്ന  അസ്തിത്വ വാദം, അരക്ഷിതത്വം, ഗര്‍ഭ പാത്രത്തിലെക്കുള്ള തിരിച്ചു പോക്ക് , പാപഭാരം  തുടങ്ങിയ സങ്കേതങ്ങളുടെ ശ്രദ്ധാ പൂര്‍വമായ ഉപയോഗം ഇതിഹാസത്തില്‍ കാണാന്‍ സാധിക്കും.      
ഈ ചര്‍ച്ചകള്‍ ഖസാക്കിലേക്ക് ഒന്ന് തിരിച്ചു പോകാനുള്ള 'ജിജ്ഞാസ' എന്നിലും  ഉണര്‍ത്തി. നാല്‍പ്പതില്‍ പരം കൊല്ലങ്ങള്‍ക്ക് ശേഷം ഖസ്സാക്കിലേക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ? ഇതിഹാസം ആദ്യമായി വായിച്ചപ്പോള്‍ തോന്നിയ ആവേശവും പുതുമയും ഒരിക്കല്‍ കൂടി അനുഭവിക്കുക സാദ്ധ്യമാണോ? കാലം മനസ്സിന്നും, ബുദ്ധിക്കും കനിഞ്ഞ് ഏല്‍പ്പിച്ച പ്രഹരങ്ങളെയും  വൃണങ്ങളെയും അതിജീവിച്ചും അവഗണിച്ചും,    ലഭിച്ച അനുഭവ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ,അന്നത്തെ രവിയെ മനസ്സിലാക്കാനുള്ള ഒരു ശ്രമം എത്രത്തോളം വിജയിക്കും? 
ഇതിഹാസകാരന്‍ ഖസാക്കിന്റെ കഥ വായനക്കാരെ ആദ്യമായി ചൊല്ലി കേള്‍പ്പിച്ച കാലത്തിന്റെ മുഖ മുദ്രകള്‍ എന്തായിരുന്നു എന്ന് ഒര്മിചെടുക്കണം. ഇന്നത്തെ കാഴ്ചപ്പാടുകള്‍ വെച്ച് അറുപതുകളില്‍ രചിക്കപ്പെട്ട ഒരു കൃതിയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നത് ശരിയായിരിക്കില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ ഇതിഹാസം ഒരു പരമ്പരയായി വന്ന കാലത്ത് അരങ്ങു വാണിരുന്നത് എം.പി. നാരായണ പിള്ള, കാക്കനാടന്‍ തുടങ്ങിയ 'ആധുനികന്‍' മാര്‍ ആയിരുന്നു.  സോറന്‍ കീര്‍ക്കഗാര്ദ്‌, കാമു, കാഫ്ക, സാര്‍ത്ര്, ഫ്രോയ്ഡ് (ഇംഗ്ലിഷ് സ്പെല്ലിംഗ് അനുസരിച്ചാണ് ഈ പേരുകള്‍ എഴുതിയിരിക്കുന്നത്. ശരിയായ ഉച്ചാരണം വ്യത്യസ്തമായിരിക്കാം)  തുടങ്ങിയ വിശ്രുത എഴുത്തുകാര്‍ ഉപയോഗിച്ചിരുന്ന അസ്തിത്വ വാദം, അന്യതാ ബോധം, അരക്ഷിതത്വം തുടങ്ങിയ സങ്കേതങ്ങള്‍ മലയാള എഴുത്തുകാരുടെ ഭാവുകത്തില്‍ അമിതമായ സ്വാധീനം ചെലുത്തി തുടങ്ങിയ കാലം. അന്നത്തെ കേരള സമൂഹവും അത്തരം ചിന്തകളെ സ്വീകരിക്കുവാന്‍ സന്നദ്ധമായ ഒരു മാനസിക അവസ്ഥയിലുമായിരുന്നു. തൊഴിലില്ലയ്മയും, 'ചെ' യും, വിപ്ലവവും ഒക്കെ ലക്ഷ്യ ബോധമില്ലാത്ത ഒരു യുവതയെ ആകര്‍ഷിച്ചിരുന്ന ഒരു കാലം. ഇതിഹാസം പോലുള്ള ഒരു പുസ്തകത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഒരു യുവ വായനാസമൂഹത്തിന്നിടയിലെക്കാണ് രവിയും, ഖസ്സാക്കും പിറന്നു വീണത്‌.  കുറ്റ ബോധം, ഒറ്റപ്പെടല്‍, അരക്ഷിതാവസ്ഥ ,  ലൈംഗിക അരാജകത്വം, കൂടെ കൂടെ പ്രത്യക്ഷപ്പെടുന്ന ചില   മോടിഫ്സ് (motifs) ഇവയുടെ വെളിച്ചത്തില്‍ , കഥാ സന്ദര്‍ഭങ്ങളെയോ  സങ്കേതങ്ങളോ ഒരു പുനര്‍ വായനക്ക്  വിധേയമാക്കാതെ തന്നെ , വിജയമൌനങ്ങളെ വാചലമാക്കാതെ തന്നെ,ഇതിഹാസത്തെ ഒന്ന് പരിശോധിക്കുന്നത് രസാവഹമായിരിക്കും എന്ന് തോന്നുന്നു.
ഈ അന്വേഷണത്തിന്റെ തുടക്കം Guilt (കുറ്റബോധം, പാപഭാരം) ല്‍ നിന്ന് തന്നെ ആയിരിക്കണം. രവിയുടെ പലായനത്തിന്നും തുടര്‍ന്ന്  ഒരു പ്രളയ രാത്രിയില്‍ വിജനമായ ഖസാക്കിലെ ബസ്‌ സ്ടാണ്ടില്‍ ഒടുങ്ങി തീരുന്ന ജീവിതത്തിന്നും കാരണം രവി അബോധ മനസ്സിലും ബോധമനസ്സിലും കൊണ്ട് നടന്ന ഈ പാപഭാരം തന്നെയാണല്ലോ.

"guilt is an affective state in which one experiences conflict at having done something that one believes one should not have done (or conversely, having not done something one believes one should have done). It gives rise to a feeling which does not go away easily, driven by 'conscience'. Sigmund Freud described this as the result of a struggle between the ego and the superego ..........."the obstacle of an unconscious sense of guilt...as the most powerful of all obstacles to recovery."
"Guilt can sometimes be remedied by: punishment (a common action and advised or required in many legal and moral codes); forgiveness (as in transformative justice); making amends (see reparation (legal) or acts of reparation), or 'restitution...an important step in finding freedom from real guilt'; or by sincere  remorse  Guilt can also be remedied through intellectualisation or cognition (the understanding that the source of the guilty feelings was illogical or irrelevant). Helping other people can also help relieve guilt feelings: 'thus guilty people are often helpful people...helping, like receiving an external reward, seemed to get people feeling better " ..........................
"Finally, although the research has not been done, guilt (like many other emotions) can sometimes wear out and be forgotten in the passage of time."
വിജയന്‍ കുറ്റബോധത്തിന്റെ ഈ വിവിധ ഘട്ടങ്ങള്‍ രവിയുടെ പാത്ര സൃഷ്ടിയില്‍ വ്യക്തമായി  ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിറ്റമ്മയുമായുള്ള നിഷിദ്ധ വേഴ്ചയും , തന്മൂലം രോഗിയും അവശനുമായ അച്ഛനോട് കാണിച്ച വഞ്ചനയുമാണല്ലോ  രവിയുടെ പലായനത്തിന്നും പില്‍ക്കാല അരാജക ജീവിതത്തിന്നും പ്രധാന പ്രത്യക്ഷ  കാരണങ്ങള്‍. ചിറ്റമ്മയുമായുള്ള വേഴ്ച രവിയുടെ  മനസ്സില്‍ ഒരു പാപ ബോധം   ഉളവാക്കിയിട്ടുന്ടെന്കില്‍  കൂടി അത് അയാള്‍ അംഗീകരിക്കാതെ വളരെക്കാലം അബോധ മനസ്സിലേക്ക് അടിച്ചമര്ത്തിയതായാണ്  കഥാകൃത്ത് കാണിച്ചിരിക്കുന്നത്. 
'ചിറ്റമ്മ കരയാണോ?' ചോദിക്കുന്നു.
തന്റെ ചുമലില്‍ ചുണ്ടാമര്‍ത്തിക്കൊണ്ട് അവര്‍ കരയുന്നു. അവര്‍ പറയുന്നു. 'എനിക്ക് എന്തോ ഒരു വല്ലായ്മ'
പാപം അല്ലെ'
ഈശ്വരാ'
നേരിയ പട്ടുരോമങ്ങള്‍ കുരുത്ത അവരുടെ മേല്ച്ചുണ്ടുകളില്‍ ചുണ്ടുകള്‍ അമര്‍ത്തുന്നു. 
എനിക്കൊന്നും തോന്നണില്ലഖേദത്തോടെ   അവരോടു പറയുന്നു.'
പാപം ചെയ്തതായി രവി സ്വയം അന്ഗീകരിക്കുന്നതെയില്ല. പക്ഷെ, അംഗീകരിച്ചാലും ഇല്ലെങ്കിലും കുറ്റബോധം അബോധ മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. 

'......കാപ്പി ചെടികള്‍ക്കിടയിലൂടെ നടന്നതോര്‍ക്കുന്നുഎന്നിട്ടും ആ ഒര്മകളിലോന്നും തന്നെ വേദന
കലരുന്നില്ല' ( അദ്ധ്യായം വിളയാട്ടം
ഈ ഒരു തിരസ്കാരം രവിയുടെ നില ന്ല്പ്പിന്നു തന്നെ ആവശ്യമായിരുന്നു. ഈ അവിഹിത വേഴ്ച ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നു എന്നാണ് തോന്നുന്നത്  'പുളിക്കൊമ്പത്തെ പോതി'യില്‍  ശ്രീ. നിര്‍മല്‍കുമാര്‍ ഭാവന ചെയ്ത പോലെ വര്‍ഷങ്ങള്‍ നീണ്ട ഒരു ബന്ധം ആയിരുന്നില്ല അത്.
'അകലെ കിടന്ന മഞ്ഞപുല്തട്ടുകളിലേക്ക് നോക്കിയ കിടപ്പറയുണ്ട്.. അവിടെയാണ് താന്‍ ചിറ്റമ്മയെ അറിഞ്ഞത്. ഇന്റര്‍മീഡിയേറ്റ് കഴിഞ്ഞ വേനല്‍ പൂട്ടലില്‍ ആയിരുന്നു അത്. അത് കഴിഞ്ഞിട്ടിപ്പോള്‍ പത്തോളം കൊല്ലങ്ങളായി.' ( അധ്യായം: അച്ഛന്‍)
'മകനെ, നീ അച്ഛനെ, ഇപ്പോള്‍ കണ്ടാല്‍ അറിയില്ല. എന്തിനാണ് നിനക്ക് ഇതൊക്കെ എഴുതി പോകുന്നത്. '

'അച്ഛന്‍ എന്നെ പ്രതീക്ഷിക്കരുത് . ...ആ ഓര്‍മകളില്‍ നിന്നു എന്നെയും അച്ഛനെയും വിടര്‍ത്താനാണ് ഞാന്‍ ആ വീട്ടില്‍ വരാതിരിക്കുന്നത് . ആ ഓര്‍മയില്‍ നിന്നും എന്നില്‍ നിന്നും അകലാന്‍ ഒരു അവധൂതനെപ്പോലെ ഞാന്‍ നടണ്‌ു നടന്നു പോകുന്നു. '(ശ്രാദ്ധം)
ചിറ്റമ്മയെ ' ആദ്യമായി' അറിഞ്ഞത് എന്നല്ല പറയുന്നത്; അറിഞ്ഞത് എന്ന് മാത്രമാണ് പറയുന്നത് . രവി വീട് വിട്ടറങ്ങിയ ശേഷം അച്ഛനുമായുള്ള ബന്ധം കേവലം എഴ്ത്തുകുത്തില്‍ മാത്രമായിരുന്നു. ഹോസ്റ്റലില്‍ നിന്നും ഇറങ്ങി പ്പോയ ദിവസം മുതല്‍ ആ ബന്ധവും അവസാനിച്ചു.
 പാപബോധം അയാളില്‍ വളര്ന്നുകൊണ്ടെ ഇരുന്നു. ഈ പാപബോധത്തിന്റെ വളര്‍ച്ചക്ക് ചിറ്റമ്മയുമായി നിരന്തര ബന്ധം ആവശ്യമില്ല. മാത്രമല്ല അത്തരം തുടരുന്ന ബന്ധം പാപഭാരത്തിന്‍റെ ഊക്ക് കുറക്കാനെ സാധ്യതയുള്ളൂ.
'വീണ്ടും ചോദിച്ചു പോകുകയാണ്. ചോദ്യം അപാരമായ ഉത്തരത്തിന്റെ സന്നിധിയില്‍  രവിയെ എത്തിച്ചു.അറ്റമില്ലാത്ത കരിമ്പനക്കാട് പോലെ ഉദിക്കാത്തതും അസ്തമിക്കാത്തതുമായ സന്ധ്യ പോലെ , പടര്‍ന്ന തന്റെ പാപത്തില്‍ നൊടിനേരം അയാള്‍ ആബദ്ധനായി.തൂണിലും, തുരുമ്പിലും കാവല്‍ നിന്ന ഈശ്വരന്മാര്‍ അതിന്റെ ധന്യതയുടെ സാക്ഷികളായി .'(പൂവിന്റെ മണം)

മഹാ പാപം ചെയ്തു എന്ന പൂര്‍ണമായ തിരിച്ചറിവ് , കുറ്റബോധം അയാളില്‍ അവഗണിക്കാന്‍ പറ്റാത്ത വിധം പ്രതിഷ്ടിതമാകുന്നത്   പദ്മയുടെ രണ്ടാം വരവോടുകൂടിയാണ്. 
'രവി’ അവള്‍ ചോദിച്ചു, ‘രവി ആരില്‍ നിന്നാണ്  ഒഴി ഞോടാന്‍ ശ്രമിക്കുന്നത്’
'ആ പൊരുളിലേക്ക് നോക്കി കൊണ്ട് രവി  നിന്നു. നോക്കി നോക്കി കണ്ണ് കടഞ്ഞു. കണ്‍ തടം ചുവന്നു. മുഖം അഴിഞ്ഞുലയണം പ്രാപിച്ചു." (വഴിയമ്പലം) 
പിന്നീട് അയാള്‍ക്കൊരു നില നില്പ്പില്ല. സര്‍വ സംഹാരിയായ പ്രളയകാലം വന്നു കഴിഞ്ഞു.
"ചുവന്ന പുള്ളിയും നെറുകയില്‍ ചൂട്ടുമുളള ഒരു  തരം പരല്‍ മീനുണ്ട് ചെതലിയുടെ കാട്ടു ചോലയില്‍ കല്പ്പടവിന്റെ അഗാധമായ വിള്ളല്കളില്‍ അവന്‍ ഉറങ്ങി കിടന്നു. കാലം ചെല്ലുമ്പോള്‍ ഒരിക്കല്‍ അവന്‍ തോട്ടിലേക്ക് തുഴഞ്ഞു വന്നു. തീമഴ പെയ്യുംപോഴാണെത്രേ അവന്‍ വരുക."
അന്ന് രാത്രി കൊടുംകാറ്റ്  വീശി" (കഥാന്തരം)
രവിയുടെ അബോധ മനസ്സിലെ ഏതോ വിള്ളലുകളില്‍  അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന, നെറ്റിയില്‍ ചുവന്ന പൊട്ടും  സിന്ദൂരക്കുറിയുള്ള പാപബോധം ബോധമണ്ഡലത്തിലേക്ക് തുഴഞ്ഞു വരുന്നു .അതോട് കൂടി അവന്നു അവസാനത്തെ വഴിയമ്പലം കൂടി നഷ്ടപ്പെട്ടു. പോകുന്നു.
ഇതിന്നിടക്കുള്ള കാലത്തില്‍, സ്വയം ശിക്ഷ (punishment), മാപ്പ് ചോദിക്കല്‍ (seeking forgiveness), പ്രായശ്ചിത്തം (acts of reparation), ബൌദ്ധിക ന്യായീകരണം (intellecualisation) എന്നിങ്ങനെയുള്ള എല്ലാ അവസ്തകളിലൂടെയും രവി കടന്നു പോകുന്നുണ്ട്.  ചിറ്റമ്മയുമായി ബന്ധപ്പെട്ട ആ രാത്രി തന്നെ മയങ്ങി കിടക്കുന്ന അച്ഛന്റെ കാല്‍ പിടിച്ചു മൌനമായ മാപ്പപേക്ഷ, ലൈബ്രറിയില്‍ നിന്ന് ആസ്ട്രോ ഫിസിക്സ്, ഉപനിഷത്തുക്കള്‍ വായിച്ചു അതി വിശാലമായ ഈ ലോകത്തില്‍ മനുഷ്യന്റെ നിസ്സാരതയെ അടിവരയിട്ടു ചെയ്തു പോയ പാപത്തിനു ഒരു ബൌദ്ധിക ന്യായീകരണം കണ്ടെത്താനുള്ള തത്രപ്പാട്, നീണ്ട അലച്ചിലും കുഷ്ഠ രോഗികള്ക്കിടയിലും മറ്റും ജീവിച്ചുള്ള സ്വയം പീഡനം, റ്റെറാഡാക്ടിലുകളെ അന്സ്മരിപ്പിക്കുന്ന കാക്കകളും, നരകപടം പ്രദര്‍ശിപ്പിച്ച, ജുറാസ്സിക്‌ കാലഘട്ടത്തില്‍ നിന്നും വളരെയോന്നുപുരോഗമിക്കാത്ത, 'വേവട പിടിച്ച നരക പടം' എതിരേല്‍ക്കുന്ന ഖസ്സാക്‌ എന്ന purgatory,  ഖസ്സാക്കിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമവും, അള്ള പിച്ച മൊയിലിയാരോട് കാണിക്കുന്ന അനുകമ്പ തുടങ്ങിയ ചെറിയ ചെറിയ നല്ല കാര്യങ്ങളിലൂടെ പാപ മോചനത്തിന്നുള്ള വൃഥാ ശ്രമം;    എല്ലാം തിരക്കഥക്കനുസരിച്ചു തന്നെ പുരോഗമിക്കുന്നു. 

പദ്മയോടു ഒരു കുമ്പസാരം (Confession) നടക്കുന്നില്ല. അത് നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ ആത്മഹത്യ എന്ന് തോന്നിപ്പിക്കുന്ന രവിയുടെ മരണം സംഭവിക്കുമായിരുന്നില്ല.  " guilt (like many other emotions) can sometimes wear out and be forgotten in the passage of time' ഇതും  രവിയുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല. രവി  amoral ആയിരുന്നുവെങ്കില്‍ ഇങ്ങിനെ  ഒരു പ്രതിസന്ധി നേരിടില്ലായിരുന്നു. ഇന്റര്‍നെറ്റിലെ ഒരു സൈറ്റില്‍ ഒരു ചോദ്യവും അതിന്നു പലരും കൊടുത്ത ഉത്തരങ്ങളും കാണുകയുണ്ടായി. ചോദ്യകര്‍ത്താവ്, രവിയെ പോലെ, ചിറ്റമ്മയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരാളായിരുന്നു. അങ്ങിനെയുള്ള ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ചായിരുന്നു ചോദ്യം. അതിന്നു ഒരു ഉത്തരം ഇങ്ങിനെയായിരുന്നു. 
" If she is hot, why not?'
ഇതൊരു പാശ്ചാത്യന്റെ പ്രതികരണമാണ്.രവിക്കും അത്ത രമൊരു മാനസിക ഘടനയായിരുന്നെന്കില്‍ ആ പലായനമോ, നിരര്‍ഥകമായ അലച്ചിലുകളോ സംഭവിക്കുമായിരുന്നില്ല.
ചിറ്റമ്മയുടെ ആഗമനത്തിന്നു മുന്‍പ്, മൂന്നു വയസ്സുകാരനായ രവിയുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു അച്ഛന്‍. ഉച്ച സൂര്യനെ പോലെ.
'ഒരു ഉച്ച തണലിലെവിടെയോ രവിയുടെ ഓര്‍മ്മകള്‍ തുടങ്ങുന്നു. കുട്ടിക്കാലം. സിന്ദ്രല്ലയുടെ കഥ....അച്ഛന്‍ വായിചു തന്ന കഥകള്‍ ......"
"നെറ്റിയിലെ വിയര്‍പ്പ് പൊടികള്‍ തുടച്ചു തരികയാണ്. അച്ഛന്റെ കൈകളില്‍ കിടന്നു ഉറങ്ങി പോകുന്നു. അച്ഛന്റെ ചെറു വിരലില്‍ പിടിച്ചു കൊണ്ട് നടക്കാനിറങ്ങുന്നു." 
സായം സന്ധ്യകളുടെ അച്ഛന്‍. ചിറ്റമ്മയും അച്ഛനും  അകത്ത് ഉച്ച മയങ്ങുമ്പോള്‍ 'അച്ഛന്‍ വായിച്ചു തന്ന കഥകള്‍  ആവര്‍ത്തിച്ചാവര്‍ത്തിച്ച്, മുന്നില്‍ കളിപ്പാട്ടങ്ങള്‍ നിരത്തി വെച്ച് അയാള്‍ തിണ്ണയില്‍ തനിച്ചിരിക്കും.'
അച്ഛനെ തട്ടിയെടുത്ത ചിറ്റമ്മയോടുള്ള വിദ്വേഷം ഒരു 'conquest' ലൂടെ തീര്‍ത്തതുമാവാം. പക്ഷെ ' മുല്ലവള്ളികള്‍ പിണഞാടിയ ആ രാത്രി' രവിക്ക് വേറൊരു സ്വകാര്യ വ്യഥ കൂടി നല്‍കി. ചിറ്റമ്മയുമായി ബന്ധപ്പെട്ടത്‌ അച്ഛന്‍ അറിഞ്ഞുവോ എന്ന സംശയം ?
' മുല്ല മണമുള്ള രാത്രിയില്‍, കമ്പിളി പുതച്ചു കിടന്നു ഞരങ്ങിയ അച്ഛന്‍ പുനര്‍ജനിക്കുമോ? സുക്രുതശാലിയാണെങ്കില്‍ പുനര്ജനിക്കയില്ലായിരിക്കാം. അല്ലെങ്കില്‍ ഒരു എട്ടുകാലിയായി  ജനിച്ചാലോ? പൂര്‍വജന്മ സ്മരണയുള്ള ഒരു വിഷചിലന്തി.......ചുമരിലിരുന്നു കൊണ്ട് ചിലന്തി തന്നെ നോക്കുമ്പോള്‍ അറച്ചു പോയി.......ചെരുപ്പിന്റെ അടിയേറ്റു അത് ചതഞ്ഞു പോയി .........ജന്മാന്തരങ്ങളുടെ കൃതഞ്ജത കള്‍ ഉണരുകയായി.......അയാള്‍ സ്വയം പറഞ്ഞു. എന്തൊരു ശ്രാദ്ധം ' (മതം മാറ്റം)
' വയ്യ എനിക്കങ്ങിനെ മരിച്ചു കൂടാ.അങ്ങിനെ മരിച്ചാല്‍ എന്റെ മരണം പൂര്ത്തിയാവാതെ കിടക്കും...' (ശ്രാദ്ധം)
അങ്ങിനെ രവി സ്വന്തം മനസ്സില്‍ 'പും' എന്ന നരകത്തില്‍ നിന്നും അച്ഛന്റെ ആത്മാവിനെ ത്രാണനം ചെയ്തു പുത്ര ധര്‍മ്മം നിറവേറ്റുന്നു.
 രവിയുടെ അമിത ലൈംഗികതയുടെ ഉറവിടം ഗര്‍ഭ പാത്രത്തിന്റെ സുരക്ഷിതത്തിലേക്ക് തിരിച്ചു പോകാനുള്ള അടങ്ങാത്ത ത്വരയാണ്.

"He then makes a fascinating leap that the most “Uncanny” experience a man can have is one relating to the female womb because of its power to create and comfort and the womb is something a man can never really understand except in aesthetic hauntings from a logical mind about what could be or might be.Freud then associates the idea of wanting to be in love with a longing to return to home — or to return to the womb — which men hope to replicate with sexual intercourse to give their longings both meaning and purpose; but men are never able move beyond the Uncannily sexually perplexed as they release and shrivel away instead of staying home and being loved forever. Is sexual intercourse an Uncanny experience for women as well?" .(From a review of Uncanny Mind by Sigmund Freud)


'ഗര്‍ഭത്തിന്റെ കരുണയില്‍ വിശ്രമിക്കുന്നു. ഓര്‍മയുടെ കരുണയില്‍ പുനര്‍ജനിക്കുന്നു.പിന്നെ വളരുന്നു.'
'രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോള്‍ അവര്‍ പറയുമായിരുന്നു; ‘നക്ഷത്ര കുട്ടാ കല്പക വൃക്ഷത്തിന്റെ തൊണ്ട് കാണാണോ’. ദേവന്മാര്‍ കല്പക വൃക്ഷത്തിനെ ഇളനീര്‍ കുടിച്ചു തോന്ടുകള്‍ താഴോട്ടു എറിയുകയാനെത്രേ.'
'യാഥാര്‍ത്യത്തിന്റെയും മിഥ്യയുടെയും അപാരതകളില്‍ നിന്ന് ഓടിയകന്നു താനും  ഈ ഗ്രാമത്തിന്റെ ദൈവപ്പുരയില്‍ അഭയം തേടുകയായിരുന്നു. അതിന്റെ ഗര്‍ഭത്തില്‍ അവളുടെ കൂടെ ചുരുണ്ടുറങ്ങാന്‍ അയാള്‍ കൊതിച്ചു. ആ സായൂജ്യതിലാകട്ടെ അയാള്‍ അവളുമായി ദുഃഖം പന്കിടുകയായി. അതോടെ അത് നിരര്‍ത്ഥമല്ലെന്ന്  അയാളറിഞ്ഞു. മറിച്ച് അര്‍ത്ഥ ങ്ങള്‍ക്കതീതമായി , പ്രതീകങ്ങള്‍ ക്കതീതമായി, അത് പടര്‍ന്നു പൊങ്ങി. അതിന്റെ പടപ്പില്‍ എല്ലാം എല്ലാം അടങ്ങി. അത് പാപിയുടെ കറയായിരുന്നു. അനാഥ ശിശുവിന്റെ ഉരുകുന്ന മനസ്സായിരുന്നു. അറിവ് ആരാഞ്ഞവന്റെ വ്യര്തതയായിരുന്നു. അതിന്റെ വേരുകളൂന്നിയ മൂര്ധാവ് ഇതിന്നായി തപം ചെയ്തു. സ്നിഗ്ദ്ധമായ  വാള്‍ മുന. ഇത്തിരി വേദന.'
വിജയന്‍ ആവര്‍ത്തിച്ച്ചുപയോഗിക്കുന്ന ഒരു മോടിഫ്‌ ആണ് പെരുവിരല്‍. 
'ചന്ദന നിറമുള്ള വയറ്റില്‍ ഒരു അനുജത്തിയുണ്ട്. വളരെക്കാലം മുന്‍പ് തന്റെ കൂടെ അമ്മയുടെ കാലിന്റെ പെരുവിരലിനകത്ത് താമസിക്കുകയായിരുന്നു.'
'പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികള്‍ മാത്രമാവും.ഞാനെന്ന ഭാവം അവയില്‍ കുടി കൊള്ളും. കാലം ചെല്ലുമ്പോള്‍ അവയും തേഞ്ഞു പോകും. പരിണമിക്കും'
'ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി '
പത്തി വിടര്‍ത്തി ആടിയ കാല സര്‍പ്പത്തിന്റെ കടിയേറ്റു തന്നെയാവണം രവിയുടെ മരണം. അനിയന്ത്രിതമായ കാമത്തിനെ പത്തി വിടര്‍ത്തിയ സര്‍പ്പമായി സങ്കല്പ്പിക്കാറുണ്ടല്ലോ. 
സര്‍പ്പദംശനം എറ്റ് ആനന്ദ മൂര്‍ച്ചയില്‍ തന്നെയാവണം രവിയുടെ അവസാനത്തെ യാത്ര.
 'അവസാനത്തെ കടല്‍പ്പുറത്തു തിര വരാനായി കാത്തു നില്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മകള്‍ അരുത്.'

രവി അവസാനത്തെ  ബസ്സു (തിര) വരാനായി കാത്തു കിടന്നു.
"ചുറ്റും പുല്കൊടികള്‍ മുളപൊട്ടി. രോമാകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി "  
ഫ്രോയ്ഡും , അസ്തിത്വദുഖ്:വും, ഗര്‍ഭപാത്രത്തിലെക്കുള്ള തിരിച്ചു പോക്കും എല്ലാം കാലഹരണപ്പെട്ട  സങ്കല്പങ്ങള്‍ ആയിരിക്കാം. പക്ഷെ ഇതിഹാസം പുറത്തിറങ്ങിയ കാലത്ത് അവ നൂതന ചിന്തകള്‍ ആയിരുന്നു.ശ്രീ വിജയന്‍ അന്നത്തെ ഭാവുകത്വ ,താത്വിക സങ്കല്പ്പങ്ങള്‍ക്കനുസൃതമായി വളരെ ശ്രദ്ധിച്ചു സൃഷ്ടിച്ചതാണ് ഇതിഹാസം.   അക്കാലത്തെ കഥകളിലെല്ലാം ഒഴുകി പരന്നിരുന്ന ആര്‍ത്തവ രക്തത്തിന്റെ 'കറയില്‍' കുഞാമീനയുടെ ആര്‍ത്തവത്തെ കൂടി മനസ്സിലാക്കാവുന്നതാണ്.










.



The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...