Saturday, May 19, 2012

ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.

(Published in Malayalanatu Vol 3 Issue 7)
തികച്ചും അപരിചിതനായിരുന്നില്ല. മുഖപുസ്തകത്തില്‍ ഇടക്കൊക്കെ കണ്ട പരിചയം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സുഹൃദ്‌ ബന്ധം ഒട്ടു സ്ഥാപിച്ചിട്ടു മുണ്ടായിരുന്നില്ല.

ഇടക്കിടക്കുള്ള, ഒലവക്കോട്   മുന്‍പ് താമസിച്ചിരുന്നപ്പോഴത്തെ കാര്യങ്ങളുടെ അയവിറക്കലും , വിക്ടോറിയ കോളേജ് കിസ്സകളും കാരണം ആളു ഒരു  പാലക്കാടുകാരനാണെന്നു മനസ്സില്‍ രെജിസ്ടര്‍ ചെയ്തിരുന്നു. പിന്നെ കൊത്തനൂര്‍ പുരാണങ്ങളും. എന്റെ വിചാരം കൊത്തനൂര്‍ പാലക്കാട്‌-തമിഴ്നാട് അതിര്‍ത്തിയില്‍ എവിടെയോ ആണ് എന്നായിരുന്നു. വളരെ കാലത്തിനു ശേഷം മനസ്സിലായി ഈ 'മാകൊണ്ടോ' ഈ  'മാല്‍ഗുഡി' ബെന്ഗളൂരില്‍ ആണെന്ന്. 

അക്ഷരശ്ലോകം ഒക്കെ ചൊല്ലി , ചില കവിതകള്‍ ഒക്കെ മൂളി അങ്ങിനെ മുഖ പുസ്തകത്തില്‍ മന്ദം ഉലാത്തുന്ന ഒരു സീനിയര്‍ പൌരന്‍. പെട്ടെന്ന് ലോകം നേരെയാക്കാനുള്ള വിപ്ലവ വീര്യം ഒന്നും പോക്കറ്റില്‍ കൊണ്ട് നടക്കുന്നില്ല. ആരോടും പ്രതെയ്കിച്ചു വൈരാഗ്യം ഒന്നുമില്ല. കുറെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ട് താനും. വല്ലപ്പോഴും ഒരു അമേരിക്കന്‍ കിസ്സ അടിക്കും എന്നല്ലാതെ വേറെ വലിയ കുഴപ്പമൊന്നും ഇല്ലാത്ത ഒരു 'സുജായി'. എന്നായിരുന്നു എന്റെ വിശ്വാസം.

അത് കൊണ്ട് ഒക്കെയാണ് ഒരു 'സുഹൃദ് ക്ഷണനം'  കിട്ടിയപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ സ്വീകരിച്ചത്. പ്രതി പെണ്ണല്ല; മധ്യ വയസ്കനാണ്; പാലക്കാടനാണ്; അത്യന്താധുനിക കവിയല്ല. സ്വത്വം തലയില്‍ കയറിയ സത്വവും അല്ല. ചുരുക്കത്തില്‍ ഒരു ബാങ്ക് അക്കൌന്റ് തുറക്കാനുള്ള KYC ഒക്കെ ഉണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത നീക്കം അത് കൊണ്ട് തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു. 

നീക്കം ചാറ്റ് മെസ്സജിലൂടെ ആയിരുന്നു. ഈ ആഖ്യായനത്തിന്റെ കെട്ടുറപ്പ് നഷ്ട പ്പെടാതിരിക്കാന്‍ അത് ആ രൂപത്തില്‍ തന്നെ കൊടുത്തിരിക്കുന്നു. കാര്യങ്ങളുടെ യതാര്‍ത്ഥ  കിടപ്പ് വായനക്കാര്‍ക്ക് ശരിക്കും മനസ്സിലാകുവാന്‍ വേണ്ടി 'ആത്മഗതം' 'പ്രകാശം' എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഡ്രാക്കുള നോവലിലെ പോലെ ഒരു 'ജര്‍ണല്‍' വിവരണം ആണ് സ്വീകരിച്ചിരിക്കുന്നത്.  സംഭവങ്ങള്‍ തുടങ്ങുന്നത് മാര്‍ച് 12ന് ആണ്.

മാര്‍ച്ചു 12,
സഖാവ് കൊത്തനൂര്‍ :  'മലയാള നാട് വാരികയിലേയ്ക്ക് ഒരു ലേഖനം ചോദിക്കാമെന്നു കരുതി നോക്കിയപ്പോഴാണ് 'friend' അല്ല എന്നറിഞ്ഞത് -:) ഇപ്പോള്‍,സുഹൃത്തായ സ്ഥിതിക്ക് ചോദിക്കട്ടെ ,ഒന്ന് ആലോചിക്കാമോ ?'
ഞാന്‍ : ( ആത്മഗതം)  'ഇയ്യാള്‍ക്ക് എന്ത് പറ്റി. KYC തകരാറായോ' (പ്രകാശം) '
 നമസ്കാരം. ഞാന്‍ മുംബയില്‍ നിന്നും തിരിച്ചെത്തിയതെ ഉള്ളു. ചില്വാനം തരാവുന്ന ഒരു പണി ചെയ്തു കൊണ്ടിരിക്കുകയുമാണ്. എന്റെ ബ്ലോഗിലെ വല്ലതും നല്ലത് എന്ന് തോന്നുന്നുടെന്കില്‍ എടുക്കാം. അതില്‍ ചില മലയാള സാഹസങ്ങളും ഉണ്ട്.'
സ.കൊ: 'ബ്ലോഗുകളില്‍ വന്നു കഴിഞ്ഞവ വാരികക്കായി എടുക്കേണ്ട എന്നൊരു പക്ഷമുണ്ട്. പക്ഷെ എനിക്കതിനോട് യോജിപ്പില്ല. മാതൃഭൂമിയിലെ ബ്ലോഗാന ചെയ്യുന്നത്  അത് തന്നെയല്ലേ? ബ്ലോഗ്‌ വായിക്കാത്തവര്‍ ആയിരിക്കും കൂടുതല്‍. എന്തായാലും തിരക്കൊഴിയുമ്പോള്‍ മലയാള നാടിന്നായും എഴുതാന്‍ സമയം കണ്ടെത്തണം. '

ഞാന്‍: 'ശ്രീ കൊ.എന്താ, ഇപ്പോള്‍ പത്രാധിപര്‍ ആണോ?'
സ.കൊ.: 'ഒന്നും പറയണ്ട സുഹൃത്തെ. പത്രാധിപ സമിതിയില്‍ ഒരു 'കൂ ദാത്ത'.. ഒരു കൊട്ടാര വിപ്ലവം. അകത്തെ കാളി പുറത്ത്, പുറത്തെ ദാസന്‍ അകത്ത്, തൂണും ചാരി നിന്നവന്‍ ലീവില്‍. ഒടുക്കം ഞാന്‍ ഫയറിംഗ്  റേഞ്ച് ല്‍..'
ഞാന്‍: 'മുന്‍ പ്രവര്‍ത്തി പരിചയം വല്ലതും കാണും.'
സ.കൊ. 'ഉവ്വ്, ഉവ്വ്. എന്‍.സി.സി.യില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ആയിരുന്നു.'
ഞാന്‍: 'എന്‍ സി സിയില്‍ വല്ല പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നോ.?'
സ.കൊ: 'ഇല്ല. ഫയറിംഗ് ഉണ്ടായിരുന്നു. തോക്ക് കൊണ്ടും, നാവു കൊണ്ടും.'
ഞാന്‍: (ആത്മഗതം) 'എന്റിഷ്ടാ, എന്നെയല്ലാതെ  വേറെ ആരെയും കിട്ടീലെ.' (പ്രകാശം) 'ശ്രമിക്കാം. ബാങ്കില്‍ ആയിരുന്നത് കൊണ്ട് ലക്ഷ്മി ദേവി ആയിരുന്നു അധിക സമയവും കൂട്ട്. സരസ്വതി ഇണങ്ങി വരുന്നതെ ഉള്ളു.' 
സ.കൊ.:   ''തിരുവില്വാമല' സരസ്വതിയമ്മയുടെ കടാക്ഷം വേണ്ടത്രയുണ്ട്---:))'
ഞാന്‍: 'ചെമ്പ് കാലണ പോളിഷു ചെയ്തു കുതിരപ്പവനാനെന്നു പറഞ്ഞു രാത്രി തടി തപ്പിയ പയ്യന്‍ പഠിപ്പിച്ച ഓരോ വികൃതികള്‍. എന്നാല്‍ എല്ലാം പറഞ്ഞ പോലെ. ശേഷം മുഖദാവില്‍' (ഫേസ് ബുക്കില്‍)

അന്നങ്ങനെ പിരിഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു. പ്രൊഫൈലിലെ ഫോട്ടോയില്‍ തല മുഴുവന്‍ നരച്ചിരിക്കുന്നു. ഹ്രസ്വ കാല ഓര്‍മ്മയും ദുര്‍ബലമായിരിക്കും. ഇതൊക്കെ ഇപ്പോള്‍ തന്നെ മറന്നിട്ടുണ്ടാവും. ആ വിശ്വാസത്തിന്നു തികച്ചും  ഒരാഴ്ച ആയുസ്സുണ്ടായിരുന്നു.
മാര്‍ച്ച് 18
സ.കൊ:
  'വാരികയുടെ കഴിഞ്ഞ ലക്കത്തിനും ചില എഴുത്തുകാരെ ശ്രീ.---- നിര്‍ദ്ദേശിച്ചിരുന്നു -അവര്‍ക്കും നേരത്തെ requests പോയിരുന്നു - ഇത്തവണ താങ്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് കഴിഞ്ഞ് മൂപ്പരുടെ നിര്‍ദ്ദേശം വന്നപ്പോള്‍ ആ ആവര്‍ത്തമാനത്തിന്‍റെ രസത്തില്‍ അങ്ങനെ എഴുതിയെന്നു മാത്രം --അതൊരു ദു:സ്വാതന്ത്ര്യമായി തോന്നിയോ? '
ഞാന്‍: (ആത്മഗതം) 'ഇയ്യാള്‍ പുലിയാണ്. പ്രായോഗിക മനശാസ്ത്രവും, വിപണന തന്ത്രവും ഒക്കെ ഹൃദിസ്ഥം.; (പ്രകാശം) ' തീര്‍ച്ചയായും ഇല്ല. എന്റെ കമ്മന്ടു വായിച്ചപ്പോള്‍ അങ്ങിനെ തോന്നിയോ?. എങ്കില്‍ ക്ഷമാപണം. 'ഇട്ടില്‍ കട്ടിലായും, പുലി പൂസികനായും, ദംശനം സ്പര്‍ശനമായും' സംഭവിക്കാവുന്ന കാലമാണ്. അല്ലെങ്കില്‍ 'അഭിസാരിക കറിവേപ്പിലയായും'. സരസസ്വതിയോട് ലോഹ്യമില്ലാത്തത് കൊണ്ട് അവള്‍ 'നിത്യത്വം' 'നിദ്രത്വം' ആക്കി മാറ്റിക്കളയും ചിലപ്പോള്‍. തെറ്റിദ്ധരിക്കരുത്.https://s-static.ak.facebook.com/images/blank.gif'
സ.കൊ.  ക്ഷമാപണം തള്ളിക്കളഞ്ഞിരിക്കുന്നു -:)) മുകളില്‍ എഴുതിയിരിക്കുന്ന ഈ comment ഒന്നുമതി എഴുത്തിനെ വിലയിരുത്താന്‍ -ഇന്നല്ലെങ്കില്‍ നാളെ --പഴയ പരസ്യത്തില്‍ പറഞ്ഞ പോലെ 'നാന്‍ കാത്തിര്പ്പേ ന്‍!'
ഞാന്‍ വിചാരിച്ചു, സംഗതി കുഴഞ്ഞു. 'ആറട്ടെ കഞ്ഞി ആറു മാസം' എന്ന് പറഞ്ഞ പിശുക്കനോട് 'ഊന്നട്ടെ ചന്തി പന്തീരാണ്ടു' എന്ന് പറഞ്ഞ അറു പിശുക്കന്റെ ശിഷ്യനാണ് സ.കൊ. തപ്പിക്ക മുടിയാത്. യമന്‍ തമിഴിലും കൊലയാളിയാണ്.
ഞാന്‍: 'എങ്കള്ക്കും 
 കാലം വരും, കാലം വന്താല്‍..... ..' (ആത്മഗതം) 'ഉടന്‍ മുങ്ങും.'
സ.കൊ.:
... വാഴ്വ് വരും ---വാഴ്വ് വന്താല്‍ അനൈവരെയും വാഴ കൃഷിയിലേയ്ക്ക് നയിക്കും' --- (ആത്മഗതം) 'കളി കയ്യിലിരിക്കട്ടെ മോനെ.'
സഖാവ് കൊത്തനൂര്‍  ഈ റൌണ്ടില്‍ തന്നെ അടിച്ചു ഫ്ലാറ്റ് ആക്കി എന്ന തിരിച്ചറിവില്‍ ഒരു വളിപ്പന്‍ ചിരിയോടെ ഞാന്‍  പറഞ്ഞു:
ഞാന്‍: 'ഹ, ഹാ ഹാ. 
കാറ്റ് വീഴ്ച ശ്രദ്ധിക്കണം.'
സ.കൊ.വിന്റെ ഓര്മക്ക് ഒരു കുഴപ്പവും ഇല്ലാതെ കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ഭീതിയുടെ ദിനങ്ങള്‍ ആയിരുന്നു അവ എനിക്ക് എന്ന് പ്രതെയ്കം പറയേണ്ടതില്ലല്ലോ.
അടുത്ത മിസ്സയില്‍ മന്ഗ്ലിഷില്‍ ആയിരുന്നു:
ഏപ്രില്‍ 15
സ.കൊ.' മലയാളനാട് വാരികക്ക് വേണ്ടി എന്തെങ്കിലും എഴുതുന്നതിനെ കുറിച്ച് ചിന്തിച്ചോ? വാരികയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം സൗകര്യം പോലെ അതിനെ ബ്ലോഗീകരിക്കാമല്ലോ.'
ഞാന്‍:  (ആത്മഗതം) 'മോനെ, രാജു , നിനക്കായി ഒരു വാതിലും തുറന്നിരിക്കുന്നില്ല. പതിനാലു നായയും പുലിയും കളിയില്‍ നിന്നെ ബന്ധിച്ചിരിക്കുന്നു.' വംഗ സിലിമാക്കളി ' ബാഘ് ബന്ധി ഖേലാ'യിലെ ഉത്തം കുമാറാണ് ഇപ്പോള്‍  നീ . തപ്പിക്ക മുടിയാത്.  (പ്രകാശം)  'ശ്രമിക്കാം. ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല എന്ന് അറിയാമല്ലോ.എന്തെങ്കിലും ചവര്‍ എഴുതി അയക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെയിരിക്കെ വല്ലതും സംഭവിച്ചേക്കാം. നാട്യം ഒന്നുമല്ല.'
സ.കൊ : 'ഇവിടെ കണ്ടിട്ടുള്ളതോന്നും ചവറല്ല. താന്കള്‍ എഴുതുന്ന രീതിയും അവയ്ക്ക് സ്വീകരിക്കുന്ന വിഷയങ്ങളും എന്നും  നന്നായി തോന്നിയിട്ടുണ്ട്. ഞാന്‍ ഒരു 'കോഴി' ഫാന്‍ ആണ്. '(ആത്മഗതം) 'തന്നെ പോലെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്. വേല വേലായുധനോടോ?' 
ഞാന്‍: 'മലയാളനാട് വാരിക നന്നാകുന്നുണ്ട്.' (ആത്മഗതം) 'താനെത്രത്തോളം പൊങ്ങും എന്നറിയണമല്ലോ. 
      
     'സ.കൊ: 'എല്ലാം ഒരു കൂട്ടം ഉത്സാഹികളുടെ വിയര്‍പ്പ്.' (ആത്മഗതം) മനസ്സില്‍ വെച്ചാല്‍ മതി. "വിനയം കൊത്തനൂര്‍ കുത്തക." 
     
     ഞാനും വിചാരിച്ചു. ഒരുത്തന്‍, അയാള്‍ പത്രാധിപനും മാന്യനും ആയിരുന്നാല്‍ പോലും, കാലം മോശമാവുമ്പോള്‍ ബുദ്ധിയും വിപരീതമാവും. സ്വര്‍ണമാന്‍ അസംഭവമാണെന്നറിഞ്ഞിട്ടു കൂടി ഒരു പെണ്‍കോന്തന്‍ അതിന്നു പിന്നാലെ ഓടിയില്ലേ? എന്റെ പെന്നു കൊണ്ടാണ് ഒരാളുടെ പത്രാധിപ ജീവിതാന്ത്യം എന്ന് നോസ്ട്രഡാമസ് പ്രവചിചിട്ടുന്ടെന്കില്‍ അങ്ങിനെ തന്നെ സംഭവിക്കട്ടെ. 
     
      അനിവാര്യതയെ കുറിച്ചുള്ള ഈ തത്ത്വ ചിന്തകളെല്ലാം മനസ്സില്‍ കറങ്ങി നടന്നിട്ടും, എഴുതുവാനായി പെന്നെടുത്തപ്പോള്‍ 'off with his head' എന്ന് എഴുതാന്‍ പോകുന്ന ഒരു പ്രതീതി ആയിരുന്നു. പിന്നെ തോന്നി 'Comma kills a person' എന്നാണല്ലോ നാട്ടുനടപ്പ്. രക്ഷപ്പെടാന്‍ വല്ല കോമയും  സഖാവ് അടിച്ചു മാറ്റിക്കാണും . എന്തൊക്കെയോ എഴുതി ഈമെയിലില്‍ സ.കൊവിന്റെ അകപ്പെട്ടിയില്‍ നിക്ഷേപിച്ചു. 

     ഏപ്രില്‍ 20
     സ.കൊ: ' സാഹിത്യം  ഒന്ന് കോപി ചെയ്തു എന്റെ ഈമെയിലിലേക്ക് അയക്കാമോ?'
     ഞാന്‍: ' സംഭവം കുറച്ചു നേരമായി താങ്കളുടെ അകപ്പെട്ടിയില്‍ വിശ്രമിക്കുന്നുണ്ട്'.
     കുറച്ചു സമയത്തിനു ശേഷം:
     സ.കോ: 'കിട്ടിയും വായിച്ചും ബോധ്യപ്പെട്ടു. വാരികക്ക് അയച്ച് കൈ കഴുകി.'
ഞാന്‍: (ആത്മഗതം)  ' കൈ കഴുകിയത് നന്നായി, പിലാത്തോസ്. ഞാന്‍ അത് ആദ്യം ചെയ്തതാണ്. (പ്രകാശം) ഞാന്‍ ഒരു ദൂര യാത്രക്ക് പോകുകയാണ്. 
     സ.കൊ: 'അതെയോ. ഈമെയിലില്‍ സമ്പര്‍ക്കം പുലര്‍ത്താം.' (ആത്മഗതം) 'ഓന്ത് ഓടിയാല്‍ ഏതു വരെ ഓടും '
     ഞാന്‍: 'ഇനി ഒരു കഥാ പ്രസംഗം ചെയ്യാന്‍ എന്നെ കൊണ്ട് പറ്റില്ല'.
സ.കൊ: ' സാരമില്ല. ഞാനും പത്രാധിപ സ്ഥാനം ഒഴിഞ്ഞു. താങ്കള്‍ക്കു എഴുതിയ പോലെ പലര്‍ക്കും എഴുതിയിരുന്നു. താങ്കള്‍ക്കു മനസ്സിലാവില്ല ഒരു പത്രാധിപന്റെ അസ്തിത്വ ദു:ഖം.'
     ഞാന്‍: ' എന്നിട്ട് പലരും കൃതികള്‍ അയച്ചു തന്നോ?'
     സ.കൊ: ' ധാരാളം. താങ്കള്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്. താങ്കളുടെ കൃതി ചവറു തന്നെയാണ്. വെറുതെ  ക്ഷണിച്ചു വാങ്ങിയ ഒരു ക്ഷണനം.'


     


   


സ 




      

Tuesday, May 1, 2012

മാലിന്യം 


(Published in Malayalanatu Vol 3 Issue 6)
(ഉത്തരവാദിത്വ നിഷേധം: താഴെ വിവരിക്കുന്ന സംഗതികള്‍/സംഭവങ്ങള്‍ ഒരു ആദരച്ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍,  ദിവാസ്വപ്നരോഗം ബാധിച്ച ഒരാളുടെ ഓര്‍മകളാണ്. കുറെ സ്വപ്നം  ;കുറച്ചൊക്കെ യാഥാര്‍ത്ഥ്യം . ദിവാസ്വപ്ന സമയത്ത് amigdala, hippocampus തുടങ്ങിയ മസ്തിഷ്ക ഭാഗങ്ങളില്‍ തെളിഞ്ഞു കണ്ട രൂപങ്ങള്‍ക്കും, സംഭവങ്ങള്‍ക്കും ആരോടെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് തികച്ചും ആകസ്മികമാകണമെന്നില്ല.പ്രസ്തുത ഭാഗങ്ങള്‍ക്ക് സ്വയം ഭരണ അവകാശമുണ്ട്. സാദൃശ്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്ത്വം സാമ്യം തോന്നുന്ന  കക്ഷികളുടെതാണ്. )

കഥ തുടരുന്നു:
സാഹിത്യ ചന്തയുടെ പടി കടക്കുമ്പോള്‍ സമയം കിറുകൃത്യം വൈകുന്നേരം അഞ്ചു മണി.
ഏതോ ഒരു ഓട്ടു കമ്പനിയില്‍ നിന്നും സൈറന്‍ മുഴങ്ങി.
കമ്പനി പണ്ടേ നിലച്ചു  പോയി എങ്കിലും ചൊട്ടയിലെ ശീലം ഇലക്ട്രിക് ക്രിമിറ്റൊറിയത്തിലെ അവസാനിപ്പിക്കു എന്ന് കമ്പനിക്ക് ഒരു വാശി. വാശി കൊണ്ട് ഏതായാലും നാശം വേണ്ടി വന്നില്ല. അതിന്നു മുന്‍പേ വിപ്ലവം ചെടുക്കനെ വന്നു കമ്പനി പൂട്ടിച്ചു. ഇപ്പോള്‍ സൈറന്‍ മാത്രം.
ചന്തയുടെ ഗേയ്റ്റില്‍  വിലങ്ങനെ ബാനറുകള്‍.
അടുത്ത ഒരാഴ്ച പോസ്റ്റ്‌ മോഡേണ്‍ കവികള്‍ അങ്ങോട്ടും ഇങ്ങോട്ടും, തലങ്ങും വിലങ്ങും കൊടുക്കുന്ന അവാര്‍ഡുകളുടെ അറിയിപ്പുകള്‍.
നായര്‍ എഴ്ത്തച്ചന്നും, എഴ്ത്തച്ചന്‍ നായര്‍ക്കും, ഇരുവരും ചേര്‍ന്ന് നസറാണിക്കും, റവറിന്റെ വില കൂടിയത് കൊണ്ട് നസ്രാണി ഒറ്റയ്ക്ക് ഈഴവ-നായര്‍ കവികള്‍ക്കും അവാര്‍ഡ് കൊടുക്കുന്ന കൊലവരി ഡി. എല്ലാത്തിന്നും മിനിമം ഒരു മന്ത്രി, എഴ്ത്തു ചന്തയിലെ അട്ടിമറി തൊഴിലാളി യുണിയനിലെ ഒരു ഭാരവാഹി സാക്ഷി. ചുരുക്കത്തില്‍ സംഭവ ബഹുലമായ ഒരു  വരും ആഴ്ച.
കോയമാര്‍ അവാര്‍ഡുകള്‍ പാണക്കാട് നിന്നും മേടിച്ചു കൊള്ളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി എന്ന് ശ്രുതി.
അകത്ത് കടന്നു.
 മാവിന്റെ ചുവട്ടില്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് സാഹിത്യ ചര്‍ച്ച നടക്കുന്നുണ്ട്. അട്ടിമറി കൂലി ആണ് പ്രശ്നം.
വിദേശ പുസ്തകങ്ങളില്‍ ചുമത്തിയ നികുതി അവയുടെ ലബ്ധിയെയും തദ്വാര പുതിയ മലയാള കവിതകളുടെ ഉല്പാദനത്തെയും  ബാധിക്കുന്നുണ്ടെന്ന് ഒരു താടിക്കാരന്‍. 'ആഡിയന്സി'ല്‍ പെട്ട മറ്റു രണ്ടു ക്രാന്ത ദര്ശികള്‍ ആകാശത്തില്‍ നോക്കി വരും കാലത്തെ ഭാവനയില്‍ കണ്ടു കൊണ്ട് നിന്നു. ചില്വാനത്തിന്നു സ്കോപ്പ് കുറയുന്നുണ്ടോ എന്ന് ഒരു ഭയം, ചില്ലറ പേടി. ഒരു ചില്ലറ ക്ഷാമം. ഉത്പാദന ഘടകങ്ങള്‍ സവര്‍ണ-ബൂര്‍ഷ്വാ-സാമ്രാജ്യ ശക്തികള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നുള്ള തിരിച്ചറിവ്. വിപ്ലവകാരികള്‍ മനസ്സില്‍ ഒരു ഇന്ക്‌ിലാബ് സിന്ദാബാദും, മൂന്ന് ഈശോ, മറിയേ, ഔസേപ്പും വിളിച്ചു. മേമ്പൊടിക്ക് വടക്കുനാഥന്നു ഒരു പുഷ്പ്പാന്ജലിയും  നേര്‍ന്നു.

തന്നാല്‍ കഴിയുന്ന കുഴപ്പങ്ങള്‍ എല്ലാം ഉണ്ടാക്കി, തല തല്ലി ഉറഞ്ഞു ചിരിച്ചു സ്ഥലം കാലിയാക്കിയ ഒരു തിരുവില്വാമലക്കാരനെ ആദരിക്കലാണ് അന്നത്തെ കൊലവെറി. പക്കാ മേളത്തിനു  രണ്ടു പദ്മശ്രീകള്‍ , ഒരു ചാക്യാര്‍ , മന്ത്രി ഒരു തരം, പിന്നെ ഒരു തിരുമേനി, തിരുമേനിയെ കൂടാതെ വേറെ രണ്ടു എഴുത്ത് തൊഴിലാളികള്‍, എഴുത്ത് ചന്ത ഭാരവാഹികള്‍. അങ്ങിനെ നീളുന്നു  ആദരത്തിന്റെ വാദ്യക്കാരുടെ പട്ടിക.  തിരുമേനിയാണ് മേള പ്രമാണി.  കൃത്യം അഞ്ചു മണിക്ക് ആദരം തുടങ്ങുമെന്ന് നോട്ടീസ്.
ആദരത്തിന്റെ ഭാഗമായി വിദൂഷകന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ഒരു സഹ എഡിറ്റര്‍ക്ക് മന്ത്രി സമ്മാനിക്കും. പത്രങ്ങളെ പോലെ നല്ല ഹാസ്യ കൃതികള്‍ ഇപ്പോള്‍  ഇല്ല എന്നായിരുന്നു അനുസ്മരണ സമിതിയുടെ ഉറച്ച വിലയിരുത്തല്‍ .
ഹാളില്‍ പ്രവേശിച്ചു.
അരങ്ങു മേക്കെ ദിക്കിലേക്ക് മാറ്റി, കിഴക്ക് ദര്‍ശനമാക്കിയിരിക്കുന്നു . വിപ്ലവ പാര്‍ട്ടി അനുകൂലികളായ മുന്‍പത്തെ യുണിയന്‍കാരുടെ പണിയാണ്. അണികളില്‍ പലരും കരള്‍ സംബന്ധമായ അസുഖം കൊണ്ട് പെട്ടെന്ന് സ്ഥലം കാലിയാക്കിയപ്പോള്‍ അഷ്ടമംഗല്യ പ്രശ്നത്തില്‍ കണ്ട പരിഹാരമാണ്. അരങ്ങിന്റെ സ്ഥാനം മാറ്റണം. സര്‍പ്പ കോപ ശമനത്തിന്നു ജെഫ് കോര്‍ബിനും, വിറ്റാക്കാര്‍ക്കും നൂറും പാലും;  അനുശോചന ചിലവുകള്‍ കുറക്കണം.
ഹാളില്‍ .
മുന്‍ നിരയില്‍ പരേതനായ വിദൂഷകന്റെ പത്നി. ഒന്ന് രണ്ടു ബന്ധുക്കള്‍  അടുത്തു തന്നെ ഒരു വനിതാ  പദ്മശ്രീ. കുറച്ച മാറി മേള പ്രമാണി  തിരുമേനി. ഇനിയും എഴുതി തെളിയാത്ത ഒന്ന് രണ്ടു എഴുത്ത് തൊഴിലാളികള്‍. ഒരു അനുസ്മരണ സമിതി ഭാരവാഹി. കഴിഞ്ഞു. ബാക്കി കലാകാരന്മാരും പൗരാവലിയും എത്തിയിട്ടില്ല. പൌരാവലി മന്ത്രിയുടെ ഒപ്പമേ വരുള്ളൂ. പൌരാവളിയെ കിട്ടാന്‍ വേണ്ടിയാണല്ലോ നീചന്മാരെ ക്ഷണിക്കുന്നത്.
അനുസ്മരണ ഭാരവാഹി പരിചയ ഭാവത്തില്‍ ചിരിച്ചു. ചങ്ങാതിയെ എവിടെ വെച്ചും കണ്ടിട്ടില്ല. ഒരു ഓണ്‍ മാന്‍ അനുസ്മരണ സമിതിയാണെന്നു തോന്നുന്നു. പ്രഥമ അവാര്‍ഡ്‌ അവസാനത്തെ അവാര്‍ഡ്‌ ആവാനാണ് സാധ്യത.
മൂന്നാം നിരയില്‍ പുറത്തേക്കുള്ള വാതിലിന്നടുത്തു ഒരു സീറ്റ്‌ തരാക്കി. ചുമരുകളില്‍ തൂങ്ങി കിടക്കുന്ന പരേതന്‍മാരെ അലസമായി ഒന്ന് കണ്ണോടിച്ചു നോക്കി. ഒരു മുക്കില്‍ വിദൂഷകന്‍ തൂങ്ങി നില്‍പ്പുണ്ട്. ആദരത്തിന്നു വേണ്ടി വേറെ ഒരു ഫോട്ടോ അരങ്ങില്‍ ഒരു കസേരയുടെ കാലില്‍ ചാരിവെച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ വല്ലാതെ ചിരിച്ചത് കൊണ്ടാണോ എന്നറിയില്ല, പടത്തിലെ ചിരിക്ക്  ഒരു തെളിച്ച കുറവ്.
ഫാനിന്റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു ചെറിയ മയക്കം. പിന്നീട് കണ്ടതെല്ലാം പകുതി അടഞ്ഞ കണ്‍ പോള കള്‍ക്കിടയിലൂടെയാണ്. അത് കൊണ്ട് ഇനിയുള്ള വിവരണത്തിന്നു മുകളിലെ ഡിസ്ക്ലൈമര്‍ ബാധകം.
പിന്നീട് എപ്പോഴോ മറ്റേ പദ്മശ്രീയും എത്തി ചേര്ന്നു. തറവാടി ആരെയും ഉപദ്രവിക്കാതെ അഞ്ചാം വരിയില്‍ ചെന്നിരുന്നു. ചാക്യാരെ ആരോ പിടിച്ചു ഒന്നാം നിരയില്‍ ഒരു  മൂലക്കിരുത്തി.
പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞു. പരേതന്‍മാരുടെ പടങ്ങളില്‍ പണ്ട് പഠിപ്പിച്ച ബാലകൃഷ്ണ വാരിയരുടെ പടം തിരയുകയായിരുന്നു. കാണാനില്ല. മറ്റു പരേതന്മാര്‍ ഇരച്ചു കയറിയപ്പോള്‍  ചങ്ങാതിയെ വേറെ എങ്ങോട്ടോ നാട് കടത്തിയിരിക്കാം.
തിരുമേനിക്ക് താമസം കാരണം ഒരു ചെറിയ പൊറുതി മുട്ട് ഉണ്ടായി എന്ന് തോന്നുന്നു. അദ്ദേഹം  മുണ്ട് മാടി കുത്തി ഒന്ന് രണ്ടു ചാല്‍ നടന്നു. പിന്നെ ഭാരവാഹിയോടെ ചോദിച്ചു.
'തുടങ്ങല്ലേ'
ശൂന്യമായി കിടക്കുന്ന ഹാളിനെ നോക്കി ഭാ. വാ പറഞ്ഞു.
'ഒരു പത്തു മിനുട്ട് കൂടി മന്ത്രിയെ കാക്കാം സര്‍'
'അതൊക്കെ മതിയെടോ. നമുക്ക് തുടങ്ങാം'. പുരാതന ജന്മി പറഞ്ഞു. പ്രമാണി  വൈകുന്നേരം സൂര്യനെ പിടിച്ചു താഴ്ത്തി കെട്ടുന്ന ഗ്രൂപ്പില്‍ പെടുമെന്ന് തോന്നുന്നു. അസാരം ജലസേചനം പതിവുണ്ടായിരിക്കും.
'ശരി സര്‍. പരിപാടിയിലെ ആദ്യത്തെ ഇനം ഉടനെ തുടങ്ങി കളയാം'.
ഭാ.വാ ആരോടോ എന്തൊക്കെയോ കുശു കുശുത്തു. ഒരു പെണ്ണും പിള്ളയും ഒരു വയലിനും, തബലയുമായി രണ്ടു ആണുങ്ങളും എഴുനേറ്റു.
അരങ്ങത്തു.
ഭാ.വാ. പറഞ്ഞു. 'സുഹൃത്തുക്കളെ. ഇന്നത്തെ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ മുസിക്‌ തെറാപ്പി സെഷന്‍.'
അതോട് കൂടി പെണ്ണും പിള്ള തൊള്ള തുറന്നു, തലമുടി മിനിട്ടിനു മൂന്നു പ്രാവശ്യം  എറിഞ്ഞു സെറ്റാക്കി . ചികിത്സ ഹിന്ദിയില്‍ ആയിരുന്നു. അര മണിക്കൂര്‍ വാദ്യങ്ങളുടെ അകമ്പടിയോടെ കൂകി തെളിഞ്ഞ ശേഷം സദസ്സില്‍ ചികിത്സ ഫലിക്കാത്തവര്‍ ആരെങ്കിലും ബാക്കിയുണ്ടോ എന്ന് നോക്കി, തീര്‍ച്ചപ്പെടുത്തി. അടുത്ത ഇനം മുഖ്യ തെറാപ്പിസ്റ്റ്‌ ആയ വയലിന്‍ കാരെന്റെതായിരുന്നു.. തുടക്കം ശരിക്കും വയോലെന്റ്റ്‌ ആയിരുന്നു. അദ്ദേഹം വേഗം അവസാനിപ്പിച്ചോട്ടെ എന്ന് വിചാരിച്ചു പാട്ടിന്റെ അവസാനത്തില്‍  കൈ അടിച്ചു . അത്  ഒരു വമ്പന്‍ തെറ്റായി പോയി. വീണ്ടും ഊര്‍ജം സംഭരിച്ച അദ്ദേഹം വയലിന്‍  വായിച്ചു വായിച്ചു തകര്‍ത്തു.
സമയം ഏഴു മണി.
മന്ത്രി എത്തിയിട്ടില്ല. മേള പ്രമാണിയുടെ നിര്‍ബന്ധം കാരണം വന്ന പക്കാ മേളക്കാരെയെല്ലാം ആട്ടി തെളിച്ചു സ്റെജില്‍ കയറ്റി. കസേരയുടെ കാലില്‍ വിശ്രമിച്ചിരുന്ന വിദൂഷകന്റെ പടം ഒരു സ്ടൂളില്‍ കയറ്റി. പുക പിടിച്ച ഒരു നിലവിളക്കില്‍ എണ്ണ  ഒഴിച്ചു തിരികള്‍ ഇട്ടു വിദൂഷകന്റെ പത്നിയെ കൊണ്ട് തിരി തെളിയിച്ചു. പിന്നെ ചാക്യാര്‍,  പദ്മ ശ്രീകള്‍, മേള പ്രമാണി തുടങ്ങിയവര്‍.മറ്റു രണ്ടു എഴുത്ത് തൊഴിലാളികള്‍ വേറിട്ട കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയ്ക്ക് ആദരം മറന്നു പോയി എന്ന് തോന്നുന്നു. രണ്ടും മുങ്ങി.
ചന്തയുടെ പ്രതിനിധി സ്വാഗതം പറഞ്ഞു. പരേതനായ വിദൂഷകന്‍ ഒരു പ്രസംഗവും രണ്ടു മിനിട്ടില്‍ അധികം ചെയ്യാറില്ലെന്നു പറഞ്ഞ്, തിരുമേനി തന്റെ  പ്രസംഗം രണ്ടു മിനിട്ടില്‍ അവസാനിപ്പിച്ചു. Right on cue മന്ത്രിയും പരിവാരങ്ങളും പ്രത്യക്ഷപ്പെട്ടു. ഹാള്‍ നിറഞ്ഞു കവിഞ്ഞു. 
മന്ത്രവാദം.
താമസിച്ചു വന്നതിനു ഒരു കാരണവും പറയാതെ, വേദിയില്‍ വന്നെത്തുവാന്‍ എന്തെല്ലാം ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു എന്ന് മന്ത്രി. ഒരു കുറ്റ ബോധം തോന്നി. പിന്നെയും  എന്തൊക്കെയോ പറഞ്ഞു. പുസ്തകങ്ങള്‍ ഒന്നും വായിക്കാറി ല്ലെന്നു പറഞ്ഞു. സുഹൃത്തും ഒരു പത്രത്തിന്റെ സഹ പത്രാധിപരുമായ ഒരാള്‍ക്കാണ് പുരസ്കാരം എന്നത് കൊണ്ട് മാത്രം വന്നതാണ് എന്ന് പറഞ്ഞു. ജന സേവനം ചെയ്യുന്നവര്‍ക്ക് പുസ്തകം വായിക്കാന്‍ സമയം എവിടെ എന്നും ചോദിച്ചു.
പുറകിലെ വാതിലിലൂടെ രക്ഷപ്പെട്ടു. ചന്തയുടെ ഗൈറ്റ് കടന്ന ശേഷം കയ്യില്‍ നുള്ളി നോക്കി. ദുസ്വപ്നം ഒന്നും അല്ല. 
പിറ്റേ ദിവസം.
ദിവസത്തെ പത്രത്തില്‍ പ്രൌഡ ഗംഭീരമായ ചടങ്ങിനെ കുറിച്ച് വായിച്ചപ്പോള്‍ ശേഷിച്ച സംശയവും തീര്‍ന്നു.
വൈകുന്നേരം അമ്പല പറമ്പില്‍ നടക്കാനിറങ്ങി. തെക്കേ ഗോപുര നടയില്‍ എത്തിയപ്പോള്‍ ഒന്ന് രണ്ടു ബെഞ്ചും മേശകളും കുറച്ചു ചെറുപ്പക്കാരും. കണ്ടപ്പോള്‍ ഒരു അപരിചിതത്വവും തോന്നിയില്ല. തലേ ദിവസത്തെ ആദരത്തിന്റെ ഭാരവാഹി.
തെറപ്പിസ്ടുകളെ എവിടെയും കണ്ടില്ല. അമ്പലത്തിലെ ലൌഡ് സ്പീക്കറിലൂടെ വേണ്ട തെറാപ്പി ഒഴുകി വരുന്നുണ്ട്.
മാലിന്യ നിര്‍മ്മാര്‍ജനമാണ് പുതിയ ദൌത്യം.
ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
'പുസ്തക ചന്തയിലെ പരേതന്മാരുടെ പഴയ പടങ്ങള്‍ മാലിന്യങ്ങളില്‍ പെടുമോ? '
ആരെയാണാവോ ആദരിക്കുന്നത്.



The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...