പ്രിയപ്പെട്ട മാധവന്‍ തുക്ടി സായിപ്പിന്ന്,
അണ്ഡ കടാഹത്തിലെ കറുത്ത ഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനം വായിച്ചു. സംഭവം
ശരിയാണ്. ഉമ്മയുടെ വയറ്റില്‍ നിന്നും എന്നാണു പുറത്തു ചാടിയതെന്ന് വല്യ പുടിയൊന്നുമില്ല. ചുറ്റി പറ്റി നിന്നിരുന്ന ഇബിലീസുകള്‍ക്ക് ഭാവിയിലെ ഒരു മഹാ സാഹിത്യകാരന്റെ പിറവി തിരിച്ചറിയാനുള്ള പുത്തിയും ഉണ്ടായില്ല. പാത്തുമ്മായുടെ ആടിന്റെ തള്ളേടെ തള്ള മൂന്നു പ്രാവശ്യം മ്പേ ..... എന്ന് കരഞ്ഞതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് വീട്ടിലെ കോയീനെ സാപ്പിടാന്‍ വന്ന കുറുക്കനെ കണ്ടിട്ടാനെന്നാണ് ശൈത്താന്മാര്‍ വിചാരിച്ചത്.
അയ്യപ്പന്മാര്‍ ഇന്നത്തെ പോലെ മാസം തികയാതെ മലക്ക് പോകാറില്ലായിരുന്നു. ഒന്ന് രണ്ട് പേരെ ഒരു നരിമാന്‍ സാപ്പിട്ട ശേഷം അവര്‍ കൂട്ടമായി, മകര വിളക്കിന്നു മാത്രമായിരുന്നു പോക്ക്. (നരിമാനെ കോര്‍ബറ്റ് സായിപ്പ് പിന്നീട് കാച്ചി) ഞാന്‍ ഈ ദുനിയാവിലേക്ക് തിര നീക്കി പുറത്തു വന്ന സമയത്ത് കുറെ സാമിമാര്‍ 'കല്ലും മുള്ളും കാലിനു മെത്ത' എന്ന് കൂക്കി വിളിച്ചു വീട്ടിന്നു മുന്‍പില്‍ കൂടി പോയി എന്ന് പറയുന്നു. പേറിന്റെ വിവരം കേട്ട് പൌരസ്ത്യ ഗ്രാമങ്ങളില്‍ നിന്നും വന്ന മൂന്നു ബുദ്ധി ജീവികളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു, അവര്‍ എല്‍.ജി.കായവും, കര്‍പ്പൂരവും, കമ്മുനിസ്റ്റ് മാനിഫെസ്റ്റൊവും കൊണ്ട് വന്നിരുന്നു. പൊന്ന് അവര്‍ ഇസ്ക്കി. ഇക്കാരണങ്ങളാണ് മകരം എട്ടിന്നാണ് ജനനം എന്ന് സ്ഥല പുരാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്
പിന്നെ പത്തു കൊല്ലത്തെ പ്രവാസം. ( അക്കാലത്ത് തെണ്ടല്‍ എന്നാ പ്രവാസത്തിന്നു പറയുന്നത്.). പത്തു കൊല്ലം തികയോ എന്നറിയില്ല. ശാപ്പാട് അടിക്കാതെ, വെള്ളം കുടിച്ചു കിടക്കുമ്പോ ഓരോ ദിവസവും മുമ്മൂന്നു ദിവസായി തോന്നും. ഇപ്പൊ ജയില്‍ വാസം കണക്കാക്കണ പോലെ , ചില ദിവസങ്ങള്‍ പെരുക്കി കൂട്ടും. മ്മുക്ക് പെരുക്കാനും കൂട്ടാനും വല്യ പുടീല്യ. കാശീലൊക്കെ സന്യാസിമാരുടെ കൂടെ അലഞ്ഞിട്ടുണ്ട്. സമയാ സമയം ശാപ്പാട് തരാവാന്‍ ഒരു വഴി. ചിലപ്പോ നല്ല കണ്ജാവും പുകക്കാം. ചിലോടത്തു സൂഫികള്‍ക്കാണ് നല്ല ഡിമാണ്ട്. ഹജ്ജു കപ്പലില്‍ പോയത് നേരാ. സൌദീല് ഇറങ്ങി സ്ഥാലം കാണണം എന്നും മോഹണ്ടായിരുന്നു. പക്ഷെ കപ്പിത്താന്‍ കപ്പലിന്റെ എഞ്ചിന്‍ റൂം വൃത്തിയാക്കാന്‍ ഓര്‍ഡര്‍ ഇട്ടു. അന്ന് കമ്പ്ലൈന്റ് ചെയ്യാന്‍ 'മൈനോരിറ്റി കമ്മിഷന്‍' ഇല്ല. പിന്നെ കപ്പലിലിരുന്നാല്‍ ഒന്ന് രണ്ടെണ്ണം വീശാം. അറബ്യയിലിരുന്നു വീശാന്‍ നോക്കിയാല്‍ അവര്‍ തല വീശും.
ങ്ങള് ഈ ചെക്കന്മാര്‍ പറയുന്നത് കാര്യാക്കണ്ട. ' കടന്നു പോകുന്ന ഹേ, അജ്ഞാത സുഹുത്തെ, നിരൂപിക്കാന്‍ കഴിയുമെങ്കില്‍ ഒരു ചുടു നിരൂപണത്താല്‍ എന്റെ കിത്താബുകളെ ഒരു വഴിക്കാക്കിയാലും. സമയ കാല ബന്ധിതമല്ലാത്ത ഒരു ജീവിതത്തെ നിരൂപിച്ചു വധിച്ചിട്ട് പോകൂ! എന്നെ ഒന്ന് വധിച്ചിട്ട് പോകു."
മംഗളം
വൈക്കം മുഹമ്മദ് ബഷീര്‍
പറുദീസാ
31-12-2011