Add caption |
ഈ വരുന്ന ജനുവരി 25നു ചിരിയുടെ തമ്പുരാന്‍റെ ഏഴാം ചരമ വാര്‍ഷികം. പ്രണാമങ്ങള്‍.)
നോം പിതാമഹന്‍
സഹസ്രനാംനെതി
പയ്യന്‍സ്
ജനറല്‍ ചാത്തന്‍സ്
നാണുആര്‍
ഹാജിആര്‍
സര്‍ ചാത്തു .....
നോം ശരശയ്യയില്‍.
ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കുറെ ഷണ്ഡന്മാര്‍ അസ്ത്രപ്രയോഗം തുടങ്ങി നാളുകള്‍ ശ്ശി ആയി.
ശിരോമണി ആയി.
ശ്ശി രോമമുള്ള മണി ആയി.
ശരശയ്യയില്‍ കിടന്നു കൊണ്ട് 'പയ്യന്‍സ് ഒരു റിട്രോസ്പെക്റ്റ് പൂശി
പോയ എഴുപതില്‍ പരം കൊല്ലങ്ങളില്‍ തീരെ ബാല്യം എന്ന് പറയാവുന്ന ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ " പടം ചിത്വാ, ഘടം ഭിത്വാ, മാതരം പ്രഹരന്നപി ' എന്ന പ്രമാണം ഏറെക്കുറെ പാലിച്ചു തന്നെ ആയിരുന്നു ജീവിതം. എത്രയോ അക്ബാരികളെ ഒരു കരയെത്തിച്ചു. എണ്ണ മയിലികളെ സന്തോഷിപ്പിച്ചു. നീചന്മാരെ ഹിംസിച്ചു. അങ്ങിനെ അവതാരോദ്ദേശങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു .ചുരുക്കത്തില്‍ 'സഫലമീ യാത്ര'.
പയ്യന്‍സ് ബാലന്‍സ് ഷീറ്റ് തയ്യാറാക്കാന്‍ വര്‍മാജി ആന്ട് വര്‍മാജിയെ ചുമതലപ്പെടുത്തി.
ഇന്റെര്‍നെറ്റ് വീശി യമനെ പിടിച്ചു ഇമെയില്‍ വിട്ടു .
വൃശ്ചികം ആദ്യത്തില്‍ , യമപയല്‍ പോത്തിനെ പടിപ്പുരയില്‍ കെട്ടി, തലേല്‍ കെട്ട് അഴിച്ചു അരയില്‍ കെട്ടി, പയ്യനെ മുഖം കാണിച്ചു.
കരുണാമയനായ പയ്യന്‍ നീചനെ നോക്കി, സ്വാഗത വാക്കുകള്‍ ചൊല്ലി.
'ആനന്ദ കാരിണീ, അമൃത ഭാഷിണി,
ഗാന വിമോഹിനീ വന്നാലും '
'കല്‍പിച്ച് ലിംഗ പ്രയോഗം മാറ്റി പാടണം'. യമന്‍ അപേക്ഷിച്ചു.
'സാധ്യമല്ല. താന്‍ യമനോ യമിയോ എന്നതിനു രേഖാ മൂലമുള്ള പ്രമാണം ഇല്ലെന്നിരിക്കെ, സ്ത്രീ ലിംഗ പ്രയോഗത്തിന്നു രാഷ്ട്രീയ സാധുതയുണ്ട്.' Politicaly correct.
'റാന്‍. ഇമെയില്‍ കിട്ടി. ഒരു കാര്യം ബോധിപ്പിക്കാന്‍ ഉണ്ടായിരുന്നു'
'ആയിക്കോട്ടെ'
'സമയമാം രഥത്തില്‍ താന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യാനായി
സമയമായി, ലുന്ഗി ചുറ്റി വേഗം തയ്യാറായി വാ '
സര്‍ ചാത്തു ഒന്ന് കൂടി നിവര്‍ന്നു കിടന്നു. ദീര്‍ഘ ശ്വാസം വിട്ടു. പിന്നീട് ചിന്തിച്ചു.
(സോളിലോക്വി)
നാട് നീങ്ങണോ, തീപ്പെടാണോ, കാലം ചെയ്യണോ, മയ്യത്താവാണോ, ബക്കെറ്റ് തട്ടി മറിക്കണോ അതോ ചുമ്മാ ചാവാണോ? ചിന്തനീയം. ചിന്തിക്കുന്ന തൊപ്പികള്‍ എടുത്തു അണിയണം. തത്കാലം ഒരു തത്കാല്‍ ടിക്കെറ്റില്‍ നീചനെ എങ്ങോട്ടെങ്കിലും പറഞ്ഞയക്കുക തന്നെ..
(പ്രകാശം)
'ഡേയ് യമന്‍. ദക്ഷിണയാന കാലത്ത് ഏതെങ്കിലും പടനായര്‍ ചത്തിട്ടുണ്ടോ?
"തൂളി വെളുത്തുള്ള മീന്‍ കണ്ടാലും
തോല് വെളുത്തുള്ള പെണ്‍ കണ്ടാലും
തച്ചോളി കുറുപ്പന്മാര്‍ ഒഴിഞ്ഞിട്ടുണ്ടോ
പടനായര്‍ വല്ലോരും ചത്തിട്ടുണ്ടോ "
യമന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് SMS അയച്ചു. ഉത്തരം നെഗടീവ്. പടനായന്മാര്‍ പട പേടിച്ചു പന്തളത്ത് പോയി ഉത്തരായന കാലവും, കാളേജ്, പള്ളിക്കൂടങ്ങള്‍ തുറക്കുന്ന സമയവും നോക്കിയാണ് ക്ലോസ് ആവാറ്. പയ്യന്‍സിനെ ഉടനെ കൊണ്ടുപോയാല്‍ നായന്‍മാര്‍ പ്രതിഷേധിച്ചു ഒന്നിച്ചു ചത്താലോ? റിസര്‍വേഷന്‍ നിയമ പ്രകാരം ശുദ്രന്‍ സവര്‍ണനാണ്. സ്വര്‍ഗ്ഗ നരകാദികളില്‍ മുന്‍ ഗണനക്ക് അര്‍ഹനല്ല. ടാക്ടിക്കല്‍ റിട്രീറ്റ് ഈസ് ദി വൈസ് കോര്‍സ്.
' ഇല്ല. മൂത്താര് ഇപ്പൊ ചാവണ്ട. ഒരു അഡ്വാന്‍സ് നോട്ടീസ് തന്നു എന്നെ ഉള്ളു.'
'ഫാ! നോം തീരുമാനിക്കും എപ്പോള്‍, എങ്ങിനെ, എന്നൊക്കെ. നീ പോയി വല്ലതും പൂശി ആ പടിപ്പുര തിണ്ണേല്‍ കിടന്നോ. സമയമാവുമ്പോള്‍ അറിയിക്കാം.'
കാലന്‍ പിന്നോക്കം അടി വെച്ചടിവെച്ച് തിരു സന്നിധിയില്‍ നിന്നും പിന്‍വാങ്ങി.
പുറത്ത്റങ്ങി ഒരഞ്ഞൂറു മില്ലി പൂശാന്‍ തീരുമാനിച്ചു. തീരുമാനത്തിന്റെ പുറത്ത് തണ്ടാരുടെ ചാരായ ഷാപ്പ് മനസ്സില്‍ ധ്യാനിച്ച് നടന്നു. ചാരായ ഷാപ് നിന്നിരുന്ന സ്ഥലത്ത് ബാര്‍ ഹോട്ടല്‍. IMFL എന്ന പേരില്‍ ചാരായം പുതിയ കുപ്പിയില്‍.
കൌണ്ടെറില്‍ നിന്നും അധികം അകലത്തല്ലാത്ത ഒരു മേശ,കസാല യില്‍ സ്വയം പ്രതിഷ്ഠിച്ചു. വലിയ താമസമില്ലാതെ കണ്ട കൌപീനം കെട്ടിയ ഒരു വേഷം അവതരിച്ചു. കൌപീനത്തിനോട് ചോദിച്ചു.
'തണ്ടാരുടെ ഷാപ് അല്ലെ ഇത്.'
''അല്ല. ത്രിശ്ശുര്കാരന്‍ ഒരു നസ്രാണിയുടെതാണ് '
'വിളമ്പുന്ന വാറ്റോ?'
'അത് കര്‍ണടകക്കാരന്‍ ഒരു മല്ലന്റെ'
'മല്ലന് ഇപ്പോള്‍ വാറ്റാണോ തൊഴില്‍?'
'ഹി ആള്‍സോ ഫ്ലയ്സ് എയര്‍ ക്രാഫ്റ്സ്'
പത്തു വെച്ച് മൂന്നാവര്‍തിച്ച ഒരു വയസ്സന്‍ പാതിരിയെ വരുത്തി. തൊട്ടു കൂട്ടാന്‍ നാരങ്ങ അച്ചാറും പൊന്‍മാന്‍ പൊരിച്ചതും ഓര്‍ഡര്‍ ചെയ്തു. പൊന്‍മാന്‍ മല്ലന്‍ സ്പെഷ്യല്‍ ആണ്..'.
'കൌപീനം ചോദിച്ചു. ' സോഡാ സര്‍?'
'തണ്ടാരുടെ വാറ്റ് കളര്‍ ചേര്‍ത്ത് കുപ്പിയിലാക്കിയാല്‍ സായിപ്പാവോ?'
ഇല്ല .'
'പിന്നെന്തിനാ സോഡാ, ശവി?'
കൌപീനം ഓടി മറഞ്ഞു
ഈ സൈഡ് ഷോ നടന്നു കൊണ്ടിരിക്കുമ്പോള്‍ പയ്യന്‍സ് വിളിച്ചു കൂട്ടിയ വാര്‍ കൌണ്‍സില്‍ ആലോചനയില്‍ ആയിരുന്നു. പയ്യന്‍സ് ജനറല്‍ ചാത്തന്‍സ് ആയി. ചാത്തന്‍സ് കൌണ്‍സില്‍ ചീഫ് ആയി. ഇട്ടൂപ്പ് മുതലാളി, ലേഡി ഷാറ്റ്, പഞ്ചായത്ത് പ്രസിഡണ്ട്, കമ്പി ശിപായി, ഇല മുറിയന്‍ നായര്‍ തുടങ്ങി സ്ഥാനികളെല്ലാം വാറന്റ് ഓഫ് പ്രിസിദന്‍സ് അനുസരിച്ച് ഇരുന്നു, ചായ കുടിച്ചു ,ബീഡി വലിച്ചു, പയ്യന്‍ പറയുന്നത് കേട്ടു, കൈയടിച്ചു, വായ തുറന്നില്ല.
പയ്യന്‍സ് താക്കോലിട്ടു മനസ്സിന്‍റെ പൂട്ട് തുറന്നു.
' നോം നാട് നീങ്ങാന്‍ തീരുമാനിച്ചു. ജസ്റ്റ് ഫോര്‍ എ ചേഞ്ച് ഓഫ് സീന്‍.'
കൌണ്‍സില്‍ സ്തബ്ധം. ഇനി യാര്‍ തുണൈ ഇന്ത എഴൈകള്‍ക്ക് എന്ന് നിശബ്ദമായി ചോദിച്ചു.
ചാത്തന്‍സ് അത് ശ്രദ്ധിക്കാതെ തുടര്‍ന്നു.
'നോം ഈ വരുന്ന ഉത്തരായണ കാലത്തില്‍ നാട് നീങ്ങാനാണ് വിചാരിക്കുന്നത്. മകര വിളക്ക് കഴിഞ്ഞ്, ശബരിമല നട അടച്ച്, അയ്യപ്പന്മാര്‍ കുടികളില്‍ എത്തിയതിനു ശേഷം മഹാപ്രസ്ഥാനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായതു മകരം 11 , രവിവാരത്തില്‍, ചതയം-പൂരോരുട്ടതി നക്ഷത്രങ്ങളില്‍ ഒന്നില്‍, ഇംഗ്ലീഷ് മാസം ജനുവരി 25 നു, സ്ഥലം കാലിയാക്കനാണ് തീരുമാനം'.
' ജനുവരി 26 ആയാല്‍ എന്താ? ' ഇട്ടൂപ്പ് മുതലാളി.
'പറ്റില്ല. ഒരു റിപബ്ലിക് ഡേക്ക് കൂടി, വേഷം മാറി, യുനിഫോറം ഇട്ടു നടക്കാന്‍ പറ്റില്ല,' ജനറല്‍ ചാത്തന്‍സ് നയം വ്യക്തമാക്കി.
' ലയിംഗ് ഇന്‍ സ്റ്റേറ്റ് വീട്ടു കോലായില്‍ തന്നെ ആയിക്കോട്ടെ. ബോഡി വെള്ള മൂരികുട്ടന്മാരെ പൂട്ടിയ ഗണ്‍ ക്യാര്ര്യജില്‍ പുഴയിലേക്ക് എടുക്കണം. മങ്കര വളവു കഴിഞ്ഞ് 'കറുത്ത ചെട്ടിച്ചികള്‍' വരുന്നത് കാണാവുന്ന ഒരു റിംഗ് സൈഡ് സീറ്റ് തരപ്പെടുത്തി അവിടെ വെച്ച് കത്തിക്കണം.'
'21 ഗണ്‍ സല്യൂട്ട്?' ലേഡി ഷാറ്റ് ചോദിച്ചു.
' സര്‍ക്കാര്‍ വക വെടി വഴിപാട് , അല്ലെ? വേണ്ടാ'
'തീര്‍ച്ച?'
'കട്ടായം.'
അക്കാദമിയില്‍ ചിത്രം?'
'വരയുടെ തമ്പുരാന്‍ വരക്കുകയാണെങ്കില്‍'
'എനി എപ്പിടാഫ്'
“If my decomposing carcass
helps nourish the roots of a juniper tree
or the wings of a vulture
that is immortality enough for me.
And as much as anyone deserves.”
' യാര്‍ പേച്ച്'
''Edward Abbey എന്ന പരിസ്ഥിതി വാദിയുടെ'
നാട് നീങ്ങലിന്റെ കാര്യ ക്രമങ്ങള്‍ ഏതാണ്ട് തീരുമാനിച്ച ശേഷം യമന് ആളെ അയച്ചു. അടിച്ചു ഏതാണ്ട് പൂസ് ആയ യമന്‍ വേച്ചു വേച്ചു നടന്നു വന്നു.
' നീ പോയി ജനുവരി 25 നു വാ.'
' മൂത്താര് നരകത്തിലോ, സ്വര്‍ഗത്തിലോ താമസിക്കാന്‍ ഇഷ്ടപെടുന്നത്. പുനരപി ജനനം വരെ '
' നോം വര്‍ജില്‍ ആയി ഇന്‍ഫെര്‍നോ ചുറ്റി അടിച്ചിട്ടുണ്ട്.'
' ദാന്‍റെ യെ രക്ഷപെടുത്താന്‍? '
''അതെ'.
'ദാന്‍റെ , ദണ്ടിന്‍, ദന്‍ടാവതെ
തിരൂര്‍, തിരുപ്പൂര്‍, തിരുപ്പത്തൂര്‍' എന്ന് Wren & Martin.
' അപ്പോള്‍ സ്വര്‍ഗത്തില്‍ തന്നെ ഏര്‍പ്പാടാക്കാം. ഏഴു നക്ഷത്ര ബംഗ്ലാവില്‍ ഒരു സ്വീറ്റ് ആയാലോ '
'മുഷിയില്ല. ക്യാനിസ് മേജറും, ക്യാനിസ് മൈനറും നക്ഷത്രകൂട്ടത്തില്‍ ഉണ്ടാവണം. കോണ്ടിനെന്റല്‍ പ്രാതല്‍, ലക്നോ ബിരിയാണി ആന്‍ഡ് ലാംബ് കറി ലഞ്ച്, പത്തിരി ആന്‍ഡ് കോഴിക്കാല്‍ ഫോര്‍ ഡിന്നര്‍. നേരമ്പോക്കിന് അപ്സര, ഹൂറി, മാലാഖമാര്‍ ഒരു തരം. പിന്നെ സ്കൊട്ച് ബ്ലൂ ലേബല്‍'
യമന്‍ അതിവേഗം നോട്ട് കുറിച്ചെടുത്തു. തെറ്റ് പറ്റിയില്ലെന്നു ഉറപ്പാക്കാന്‍ മൂത്താരുമായി വീണ്ടും സംവദിച്ചു.
'എന്നാല്‍ അടിയന്‍ 25നു പല്ലക്കുമായി വരാം. അടിയന്‍ വിട കൊള്ളട്ടെ.'
' പല്ലക്ക് ചുമക്കാന്‍ വിഷ്ണു പാര്‍ഷദന്മാര്‍ ഉണ്ടാവുമല്ലോ?'
' കമ്മിയാണ്. സംഗതി ഒറിയ, ബംഗാളികള്‍ക്ക് ഔട്ട് സൊര്‍സ് ചെയ്തിരിക്കുകയാണ്.'
' നന്നായി. ഹോം, ഹോം, ഹൈ, ഹൈ എല്ലാം ഹിന്ദിയില്‍ ഉണ്ടല്ലോ.'
പയ്യന്‍സ് ഒരു അലസമായ കൈ വീശലിലൂടെ യമനെ യാത്രയാക്കി.
അരമന രഹസ്യം പെട്ടെന്ന് തന്നെ അങ്ങാടി പാട്ടായി. എ. ആര്‍. റഹ്മാന്‍ സംഗീത സംവിധാനംചെയ്തു. ഓസ്കാര്‍ നോമിനേഷന് അയച്ചു. പത്ര / ടീവീക്കാര്‍ പറന്നിറങ്ങി. തമ്പടിച്ചു. മയില്‍സ് ആന്‍ഡ് മയില്‍സ് ഓഫ് ഫിലിം ചെലവാക്കി. ടി. എ./ ഡി. എ എഴുതി എടുത്തു. അവസാനം പാപ്പരാസ്സി പയ്യന്‍സിനെ കണ്ടു.
പയ്യന്‍ പറഞ്ഞു: 'ഒരു പത്ര സമ്മേളനം നടത്തുവാന്‍ ഉദ്ദേശമില്ല. പത്ര പ്രസ്താവനയുടെ ഒരു പ്രതി ഇട്ടൂപ്പ് മുതലാളി തരും. അവന്‍ അതിനും കാശ് മേടിക്കും.'
പയ്യന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മനസ്സിലായ മീഡിയ പ്രതിനിധികള്‍ പിന്‍ വാങ്ങി. ന്യൂ യോര്‍ക്ക് ടൈംസ് സായ്വ് ചോദിച്ചു.
' എനി ലാസ്റ്റ്, ഫേമസ് വേര്‍ഡ്സ്?'
' ഓ യാ. F*** O** പയ്യന്‍സ് അലറി.
.